ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 20

സുരേഷ് ബാബു വിളയിൽ

ധ്രുവപരമ്പരയിൽ പെട്ട ഒരു രാജാവായിരുന്നു വേനൻ. ജന്മനാ തന്നെ ദുർവൃത്തൻ. ദുഷ്ടൻ.

ദുർവൃത്തരും ദുഷ്ടരുമായ മക്കൾ ഉണ്ടാവുന്നത് ഭാഗ്യഹീനർക്കാണ്. മക്കളില്ലെങ്കിൽ ഇല്ലെന്ന ദു:ഖം മാത്രം. അവർ ദുർമതികളായാൽ അപമാനവും കൂടി സഹിച്ചേ തീരൂ.

കുട്ടിയാവുമ്പോൾ തുമ്പികളെ കൊണ്ട് ഭാരമുള്ള കല്ലെടുപ്പിച്ചും, വണ്ടുകളെ പിടിച്ച് വിളക്കിലെ തീയിലെരിച്ചും ഇരുമ്പ് ചട്ടുകം ചൂടാക്കി മൃഗങ്ങളുടെ ദേഹം പൊള്ളിച്ചും കുഞ്ഞുങ്ങളെ വരെ ദ്രോഹിച്ചും വേനൻ വളർന്നു.

മകൻ്റെ ദുഷ്ചെയ്തികളിൽ മനം നൊന്ത് അച്ഛൻ രാജ്യമുപേക്ഷിച്ച് കാട്ടിൽ പോയി.

വേനൻ രാജാവായി. അതിക്രമങ്ങൾ മാറ്റമില്ലാതെ തുടർന്നു. വേനനെ കൊണ്ട് സഹികെട്ട ജനങ്ങൾ മഹർഷിമാരോട് സങ്കടം പറഞ്ഞു. സത്യദർശികളായ മുനിമാർ വന്ന് വേനനെ ഉപദേശിച്ചു. അവരുടെ വാക്കുകളെ വകവെച്ചില്ലെന്ന് മാത്രമല്ല മുനിമാരെയെല്ലാം പിടി കൂടി തടവിലിടാനും വേനൻ കല്പിച്ചു.

ക്രുദ്ധരായ മുനിമാർ വേനനു ചുറ്റും വളഞ്ഞ് നിന്ന് ശാപനിമന്ത്രിതമായ ഹുങ്കാരശബ്ദം പുറപ്പെടുവിച്ചു. ആ ശബ്ദമുഴക്കത്തിൽ സംഭീതനായി വേനൻ മരിച്ചു. വെറുക്കപ്പെട്ട വേനൻ്റെ ജഢം സംസ്ക്കരിക്കാൻ വൈദികരാരും തയ്യാറായില്ല. ഭാര്യയുടെ നിർദ്ദേശപ്രകാരം രാജാവിൻ്റെ ജഢം എണ്ണത്തോണിയിൽ സൂക്ഷിച്ചു.

രാജാവിൻ്റെ അഭാവത്തിൽ രാജ്യം ശിഥിലമാവുമെന്ന് ജ്ഞാനികൾ ഭയന്നു. അവർ ഒരുമിച്ച് ചേർന്ന് മഥനവിദ്യ അറിയുന്നവരെ ക്ഷണിച്ചു വരുത്തി.

എണ്ണത്തോണിയിൽ സൂക്ഷിച്ച ജഢം പുറത്തെടുത്തു. വേനൻ്റെ വലതുകൈ തൈര് കടയും പോലെ കടഞ്ഞു. ജനങ്ങൾ നോക്കി നില്ക്കെ ഒരു സ്ത്രീയും പുരുഷനും ജന്മമെടുത്തു. വിഷ്ണുവിൻ്റേയും ലക്ഷ്മീദേവിയുടെയും അവതാരങ്ങളായ പൃഥുവും അർച്ചിസ്സും ആയിരുന്നു അത്.

അവർ ദമ്പതിമാരായി ജീവിതം തുടങ്ങി. ജ്ഞാനികളുടെ ഹിതം നോക്കി പൃഥുരാജാവ് ഭരണം തുടങ്ങി. രാജ്യം ഉത്തരോത്തരം പുഷ്ടിപ്പെട്ടു. എങ്ങും ഐശ്വര്യസമൃദ്ധമായി.

