ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 21

സുരേഷ് ബാബു വിളയിൽ

യാഗം ചെയ്യുന്നതിൽ ഭ്രമമുള്ള ആളായിരുന്നു ബർഹിഷത്ത്. ഒരു യാഗം കഴിഞ്ഞാൽ പിറ്റേ ദിവസം മറ്റൊരു യാഗം തുടങ്ങും. ഭൂമി മുഴുവൻ പൊതിയാൻ മാത്രം ദർഭപ്പുല്ല് യാഗങ്ങൾക്ക് വിരിച്ചത് കൊണ്ട് അദ്ദേഹത്ത പ്രാചീനബർഹിസ് എന്ന് വിളിച്ചു.

കർമ്മകാണ്ഡയജ്ഞങ്ങളിൽ പെട്ടുഴലുന്ന ചക്രവർത്തിയെ കണ്ട് നാരദർക്ക് അനുകമ്പ തോന്നി. അദ്ദേഹത്തിന് അധ്യാത്മതത്ത്വം ഉപദേശിക്കാമെന്ന് നാരദർ കരുതി.
നാരദർ ചോദിച്ചു.

” എല്ലാ യാഗങ്ങളുടെയും ലക്ഷ്യം സുഖപ്രാപ്തിയാണ്. യാഗപുണ്യം ക്ഷയിച്ചാൽ സുഖം പോവും. ദു:ഖം തിരിച്ചുവരും. എന്നാൽ ദുഖത്തെ ശാശ്വതമായി ഇല്ലാതാക്കിയാൽ ആനന്ദത്തോടെ ഇരിക്കാം. അങ്ങയെ പോലുള്ള ബുദ്ധിമാന്മാർ അതല്ലേ ചെയ്യേണ്ടത്? ”

“മഹർഷേ,അങ്ങ് പറഞ്ഞത് ശരിയാണ്. ശീലങ്ങൾ മാറ്റാൻ എനിക്കാവുന്നില്ല. അങ്ങെനിക്ക് ജ്ഞാനോപദേശം തന്നാലും ” .

ഇരുമ്പ് പോലെ കൂർത്ത് മൂർത്ത കൊമ്പുള്ള ഒരു വിചിത്രമൃഗത്തിന്റെ വിസ്മയക്കാഴ്ചയിലേക്ക് നാരദൻ പ്രാചീനബർഹിസിനെ നയിച്ചു.

” ഹേ,രാജാവേ,എത്രയെത്ര സാധു മൃഗങ്ങളെയാണങ്ങ് യാഗങ്ങളിൽ ബലി കൊടുത്തത്? അവയെല്ലാം ചേർന്ന് ഇപ്പോളിതാ ഒറ്റജന്തുവായി ജനിച്ചിട്ടുണ്ട്. നോക്കൂ. മരിച്ച് പരലോകത്ത് ചെന്നാൽ കൂർത്ത കൊമ്പു കൊണ്ട് അങ്ങയെ കീറി മുറിക്കാൻ ആ മൃഗം ചുര മാന്തി കാത്തിരിപ്പാണ്.”

ഭയചകിതനായ പ്രാചീനബർഹിസ് ചോദിച്ചു.

” പരലോകത്തെ കഠോരമായ ആ ശിക്ഷയോർത്ത് ഞാനാകെ ഭയാക്രാന്തനാണ്. അതിൽ നിന്ന് രക്ഷപ്പെടാൻ ഞാനെന്താണ് ചെയ്യേണ്ടത്?”

നാരദർ ജീവൻ്റെ ക്ലേശകരമായ സംസാരയാത്ര പ്രതീകാത്മകമായി ചിത്രീകരിക്കുന്ന പുരഞ്ജനന്റെ കഥ പ്രാചീനബർഹിസ്സിന് പറഞ്ഞു കൊടുത്തു.

മനോഹരമായ ആ അന്യോപദേശ കഥ (അലിഗറി) കേട്ട് ജ്ഞാനം സിദ്ധിച്ച് പ്രജ്ഞാപരാധമില്ലാത്ത കർമ്മം ചെയ്ത് പ്രാചീനബർഹിസ് ജ്ഞാനയോഗത്താൽ മോക്ഷം പ്രാപിച്ചു .

