ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 60

സുരേഷ് ബാബു വിളയിൽ

…..ഈശ്വരാഭിമുഖമായി നിഷ്ക്കാമ കർമ്മം ചെയ്യുന്നവന് ഭയപ്പെടാൻ ഒന്നുമില്ല ഉദ്ധവരേ,

ഭഗവാൻ പിന്നീട് പറഞ്ഞത് യമനിയമങ്ങളെ കുറിച്ചാണ്.

മനുഷ്യനൊരു സമൂഹജീവിയാണ്. സമൂഹത്തിൽ ഇടപെടുമ്പോൾ അവൻ ആചരിക്കേണ്ട നിയമങ്ങൾ അഞ്ചാണ്. അവയെ യമങ്ങൾ എന്ന് പറയുന്നു.

യമങ്ങൾ അഞ്ചാണ്. അഹിംസ, സത്യം, ആസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം എന്നിവയാണവ.

സത്യദർശി പ്രപഞ്ചത്തെ മുഴുവൻ ഈശ്വരനായി കാണുന്നു. അപ്പോൾ ഒരാൾക്കെങ്ങനെ മറ്റൊരാളെ ഹിംസിക്കാന്‍ കഴിയും? അപരനെ ദ്രോഹിക്കാതെ എല്ല‍ാം ഒന്നായി കാണുന്നതാണ് അഹിംസ.

രണ്ടാമത്തേത് സത്യമാണ്. ഒരാളും അവനവനോട് നുണ പറയാറില്ല. അതുപോലെ അപരനോടും നുണ പറയരുത്. ഒരു സമൂഹത്തിൽ ഇടപെടുമ്പോൾ സത്യസന്ധത പരമപ്രധാനമാണ്.

മൂന്നാമത്തേത് ആസ്തേയമാണ്. നിങ്ങള്‍ക്കില്ലാത്തതിനെ കുറിച്ച് ദു:ഖിക്കരുത്. ഒന്നിനെ കുറിച്ചും നഷ്ടബോധമുണ്ടാവരുത്. ഇപ്പോഴുള്ള സാഹചര്യം മറ്റൊരു തരത്തില്‍ ആയിരുന്നെങ്കിലെന്ന് ചിന്തിക്കുകയും അരുത്.

മറ്റൊരാൾക്കുണ്ടെന്ന് നിങ്ങൾ കരുതുന്നതിലും വലിയതൊന്ന് നിങ്ങളെ കാത്തിരിക്കുന്നുണ്ടാവാം. ഓരോ മനുഷ്യനും അനന്യനാണ്. നിങ്ങൾക്ക് മറ്റൊരാളെ പോലെ ആവാൻ കഴിയില്ല. ഈ സത്യം പലരും മറക്കുന്നു. താനും അയാളെ പോലെ ആയിരുന്നെങ്കിൽ എന്ന് ചിന്തിച്ച് ദുരിതത്തിൽ വീഴുന്നു. അത്തരം ചിന്തകളില്ലാതിരുന്നാൽ ആസ്തേയമായി.

മറ്റുള്ളവരുമായി അവനവനെ തുലനം ചെയ്യാതിരിക്കലാണ് ആസ്തേയം. സ്തേയം എന്നാല്‍ കാണല്‍ എന്നും ആസ്തേയം എന്നാല്‍ കാണാതിരിക്കല്‍ എന്നുമാണ് അര്‍ത്ഥം.

നാലാമത്തെ യമമാണ് ബ്രഹ്മചര്യം. മഹത്തായ കാര്യങ്ങൾക്ക് വേണ്ടി പ്രയത്നിച്ച് പരാജയപ്പെടുന്നത് പോലും മഹത്തരമാണ്. ബ്രഹ്മചര്യം ചെറിയ കാര്യങ്ങൾക്കുള്ള ആഗ്രഹമല്ല. നാമരൂപങ്ങളില്‍ കുടുങ്ങാതെ അതിനപ്പുറമുള്ള അനന്തതയെ കാംക്ഷിക്കലാണത്.

അത് ബ്രഹ്മത്തിനൊപ്പമുള്ള സഞ്ചാരമാണ്. ഞാനിതാണ്, ഞാന്‍ ചെറുതാണ്,പുരുഷനാണ്, സ്ത്രീയാണ് തുടങ്ങിയ ഇടുങ്ങിയ സ്വത്വബോധത്തിൽ നിന്നുയർന്ന് അവയ്ക്കെല്ലാം അതീതമായ ബ്രഹ്മത്തിൻ്റെ കൂടെ ചരിക്കലാണ്.

