ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 30

സുരേഷ് ബാബു വിളയിൽ

മരണാസന്നനായ പരീക്ഷിത്ത് രാജാവാണ് ഭാഗവതശ്രോതാവ്. അതിനാൽ മരണത്തിൻ്റെ വൈവിധ്യമാർന്ന പരിപ്രേക്ഷ്യങ്ങൾ ശ്രീശുകബ്രഹ്മർഷിയുടെ കഥനങ്ങളിൽ ഇടം പിടിക്കുന്നത് സ്വാഭാവികം മാത്രം.

ബ്രഹ്മാവിൻ്റെ വരപ്രസാദത്താൽ മരണത്തെ പ്രതിരോധിച്ച് അമരത്വം നേടാം എന്ന് കരുതിയ ഹിരണ്യകശിപുവിന് അതിന് സാധിച്ചില്ല. മകൻ പ്രഹ്ലാദന് അമരത്വം നേടാൻ കഴിയുകയും ചെയ്തു. അതെങ്ങനെയെന്ന് നോക്കാം.

സത്യം വിധാതും നിജഭൃത്യഭാഷിതം വ്യാപ്തിം ച ഭൂതേഷ്വഖിലേഷു ചാത്മന:
അദൃശ്യതാത്യദ്ഭുതരൂപമുദ്വഹൻ
സ്തംഭേ സഭായാം നമൃഗം ന മാനുഷം.
(7-8-18)
ഭക്തൻ്റെ ഇംഗിതം സത്യമാക്കാൻ സ്തംഭം പിളർന്ന് മനുഷ്യനും മുഗവുമല്ലാത്ത നരസിംഹം സഭയിൽ പ്രത്യക്ഷപ്പെട്ടു. മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ഭഗവാനിരിക്കുന്നു എന്ന സത്യവും ഇത് കൊണ്ട് ബോദ്ധ്യപ്പെട്ടു. ബ്രഹ്മാവ് കൊടുത്ത വരങ്ങളുടെ സാധുത നഷ്ടപ്പെടുത്താതെ ഹിരണ്യകശിപുവിനെ വധിക്കുക എന്ന ദൗത്യവും ഈ രൂപത്തിലൂടെ നിർവ്വഹിച്ചു.

ഭഗവാനെ ബ്രഹ്മാവ് സൃഷ്ടിച്ചതല്ല. ഭഗവാൻ ദേവനല്ല. അസുരനല്ല. മനുഷ്യനല്ല. മുഗമല്ല. ഒരാളുടെ മടിത്തട്ട് ഭൂമിയല്ല. ആകാശവുമല്ല. ഉമ്മറവാതിലും പടിയും അകത്തല്ല. പുറത്തും അല്ല. നഖദംഷ്ട്രങ്ങൾ ആയുധമല്ല. രാത്രിയും പകലുമല്ലാത്ത നേരം തൃസന്ധ്യയാണ്.

തൃസന്ധ്യാനേരത്ത് ഉമ്മറപ്പടിയിൽ ഇരുന്ന് സ്വന്തം മടിത്തട്ടിൽ കിടത്തി നഖദംഷ്ട്രങ്ങൾ കൊണ്ട് മാർവ്വിടം പിളർത്തിയാണ് നരസിംഹമൂർത്തി ഹിരണ്യകശിപുവിനെ കൊന്നത്.

ദേവന്മാരും ഋഷിമാരും ബ്രഹ്മാവും ഭഗവാനെ സ്തുതിച്ചു. ഭീഷണരൂപം പൂണ്ട ഭഗവാൻ്റെ ക്രോധം കണ്ട് അടുത്തേക്ക് വരാൻ മഹാലക്ഷ്മി പോലും ധൈര്യപ്പെട്ടില്ല.

എന്നാൽ ഉണ്ണിപ്രഹ്ളാദൻ മാത്രം ഭയലേശമില്ലാതെ, ഭക്തിപാരവശ്യം കൊണ്ട് ബാഷ്പാകുലമായ കണ്ണുകളോടെ ഭഗവത്സന്നിധിയിൽ ചെന്നു. കൈകൾ കൂപ്പി ഭഗവാനെ സാഷ്ടാംഗം പ്രണമിച്ചു.സ്തുതിച്ചു.

“ഭഗവാനേ, സ്വർഗ്ഗവാസികളുടെ ആയുസ്സും, ഐശ്വര്യവും, സമ്പത്തും സമൃദ്ധിയും എത്ര തുച്ഛമെന്ന് ഞാൻ മനസ്സിലാക്കി. എൻ്റെ പിതാവ് കോപിച്ച് പുരികമൊന്ന് ചുളിച്ചാൽ ക്ഷണനേരം കൊണ്ട് അവയെല്ലാം അദ്ദേഹത്തിൻ്റെ കാല്ച്ചുവട്ടിൽ എത്തിയിരുന്നു. യജ്ഞം കൊണ്ടവർ നേടിയ സ്വർഗ്ഗമല്ലേ അങ്ങനെയെത്തിയത്? അപ്പോൾ സ്വർഗ്ഗസുഖങ്ങൾക്ക് എന്ത് വിലയും ഈടുമാണുള്ളത്? അവയുടെ ആയുസ്സ് എത്ര പരിമിതമാണ്?