നമുക്കും ആ കഥ കേട്ടാലോ?

പുരഞ്ജനൻ എന്ന രാജാവിന് അവിജ്ഞാതൻ എന്ന് പേരായ ഒരു കൂട്ടുകാരനുണ്ട്. കൂട്ടുകാരനെ കാണാതെ വിഷമിച്ച് കഴിഞ്ഞ രാജാവ് പല സ്ഥലത്തും അയാളെ അന്വേഷിച്ചു. എവിടെയും കണ്ടില്ല. ആരും അയാളുടെ പേര് പോലും കേട്ടിട്ടില്ല.

സ്വസ്ഥമായ ഒരു വാസസ്ഥലം കിട്ടിയാൽ കൊള്ളാമെന്ന് രാജാവ് ചിന്തിച്ചു. ലോകം മുഴുവനും സഞ്ചരിച്ചിട്ടും നിരാശ മാത്രം ഫലം.

ഒരിക്കൽ ഹിമായത്തിൻ്റെ തെക്കെ താഴ്വരയിൽ കൂടി നടക്കുമ്പോൾ ഒമ്പത് ഗോപുരദ്വാരങ്ങളുള്ള മനോഹരമായ ഒരു പട്ടണം രാജാവ് കണ്ടു. അതിലെ കൊട്ടാരക്കെട്ടിലെ പൂന്തോപ്പിലൂടെ സുന്ദരിയായ ഒരു യുവതി അലസമായി ഉലാത്തുന്നത് കണ്ടു.

അവൾക്ക് പരിചാരകരായി പത്ത് പേർ എപ്പോഴും കൂടെയുണ്ട്. അഞ്ച് തലയുള്ള ഒരു സർപ്പം അവളെ രക്ഷിച്ച് കൊണ്ട് സമീപത്ത് തന്നെ നില്പുണ്ട്.

അവളെ അംഗോപാംഗം ദർശിച്ച് രാജാവ് പ്രണയപരവശനായി. ആ യുവതി ആരെന്നറിയാൻ രാജാവിന് ആകാംക്ഷയായി.

രാജാവിനെ സലജ്ജം കടാക്ഷിച്ചു കൊണ്ട് അവൾ പറഞ്ഞു.

“ഹേ വീരാ..എന്റെ അച്ഛനമ്മമാർ ആരെന്നോ ഗോത്രമേതെന്നോ എനിക്കറിയില്ല. ഞാനിവിടെയാണ്‌ എന്നുമാത്രം അറിയാം. എൻ്റെ പേര് പുരഞ്ജനി എന്നാണ്. ഈ പട്ടണം ആരു നിര്‍മ്മിച്ചു എന്നും അറിയില്ല. ഇവരെല്ലാം എന്റെ കൂട്ടുകാരും പരിചാരകരും ആണ്‌. അഞ്ചുതലയുളള പഞ്ചാനൻ എന്നു പേരായ ഈ സര്‍പ്പം പട്ടണത്തിന് കാവലായി എപ്പോഴും ജാഗ്രത പൂണ്ടിരിക്കുന്നു.

നൂറ് വർഷങ്ങൾ അങ്ങേക്ക് ഇവിടെ സുഖമായി വസിക്കാം. ഇവിടത്തെ സുഖഭോഗങ്ങൾ അനുഭവിക്കാം. വരൂ…അങ്ങേക്ക് സ്വാഗതം.”

രാജാവ് വിസ്മയാധീനനായി. പുരഞ്ജനിയെ കണ്ടതോടെ കാണാൻ മോഹിച്ച കൂട്ടുകാരനെ പുരഞ്ജനൻ മറന്നു. പുരഞ്ജനിയെ വിവാഹം കഴിച്ച് സുഖഭോഗങ്ങൾ അനുഭവിച്ച് അയാൾ അവിടെ തന്നെ കഴിഞ്ഞു കൂടി.

