ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 37

സുരേഷ് ബാബു വിളയിൽ

പ്രകൃതിവിഭവങ്ങളുടെ ഉപഭോഗം എങ്ങനെ വേണമെന്നതിനെ കുറിച്ച് നമ്മുടെ പൂർവ്വികർക്ക് കൃത്യവും സുവ്യക്തവുമായ ഒരു കാഴ്ചപ്പാട് ഉണ്ടായിരുന്നു. മണ്ണും, വെളിച്ചവും, പുഴയും, മഴയും, ചൂടും. കാറ്റും, കുന്നും,മരവും വിളവും എല്ലാമവർക്ക് ദേവതകളായിരുന്നു.

പ്രകൃതിവിഭവങ്ങളുടെ ഉടമസ്ഥൻ ഈശ്വരനാണ്. “ഈശാവാസ്യമിദം സർവ്വം”എന്ന ഉറച്ച സങ്കല്പത്തിൽ ആവശ്യത്തിന് വേണ്ടത് മാത്രം ഉപയോഗിക്കാൻ അവർ ശീലിച്ചു.

പത്തു പുത്രന് സമമാണ് ഒരു മരമെന്നും അത് മുറിച്ചാൽ പകരം പത്തെണ്ണം നടണമെന്നും ശാർങ്ഗധരൻ്റെ വൃക്ഷായുർവേദം പറയുന്നു. മുറിക്കുന്നതിന് മുമ്പ് മരത്തെ ആശ്രയിച്ച് കഴിയുന്ന പക്ഷികളോടും പ്രാണികളോടും അനുവാദം ചോദിക്കണമെന്ന് ശാസ്ത്രവിധിയുണ്ട്. അതിനുള്ള അനുജ്ഞാമന്ത്രങ്ങളുണ്ട്.

ചൂഷണമല്ല, ദോഹനമായിരുന്നു പൂർവ്വികർക്കിഷ്ടം. കന്നിനുള്ളത് അകിടിൽ നിർത്തി ബാക്കി മാത്രം കറന്നെടുക്കലാണ് ദോഹനം. പുരാണങ്ങളിൽ ഭൂമിദേവിയ്ക്ക് പശുവിൻ്റെ രൂപം സങ്കല്പിച്ചത് വെറുതെയല്ല.

ഭൗതികസുഖങ്ങളെ മാത്രം കാമിച്ച് നടക്കുന്ന അസുരന്മാരെ കൊണ്ട് ഭാരം വർദ്ധിക്കുമ്പോൾ ഭൂമിയൊരു പശുവിൻ്റെ രൂപമെടുത്ത് ബ്രഹ്മദേവൻ്റെ സമീപം ചെന്ന് സങ്കടം പറയും. ബ്രഹ്മാദികൾക്ക് തീർക്കാൻ കഴിയാത്ത ദുരിതത്തിന് പരിഹാരം തേടി ബ്രഹ്മാവ് വിഷ്ണുലോകത്ത് ചെല്ലും. യുഗംതോറും ഇത്തരം സംഭവഗതികൾ ആവർത്തിക്കും.

യദായദാഹി ധർമ്മസ്യ
ഗ്ലാനിർഭവതി ഭാരത
അഭ്യുത്ഥാനമധർമ്മസ്യ
തദാത്മാനം സൃജാമ്യഹം.
(ഭഗവദ് ഗീത.4‌ – 7)
(എപ്പോഴെല്ലാം ധർമ്മത്തിന് ഗ്ലാനി വരുകയും അധർമ്മത്തിന് പുഷ്ടി ഉണ്ടാവുകയും ചെയ്യുന്നുവോ അപ്പോഴെല്ലാം ഞാൻ എന്നെ തന്നെ സൃഷ്ടിക്കും.)

ഭഗവാൻ പറഞ്ഞ വാക്കാണിത്. ഇടക്കിടെ സംഭവിക്കുന്ന ഈ സ്ഥിതി ദ്വാപരയുഗത്തിലും ആവർത്തിച്ചു.