ഇതാ നിമിഷനേരം കൊണ്ട് അച്ഛൻ്റെ പുരികച്ചുളിവിൻ്റെ അധികാരപ്രമത്തത അങ്ങയുടെ കൈകളാൽ ഇല്ലാതായി.
എന്ത് പറയാൻ? ബ്രഹ്മദേവൻ കൊടുത്ത മരിക്കാതിരിക്കാനുള്ള വരങ്ങൾ വിഫലമായി.

സർവ്വലോകങ്ങളും, ബ്രഹ്മാവ് തന്നെയും, അങ്ങേക്ക് അധീനമെന്ന് ഞാനറിഞ്ഞു. ആദിപുരുഷനും ആദികാരണവും അങ്ങാണെന്ന് ഞാനറിഞ്ഞു. അങ്ങയുടെ സാമീപ്യം എന്നെ ഭ്രമിപ്പിക്കുന്നു. അങ്ങ് സദാ എന്നിൽ സാന്നിദ്ധ്യം ചെയ്യണേ ഭഗവാനേ …

ഭക്തിനിർഭരമായ പ്രഹ്ളാദസ്തുതി കേട്ട് നരസിംഹം പ്രസന്നനായി. എന്ത് വരം വേണമെങ്കിലും നൽകാൻ തയ്യാറായി. എന്നാൽ ഏകാന്തഭക്തിയല്ലാതെ മറ്റൊന്നും വേണ്ടെന്ന് പ്രഹ്ളാദൻ പറഞ്ഞു.
“ഭഗവാനേ, ഒരപേക്ഷയുണ്ട്. ജനനം കൊണ്ട് ഞാൻ അസുരനാണ്. അത് കൊണ്ട് ഭൗതികകാമങ്ങൾ തന്ന് എന്നെ പ്രലോഭിപ്പിക്കരുതേ.. അവയൊന്നും എനിക്ക് വേണ്ട. അങ്ങയിൽ നിന്നും കാമങ്ങൾ ആഗ്രഹിക്കുന്നവർ രത്നക്കടയിൽ ചെന്ന് മൺചട്ടി ചോദിക്കുന്നവരെ പോലെയാണ്. വെറും കച്ചവടക്കാരാണവർ.

ഭക്തനും ഭഗവാനും തമ്മിലുള്ള ബന്ധം കച്ചവടമല്ല എന്ന തത്വമാണ് ഇവിടെ വ്യക്തമാക്കുന്നത്. ഇത്ര കാലം പൂജിച്ചിട്ടും ഭഗവാൻ ഒന്നും തന്നില്ല. എനിക്കതു തന്നാൽ ഞാൻ കൊടിമരം സ്വർണ്ണം കെട്ടിക്കാം.എന്നിട്ടും അത് തന്നില്ല എന്ന തരത്തിൽ പ്രാർത്ഥിക്കുന്നവർ നമ്മുടെ ഇടയിലുണ്ട്. അവർ ഭക്തന്മാരല്ല. അവരിൽ നിറഞ്ഞ് നില്ക്കുന്നത് കച്ചവടതാല്പര്യം മാത്രമാണ്.

ഭാഗവതം മുഴുവൻ തിരഞ്ഞാലും ഇത്തരം യാചനാഭക്തിക്കാരെ കാണാൻ കിട്ടില്ല. ഒരുതരം കാമ്യപ്രാർത്ഥനയും ഭാഗവതത്തിലില്ല. ഉള്ളതെല്ലാം അർത്ഥഗാംഭീര്യം സ്ഫുരിക്കുന്ന സ്തുതികൾ. കാര്യസാധ്യത്തിന് വേണ്ടി ഭഗവാനോട് യാചിക്കുന്ന ഒരാളെ ഭക്തൻ എന്ന് ഭാഗവതം കരുതുന്നില്ല. കുചേലൻ്റെ ചരിതത്തിലേക്ക് വരുമ്പോൾ ഈ കാഴ്ചപ്പാട് കൂടുതൽ സ്പഷ്ടമാകും.
ഒമ്പത് തരത്തിലുള്ള ഭക്തിയിലും പ്രാർത്ഥന ഉൾപ്പെടുത്തിയിട്ടില്ല. ഭക്തിയെ വാണിജ്യവല്ക്കരിക്കുന്ന എല്ലാ പ്രവണതകളേയും ഭാഗവതം നിരാകരിക്കുന്നുണ്ട്.

പ്രഹ്ളാദൻ തുടർന്നു.’

“ഭഗവാനേ, ഇനി എന്തെങ്കിലും വരം എനിക്ക് തരണമെന്ന് അഥവാ അങ്ങ് ഇച്ഛിക്കുന്നുവെങ്കിൽ ഭൗതികമായ കാമങ്ങൾ എൻ്റെ മനസ്സിൽ കേറാതിരിക്കാനുള്ള വരം തന്ന് അനുഗ്രഹിക്കണേ.”
കാമങ്ങളുടെ പിന്നാലെ പോയാൽ ഭഗവാനെ കിട്ടില്ല. തുടർന്ന് വരുന്ന യയാതിയുടെ കഥയിലൂടെ ഈ ചിന്തയ്ക്ക് ഭാഗവതം പൂർണ്ണത വരുത്തുന്നുണ്ട്.

