E Dalam

April 2021


ഇ ദളം April 2021 ലക്കം വായിക്കാൻ താഴെക്കാണുന്ന PDF viewer സ്ക്രോൾ ചെയ്താൽ മതി.
എന്തെങ്കിലും വിഷമം നേരിടുന്ന പക്ഷം mail@pisharodysamajam.com എന്ന മെയിൽ അഡ്ഡ്രസിലേക്ക് ഒരു മെയിൽ അയച്ചാൽ കോപ്പി അയക്കുന്നതാണ്.

ഏപ്രിൽ ലക്കം ഇ-ദളം സ്പോൺസർ ചെയ്തിരിക്കുന്നത് പരേതനായ വിളയിൽ പിഷാരത്ത് രാധാകൃഷ്ണ പിഷാരോടിയുടെ സ്നേഹസ്മരണയിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ആണ്.

അദ്ദേഹത്തെ അനുസ്മരിച്ച് കിട്ടിയ ലേഖനങ്ങളിൽ സ്ഥല പരിമിതി മൂലം തുളസീദളത്തിൽ പ്രസിദ്ധീകരിക്കാൻ കഴിയാഞ്ഞവ കൂടി ഇവിടെ പ്രസിദ്ധീകരിക്കുന്നു.

അച്ഛൻ – സി.പി.പ്രദീപ് കുമാർ

അച്ഛൻ ഞങ്ങളോടൊപ്പമുണ്ടായിരുന്ന അവസാനത്തെ അച്ഛൻ ദിനത്തിൽ (Fathers Day) പൊടുന്നനെയുള്ള ഒരു തോന്നലിൽ ഒരു തയ്യാറെടുപ്പും മുന്നൊരുക്കവുമില്ലാതെ വെറുതെ കുത്തിക്കുറിച്ച വരികളാണിത്.
അച്ഛനിത് ചൊല്ലിക്കേൾപ്പിക്കുകയും ചെയ്തിരുന്നു. സാകൂതം കേട്ടിട്ട് നിർന്നിമേഷനായ് എന്നെ നോക്കിയിട്ട് നന്നായിട്ടുണ്ട് എന്നു പറഞ്ഞ്‌ അഭിനന്ദിക്കുകയും ചെയ്തു.
അങ്ങനെ പോരാ തോളിൽ തട്ടീട്ട് ഉഷാറായീന്ന് പറയണമെന്ന് കളിയായി ഞാൻ പറഞ്ഞപ്പോൾ ഒരു കൊച്ചു കുട്ടിയുടെ അനുസരണയോടെ അങ്ങനെ ചെയ്തു.
ജീവിച്ചിരിക്കുമ്പോൾ സാധാരണ ഗതിയിൽ നാം മറന്നു പോകുന്ന ഒന്നാണ് പരസ്പര സ്നേഹം, ഇഷ്ടം, കരുതൽ ഒക്കെ കൂടെയുള്ളവരിലേക്ക് വിനിമയം ചെയ്യുന്ന രീതിയിൽ പ്രകടിപ്പിക്കുകയെന്നത്. എനിക്കും ആ പതിവുണ്ടായിരുന്നതല്ല. ഏതോ ഒരു ഉൾവിളിയായിരിക്കണം എനിക്കങ്ങനെ തോന്നിയതെന്ന് വിചാരിക്കാനാണ് ഇപ്പോഴെനിക്കിഷ്ടം..
നിറമുള്ള ഒരു പാട് ഓർമകൾ കൊണ്ട് അച്ഛനെന്നിൽ മഹാസാന്നിദ്ധ്യമാകുന്ന ഈ അച്ഛനില്ലായ്മാ കാലത്ത്.