പുരഞ്ജനൻ തന്നേക്കാളും ഭാര്യയെ സ്നേഹിച്ചു. വിഭ്രാന്തമായ ഒരു മോഹവലയത്തിന് അടിമപ്പെട്ടു. പുരഞ്ജനി ചെയ്യുന്നതെല്ലാം അയാൾ അനുകരിച്ചു. അവൾ പറയുന്നതെല്ലാം അനുസരിച്ചു. പാട്ടു
പാടാൻ പറഞ്ഞാൽ പാടി. നൃത്തമാടാൻ പറഞ്ഞാൽ ആടി.

ഒരു നാൾ കാട്ടിൽ നായാട്ടിന് പോയി ക്ഷീണിതനായി തിരിച്ചെത്തിയ രാജാവ് അന്ത:പുരത്തിൽ ഭാര്യയെ കാണാതെ പരിഭ്രമിച്ചു.

പരിചാരകരോട് ചോദിച്ചപ്പോൾ

താൻ പോയ വിരഹത്തിൽ കണ്ണീർ വാർത്ത് ഭാര്യ വെറും നിലത്ത് കിടക്കുകയാണെന്നറിഞ്ഞു. രാജാവ് അവളെ വാരി പുണർന്നു. ഇനിയൊരു നിമിഷം പോലും ഭാര്യയെ പിരിഞ്ഞിരിക്കില്ലെന്ന് ശപഥം ചെയ്തു. നായാട്ടിന് പോലും കൂടെ കൂട്ടാം എന്ന് പറഞ്ഞത് കേട്ടപ്പോൾ അവൾ ചിരിച്ചു.

പ്രണയകലഹങ്ങളുടെ അവസാനം പൂർവ്വാധികം ആഹ്ളാദം പങ്കിട്ട് അവർ നാളുകൾ കഴിച്ചു. അവർക്ക് മക്കളും പേരക്കുട്ടികളും ജനിച്ചു.

അതിനിടെ ചണ്ഡവേഗൻ എന്ന ഗന്ധർവ്വരാജാവ് 360 പേരുള്ള സൈന്യവുമായി എത്തി. അവരോട് യുദ്ധത്തിൽ പരാജയമടയാതെ കുറച്ചു കാലം പിടിച്ചു നിന്നു.

ദുർഭഗ എന്ന് പേരായി കാലനൊരു മകളുണ്ട്. വിരൂപയായ അവളെ ആരും വിവാഹം ചെയ്തില്ല.വരനെ തേടി അവൾ മൂന്ന് ലോകങ്ങളിലും സഞ്ചരിച്ചു. ആരേയും കിട്ടിയില്ല. കാണുന്നവരുടെ കഴുത്തിൽ വരണമാല്യം ചാർത്താൻ അവൾ നിശ്ചയിച്ചു.

അതിനിടയിൽ നാരദരോടും സ്വന്തം അഭീഷ്ടം വെളിപ്പെടുത്തിയിരുന്നു. നാരദരും വഴങ്ങാത്തപ്പോൾ എവിടെയും ഇരിപ്പുറക്കാതിരിക്കട്ടെ എന്നൊരു ശാപം കൊടുത്തു.
നാരദർക്ക് അത് ഭാഗ്യമായാണ് തോന്നിയത്. എല്ലാ ലോകങ്ങളിലും ഈശ്വരമഹിമയും വാഴ്ത്തി പാടി നടക്കാമല്ലോ?

മഹർഷി അവളോട് ഭയം എന്ന യവനരാജാവിനെ കാണാൻ പറഞ്ഞു. യവനൻ കാലകന്യകയെ സഹോദരിയായി സ്വീകരിച്ചു. അവർ രണ്ടു പേരും കൂടി പുരഞ്ജനൻ്റെ കോട്ടയിലെത്തി.
കാലകന്യക പുരഞ്ജനൻ്റെ ഗളത്തിൽ വരണമാല്യം ചാർത്തി. കാലകന്യാസ്പർശമേറ്റതോടെ പുരഞ്ജനൻ്റെ ശോഭ നാൾക്കുനാൾ കുറഞ്ഞു വന്നു.

