ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 48

സുരേഷ് ബാബു വിളയിൽ

സത്രാജിത്ത്‌ എന്ന് പേരായി ഒരു സൂര്യാരാധകൻ ദ്വാരകയിൽ വസിച്ചിരുന്നു. സൂര്യദേവൻ അദ്ദേഹത്തിന് സ്യമന്തകമെന്ന രത്നം സമ്മാനിച്ചു. പ്രഭാതസൂര്യന് നേരെ പിടിച്ചാൽ പ്രതിദിനം എട്ട് ഭാരം സ്വർണ്ണം നല്കാൻ കഴിവുള്ള അപൂർവരത്നമായിരുന്നു അത്.

അദ്ധ്വാനം കൂടാതെ കിട്ടുന്ന ധനം യക്ഷവിത്തമാണ്. പൊതുനന്മക്ക് വേണ്ടി ചെലവഴിച്ചാൽ അതിനെ ലക്ഷ്മീവിത്തമാക്കാം. അല്ലെങ്കിൽ സർവ്വനാശം സംഭവിക്കാം.

സ്യമന്തകരത്നം രാജ്യം ഭരിക്കുന്ന ഉഗ്രസേനമഹാരാജാവിന് സമർപ്പിക്കണമെന്ന് കൃഷ്ണന്‍ സത്രാജിത്തിനോട്‌ അഭ്യർത്ഥിച്ചു. അപൂര്‍വ്വമായ ഉത്തരം യന്ത്രങ്ങൾ രാജവിത്തമാണ്. സമൂഹത്തിന് മുഴുവൻ അവകാശപ്പെട്ടതാണ്. സത്രാജിത്ത്‌ അത്‌ കേട്ട ഭാവം നടിച്ചില്ല.

ഒരു ദിവസം സത്രാജിത്തിന്റെ സഹോദരൻ പ്രസേനന്‍ നായാട്ടിന് പോയത് ആ രത്നവും ധരിച്ചാണ്. അതിൻ്റെ തിളക്കം കണ്ട് ഒരു സിംഹം പ്രസേനൻ്റെ മേൽ ചാടി വീണു. സിംഹം ആ രത്നവും കൊണ്ട് ജാംബവാൻ വസിക്കുന്ന ഗുഹയുടെ സമീപത്ത് കൂടി പോയി. വീട്ടിലെ കുട്ടികൾക്ക് കളിക്കാൻ പറ്റുമെന്ന് നിശ്ചയിച്ച്‌ ജാംബവാന്‍ ഒറ്റ പ്രഹരത്തിന് ആ സിംഹത്തെ കൊന്ന് രത്നം കൈക്കലാക്കി.

കൃഷ്ണൻ സത്രാജിത്തിനോട് രത്നം ചോദിച്ചിരുന്നെന്നും പ്രസേനനെ കൊന്ന് രത്നം മോഷ്ടിച്ചത് കൃഷ്ണൻ തന്നെയെന്നും ഒരു കിംവദന്തി ദ്വാരക മുഴുവൻ പരന്നു. സത്രാജിത്തും അതേറ്റു പിടിച്ചു.

അപവാദം മുറുകിയപ്പോൾ കൃഷ്ണൻ പ്രസേനന്‍ പോയ വഴിയെ വനത്തിലേക്ക്‌ പുറപ്പെട്ടു.

അവിടെ പ്രസേനന്റെ ശവശരീരം വഴിയിൽ കിടക്കുന്നത് കണ്ടു. ഒരു സിംഹവുമായി മല്‍പ്പിടുത്തം നടത്തിയ ലക്ഷണവും കണ്ടു. സിംഹത്തിന്റെ ജഢം ഒരു ഗുഹാമുഖത്തും കണ്ടു.

കൃഷ്ണന്‍ ഗുഹയ്ക്കുള്ളില്‍ കയറി. അവിടെ കുട്ടികൾ സ്യമന്തകരത്നം കൊണ്ട് പന്ത് തട്ടിക്കളിക്കുന്നുണ്ട്. അപരിചിതനെ കണ്ട് അവരൊച്ച വെച്ചപ്പോൾ ജാംബവാനെത്തി.

ജാംബവാനും കൃഷ്ണനുമായി ഗംഭീരമായ ദ്വന്ദയുദ്ധം നടന്നു. ഇരുപത്തെട്ടു ദിവസങ്ങള്‍ പോരാടി കഴിഞ്ഞപ്പോള്‍ വീരപരാക്രമിയായ ജാംബവാൻ തളര്‍ന്നവശനായി.