മഹർഷിമാർ പൃഥുവിനെ ഭൂലോക ചക്രവർത്തിയായി അഭിഷേകം ചെയ്തു. ദേവലോകത്ത് നിന്ന് പോലും പൃഥുവിന് ഉപഹാരങ്ങൾ കിട്ടി. അപദാനങ്ങൾ മുഴക്കിയ സ്തുതിപാഠകരോട് പൃഥു പറഞ്ഞു.

“സൂതരേ, മാഗധരേ, നിങ്ങളുടെ സ്തുതികളിൽ പറയുന്ന മഹിമയൊന്നും ഞാൻ ചെയ്തിട്ടില്ല. ജഗദീശ്വരനാണ് സ്തുതിക്കപ്പെടേണ്ടവൻ. അവനെ വാഴ്ത്താതെ മനുഷ്യകർമ്മങ്ങളെ സ്തുതിച്ചാൽ ഗുണവാന്മാർ ഇഷ്ടപ്പെടില്ല. നിങ്ങളുടെ തേൻ നിറച്ച വാക്കുകൾ അവസാനിപ്പിക്കുവിൻ… ”

രാജാവ് വിലക്കിയിട്ടും ഋഷിമാരും സൂതരും മാഗധരും പൃഥുവിനെ പുകഴ്ത്തികൊണ്ടേയിരുന്നു.

അങ്ങനെയിരിക്കെ രാജ്യത്ത് കടുത്ത ക്ഷാമം ബാധിച്ചു. പ്രജകൾ പട്ടിണിയിലായി. ഭൂമിദേവി ഉണ്ടാക്കിയ കൃത്രിമക്ഷാമമാണ് ഇതെന്ന് പൃഥുവിന് മനസ്സിലായി.

രാജാവ് ഭൂമിയെ ലക്ഷ്യമാക്കി വില്ലു കുലച്ചു. ദിഗന്തങ്ങൾ പൊട്ടുന്ന ആ ശബ്ദം കേട്ട് ഭൂമിദേവി ഭയന്നു. ഒരു പശുവിൻ്റെ രൂപത്തിൽ ഭൂമി പല ലോകങ്ങളിൽ അഭയം തേടി. അവിടെയെല്ലാം പൃഥുവിൻ്റെ അസ്ത്രം പിന്തുടർന്നു.

ദേവന്മാർ പറഞ്ഞ പ്രകാരം ഭൂമി പൃഥുവിനോട് തന്നെ അഭയം യാചിച്ചു. രാജാവ് ഭൂമിയ്ക്ക് അഭയം കൊടുത്തു.

ഭൂമിദേവി പറഞ്ഞു.
“എല്ലാവർക്കും ആവശ്യത്തിനുള്ളത് എന്നിലുണ്ട്. എന്നാൽ ആർഭാടവും അമിതമായ സുഖഭോഗങ്ങളും നടത്താനുള്ളത് എന്നിലില്ല. പാപികളും ഭോഗികളും ദ്രോഹികളും എന്നെ ചൂഷണം ചെയ്യുന്നു. അത് കാരണം ശിഷ്ടരായ സാധുക്കൾക്ക് വേണ്ടത് പോലും കിട്ടുന്നില്ല.

ഭഗവാൻ്റെ ജീവധാനിയാണ് ഞാൻ. ചൂഷണത്തിൽ മനം മടുത്ത് എല്ലാം ഒളിപ്പിച്ചു വെച്ചതാണ് ഞാൻ. കൃത്രിമക്ഷാമം വരുത്തിയതല്ല. എന്നെ ശിക്ഷിക്കരുത്.”

രാജാവിന് ഭൂമിയോട് അലിവ് തോന്നി.

ദുഷ്ടന്മാരെ പേടിച്ചൊളിപ്പിച്ച് വെച്ചതെല്ലാം തന്നിൽ നിന്നും കറന്നെടുക്കാൻ ഭൂമി രാജാവിനെ അനുവദിച്ചു.

പരിസ്ഥിതിയെ കുറിച്ചുള്ള നമ്മുടെ പൂർവ്വികരുടെ ദർശനം ഇനി വരുന്ന കഥാഗതിയിൽ മനസ്സിലാക്കാം.

