ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 54

സുരേഷ് ബാബു വിളയിൽ

മായയുടെ സ്വരൂപത്തെ കുറിച്ചായിരുന്നു രാജാവിൻ്റെ ചോദ്യം.എന്നാൽ നവയോഗികളിൽ മൂന്നാമനായ അന്തരീക്ഷൻ സൃഷ്ടി വിവരിച്ചു കൊണ്ടാണ് ഉത്തരം പറയാൻ തുടങ്ങിയത്.

ഏഭിർഭൂതാനി ഭൂതാത്മാ
മഹാഭൂതെെർ മഹാഭുജ
സസർജോച്ചാവചന്യാദ്യ:
സ്വമാത്രാത്മ പ്രസിദ്ധയേ
(11-3-3 )
തൻ്റെ അംശങ്ങൾ തന്നെയായ ജീവാത്മാക്കളുടെ ഉപഭോഗത്തിനും ആത്മസാക്ഷാൽക്കാരത്തിനും വേണ്ടി ആദികാരണമായ പരമാത്മാവ് മഹാപഞ്ചഭൂതങ്ങളെ കൊണ്ട് ദ്വന്ദഭാവങ്ങളുള്ള പ്രപഞ്ചഘടകങ്ങളെ സൃഷ്ടിച്ചു.

ആദികാരണമായ ആ ബ്രഹ്മത്തിൽ വസിക്കുന്ന ശക്തിയാണ് മായ. ആ ശക്തിവിശേഷമെന്തെന്നറിയാനോ നിർവ്വചിക്കാനോ ആർക്കും കഴിയില്ല.

മായ യുക്തിക്ക് വഴങ്ങാത്തതും അനിർവ്വചനീയവുമാണ്.

ഏകവും അദ്വിതീയവുമായ ബ്രഹ്മം സൃഷ്ടികർമ്മം നിർവ്വഹിച്ചത് എന്തിനായിരുന്നു? സ്വന്തം പോരായ്മ നികത്തലാണ് ഓരോ സൃഷ്ടിയുടേയും ഉദ്ദേശം.(Necessity is the mother of creations). അങ്ങനെയെങ്കിൽ പരിപൂർണ്ണവും പോരായ്മ ഇല്ലാത്തതുമായ പരബ്രഹ്മത്തിന് സൃഷ്ടിപ്രക്രിയ നിർവ്വഹിക്കേണ്ട ആവശ്യമുണ്ടോ?

സൃഷ്ടി എന്നതൊരു വിഭ്രമമാണ്. യുക്തിയില്ലാത്ത ആ വിഭ്രമമാണ് മായ. അത് മരുഭൂമിക്കാഴ്ചയിലെ കാനൽ ജലമാണ്. ആ കാഴ്ച ഇല്ലാത്തതല്ല. അല്ലാത്തതാണ്. യാത്രക്കാരനെ ദാഹജലമെന്ന് ഭ്രമിപ്പിക്കാൻ അതിന് കഴിയുന്നു.

അതൊരു വിഭ്രമം മാത്രമാണ്. സൃഷ്ടിസ്ഥിതിലയങ്ങളും അങ്ങനെ തന്നെ.

അങ്ങനെയെങ്കിൽ നമുക്ക് ചുറ്റും ഉള്ള സൃഷ്ടിയോ സംഹാരങ്ങളോ ഇല്ലെന്ന് പറയാൻ കഴിയുമോ? ഒരിക്കലുമില്ല. പ്രകൃതിയിലെ ഭാവപരിണാമങ്ങൾ മാത്രമാണവ. നിത്യപരിണാമമാണ് പ്രകൃതിയുടെ സ്വഭാവം.

പ്രപഞ്ചത്തെ കുറിച്ചുള്ള ആധുനികശാസ്ത്രത്തിൻ്റെ നിലപാടും ഏറെക്കുറെ ഇതൊക്കെ തന്നെയാണ്.