അത്ഭുതപരവശനായ ജാംബവാന്‍ കണ്ണുനിറച്ചുകൊണ്ട് പറഞ്ഞു

‘അങ്ങ് ഭഗവാൻ ശ്രീരാമനാണ്. ശ്രീരാമചന്ദ്രനല്ലാതെ ഇത്രയും ദിവസം തളരാതെ നിന്ന് എന്നോട് പോരാടാൻ ആർക്കും കഴിയില്ല.

കൃഷ്ണൻ ശ്രീരാമൻ്റെ രൂപത്തിൽ ദർശനം നൽകിയപ്പോൾ ജാംബവാൻ സന്തോഷം കൊണ്ട് മതി മറന്നു. കഥകളെല്ലാം കേട്ടപ്പോൾ ജാംബവാൻ സ്യമന്തകരത്നത്തിനൊപ്പം ഒരു രത്നത്തെ കൂടി ശ്രീകൃഷ്ണനു നല്‍കി. പുത്രിയായ ജാംബവതിയായിരുന്നു ആ സ്ത്രീരത്നം. ഗുഹയിലൊരു നിലവിളക്ക് കൊളുത്തി വെച്ച് ഒരച്ഛൻ്റെ ധന്യതയോടെ അവളെ ജാംബവാൻ കൃഷ്ണനെ ഏല്പിച്ചു.

സ്യമന്തകം തേടിപ്പോയ കൃഷ്ണനെ കാണാഞ്ഞ് ദ്വാരകയിലെല്ലാവരും ദുഖിതരായി. ഗുഹയിൽ നിന്നും ദിവസം കഴിഞ്ഞിട്ടും കൃഷ്ണന്‍ തിരിച്ചുവന്നില്ല. കൃഷ്ണന്റെ അച്ഛനമ്മമാരും രുക്മിണിയും മറ്റും ജലപാനം ചെയ്യാതെ കൃഷ്ണന്റെ രക്ഷയ്ക്കു വേണ്ടി ദേവിയെ ഉപാസിച്ചു.

അപ്പോൾ സ്യമന്തകരത്നവുമായി ജാംബവതീസമേതനായി കൃഷ്ണൻ ദ്വാരകയിലെത്തി. സത്രാജിത്തിനെ സഭയില്‍ വരുത്തി സ്യമന്തകം ഏല്പിച്ചു. രത്നം നഷ്ടപ്പെട്ടതിനും പ്രസേനന്റെ മരണത്തിനും ശ്രീകൃഷ്ണനെ പഴിചാരിയതില്‍ സത്രാജിത്തിന് ലജ്ജ തോന്നി.

പരസ്പരമുള്ള ബന്ധം നന്നാക്കിയെടുക്കാന്‍ ജാംബവാൻ സ്വീകരിച്ച മാർഗ്ഗം സത്രാജിത്തും സ്വീകരിച്ചു. പ്രിയപുത്രിയായ സത്യഭാമയെ ശ്രീകൃഷ്ണന്‌ വിവാഹം ചെയ്തു കൊടുത്തു.

ഭക്തശിരോമണിയെന്ന് വാഴ്ത്തിയ അക്രൂരന് വന്ന മനംമാറ്റത്തിൻ്റെ കഥ കൂടി പറഞ്ഞാലേ സ്യമന്തകം കഥ പൂർത്തിയാവൂ.

അച്ഛൻ പെങ്ങൾ കുന്തിയമ്മയും അഞ്ച് പുത്രന്മാരും വാരണാവതം എന്ന സ്ഥലത്ത് അരക്കില്ലത്തിൽ പെട്ട് മരിച്ച വിവരം കേട്ട് കൃഷ്ണനും രാമനും ഹസ്തിനപുരത്തേക്ക് പോയി.

അക്രൂരൻ സത്രാജിത്തിൻ്റെ അടുത്ത സുഹൃത്തായിരുന്നു. സുഹൃത്തിൻ്റെ മകളായ സത്യഭാമയെ വേളി കഴിച്ചാലോ എന്നൊരു മോഹം പഴമനസ്സിലുദിച്ചു. സുഹൃത്താകട്ടെ, മകളെ കൃഷ്ണനു കൊടുക്കുകയും ചെയ്തു. അതോടെ വിദ്വേഷംസത്രാജിത്തിനോടായി. വ്രജഭൂമിയിൽ വീണുകിടന്നുരുണ്ട മഹാൻ്റെ മനംമാറ്റം കണ്ടോ? ഇത് വായിക്കുന്ന ഭക്തന്മാർ ഈ ഭാഗം പ്രത്യേകം ശ്രദ്ധിക്കണം.