പ്രകൃതിയിൽ നിന്നുള്ള ചൂഷണമല്ല ദോഹനമാണ് വേണ്ടതെന്നാണ് അവരുടെ കാഴ്ചപ്പാട്. ദോഹനം എന്നാൽ കറവ് എന്നർത്ഥം. കന്നിന് കുടിക്കാൻ വേണ്ടത്ര കൊടുത്ത് ആവശ്യമുള്ളത് മാത്രം കറന്നെടുക്കുന്ന സാമ്പത്തിക ശാസ്ത്രമാണ് അത്.

ഒരു മരം മുറിച്ചാൽ പത്ത് മരമെങ്കിലും നടാൻ പണ്ടുള്ളവർ പറഞ്ഞിരുന്നു. ഒരു വൃക്ഷത്തെ പത്ത് പുത്രന് സമമെന്നവർ പറഞ്ഞു.
ദശകൂപസമം വാപീ
ദശവാപീ സമം ഹ്രദ:
ദശഹ്രദ സമാ പുത്ര:
ദശപുത്രസമം ദ്രുതം.
(ഒരു കുളം പത്ത് കിണറുകൾക്ക് തുല്യം,പത്ത് കുളങ്ങൾ ഒരു തടാകത്തിന് തുല്യം. പത്ത് തടാകങ്ങൾ ഒരു പുത്രന് സമം. ഒരു മരം പത്ത് പുത്രന്മാർക്ക് സമമാണ്)

ഒളിപ്പിച്ച ജീവദ്രവ്യങ്ങളെ പുറത്തേക്ക് ചുരത്താൻ ഭൂമിക്ക് കഴിയാതെ വന്നപ്പോൾ പൃഥു മനുവിനെ കിടാവാക്കി കുടിപ്പിച്ചു. മനുഷ്യന് ആവശ്യമുള്ള എല്ലാ ധാന്യങ്ങളും ഔഷധികളും പൃഥു കറന്നെടുത്തു. മന:ശക്തിയെന്ന വീര്യവും, ഇന്ദ്രിയശക്തിയെന്ന ഓജസ്സും, ദേഹശക്തിയെന്ന ബലവും കറന്നെടുത്തു.

ഋഷിമാർ ബൃഹസ്പതിയെ വത്സമാക്കി ഇന്ദ്രിയങ്ങളാകുന്ന പാത്രങ്ങളിൽ വേദങ്ങളെ കറന്നെടുത്തു. ദേവന്മാർ ഇന്ദ്രനെ പശുക്കുട്ടിയാക്കി സ്വർണ്ണപാത്രം നിറയെ അമൃതം കറന്നെടുത്തു. പ്രഹ്ളാദനെ കന്നുകുട്ടിയാക്കി അസുരന്മാർ ഇരുമ്പു പാത്രത്തിൽ മദ്യം കറന്നെടുത്തു .

സന്തുഷ്ടനായ ചക്രവർത്തി ഭൂമിയെ മകളായി അംഗീകരിച്ചു. അന്നു മുതൽ ഭൂമി പൃഥ്വി എന്നറിയപ്പെട്ടു.

99 യാഗം നടത്തിയ പൃഥുവിൻ്റെ നൂറാം യാഗം പലവട്ടം മുടക്കാൻ ഇന്ദ്രനെത്തി. തോൽവിയുടെ രുചി പലവട്ടം അറിഞ്ഞിട്ടും പിന്മാറാത്ത ഇന്ദ്രനെ യാഗാഗ്നിയിൽ തന്നെ ഹോമിക്കാൻ പുഥു തീർച്ചയാക്കി. ഋത്വിക്കുകൾക്ക് അതിനുള്ള അനുജ്ഞ കൊടുക്കും മുമ്പേ ബ്രഹ്മാവ് തടഞ്ഞു. അപ്പോഴേക്കും യജ്ഞപതിയായ വിഷ്ണു ഇന്ദ്ര നോടൊപ്പം യാഗവേദിയിൽ പ്രത്യക്ഷപ്പെട്ടു.

വിഷ്ണു ഭഗവാൻ പറഞ്ഞു.
പരിത്യക്തഗുണ: സമ്യഗ്ദർശനോ വിശദാശയ:
ശാന്തിം മേ സമവസ്ഥാനം ബ്രഹ്മകൈവല്യമശ്നുതേ
( 4-20-10 )
(രാജാവേ,യജ്ഞങ്ങൾ കൊണ്ടോ തപസ്സു കൊണ്ടോ മാത്രം ആർക്കും ഈശ്വരസാക്ഷാൽക്കാരം കിട്ടില്ല. സർവ്വത്രസമദർശനം കൊണ്ട് മാത്രമേ അതിന് കഴിയൂ. )

നൂറ് യാഗങ്ങളേക്കാൾ വലുത് സർവ്വത്രസമദർശനമാണെന്ന് രാജാവിന് മനസ്സിലായി.