അഗ്നികുണ്ഠത്തിലെ തീയണക്കാൻ നെയ്യ് കോരിയൊഴിക്കുന്നവൻ്റെ മൗഢ്യം പോലെയാണ് കാമപൂർത്തി നേടാൻ ശ്രമിക്കുന്നത് എന്ന് ആ കഥ നമ്മെ പഠിപ്പിക്കുന്നു.

ഭഗവാൻ്റെ കൃപാകടാക്ഷങ്ങൾ കൊണ്ട് പിതാവിനെ പൂർണ്ണപരിശുദ്ധനാക്കി അനുഗ്രഹം ചൊരിയാൻ പറഞ്ഞ് പ്രഹ്ളാദൻ തൻ്റെ പുത്രധർമ്മവും നിർവ്വഹിച്ചു.
പ്രഹ്ളാദഭക്തിയിൽ പ്രസന്നനായ ഭഗവാൻ തഥാസ്തു എന്ന് പറഞ്ഞ് അന്തർധാനം ചെയ്തു.

അതിന് മുമ്പ് ബ്രഹ്മാവിനെ നോക്കി ഇങ്ങനെ പറഞ്ഞത് നാരദർ കേട്ടു .
നൈവം വരോfസുരാണാം
തേ പ്രദേയ: പത്മസംഭവ!
വര: ക്രൂര നിസർഗ്ഗാണാം
അഹീനാമമൃതം യഥാ.
(7-10-30)
ഹേ,ബ്രഹ്മാവേ,ദേഹസുഖങ്ങളിൽ രമിക്കുന്ന ഹിരണ്യകശിപുവിനെ പോലുള്ള ക്രൂരസ്വഭാവക്കാർക്ക് സർപ്പങ്ങൾക്ക് അമൃതെന്ന പോലെ ഇത്തരം വരങ്ങൾ കൊടുക്കരുതേ.
വെറുതെയല്ല യഥാർത്ഥ ഭക്‌തന്മാർ ബ്രഹ്മാവിനെ പൂജിക്കാറില്ല. അഭീഷ്ടം പ്രാർത്ഥിക്കാറില്ല. ബ്രഹ്മാവിന് ക്ഷേത്രങ്ങളും കുറവ്. ബ്രഹ്മാവിൻ്റെ പേരിൽ മതവും ഇല്ല.

ഭക്തന്മാർ കുശലന്മാരാണ്. സംഭവിച്ചു കഴിഞ്ഞ ജനനപ്രക്രിയയുടെ നാഥനെ സ്തുതിച്ചിട്ടെന്ത് കാര്യം? വർത്തമാനത്തിൽ ജീവിക്കുന്ന ഭക്തനെ കഴിഞ്ഞ കാലം അലട്ടാറില്ല. അതിനൊരു മാറ്റം വരില്ലെന്ന് അവനറിയാം. ബ്രഹ്മാവ് വരച്ച ശിരോലിഖിതങ്ങൾ സ്തുതിയാൽ മാറ്റി വരക്കാൻ കഴിയില്ല.

ജനിച്ചവർക്കെല്ലാം മരണമുണ്ട്. മരണത്തെ ചെറുക്കാനുള്ള ഹിരണ്യകശിപുവിൻ്റെ മോഹങ്ങൾ വിഫലമായി. മരിക്കാതിരിക്കാൻ ഉള്ള പ്രഹ്ളാദൻ്റെ ശ്രമം സഫലമായി.
ജനിക്കാതിരിക്കുകയാണ് മരിക്കാതിരിക്കാനുള്ള ഏക വഴി എന്ന് പ്രഹ്ളാദൻ തിരിച്ചറിഞ്ഞു. അതിന് ജനനമില്ലാതാവണം.

സർവ്വം ബ്രഹ്മമയം എന്ന ദർശനം കൊണ്ട് ജനനമരണചക്രത്തെ അതിജീവിക്കാം. പ്രഹ്ളാദൻ പ്രചരിപ്പിച്ച ആത്മവിദ്യയുടെ ഈ പൊരുൾ ഉൾക്കൊണ്ടാണ് തുഞ്ചത്താചാര്യർ ഭഗവാനെ ഇങ്ങനെ സ്തുതിച്ചത്.

ബഹുജന്മാർജിതകർമ്മമശേഷം
തിരുമുൽക്കാഴ്ച നിനക്കിഹവെച്ചേൻ
ഇനിയൊരു ജന്മമെനിക്കിനി വേണ്ട
പരിപാവനമാം നാരായണജയ.
(ചിത്രം കടപ്പാട് Google)
©✍️#SureshbabuVilayil

1+

Leave a Reply

Your email address will not be published. Required fields are marked *