ശതധന്വാവ് എന്ന യാദവവീരൻ സ്യമന്തകമണിയും കൊതിച്ചാണ് നടപ്പെന്ന വിവരം അക്രൂരനറിയാം.

അക്രൂരൻ അയാളെ വിളിച്ചു വരുത്തി ഇങ്ങനെ പറഞ്ഞു.

” സ്യമന്തകം സ്വന്തമാക്കണമെന്ന നിൻ്റെ മോഹം സാധിക്കാൻ പറ്റിയ സുവർണ്ണാവസരം വന്നിട്ടുണ്ട്. രത്നം കൈക്കലാക്കാൻ സത്രാജിത്തിനെ കൊന്നാലും കുഴപ്പമില്ല. കൃഷ്ണനും രാമനും ഇവിടെ ഇല്ല. രണ്ടു പേരും ഹസ്തിനപുരത്താണ്”

അക്രൂരൻ്റെ ദുഷ്പ്രേരണയാൽ ശതധന്വാവ് ഉറങ്ങിക്കിടന്ന സത്രാജിത്തിനെ നിർദ്ദയം കൊന്ന് സ്വമന്തകമണി മോഷ്ടിച്ചു.

അച്ഛൻ കൊല്ലപ്പെട്ടതറിഞ്ഞ് സത്യഭാമ പാഞ്ഞെത്തി. ഘാതകൻ ആരെന്ന് തിരിച്ചറിഞ്ഞു. അവനെ കൃഷ്ണൻ കണ്ടെത്തിക്കൊള്ളും എന്ന് പറഞ്ഞ് ബന്ധുക്കളെയെല്ലാം ആശ്വസിപ്പിച്ചു. അച്ഛൻ്റെ മൃതദേഹം എണ്ണത്തോണിയിൽ കിടത്താനുള്ള നിർദ്ദേശം കൊടുത്ത് സത്യഭാമ ഒറ്റക്ക് ഹസ്തിനപുരം ലക്ഷ്യമാക്കി തേരോടിച്ചു.

സത്യഭാമ നല്കിയ വിവരങ്ങൾ ഗ്രഹിച്ച കൃഷ്ണൻ ജ്യേഷ്ഠനേയും കൂട്ടി ശതധന്വാവിനെ തിരഞ്ഞു പോയി. പേടിച്ചരണ്ട ശതധന്വാവ് അക്രൂരൻ്റെ സമീപം ചെന്ന് അഭയം യാചിച്ചു. രത്നം അക്രൂരനെ ഏല്പിച്ചു. രത്നം സ്വന്തമാക്കിയ അക്രൂരൻ നയത്തിൽ ശതധന്വാവിനെ ഒഴിവാക്കി.

അവൻ മിഥിലയിലേക്ക് പോയി. അവിടെ വെച്ച് ശ്രീകൃഷ്ണൻ ശതധന്വാവിനെ കണ്ടെത്തി. എവിടെയാണ് രത്നം എന്ന് അവൻ പറഞ്ഞറിഞ്ഞു. നിഷ്ഠുരകൃത്യം ചെയ്ത ശതധന്വാവിന് കൃഷ്ണൻ വധശിക്ഷ തന്നെനൽകി.

അക്രൂരൻ രത്നവും കൊണ്ട് നാടു വിട്ടു. ദാനപതി എന്ന് പേര് മാറ്റി കാശിയിൽ താമസമാക്കി. വല്ല സിദ്ധിയും കിട്ടുമ്പോൾ ഗുരുവിനെ പറ്റിച്ച് പേര് മാറ്റി ഉദരപൂരണം നടത്തുന്ന കള്ളസന്യാസിമാർ ഇന്നത്തെ സമൂഹത്തിലും ഉണ്ടല്ലോ. എത്ര വലിയ ഭക്തന്മാരായാലും കണ്ണടച്ച് വിശ്വാസത്തിലെടുക്കരുത് എന്ന സന്ദേശം കൂടി ഇതിലുണ്ട്.