ഗന്ധർവ്വസൈന്യങ്ങൾ ആക്രമണം കടുപ്പിച്ചു. അഞ്ചു തലയുള്ള സർപ്പം ക്ഷീണിതനായി. അതിന് പഴയ പ്രസരിപ്പും ഊർജസ്വലതയും നഷ്ടപ്പെട്ടു തുടങ്ങി
യവനന്മാരും വന്നതോടെ രാജധാനി പൊളിഞ്ഞു വീണു. ഭാര്യയും, പുത്രന്മാരും പൗത്രന്മാരും, ഭൃത്യന്മാരും വിരോധികളായി മാറി. അവശേഷിച്ച സമ്പത്തെല്ലാം ബന്ധുക്കൾ പങ്കുവെച്ചു. രാജാവ് വിഷണ്ണനായി.

സർപ്പം പലവട്ടം ആ പട്ടണം വിട്ട് പോയാലോ എന്ന് ശങ്കിച്ചു. അതിൻ്റെ ബലം ദിനംപ്രതി ക്ഷയിച്ചു വന്നു.

യവനൻ്റെ ആക്രമണം രൂക്ഷമായി. വാസസ്ഥലത്തേക്കുള്ള എല്ലാ വഴികളും സൈന്യം ബന്ധിച്ചു. അഞ്ചുതലയുള്ള സർപ്പം പട്ടണം വിട്ട് പോകാൻ നിശ്ചയിച്ചു. തൻ്റെ അന്ത്യം അടുത്തെന്ന് പുരഞ്ജനന് മനസ്സിലായി.

അയാൾ വിചാരിച്ചു.
“ഞാൻ മരിച്ച് പരലോകത്തേക്ക് പോയാൽ എൻ്റെ ഭാര്യ എങ്ങനെ ജീവിക്കും? അവൾക്കെന്തൊരു പ്രേമമായിരുന്നു? എനിക്ക് ഭക്ഷണം തരാതെ അവൾ ഭക്ഷിച്ചിരുന്നില്ല. ഞാൻ ദേഷ്യപ്പെടുമ്പോൾ അവൾ വല്ലാതെ ഭയക്കും.ശകാരിച്ചാൽ ഒന്നും മിണ്ടില്ല. എന്തെങ്കിലും കാര്യത്തിൽ ഓർമ്മപ്പിശക് വന്നാൽ അവളത് ചൂണ്ടിക്കാട്ടും. ഞാൻ പോയാൽ അവളെയാരു നോക്കും? അവൾ പിന്നെ ജീവിച്ചിരിക്കുമോ? എന്നോടൊപ്പംമരിക്കുമോ?”

ഇങ്ങനെ ഓരോന്നോർത്ത് ദു:ഖിച്ച പുരഞ്ജനനെ പിടിക്കാൻ കാലനും എത്തി.

ആരെ തേടിയാണോ പുരഞ്ജനൻ വന്നത് ആ കൂട്ടുകാരനെ അപ്പോഴും ഓർമ്മ വന്നില്ല. യമദൂതന്മാർ വന്ന് ജീവനെടുത്ത് പോയപ്പോൾ പുരഞ്ജനൻ്റെ മനസ്സിൽ പുരഞ്ജനി മാത്രമായിരുന്നു.

അന്ത്യനിമിഷത്തിലെ സ്മൃതികൾ പുനർജന്മത്തെ നിർണ്ണയിക്കുന്നു. ഈശ്വരസ്മൃതിയോടെ മരിച്ചാൽ ജനനമരണചക്രത്തിൽ നിന്ന് മുക്തനായി ഈശ്വരഭാവത്തെ പ്രാപിക്കാം.

സ്ത്രീരൂപം മനസ്സിൽ കണ്ട് മരിച്ചത് കൊണ്ട് പുരഞ്ജനൻ്റെ പുനർജന്മം സ്ത്രീജന്മമായി. വിദർഭ രാജാവിൻ്റെ മകൾ വൈദർഭിയായി അയാൾ പുനർജനിച്ചു.
പുരഞ്ജനൻ്റെ കഥ ഇവിടേയും തീരുന്നില്ല. കഥയുടെ ബാക്കി ഭാഗവും തത്ത്വനിരൂപണവും നാളെ.
(ചിത്രംകടപ്പാട് Google)
©@#SureshbabuVilayil.

1+

Leave a Reply

Your email address will not be published. Required fields are marked *