അച്ഛനെയാണെനിക്കിഷ്ടം
എന്നച്ഛനെ ഇഷ്ടമാണേറ്റം
ഓണ നാളുകളെ പൊന്നോണമാക്കിയും
പൊള്ളും വെയിലിനും പെയ്യും മഴയ്ക്കും കുട പിടിച്ചും
കൈ പിടിച്ചും കൂടെ നടന്നും
വിസ്മയ ലോകത്തെ ഞാൻ കണ്ടതും
മിഠായിത്തെരുവും കടലും കരയും തിരകളും
സങ്കൽപത്തിനപ്പുറം നിൽക്കും
തീവണ്ടിപ്പാതയും തീവണ്ടിയും …
എന്റെയീയിഷ്ടങ്ങളെ എന്നുമെന്നും
സ്വന്തമിഷ്ടമാക്കിയും ഇന്നറിയുന്നു ഞാനാ രസതന്ത്രം.
എൻ മക്കൾ തൻ ഇഷ്ടങ്ങളൊക്കെയും
എൻ്റെയിഷ്ടങ്ങളായ് പരിണമിക്കുമ്പോൾ
ഇന്നെന്നെ ചൂഴ്ന്നു നിൽക്കുമീ
തണലും കുളിരും നിലാവും
നീ കൊണ്ട വെയിലു കൂടിയാണെന്നൊരറിവിനാൽ
വിനീതനാകുന്നു ഞാൻ
കാലമേറെക്കഴിഞ്ഞു പോയ്
ജീവചക്രമെത്രയോ തിരിഞ്ഞു പോയ് എങ്കിലും
നിൻ ചാരത്തു നിൽക്കുമ്പൊഴൊക്കെയും
മിഠായി മധുരം നാവിൽ ,നുണയുന്നൊരാ
പഴയ കുസൃതിക്കാരനാകുവാൻ
തന്നെയാണിപ്പൊഴുംമോഹം
നിസ്സാരമാമെൻ മനോ വീഥിയിൽ
മനുഷ്യ സ്നേഹത്തിൻ ഗാഥകൾ പാടിയും
അമ്പിളി മാമന്റെ പാട്ടു പാടിയും
കാട്ടിലെ രാജന്റെ കഥകളോതിയും
ഞാൻ ചൂടി നിൽക്കുമീ നീ തന്ന ആ കാശവും
ഞാൻ ചവിട്ടി നിൽക്കുമീ
നീ തന്ന ഭൂമിയുമെൻ
നെഞ്ചിൽ ചേർത്തിന്നും പിടിച്ചു ഞാൻ .
ആകാശം തന്നിലെ നക്ഷത്രരാശികൾ
തൻ പേരുകളോതി വിസ്മയിപ്പിച്ചതും
ഇന്നലെയെന്ന പോലെൻ മനതാരിലായിരം
തിരികളായ് ജ്വലിച്ചു നിൽക്കുന്നു.
അശ്വതീ ഭരണി കാർത്തിക തുടങ്ങി
രേവതിയിൽ എത്തിടും ധ്രുവന്റെ കഥ
ശിൽപ ഭംഗിയോടെപ്പൊഴും പറഞ്ഞതോർക്കുന്നു ഞാൻ.
ഇന്നെന്നച്ഛനെ കുളിപ്പിക്കുവാനെണ്ണ
തേപ്പിക്കുമ്പോഴെൻ ബാല്യം ഓടിയണഞ്ഞതും
കമ്മാരുവെന്നെന്നെ നീട്ടി വിളിച്ചച്ഛൻ
എണ്ണ തേപ്പിച്ചതും സോപ്പു കുമിളകൾ തീർത്തതും
എത്രയെത്ര നിറമുള്ളയോർമകൾ
വന്നെന്നെ തൊട്ടു വിളിക്കുന്നതിൻ
സുഖമറിയുന്നു ഞാൻ —-..
അച്ഛനെയാണെനിക്കിഷ്ടം
എന്നച്ഛനെയാണെനിക്കിഷ്ടം.

പിതൃരൂപായ വിഷ്ണവേ നമ: – സുരേഷ് ബാബുവിളയിൽ

അച്ഛൻ പോയി. ഒരു പൂ കൊഴിഞ്ഞ് വീഴുന്ന ലാഘവത്തിൽ. അച്ഛന് മാത്രം സാധിക്കുന്ന ഒട്ടും പ്രതീക്ഷിക്കാത്ത വേർപാട്.