ഭൂമിദേവിയുടെ സങ്കടം തീർക്കാൻ വസുദേവരുടേയും ദേവകിയുടേയും എട്ടാമത്തെ പുത്രനായി ഭഗവാൻ അവതരിക്കും എന്ന സദ് വാർത്ത സമാധിയിൽ തെളിഞ്ഞ ബ്രഹ്മാവ് അതെല്ലാവരേയും അറിയിച്ചു.

സ്വന്തം മാതാപിതാക്കളെ തടവിലിട്ട് രാജ്യാധികാരം പിടിച്ചെടുത്ത മഥുരാപുരിയിലെ കംസൻ്റെ തടവറ തന്നെയാണ് അവതാരത്തിന് ഭഗവാൻ തിരഞ്ഞെടുത്തത്. കംസൻ്റെസഹോദരിയാണ് ദേവകി.

സാത്വികനായ വാസുദേവരും ദേവകിയും തമ്മിലുള്ള വിവാഹം നടന്നു. ദേവകിയോടുള്ള വാത്സല്യം കാരണം കംസരാജാവ് തന്നെ വധൂവരന്മാരുടെ തേര് തെളിച്ചു.

വിവാഹഘോഷയാത്ര മുന്നോട്ട് നീങ്ങിയപ്പോൾ ആകാശത്ത് നിന്നും പതിവില്ലാതെ ഒരു അശരീരി വാക്യം കേട്ടു.

” കംസാ, നിൻ്റെ സഹോദരിയുടെ എട്ടാമത്തെ മകൻ നിന്നെ കൊല്ലും. സൂക്ഷിച്ചോ? ”

തേരിൽ നിന്നും ചാടിയിറങ്ങിയ കംസൻ സഹോദരിയുടെ മുടിയ്ക്ക് കുത്തിപ്പിടിച്ച് വാളോങ്ങി.

വസുദേവർ തൊഴുത് കൊണ്ട് പറഞ്ഞു.

“ദേവകി തെറ്റൊന്നും ചെയ്തില്ല. അവളെ വധിക്കരുത്. സ്ത്രീഹത്യ മഹാപാപമാണ്. അവൾ പ്രസവിക്കുന്ന കുഞ്ഞുങ്ങളെ അങ്ങയെ ഏല്പിക്കാം”.

വസുദേവരുടെ നയതന്ത്രത്തിൽ പ്രീതനായി വധോദ്യമത്തിൽ നിന്ന് കംസൻ പിന്മാറി.

ദേവകിയ്ക്കുണ്ടായ ആറ് കുഞ്ഞുങ്ങളേയും കംസൻ കൊന്നു. ഏഴാമത്തെ കുഞ്ഞിനെ മഹാമായ വസുദേവരുടെ മറ്റൊരു ഭാര്യയായ രോഹിണിയുടെ ഗർഭത്തിലേക്ക് ആകർഷിച്ചു.

ദേവകി എട്ടാമതും ഗർഭം ധരിച്ചു. ഭഗവാൻ വിഷ്ണു എട്ടാമത്തെ മകനായി ജനിക്കാൻ പോകുന്നു എന്ന് നാരദർ പറഞ്ഞ് കംസൻ അറിഞ്ഞു. കംസൻ ഭയം കൊണ്ടും ക്രോധം കൊണ്ടും വിറച്ചു. സഹോദരിയേയും ഭർത്താവിനേയും തടവിലിട്ടു. ചുറ്റിനും കാവല്ക്കാരെ നിർത്തി.

മനസ്സിലെ ഏത് ഭാവംകൊണ്ടും ഭഗവാനെ പ്രാപിക്കാമെന്നതിന് ഉത്തമഉദാഹരണമാണ് കംസൻ. പ്രഹ്ലാദൻ്റെ മനസ്സ് പ്രേമം കൊണ്ട് ഭഗവാനിൽ ഉറച്ചപ്പോൾ കംസൻ്റെ മനസ്സ് ഭയം കൊണ്ടാണ് ഭഗവാനിൽ ഉറച്ചത് .