ശാസ്ത്രജ്ഞൻ അതിനെ കുറിച്ചു പറയുമ്പോൾ സാങ്കേതികമായ സംജ്ഞകൾ മാറുമെന്ന വ്യത്യാസം മാത്രം. (Heisenberg principle, Exact position and exact velocity togother infact have no meaning in nature).

പ്രപഞ്ചസൃഷ്ടിക്കു പിന്നിൽ തന്നെ യുക്തിയില്ലെന്ന് പറയുമ്പോൾ പ്രപഞ്ചഘടകങ്ങൾ കൊണ്ടുള്ള സൃഷ്ടിക്കും കൃത്യമായ യുക്തിയില്ല.

എന്ത് കൊണ്ട് എന്ന ചോദ്യങ്ങൾക്ക് ഉത്തരമില്ല. ആധുനികശാസ്ത്രം പലതിനും മറുപടി പറയുന്നത് എങ്ങനെ എന്നതിനാണ്.

What എന്ന് ചോദിച്ചാൽ How എന്നതിനാണ് ഉത്തരമെന്നറിയാത്ത ബുദ്ധിശാലികളായ പല കുട്ടികളും ശാസ്ത്രവിഷയങ്ങളിൽ തോറ്റു പോവാറുണ്ട്. (ഇപ്പറഞ്ഞതിൽ സംശയമുള്ളവർ ശാസ്ത്രസാഹിത്യപരിഷത്ത് പ്രസിദ്ധീകരിച്ച “എന്ത് കൊണ്ട്, എന്ത് കൊണ്ട് “എന്ന പുസ്തകം നോക്കൂ. സംഗതി തിരിയും)

ജീവന്മാരുടെ ആവിർഭാവത്തിനും ഭോഗത്തിന്നും അനുഭവത്തിനും വേണ്ടി പിന്നെയെന്തിനാണ് ബ്രഹ്മം ദ്വന്ദങ്ങളെ സൃഷ്ടിച്ചത്?

തത്വചിന്തകരുടെ ഈ കുരുക്കിൽ നിന്നും നമ്മളെങ്ങനെ പുറത്ത് കടക്കും?

മായയെന്ന ശക്തിവിശേഷം പരബ്രഹ്മത്തിൻ്റെ സ്വഭാവമെന്ന് കരുതുന്നതാണ് ബുദ്ധി. അപ്പോൾ മാത്രമേ ആദികാരണമായ ബ്രഹ്മത്തിൻ്റെ സൃഷ്ടിസ്ഥിതിലയം എന്ന വിഭ്രാന്തി യുക്തിഭദ്രമാകൂ. സുഖാനുഭവങ്ങൾ വരുമ്പോൾ ഇത് ഞാൻ തന്നെ എന്ന് ഭ്രമിച്ച് അതിൽ സംഗമുള്ളവരായി നമ്മൾ മാറുന്നു. പിന്നെ ആ സുഖങ്ങളെ തേടുന്നു. സുഖദുഖസമ്മിശ്രമായ കർമ്മങ്ങൾ അനുഭവിച്ച് സംസാരചക്രത്തിൽ കറങ്ങുന്നു.പലതരം ജീവന്മാരായി ജനിച്ചും മരിച്ചും മഹാപ്രളയം വരെ ഇതിങ്ങനെ തുടരുന്നു.

സൃഷ്ടിയും, സ്ഥിതിയും, സംഹാരവും ഉണ്ടാക്കുന്ന മായ ഇതാണ്. സത്വം, രജസ്സ്, തമസ്സ്, എന്നീ മൂന്ന് തരം ഗുണങ്ങൾ മായയ്ക്കുണ്ട്. ഇവ ഏറ്റക്കുറച്ചിലുകളോടെ എല്ലാ ജീവന്മാരിലുമുണ്ട്.

ശക്തിശാലിനിയായ മായയെ തരണം ചെയ്യാൻ മനസ്സുറപ്പുള്ള ധീരന്മാർക്കേ കഴിയൂ.എളുപ്പത്തിൽ മായയെ മറികടക്കാൻ എന്താണ് വഴിയെന്ന് രാജാവ് ചോദിച്ചു.
അതിന് ഉത്തരം പറഞ്ഞത് നവയോഗികളിൽ നാലാമനായ പ്രബുദ്ധനാണ്.