അഞ്ചാമത്തെ യമം അപരിഗ്രഹം.

മറ്റുള്ളവര്‍ തരുന്നതും പ്രതീക്ഷിച്ച് ഇരിക്കരുത്. അവനവനുള്ളത് സ്വന്തം അദ്ധ്വാനം കൊണ്ടും പ്രയത്നം കൊണ്ടും സ്വരൂപിക്കണം.

നെയ്യ് കൂട്ടി ഉണ്ണാൻ വേണ്ടി പണം കടം വാങ്ങരുത്. ഉള്ള കാടിവെള്ളം മൂടി കുടിക്കാൻ പഠിക്കണം. അയൽപക്കത്തുള്ള ഒരില ചോറ് അവിടെ തന്നെ നിലനിർത്തണം. പലവട്ടം സ്വീകരിച്ചാൽ അത് തീരെ നഷ്ടപ്പെടും. സമൂഹത്തിൽ മാന്യത കൈവിടാതെ കഴിയണമെങ്കിൽ അപരിഗ്രഹം ശീലിക്കണം.

അഭിനന്ദനത്തേക്കാള്‍ വലിയ വില ശകാരവാക്കുകൾക്കാണ് മനുഷ്യർ കൊടുക്കുന്നത്.ആരും മനഃപൂര്‍വം ആരേയും അപമാനിക്കുന്നില്ല. അവരുടെ അശാന്തി വാക്കുകളായി പുറത്തേക്ക് വിസർജിക്കുകയാണ്.

ആ വിസർജ്യം സ്വീകരിക്കാൻ നിങ്ങളോടാരെങ്കിലും പറഞ്ഞോ? ഇല്ല. നിങ്ങളതിനെ തമസ്ക്കരിക്കണം. എന്നാൽ നിങ്ങളെന്താണ് ചെയ്യുന്നത്? ആ മാലിന്യം മുഴുവനും ഏറ്റെടുത്ത് സ്വയം മലിനപ്പെടുത്തുകയാണ്. അത്തരം മാലിന്യങ്ങളിൽ നിന്നെല്ലാം അകന്നു നില്ക്കണം.

അന്യരുടെ നിന്ദാസ്തുതികളോട് അപരിഗ്രഹം പുലർത്താൻ കഴിഞ്ഞാൽ ജീവിതം സുന്ദരമായി.

ഇനി ഒരാൾ അവനവനോട് തന്നെ ആചരിക്കേണ്ട അഞ്ച് നിയമങ്ങൾ ഏതൊക്കെയെന്ന് പറയാം.

ശുചിത്വം, സന്തോഷം, തപസ്സ്, സ്വാധ്യായം, ഈശ്വരപ്രണിധാനം

എന്നിങ്ങനെ അഞ്ചെണ്ണമാണ് നിയമങ്ങൾ

ആദ്യത്തെ നിയമം ശുചിത്വമാണ്. ശരീരശുദ്ധി,വാക്ശുദ്ധി, മന:ശുദ്ധി ആഹാരശുദ്ധി, കർമ്മശുദ്ധി എന്നീ ശുദ്ധികൾ ഇതില്‍ പെടുന്നു.

രണ്ടാമത്തേത് സന്തോഷമാണ്. സ്വയം സംതൃപ്തരാകാന്‍ നിങ്ങൾക്ക് കഴിയില്ലെങ്കില്‍ ലോകത്തിലെ ഒരു വസ്തുവിനും നിങ്ങളെ സംതൃപ്തനാക്കാനാവില്ല.

സന്തോഷം കൈവെള്ളയിൽ വെച്ച് ആരെങ്കിലും കൊണ്ടുതരുമെന്ന വ്യാമോഹം നിങ്ങൾക്ക് വേണ്ട. അത് ഓരോ വ്യക്തിയും സ്വയം കണ്ടെത്തേണ്ടതാണ്.

മൂന്നാമത്തെ നിയമമാണ് തപസ്സ്. പ്രതികൂലസാഹചര്യങ്ങളെ സന്തോഷത്തോടെ സ്വീകരിച്ചാൽ തപസ്സായി. പ്രതികൂലമായതിനെ പൂര്‍ണമനസ്സോടെ സ്വീകരിച്ചു നോക്കൂ. ശരീരവും മനസ്സും പൂർവ്വാധികം ശക്തി പ്രാപിക്കുന്നത് കാണാം.