ആസീന:സംവിശംസ്തിഷ്ടൻ
ഭുഞ്ജാന: പര്യടൻ മഹീം
ചിന്തയാനോ ഹൃഷീകേശം
അപശ്യത് തന്മയം ജഗത്.
(10-2-24)
ഇരിക്കുമ്പോഴും,കിടക്കുമ്പോഴും, നടക്കുമ്പോഴും, ഉണ്ണുമ്പോഴും ഭഗവാനെ ചിന്തിച്ച് ലോകം മുഴുവൻ ഭഗവന്മയമായി കംസന് തോന്നി.

യഥാകാലം മഥുരാപുരിയിലെ കംസൻ്റെ തടവറയിൽ ഭഗവാൻ അവതരിച്ചു.

അർദ്ധരാത്രി സൂര്യനുദിച്ച പോലെ ദിക്കുകൾ പ്രസന്നമായി. പെരുംമഴ വർഷിച്ചു.ഇടിനാദം മുഴങ്ങി. കൂലം കുത്തിയൊഴുകുന്ന പുഴകളിൽ തെളിവെള്ളമൊഴുകി.ചളിക്കുണ്ടുകളിൽ താമരപ്പൂക്കൾ വിരിഞ്ഞു.കിളികളും വണ്ടുകളും മനോഹരനാദം പുറപ്പെടുവിച്ചു. സുഗന്ധപൂരിതമായ കാറ്റ് വീശി.

രാത്രിയിൽ താമര വിരിയുന്നതും കിളികൾ പാടുന്നതും അസംഭവ്യം. സമഷ്ടിഭാവം പ്രസാദിക്കുമ്പോൾ വൃഷ്ടിയിലും അതിൻ്റെ ചലനങ്ങൾ കാണാം. ഇവിടെയെല്ലാം ഒരു മാല പോലെ പരസ്പരബന്ധിതമാണ്. അലങ്കാരശാസ്ത്രത്തിലെ അഭൂതോപമക്ക് ഉദാഹരണമാണ് ഭാഗവതത്തിലെ കൃഷ്ണാവതാര സന്ദർഭം.

ഭഗവാൻ ചതുർബാഹുരൂപത്തിൽ വസുദേവരുടേയും ദേവകിയുടേയും മുന്നിൽ പ്രത്യക്ഷപ്പെട്ടു.

വിസ്മയാവഹമായ ആ രൂപം കണ്ട് വസുദേവർ സ്തുതിച്ചു.

തമത്ഭുതംബാലകമംബുജേക്ഷണം
ചതുർഭുജംശംഖഗദാര്യുദായുധം ശ്രീവത്സലക്ഷ്മം ഗളശോഭി കൗസ്തുഭം
പീതാംബരംസാന്ദ്രപയോദസൗഭഗം
(10- 3 -8)

ഭഗവാൻ പറഞ്ഞു.
“യമുനാനദിയുടെ മറുകരയിൽ ഗോകുലത്തിൽ നന്ദഗോപർക്കും യശോദയ്ക്കും ഒരു കുഞ്ഞുണ്ട്. യോഗമായയാണത്.എൻ്റെ ബാല്യം ഗോകുലത്തിലാണ്. അങ്ങ് എന്നെ അവിടേക്ക് കൊണ്ടുപോയി ആ കുഞ്ഞിനെ ഇങ്ങോട്ട് കൊണ്ടു വരണം.”

നിമിഷനേരം കൊണ്ട് ഭഗവദ്രൂപം മറഞ്ഞു. നീലക്കല്ലു പോലെ ശോഭിച്ച ഒരു പിഞ്ചോമന സമീപം കിടന്ന് കൈകാലിളക്കി കളിച്ചു.
വസുദേവരുടെ കാലിലെ ചങ്ങല കെട്ടുകൾ താനെ അഴിഞ്ഞു വീണു. ഇരുമ്പുപൂട്ടിട്ട തടവറവാതിൽ തുറന്നു. വസ്ത്രാഞ്ചലം കൊണ്ട് കുഞ്ഞിനെ നന്നായി പുതപ്പിച്ച് ആ കോരിച്ചൊരിയുന്ന മഴയത്ത് വാസുദേവർ പുറപ്പെട്ടു.