കഴിഞ്ഞ മൂന്ന് മാസമായി അച്ഛൻ കൂടെയുണ്ടായിരുന്നു. തറവാട്ട് വീട്ടിൽ മരാമത്ത് പണികൾ തകൃതിയിൽ നടക്കുന്നു. കുറച്ച് കാലമായി ശ്വാസസംബന്ധമായ രോഗങ്ങൾ അച്ഛനെ വല്ലാതെ അലട്ടുന്നുണ്ട്. തട്ട്, മുട്ട്, പൊടി ബഹളങ്ങൾ ഒഴിവാക്കാൻ അച്ഛനും അമ്മയും ഞങ്ങളുടെ അടുത്തേക്ക് പോന്നു.
അവർ വന്നപ്പോൾ വീടിനൊരു പുതിയഭാവം കൈവന്നു. അച്ഛൻ്റെ ഇഷ്ടാനിഷ്ടങ്ങൾക്ക് പ്രാധാന്യം കൊടുത്തപ്പോൾ എൻ്റെ പതിവ് ചര്യകൾക്കും ചിട്ടകൾക്കും മാറ്റം വന്നു. അക്ഷരാർത്ഥത്തിൽ എൻ്റെ ബാല്യം തിരിച്ചു വന്നു.
വലിയ കുടുംബനാഥനായി ഞെളിഞ്ഞ ധാർഷ്ട്യങ്ങൾ പോയി. എഴുത്തും വായനയും മുടങ്ങി. വാക്കിലും നോക്കിലും വീട്ടിലെ കാര്യങ്ങളെല്ലാം അച്ഛൻ്റെ നിയന്ത്രണത്തിലായി.

എന്നാൽ ഞാൻ കണ്ടു പരിചയിച്ച പഴയ സ്വഭാവങ്ങൾ പാടെ മാറി യിരുന്നു.ആഢംബരങ്ങളും ഇഷ്ട ഭക്ഷണങ്ങളും സിനിമകളും ഫാഷനുകളും എല്ലാം വല്ലാതെ ഇഷ്ടപ്പെട്ടിരുന്ന അച്ഛൻ… കഴിഞ്ഞ രണ്ട് വർഷങ്ങളായി അതിൽ നിന്നെല്ലാം ഉൾവലിഞ്ഞ് സ്വയം മാറ്റത്തിന് വിധേയമായി. സംസാരം കുറഞ്ഞു. ഞങ്ങൾക്കെല്ലാം അപരിചിതനായ പുതിയൊരു വ്യക്തിയായി.

മൂത്തവനായത് കൊണ്ട് അച്ഛൻ്റെ സ്വഭാവവിശേഷങ്ങൾ എനിക്ക് മനപാഠമായിരുന്നു. ജനിതകമായി എനിക്കും പകർന്ന് കിട്ടിയ പെട്ടെന്ന് ക്ഷുഭിതനാവുന്ന ആ ശീലത്തിൽ നിന്നും അച്ഛൻ അത്ഭുതകരമായി മോചിതനായിരുന്നു. എല്ലാറ്റിനോടും നിസ്സംഗത… നിർമ്മമത… ഒന്നും അറിയാനുള്ള ആഗ്രഹമില്ലായ്മ.

ഇടക്കിടെയുള്ള ശ്വാസതടസ്സവും ക്ഷീണവുമല്ലാതെ കാര്യമായ രോഗങ്ങളൊന്നും അച്ഛനെ അലട്ടിയിരുന്നില്ല. വേവലാതികളില്ലാത്ത മനസ്സായത് കൊണ്ടാവും സുഖകരമായ ഉറക്കം എന്നും അനുഗ്രഹിച്ചിരുന്നു.
പതിവായി കൃത്യതയോടെ റേഡിയോ കേട്ടും പത്രം വായിച്ചും ടി.വി.കണ്ടും സ്വയം ദിനങ്ങൾ ചിട്ടപ്പെടുത്തി. സന്ധ്യക്ക് നാമജപം, ഡയറി എഴുത്ത്, ഉദിത് ചൈതന്യ യുടെ ഭാഗവത പ്രഭാഷണം, ഏഷ്യാനെറ്റിലെ രണ്ട് സീരിയലുകൾ എന്നിവ കണ്ട് പത്ത് മണിയോടെ ഉറങ്ങാൻ കിടക്കും. മരിക്കുന്നതിൻ്റെ തലേ ദിവസം കൂടി ഡയറിയെഴുതിയിരുന്നു.