നാലാമത്തേത് സ്വാധ്യായമാണ്. മനസ്സിനെ അറിയുകയും സ്വന്തം ചിന്തകളേയും ഭാവങ്ങളേയും നിരീക്ഷിക്കുകയും വേണം. സ്വാധ്യായമെന്നാല്‍ അവനവനെ വായിക്കലാണ്. അറിയലാണ്.

അഞ്ചാമത്തെ നിയമം ഈശ്വരപ്രണിധാനമാണ്. ദൈവത്തോടുള്ള സമർപ്പണവും പൂർണ്ണവിധേയത്വവുമാണത്.

നിസ്സഹായത അനുഭവപ്പെടുമ്പോള്‍ ഈശ്വരാ, എന്റെ ചിന്തകളെയും ഭാവങ്ങളേയും,നിസ്സഹായതയേയും അങ്ങ് സ്വീകരിക്കൂ എന്ന സമർപ്പണമാണത്.

യമനിയമങ്ങൾ അനുഷ്ഠിക്കാതെ എത്ര യോഗാസനം ചെയ്താലും ഒരുവൻ യോഗിയാകില്ല.

ഭഗവാൻ തുടർന്നു.

ലോകം ദു:ഖമയമാണ്. മരണമുള്ള കാലം വരെ നിഴലായി ദു:ഖവുമുണ്ട്. വേണ്ടപോലെ പ്രവർത്തിക്കാത്തതു കൊണ്ടാണ് ചിലരുടെ ജീവിതം ദുരിതമയമാകുതെന്ന് പറയാറുണ്ട്. എന്നാൽ അത് ശരിയല്ല. അപരൻ്റെ ജീവിതത്തെ വിലയിരുത്താനോ വിധി പ്രസ്താവിക്കാനോ ആർക്കും ഒരർഹതയുമില്ലെന്ന് ഭഗവാൻ പറയുന്നു. ശ്രദ്ധിക്കുക.

യാഗാദികർമ്മങ്ങൾ ചെയ്താൽ മരണശേഷം സ്വർഗ്ഗത്തിലെത്താം. സുഖം അനുഭവിക്കാം. എന്നാൽ സ്പർദ്ധ, അസൂയ, ക്ഷയം, നാശം എന്നിവ സ്വർഗ്ഗത്തിലും ഉണ്ട്.

നേടിയ പുണ്യം തീർന്നാൽ നേരെ താഴോട്ട് പതിക്കും. നാശഭയമുള്ള സുഖമാണ് സ്വർഗ്ഗസുഖം. അതത്ര ശ്ലാഘനീയമല്ല. നാശഭയമില്ലാത്ത സുഖമാണ് നാം ആഗ്രഹിക്കേണ്ടത്.

ഭഗവാൻ തുടർന്നു.

എൻ്റെ അദ്വയബോധഭാവന ഭേദബുദ്ധിയുള്ളവരുടെ മനസ്സിൽ ഒരു കാലത്തും തെളിയില്ല. കാലമായും, വേദമായും, ആത്മാവായും, സ്വഭാവമായും, ധർമ്മമായും ഒക്കെ അവരെന്നെ ചിത്രീകരിക്കുന്നു. എന്നാൽ ഞാനതിനെല്ലാം അതീതനാണ്.

ഇത്രയും കേട്ടപ്പോൾ ഉദ്ധവർ ചില സംശയങ്ങൾ ഉന്നയിച്ചു.

കരുണാമയനായ ഭഗവാനേ, ബോധരൂപനായ ആത്മാവ് ഗുണങ്ങളുമായി ഇടകലർന്ന് ദേഹങ്ങളിൽ വർത്തിക്കുമ്പോൾ ഗുണങ്ങളാൽ ബദ്ധനാകുന്നുണ്ടോ? അതോ ഗുണബദ്ധനാകാതെ സ്വതന്ത്രനാണോ? ബദ്ധനും മുക്തനും തമ്മിലുള്ള വ്യത്യാസം പറഞ്ഞു തരാമോ?

ഭഗവാൻ പറഞ്ഞു.

സംസാരവൃക്ഷത്തിലെ രണ്ടു പക്ഷികളാണ് ബദ്ധനും മുക്തനും. ബദ്ധനെന്ന പക്ഷി വൃക്ഷത്തിൻ്റെ ഫലം ഭുജിക്കുന്നു. മറ്റേ പക്ഷി മുക്തനാണ്. ഫലം ഭുജിക്കാതെ ആ പക്ഷി ആനന്ദത്തോടെ ഇരിക്കുന്നു. ഇരുവരുടേയും സ്വരൂപം ഒന്നു തന്നെ.