നോക്കൂ. ഓരോ കഥയിലും ഭാഗവതം ഊട്ടി ഉറപ്പിക്കുന്നത് സോഷ്യലിസം എന്ന് കൊണ്ടാടുന്ന സർവ്വത്രസമത്വദർശനം എന്ന ആശയമാണ്. സവർണ്ണരുടെ മേധാവിത്വം ഊട്ടി ഉറപ്പിക്കാനുള്ള പഴഞ്ചൻ ഗ്രന്ഥമാണ്ഭാഗവതമെന്ന് ജല്പിക്കുന്നവരോട് സഹതപിക്കാം. ഈശ്വരോ രക്ഷ.

പൃഥു ചക്രവർത്തി ഒരു നാൾ പ്രജകളെയെല്ലാം വിളിച്ചു വരുത്തി. അവരോടിങ്ങനെ പറഞ്ഞു.

” ഞാൻ നിങ്ങളെ ഈശ്വര തുല്യം കാണുന്നു. സ്നേഹിക്കുന്നു നമ്മുടെ ജീവിതം ഈശ്വരൻ്റെ പ്രസാദമാണ്. അതൊരിക്കലും മറക്കരുത്.എല്ലാവരുടെ ഉള്ളിലും വിളങ്ങി നില്ക്കുന്നത് ഒരേയൊരു ഈശ്വരനാണ്. നിങ്ങൾ പരസ്പരം ആദരിക്കണം.ഓരോ ജീവിതങ്ങളും ഈശ്വരനുള്ള പൂജയായി മാറണം.”

ഒരു നാൾ മഹാജ്ഞാനികളായ സനകാദി മഹർഷിമാർ പൃഥു ചക്രവർത്തിയെ തേടിയെത്തി. അദ്ദേഹം അവരോട് ചോദിച്ചു.
” ദിവ്യാത്മാക്കളെ, ജീവിതത്തിൽ പരമമായ ക്ഷേമം എന്തിനെ ആശ്രയിച്ചാണ്?”

അവർ പറഞ്ഞു.
ശാസ്ത്രേഷ്വിയാനേവസുനിശ്ചിതോ നൃണാം
ക്ഷേമസ്യ സധ്ര്യഗ്വിമൃശേഷു ഹേതു:
അസംഗആത്മവ്യതിരിക്തആത്മനി
ദൃഢാരതിർബ്രഹ്മണിനിർഗുണേ ച യാ.
( 4-22-21)
യുക്തിവിചാരം ചെയ്തെടുത്ത ശാസ്ത്രജ്ഞാനമാണ് ഏറ്റവും ശ്രേഷ്ഠം. അതിനെ ആശ്രയിച്ചാണ് ക്ഷേമത്തിൻ്റെ നിലനില്പ്. ഓരോ മനുഷ്യനും അവനവനിൽ ആത്മരൂപത്തിൽ വർത്തിക്കുന്ന
ബ്രഹ്മത്തെ അറിയാൻ രൂഢമായ താല്പര്യം സൃഷ്ടിച്ചെടുക്കണം.
ബ്രഹ്മണി ദൃഢാ രതി :

നമുക്കും അന്ധവിശ്വാസത്തിൽ നിന്നും അനാചാരങ്ങളിൽ നിന്നും ദുരാചാരങ്ങളിൽ നിന്നും മുക്തമായ യുക്തിയുക്തമായ ജ്ഞാനം നേടാം. ബ്രഹ്മാന്വേഷണത്തിൽ രതിയുള്ളവരാകാം.

അറിവ് പ്രകാശമാണ്. അതിന് ഭാസ് എന്നും പറയും.ഭാസിൽ രതിയുള്ളവൻ ഭാരതീയനാണ്. നമുക്കും ഭാരതീയനാകാം
(ചിത്രം കടപ്പാട്Google)
©@#SureshbabuVilayil.

4+

Leave a Reply

Your email address will not be published. Required fields are marked *