പ്രബുദ്ധൻ പറഞ്ഞു.

സുഖം വേണം, ദുഖം വേണ്ട എന്ന് ചിന്തിച്ച് എല്ലാ മനുഷ്യരും രാപ്പകൽ ആത്മാർത്ഥമായി പ്രയത്നിച്ചിട്ടും ആത്യന്തികമായി ദു:ഖമാണ് കിട്ടിയത്.

സുഖം മോഹിച്ച് ദു:ഖം നേടുന്ന ഈ വിപരീതയുക്തി ശരിയാണോ? (സ്വന്തം നെഞ്ചിൽ കൈവെച്ച് എല്ലാവരും സ്വയം ഉത്തരം തേടുക).

ലോകാരംഭം മുതൽ മാറ്റമില്ലാതെ തുടരുന്ന ഈ പച്ചപ്പരമാർത്ഥം നോക്കി കാണണമെന്ന് പ്രബുദ്ധൻ പറയുന്നു.

സമ്പത്തിനും, കീർത്തിക്കും അധികാരത്തിനും, സുഖത്തിനും പിന്നാലെ പോയവർക്ക് അതെല്ലാം കിട്ടിയാലും അവ നിലനിർത്താൻ കഴിയാത്ത ദുഃഖം. അതിനുള്ള മാർഗ്ഗം തെളിഞ്ഞ് വന്നാലും ജരാനരകൾ ബാധിച്ച് മരണത്തിന് കീഴടങ്ങാൻ നേരമായി.തങ്ങൾ കഷ്ടപ്പെട്ട് നേടിയതുപേക്ഷിക്കാൻ കഴിയാത്ത മന:പ്രയാസം.

താമരയിലയിലെ വെള്ളത്തുള്ളി സൂര്യനെ പ്രതിബിംബിക്കും. സ്വയം സൂര്യനെന്നു ഞെളിയും. അല്പം കഴിഞ്ഞാലത് വറ്റിപോകും. അതു പോലെ ക്ഷണികമാണ് ജീവിതം.
ദുരഭിമാനങ്ങളും രോഗപീഢകളും കൊണ്ട് ജീവിതം ശോകഗ്രസ്തം. ഒടുക്കം ഒരു ശ്വാസം.പിന്നെ മരണം.

ഇരുളടഞ്ഞ ഈ ജീവിതത്തെ ഇങ്ങനെ നോക്കിക്കാണാൻ കഴിയാത്തവന്

മായയെ തരണം ചെയ്യാനും ബുദ്ധിമുട്ടാണ്.

അന്ത്യശ്വാസത്തിന് വേണ്ടി പിടയുമ്പോൾ താനുണ്ടാക്കിയ സൗഹൃദങ്ങൾ, അധികാരം, സമ്പത്ത്,ഭൃത്യന്മാർ, ഭാര്യ, മക്കൾ, ഇവർക്കൊന്നും ശാന്തി തരാൻ കഴിയില്ല.

സ്വന്തം ജീവിതകാലത്ത് തന്നെ ഇതെല്ലാം നഷ്ടപ്പെടുന്നവർ വേറെയും ഉണ്ട്. മാളികമുകളിൽ കഴിഞ്ഞവൻ തെരുവിലെത്തിയതും അവിടെ നിന്നൊരാൾ സമൃദ്ധിയുടെ ഏഴാം മാളികയിലെത്തുന്നതും മായയല്ലാതെ മറ്റെന്താണ്?

അതു കൊണ്ട് ഇതെല്ലാം കണ്ട് സുഖത്തിലുള്ള അമിതാസക്തി കൈവിടണം.വൈരാഗ്യം എന്നാണ് ഈ അവസ്ഥയ്ക്ക് പേര്.

മായയെ തരണം ചെയ്യാൻ നല്ലൊരു ഗുരുവിനെ ആശ്രയിക്കുക മാത്രമാണ് പോംവഴി.

എങ്ങനെയുള്ള ഗുരു?