പക്ഷികളിൽ ഒന്ന് ജീവാത്മാവും മറ്റേത് പരമാത്മാവുമാണ്. ജഡദേഹം സത്യമെന്നും അത് താനെന്നും കരുതി ജീവാത്മാവ് ദുഃഖം അനുഭവിക്കുന്നു. കാണെ കാണെ ആ പക്ഷി സ്വരൂപമറിഞ്ഞ് പരമാത്മാവായി മാറുന്നു.അതോടെ സംസാരദുഃഖത്തിൽ നിന്നും മോചനമായി.അതാണ് മോക്ഷം.

ഉദ്ധവർ ചോദിച്ചു.

ഭഗവാനേ, ഭക്തന്മാർക്കെല്ലാം അങ്ങയെ ഇഷ്ടമാണ്. എന്നാൽ അങ്ങ് ഇഷ്ടപ്പെടുന്ന ഭക്തന്മാരുടെ ലക്ഷണങ്ങൾ പറയാമോ?

ഭഗവാൻ പറഞ്ഞു.

ആദ്യം സജ്ജനങ്ങളുടെ ലക്ഷണം പറയാം. സജ്ജനങ്ങൾക്ക് അന്യരുടെ ദുഃഖം സഹിക്കാൻ കഴിയില്ല. ദുഃഖിതർക്ക് യഥാശക്തി സഹായം ചെയ്യാൻ അവർക്ക് മടിയില്ല. അവരാർക്കും ദ്രോഹം ചെയ്യാറില്ല. ആരെങ്കിലും അവരെ ദ്രോഹിച്ചിട്ടുണ്ടെങ്കിൽ, ക്ഷമിക്കുക എന്നതാണ് സജ്ജനങ്ങളുടെ സ്വഭാവം.

സത്യസന്ധത, അസൂയയില്ലായ്മ, ശത്രുമിത്രഭേദമില്ലാത്ത സമത്വബുദ്ധി എന്നിവയും സജ്ജനലക്ഷണങ്ങളാണ്.

ഇനി ഭക്തിലക്ഷണം പറയാം.

” എൻ്റെ ഭക്തൻ ഭഗവദ്കഥകൾ കേൾക്കുന്നതിൽ ശ്രദ്ധാലുവും എല്ലാം എനിക്ക് സമർപ്പിച്ച ശേഷം പ്രസാദമായി സ്വീകരിക്കുന്നവനും ആണ്.

അവനെൻ്റെ അവതാരലീലകൾ കീർത്തിച്ചുകൊണ്ടേയിരിക്കും. പാട്ട്, കളി, വാദ്യങ്ങൾ, വിദ്വൽസദസ്സ്, ക്ഷേത്രോത്സവം എന്നിവ നടത്താൻ സദാ മുന്നിരയിലുണ്ടാവും.
എൻ്റെ പ്രതിമ എഴുന്നെള്ളിച്ച് സാധാരണക്കാരിൽ ഭക്തി ഉണർത്തും. വ്രതങ്ങൾ നോൽക്കും. വേദങ്ങളിലും തന്ത്രത്തിലുമുള്ള ദീക്ഷകൾ നടത്തും.

മരങ്ങൾ നട്ടുപിടിപ്പിക്കുക. തനിയെ കഴിയില്ലെങ്കിൽ സംഘമായി ചേർന്ന് ക്ഷേത്രപ്രതിഷ്ഠ നടത്തുക, കളിക്കാനും താമസിക്കാനും പറ്റുന്ന കെട്ടിടങ്ങൾ എൻ്റെ പ്രീതിക്കായി പണിത് ഭക്തന്മാർക്ക് നൽകുക, ദേവാലയങ്ങൾ അടിച്ചു വാരി വൃത്തിയാക്കുക, എന്നിവ ഭക്തിയുടെ ലക്ഷണമാണ്.

മേൽപ്പറഞ്ഞ പ്രവർത്തികളെല്ലാം താൻ ചെയ്തതെന്ന് അഭിമാനിക്കുകയോ, ആത്മപ്രശംസയായി പറഞ്ഞു നടക്കുകയോ ചെയ്താൽ അതിൻ്റെ പുണ്യവും നശിക്കും. ഓർക്കുക. എനിക്ക് സമർപ്പിച്ചത് പിന്നീട് നിങ്ങളുടേതാണെന്ന് ഒരിക്കലും വിചാരിക്കരുത്.