പഴയ സിനിമകൾ കാണാൻ വല്ലാത്ത ഇഷ്ടമായിരുന്നു. എം.ടി.യുടെ “ഒരു ചെറുപുഞ്ചിരി ” , “ദേശാടനം”, “ഭരതം”,”തിങ്കളാഴ്ച നല്ല ദിവസം” തുടങ്ങിയ സിനിമകൾ ശ്രദ്ധിച്ചു കണ്ടു.

എന്നും ആറ് മണിക്ക് അമ്മ കൊടുക്കുന്ന ചായയും കുടിച്ച്, ഒഴിഞ്ഞ ഗ്ലാസും കൊണ്ട് പുറത്തേക്ക് വരും. പിന്നെ ഒരു മണിക്കൂർ നേരം റേഡിയോ കേൾക്കും. അതായിരുന്നു ചിട്ട. ഇക്കഴിഞ്ഞ ജനുവരി നാലാം തിയതി വരെ അതേ ചിട്ട തുടർന്നു.

അഞ്ചാം തിയതി രാവിലെ എഴുന്നേല്ക്കാൻ അല്പം പ്രയാസം വന്നപ്പോൾ അമ്മ തൊട്ടടുത്ത മുറിയിൽ കിടന്ന മകൻ, സൂരജിനെ വിളിച്ചു. രണ്ടു പേരും കൂടി അച്ഛനെ താങ്ങിയിരുത്തി. അതും കണ്ടാണ് ഞാൻ ഉണർന്നു വന്നത്.
എനിക്കെന്തൊക്കെയോ അശുഭം മണത്തു. ചായ കുടിക്കുമ്പോൾ കൈകൾ വിറക്കുന്നുണ്ട്. തണുപ്പ് കൊണ്ടാവും എന്നാശ്വസിച്ചു എന്നാലും എന്തോ പന്തികേട് തോന്നി. അപ്പോഴേക്കും അനിയൻ പ്രദീപും എത്തി.
കുറച്ചു നേരം നെബുലൈസ് ചെയ്തപ്പോൾ സ്വയം എഴുന്നേല്ക്കാനായി. പിന്നെ പല്ല് തേക്കണമെന്ന് പറഞ്ഞു. പ്രദീപും സൂരജും കൂടി കൈപിടിച്ച് വാഷ്ബേസിനടുത്തേക്ക് നടത്തി. പല്ല് തേപ്പ് കഴിഞ്ഞ് മുഖം കഴുകുമ്പോൾ കാലിനൊരു വിറയൽ തുടങ്ങി. വീഴുമെന്ന് തോന്നിയപ്പോൾ ഞങ്ങൾ താങ്ങിപ്പിടിച്ച് ബെഡിൽ കിടത്തി.

പെട്ടെന്നൊരുൾവിളി പോലെ ചുണ്ട് നനക്കാൻ കുറച്ച് വെള്ളം കൊടുക്കണമെന്ന് തോന്നി. ചതുർധാമയാത്രയിൽ ഗംഗോത്രിയിൽ നിന്നും ശേഖരിച്ച തീർത്ഥം ഓർമ്മ വന്നു. അത് സ്പൂണിലെടുത്ത് ആദ്യം അമ്മ കൊടുത്തു. പിന്നെ ഞങ്ങളെല്ലാവരും. അടുത്ത് തന്നെ താമസിക്കുന്ന അച്ഛൻ്റെ അനിയനും (ഗോപിയേട്ടൻ )എത്തി. അപ്പോഴേക്കും ആ കണ്ണുകൾ അടഞ്ഞിരുന്നു. പിന്നാലെ ഡോക്ടറും വന്നു നോക്കി .

അച്ഛൻ പോയി. ഒരു പൂ കൊഴിയുന്ന ലാഘവത്തിൽ . കുറച്ചു നേരം ശൂന്യത മാത്രം… അനാഥത്വം. ദുഃഖം .സ്വയം ആശ്വസിക്കാൻ ശ്രമിച്ചു.
അച്ഛൻ! അച്ഛൻ എവിടെയും പോയിട്ടില്ല. ആ ബോധം.. അത് ഇവിടെയെല്ലാം ഉണ്ട് .. സർവ്വത്ര…. നിറഞ്ഞ് നില്ക്കുന്നു.