ജഗത്തിൻ്റെ പരമകാരണമായ ബ്രഹ്മതത്ത്വത്തെ നല്ലപോലെ കണ്ടറിഞ്ഞനുഭവിക്കുന്ന സദ്ഗുരു.

അങ്ങനെയൊരാളെ കണ്ടെത്താൻ എല്ലാവർക്കും കഴിഞ്ഞെന്ന് വരില്ല.

അപ്പോൾ ഉപനിഷത്തുകളിലും ഗീത പോലുള്ള ശാസ്ത്രഗ്രന്ഥങ്ങളിലും വെളിപ്പെടുത്തിയ അറിവിനെ വായിച്ച് മനനം ചെയ്യുക.

ശിഷ്യൻ പാകമാകുമ്പോൾ സദ്ഗുരു അവനെ തേടിയെത്തും. തീർച്ച.

ഭഗവാനെ ആശ്രയിച്ചാൽ മായയെ തരണം ചെയ്യാം. ഉത്തമഭക്തന് വേണ്ട ഭാഗവതധർമ്മങ്ങൾ ഏതൊക്കെയെന്ന് തുടർന്ന് പറയുന്നു.
ഒരു ഭക്തന് സഹജീവികളിൽ ദയ, മിത്രഭാവം, വിനയം, എന്നിവ ഉണ്ടായിരിക്കണം.

ശുചിത്വം ഏകാഗ്രത, ദു:ഖസഹനം, മൗനം,ശാസ്ത്രപഠനം, സമദർശനം സുഖദു:ഖാദിദ്വന്ദങ്ങളുടെ സമവീക്ഷണം. ഭേദബുദ്ധിയില്ലായ്മ, എന്നിവ വേണം. ഒരു സ്ഥലത്ത് കുറേ കാലം സ്ഥിരമായി വസിക്കുന്നത് ഉത്തമഭക്തൻ കഴിയുന്നതും ഒഴിവാക്കണം.

എല്ലാറ്റിലും ഭഗവാനെ കാണുകയും ഭർത്താവ്, ഭാര്യ, മക്കൾ, കുടുംബം സൗഹൃദം, എന്നിവയെല്ലാം ഭഗവാൻ തന്ന സമ്മാനമെന്ന് കരുതുകയും വേണം.

ലളിതമായ വസ്ത്രധാരണവും കിട്ടുന്നതിൽ സംതൃപ്തിയും ഉത്തമഭക്തൻ്റെ ധർമ്മങ്ങളാണ്.

ഭഗവൽകഥകൾ കേൾക്കുമ്പോഴും പറയുമ്പോഴും ഗദ്ഗദം വരിക, ചിലപ്പോൾ വെറുതെ കരയുകയും ചിരിക്കുകയും ചെയ്യുക, ചിലപ്പോൾ ഉച്ചത്തിൽ പാടാനും നൃത്തം ചെയ്യാനും തോന്നുക. ഭഗവാനായി അഭിനയിക്കാൻ തോന്നുക എന്നതെല്ലാം ഉത്തമഭക്തൻ്റെ ലക്ഷണങ്ങളാണ്.

രാജാവേ, ഈ ഭാഗവതധർമ്മങ്ങൾ നിത്യേന ഭക്തിപൂർവ്വം ആചരിച്ച് നാരായണപാരായണനാകുമ്പോൾ മായയെ തരണം ചെയ്യാം.

അപ്പോൾ നിമി ചോദിച്ചു.

നാരായണൻ ജഗത്തിൻ്റെ ആദികാരണനല്ലേ?

ആ നാരായണ സ്വരൂപത്തെക്കുറിച്ച് കേൾക്കാൻ ആഗ്രഹമുണ്ട്.

നവയോഗികളിൽ നാലാമനായ പിപ്പലായനാണ് അതിനെ കുറിച്ച് പാഞ്ഞത്. അത് നാളെ .
ഹരേ കൃഷ്ണാ.
✍️#SureshbabuVilayil

2+

Leave a Reply

Your email address will not be published. Required fields are marked *