ഉദ്ധവരേ, എന്നെ പൂജിക്കേണ്ടത് എങ്ങനെയെന്ന് ഓരോന്നായി പറഞ്ഞു തരാം. സൂര്യനഭിമുഖമായി വേദം ചൊല്ലുന്നത് എനിക്കുള്ള പൂജയാണ്. അഗ്നിയിൽ ഹോമം ചെയ്യുന്നതും, ജ്ഞാനികളെ നമസ്കരിക്കുന്നതും, പശുക്കൾക്ക് പുല്ലും വെള്ളവും നല്കുന്നതും എനിക്കുള്ള പൂജയാണ്.

വൃന്ദാവനത്തിലെ ഗോപിമാർ ഭക്തിയുടെ സ്വരൂപം തന്നെയാണ്. ഭക്തിയെന്തെന്ന് അവരാണ് ആചരിച്ച് കാണിച്ചത്. ആത്മാവ് കൊണ്ടാണ് അവരെന്നെ പൂജിച്ചത്.

ഇതൊക്കെയായാലും ഭക്തജനങ്ങളുടെ സത്സംഗമാണ് എന്നെ ഏറ്റവും സന്തോഷിപ്പിക്കുന്നത്. ഞാൻ മുമ്പ് പറഞ്ഞ പൂജാദികളാേ വ്രതങ്ങളോ സത്സംഗത്തിന് തുല്യമാകുന്നില്ല. വേദാധ്യയനവും കഠിനതപസ്സും സന്ന്യാസവും പോലും എന്നെ വശീകരിക്കാൻ സമർത്ഥമല്ല.

ഭഗവാൻ ആദ്യം ഉപദേശിച്ചതും ഇപ്പോൾ പറഞ്ഞതും പരസ്പരവിരുദ്ധമല്ലേ എന്ന് ഉദ്ധവർക്ക് തോന്നി. അതിനുള്ള ഭഗവാൻ്റെ വിശദീകരണം ഇങ്ങനെ ആയിരുന്നു.

ജ്ഞാനം പോലെ അജ്ഞാനവും അനാദിയാണ്. വിധിനിഷേധങ്ങൾക്ക്

(Do’s and Don’ts) നിദാനം ഇതാണ്.

സാധാരണക്കാർക്ക് അതറിയില്ല. സർവ്വജ്ഞർ എന്ന നാട്യത്തിൽ എല്ലാറ്റിൻ്റേയും കർത്താവെന്ന അഹങ്കാരം അവരിൽ ജനിക്കുന്നു. വിധിനിഷേധങ്ങൾ ഉണ്ടായത് അങ്ങനെയാണ്.
അത് പ്രകാരം പ്രവർത്തിച്ചാൽ മനസ്സ് ശുദ്ധമാകും അപ്പോൾ ഫലകാംക്ഷ കൂടാതെ കർമ്മങ്ങൾ ചെയ്യാം.

ആദ്യം കർമ്മയോഗം ഉപദേശിച്ചു.

പിന്നെ ഭക്തിയോഗം ഉപദേശിച്ചു. ഏകാന്തഭക്തി ഉണ്ടാവുമ്പോൾ മേല്പറഞ്ഞതെല്ലാം ഉപേക്ഷിക്കാം.

ഓരോ ഗുരുവും ഓരോ തരത്തിൽ പറയുന്നത് ഓരോ സ്ഥിതിയിൽ നിന്നും ശിഷ്യന്മാരെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്താനാണ്.

നല്ലൊരു ഗുരുവിന് ശിഷ്യൻ്റെ ഈ അവസ്ഥ മനസ്സിലാക്കി പറഞ്ഞു കൊടുക്കാൻ കഴിയും.

സംശയം നീങ്ങി ഉദ്ധവരുടെ മുഖം തെളിഞ്ഞു.

തുടർന്ന് ഹംസാവതാരത്തിൻ്റെ കഥ ഭഗവാൻ ഉദ്ധവർക്ക് ഉപദേശിച്ചു. അത് നാളെ.

(വര കടപ്പാട് എൻ്റെ ആദരണീയ FB സുഹൃത്ത് Balakrishnan PT )
©✍️#SureshbabuVilayil

2+

One thought on “ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 60

Leave a Reply

Your email address will not be published. Required fields are marked *