പിതൃരൂപായ വിഷ്ണവേ നമ:

സാർത്ഥക ജീവിതത്തിന്റെ സമാപ്തി – കൃഷ്ണപുരത്ത് മുരളി

വിളയിൽ രാധാകൃഷ്ണ പിഷാരോടി അന്തരിച്ചു. അതെ! അദ്ദേഹം മടങ്ങി.

ശുഭസൂചനയുടെ തെളിമയുള്ള നിറമാണ് വെളുപ്പ്. തൂവെള്ള ഷർട്ട്, നീലം മുക്കിയ നല്ല വെളുത്ത മുണ്ട്, ഇടതു കയ്യിൽ തൂവാലയും ഒപ്പം കറുത്ത ബാഗും, നെറ്റിയിൽ സുഗന്ധപൂരിതമായ ചന്ദനക്കുറി,
മുടി പിന്നിലേക്ക് ചീകിയൊതുക്കി ഇടതേ കൈ ഒന്ന് ആഞ്ഞുവീശി സാവധാനം ചുറ്റുപാടുകൾ ശ്രദ്ധിച്ച് സന്തോഷചിത്തനായി, ഉന്മേഷവാനായി, സാഹചരികളോടൊപ്പം ചിരിച്ചും കൊണ്ട് എന്റെ ഭവനത്തിലേക്ക് സമാജം മീറ്റിങ്ങിനു വരുന്ന രാധാകൃഷ്ണേട്ടന്റെ ചിത്രമാണ് എത്രയോ വർഷമായി മനസ്സിൽ പതിഞ്ഞു കിടക്കുന്നത്.

ഈ ചിത്രം ബാക്കി വെച്ച് “പ്രയോപവേശം” ചെയ്ത രാധാകൃഷ്ണ പിഷാരോടി സമചിത്തതയാർന്ന സംസ്കാരത്തിലൂടെയും സൗഹൃദപരമായ പെരുമാറ്റത്തിലൂടെയും സമുദായ സേവനത്തിലെ മികവിലൂടെയും അധ്യാപനത്തിലെ ആദരവിലൂടെയും സമൂഹത്തിൽ തമസ്കരിക്കപ്പെടാതെ ഓർമ്മകളിൽ രജതഗോപുരം പോലെ ഉയർന്ന് രേഖപ്പെട്ടു നിൽക്കും.,

കാരണം, വ്യക്തിത്വം; തുടർകാലങ്ങളിൽ ചർച്ചചെയ്യപ്പെടും എന്നത് തന്നെ.
സമാജം പ്രവർത്തനങ്ങളിൽ ജ്യേഷ്ഠസഹോദരന് തുല്യനായി നിരവധി കാലം ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്.
എനിക്ക് അദ്ദേഹത്തിന്റെ പ്രവർത്തനവും, പെരുമാറ്റവും എന്നും സ്മരണയിൽ നിൽക്കുന്ന അനുഭവമാണ്.

മഞ്ചേരി ശാഖയുടെ ഉപാധ്യക്ഷൻ, കേന്ദ്ര പ്രതിനിധി എന്നീ നിലകളിൽ അദ്ദേഹത്തിന്റെ പ്രവർത്തനം എന്നും ഓർമ്മിക്കപ്പെടും. നിർഭയമായി അഭിപ്രായ പ്രകടനം, അഭിപ്രായത്തിനു അനുകൂലമായി സ്വയം പ്രവർത്തിക്കുവാൻ ആദ്യമായി തയ്യാറാവുന്ന പ്രവർത്തനരീതി,
വിമർശനമുണ്ടായാലും നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന സ്വഭാവം,ഏതഭിപ്രായവും മിതമായി ചിരിച്ചു കൊണ്ട് അവതരിപ്പിച്ചു അനുകൂലനിലപാട് നേടാനുള്ള വൈഭവം എന്നിവ അദ്ദേഹത്തിന്റെ സവിശേഷതയാണ്.