ദാനപതി ബ്രാഹ്മണർക്ക് നല്ല ദക്ഷിണ കൊടുത്ത് യാഗം ചെയ്യിച്ച് കാശിയിൽ പ്രമാണിയായി ജീവിച്ചു. വേണ്ടത്ര സ്വർണ്ണം സ്വമന്തകം തരുന്നത് കൊണ്ട് ബുദ്ധിമുട്ടില്ലാതെ കഴിഞ്ഞു കൂടി

അക്രൂരൻ പോയതോടെ നാട്ടിൽ പലതരം രോഗങ്ങൾ പടർന്ന് പിടിച്ചു. ഭക്തശിരോമണിയായ അക്രൂരൻ നാടുവിട്ടത് കൊണ്ടാണ് ഈ ദുരിതങ്ങളെന്ന് ജനങ്ങൾ പറയാൻ തുടങ്ങി. രത്നം കൊണ്ട് പോയാലും അക്രൂരനെ തിരിച്ചു വിളിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.

ആധിവ്യാധികൾ വന്നത് അക്രൂരൻ പോയത് കൊണ്ടല്ല. എന്നാൽ ശക്തമായ പൊതുബോധത്തെ മറികടക്കുന്നത് ഉചിതമല്ലെന്ന് കൃഷ്ണൻ കരുതി. പൊതുബോധം എല്ലായ്പ്പോഴും ശരിയായി കൊള്ളണമെന്നില്ല. എന്നാലും അവതാരപുരുഷന്മാർ വരെ അതിനെ ആദരിക്കുന്നു.

കാശിയിൽ ആൾമാറാട്ടം നടത്തി ജീവിക്കുന്ന അക്രൂരനെ കൃഷ്ണൻ ആളയച്ച് വരുത്തി. പൗരപ്രമുഖർ നിറഞ്ഞിരിക്കുന്ന രാജസദസ്സിൽ വെച്ച് പിതാവിൻ്റെ സ്ഥാനത്തുള്ള അക്രൂരനോട് ശ്രീകൃഷ്ണൻ നയപരമായി ഇങ്ങനെ പറഞ്ഞു.

“അല്ലയോ ദാനപതേ, ശതധന്വാവ് സ്യമന്തകമണി അങ്ങയെ ഏല്പിച്ചാണ് ഓടി പോയതെന്ന് വളരെ മുമ്പ് തന്നെ ഞങ്ങളറിഞ്ഞു. സത്യഭാമയുടെ മക്കൾ പിണ്ഡ ക്രിയകൾ ചെയ്ത് ഋണമോചനം വരുത്തിയ ശേഷം സത്രാജിത്തിൻ്റെ അവശേഷിച്ച ധനം അവർക്കല്ലേ കിട്ടേണ്ടത് ? ഭാര്യ, പെൺമക്കൾ, അമ്മ, അച്ഛൻ, സഹോദരന്മാർ, എന്നീ മുൻഗണനാക്രമത്തിലാണ് സമ്പത്ത് നൽകേണ്ടത് എന്നാണ് ശാസ്ത്രവിധി. അനർഹമായ സ്വത്ത് കൈവശം വെക്കുന്നത് ധർമ്മമല്ല.”

അക്രൂരന് കാര്യം മനസ്സിലായി. അദ്ദേഹം ഉടൻ തന്നെ സ്യമന്തകം ശ്രീകൃഷ്ണനെ ഏല്പിച്ചു. എന്നാൽ കൃഷ്ണൻ അത് സ്നേഹപൂർവ്വം നിരസിച്ച് അക്രൂരന് തന്നെ തിരിച്ചു കൊടുത്തു.

അക്രൂരൻ തീർച്ചയായും അത് ഉഗ്രസേനമഹാരാജാവിന് തിരുമുൽക്കാഴ്ച വെച്ചിട്ടുണ്ടാവും എന്ന് തന്നെ നമുക്ക് ഊഹിക്കാം. കരണം ആ രത്നം രാജവിത്തമാണ്. അത് സ്വകാര്യസ്വത്തായി പലരുടെ കയ്യിലിരുന്നപ്പോഴും എന്തെല്ലാം അനർത്ഥങ്ങൾ സംഭവിച്ചു? ചിന്തിക്കുക.
©✍️#SureshbabuVilayil

1+

Leave a Reply

Your email address will not be published. Required fields are marked *