മതിവിട്ടുറങ്ങുന്ന കാവൽക്കാരെ കടന്ന് യമുനാതീരത്തേക്ക് വസുദേവർ നടന്നു. ദേവഗണങ്ങൾ ആകാശത്ത് നിന്നും ആ കാഴ്ച കണ്ടു.അവർ സ്തുതിച്ചു.

“അഹോ ഭാഗ്യം, നോക്കൂ അദ്ദേഹം പരബ്രഹ്മത്തെയാണ് മാറോടടുക്കി പിടിച്ചത്. മഴ നനയാതിരിക്കാൻ അനന്തസർപ്പം ഫണം കൊണ്ട് കുട ചൂടിച്ച് ഒപ്പമുണ്ട്.”

യമുനയുടെ കരയിലെത്തിയപ്പോൾ ഏതോ ജന്മനിയോഗം പോലെ നദീജലം ഇരുവശത്തേക്കും മാറി നിന്നു. യമുന ! അവളാ നിമിഷവും ധ്യാനിച്ച് കാത്തിരിപ്പ് തുടങ്ങിയിട്ട് കാലമെത്രയായി? ബ്രഹ്മത്തിന് വഴിയൊരുക്കാനുള്ള യമുനയുടെ ഭാഗ്യം മഹനീയം.

ഗോകുലത്തിലെത്തിയ വസുദേവർ പ്രസവാലസ്യത്തിൽ മയങ്ങുന്ന യശോദമ്മയേയും സമീപത്തായി ഉറങ്ങുന്ന ശിശുരൂപമെടുത്ത പ്രകൃതിമാതാവിനേയും കണ്ടു. കയ്യിലുള്ള തങ്കക്കുടത്തിനെ അദ്ദേഹം അവിടെ കിടത്തി.

പ്രകൃതിക്കുഞ്ഞിനെ വസ്ത്രാഞ്ചലം കൊണ്ട് പുതപ്പിച്ച് മാറോടണച്ച് ചേർത്ത് പിടിച്ച് തടവറയിൽ തിരിച്ചെത്തി. (നോക്കൂ, ബ്രഹ്മത്തെ മാറോടണച്ചു ചങ്ങലയഴിഞ്ഞു. പുഴ പോലും വഴി മാറി. പ്രകൃതിയെ ഹൃദയത്തിൽ ചേർത്തപ്പോൾ തടവറയിൽ തിരിച്ചെത്തി.)

ദേവകിയമ്മയുടെ സമീപം കിടത്തി. അപ്പോൾ ആ കുഞ്ഞ് ഉറക്കെ കരയാൻ തുടങ്ങി.

കംസൻ നിയോഗിച്ച കാവല്ക്കാർ ഞെട്ടിയുണർന്നു.

ഒരു കരയിൽ പ്രകൃതി മാതാവും മറുകരയിൽ ആദിപുരുഷനും. ഇരുകരകളേയും തൊട്ടും തഴുകിയും യമുനാനദിയും ഒഴുകി. കണ്ണനോടിക്കളിക്കാനുള്ള പുളിനങ്ങൾ യമുനാതീരങ്ങളിൽ ഒരുങ്ങുകയാണ്. ആ പാദസ്പർശം കൊതിച്ച് മണൽത്തരികൾ പോലും രോമാഞ്ചം കൊള്ളുകയാണ്.

ധീരസമീരേ യമുനാതീരേ വസതി വനേ വനമാലീ…
ആ മുഗ്ദ്ധസ്വപ്നം നല്കിയ മന്ദസ്മിതം ഉള്ളിൽ നിറച്ച യമുനയുടെ ഒഴുക്കിനൊപ്പം കൃഷ്ണകഥാസാഗരത്തിലേക്ക് നമുക്കും ഒഴുകാം.
നിങ്ങളുണ്ടാവില്ലേ കൂടെ.
(ചിത്രം കടപ്പാട് Google)
©✍️#Suresh babuVilayil

2+

One thought on “ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 37

  1. നിസ്സംശയം. കൂടെതന്നെയുണ്ട്..🙏
    വായിക്കാൻ ഓരോ ദിവസവും കാത്തിരിക്കുന്നു.

    0

Leave a Reply

Your email address will not be published. Required fields are marked *