ഭാഷാ പ്രയോഗ സമൃദ്ധി കൊണ്ടും വിജ്ഞാനസംബന്ധമായ സംസ്കാരം കൊണ്ടും, ആദ്ധ്യാത്മിക കാര്യങ്ങളിലെ അറിവുകൊണ്ടും രാധാകൃഷ്ണ പിഷാരോടിയുടെ പ്രഭാഷണത്തിന് ഒരു വശീകരണ ശക്തിയുണ്ടായിരുന്നു.
ഇതെല്ലാം സമുദായ ഉന്നമനത്തിനും, സമൂഹ താൽപര്യത്തിനും വേണ്ടി അദ്ദേഹം ഉപയോഗിച്ചിരുന്നു.

രാധാകൃഷ്ണ പിഷാരോടിയുടെ എൺപതാം പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച് സമാജം നൽകിയ സമാദര യോഗത്തിൽ പങ്കെടുത്ത വിശിഷ്ട വ്യക്തികളുടെ സാനിദ്ധ്യവും, അവരുടെ അനുഭവവിവരണവും, അദ്ദേഹത്തിന്റെ പൊതു സ്വീകാര്യതയെ കാണിക്കുന്ന ഒന്നായിരുന്നു.

അധ്യാപനത്തിന്റെ മധുരിമ പിഷാരോടി സമുദായ സംസ്കാരത്തിൽ ചാലിച്ച് ശിഷ്യർക്ക് പകർന്നുനൽകിയത് ആ യോഗത്തിൽ തെളിഞ്ഞ് കണ്ടത് ഇന്ന് ഉയർന്ന ചിന്തകളെ പ്രദാനം ചെയ്യുന്നു.

നൂറ്റാണ്ടുകൾ പരമ്പരയായി പിന്തുടർന്ന് പോരുന്ന ഒരു സാധനാ ജീവിതമാണ് ആദ്ധ്യാത്മികത അഥവാ ധർമ്മം.
ഈ ധർമ്മപരിപാലനമാണ് സംസ്കാരം. ഇതരത്തിലുള്ള ഒരു സംസ്കാരത്തെ പിൻപറ്റി ജീവിതം നയിക്കുന്ന സമുദായമാണ് പിഷാരോടി സമുദായം. അതുകൊണ്ട് തന്നെ പിഷാരോടിമാരുടെ സംസ്കാരത്തെ പിൻപറ്റിയുള്ള പശ്ചാത്തലത്തിൽ അതിനൊത്ത് ആ അടിത്തറയിൽ ജീവിച്ച ധന്യാത്മാക്കളിൽ ഒരു തുരുത്ത് കൂടി ഇല്ലാതായിരിക്കുന്നു.

ഇവരുടെ ജീവിതം തന്നെയാണ് പിൻതലമുറയ്ക്ക് നൽകുന്ന പാഠങ്ങൾ.ഇത് നിലനിർത്തുകയും തുടർച്ചയും വളർച്ചയും ഉണ്ടാക്കുകയും ചെയ്യുക എന്നത് തന്നെയാണ് പുതുതലമുറയുടെ ഉത്തരവാദിത്വം- ധർമ്മം.

അതിനായി രാധാകൃഷ്ണ പിഷാരോടിയുടെ ഉത്തമ ജീവിത മാതൃക മനസ്സിലാക്കാനായി തുടർക്കാലം ഉപയോഗപ്പെടട്ടെ എന്ന് പ്രാർത്ഥിച്ചും ആ വിശിഷ്ട ഗുരുനാഥന് ആത്മശാന്തി നേർന്നുകൊണ്ടും

സ്വസ്തി … സ്വസ്‌തി… സ്വസ്തി…

 

To read old issues , Please click on the issues listed below which you would like to read.

Previous Issues

Jan 21Feb 21March 21
Jan 20Feb20Mar 20Apr 20
NP
May 20 NP Jun 20Jul 20
NP
Aug 20Sep
NP
Oct 20Nov 20Dec 20
Jan 19Feb 19Mar 19Apr 19May 19Jun 19Jul 19Aug 19Sep 19Oct 19Nov 19Dec 19
Jan 18Feb 18Mar 18Apr 18May 18June 18 Jul 18Aug 18Sep 18Oct 18Nov 18Dec 18
Jan 17Feb 17Mar 17Apr 17May 17 Jun 17Jul 17Aug & Sep 17 Oct 17Nov 17Dec 17
Oct 16Nov 16Dec 16

 

 

14+