ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 35

സുരേഷ് ബാബു വിളയിൽ

1980കളിൽ എ.എസ്.നായർ എന്ന അതുല്യചിത്രകാരൻ്റെ നിഴലും വെളിച്ചവും കലർന്ന വരച്ചാർത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഒരു നോവൽ പ്രത്യക്ഷപ്പെട്ടു. യയാതി!

അക്കാലത്ത് ആബാലവൃദ്ധം വായനക്കാരും അത് വായിക്കാൻ വരും ലക്കങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരുന്നു.

മറാത്താ സാഹിത്യകാരൻ വി.എസ്.ഖണ്ഡേക്കർ ആയിരുന്നു ആ നോവൽ എഴുതിയത്.

ന ജാതു:കാമ: കാമാനാം
ഉപഭോഗേന ശാമ്യതി
ഹവിഷാ കൃഷ്ണവർത്മേവ
ഭൂയ ഏവാഭിവർദ്ധതേ.
(9-19-14)
എന്ന ശ്ലോകം പലവട്ടം “യയാതി “യിൽ ആവർത്തിക്കുന്നുണ്ട്. ഭോഗം കൊണ്ട് കാമം ശമിക്കില്ല. നെയ്യാെഴിക്കുമ്പോൾ അഗ്നിയെന്ന പോലെ അവ വീണ്ടും വീണ്ടും ആളിക്കത്തും. ഇന്ദ്രിയങ്ങൾ ഒരു കാലത്തും കാമമനുഭവിച്ച് പൂർണ്ണ തൃപ്തിയടയാറില്ല.

ജ്ഞാനപീഠപുരസ്ക്കാരം നേടിയ ആ നോവൽ മനുഷ്യമനസ്സിലെ ഉപഭോഗതൃഷ്ണയുടേയും പലതരം കാമനകളുടേയും ആഖ്യാനമാണ് നിർവ്വഹിച്ചത്. ഇതിലൂടെ പ്രണയം, ത്യാഗം,വാൽസല്യം, ആരാധന, പ്രതിഭ, സർഗ്ഗാത്മകത,സൗന്ദര്യം, എന്നീ ഭാവങ്ങൾ ഉദാത്തമാണെന്ന് പറയാതെ പറയുകയും ചെയ്യുന്നു.

ദേവയാനിയ്ക്ക് കചൻ അയച്ച സാരഗർഭമായ കത്തുകൾ വായിക്കുമ്പോൾ അർത്ഥസമ്പുഷ്ടമായ ഉപനിഷദ് തത്ത്വങ്ങൾ ഓർമ്മ വരും.

ഇതിഹാസകഥകളോട് ഒട്ടും നീതി പുലർത്താത്ത പുനരാഖ്യാനങ്ങൾ പിൽക്കാലത്ത് രൂപപ്പെട്ടു. എന്നാൽ ഖണ്ഡേക്കറുടെ യയാതി ഇതിൽ നിന്നെല്ലാം ഒറ്റപ്പെട്ട് തലയുയർത്തി നില്ക്കുന്നു.

ഇന്ദ്രിയസുഖം അനുഭവിച്ചു കഴിഞ്ഞാൽ അല്പമൊരു ശമനം തോന്നും.എന്നാലത് പൂർവാധികം ശക്തിയോടെ തിരിച്ചു വരികയും ചെയ്യും.

ഇന്ദ്രിയങ്ങളുടെ ധർമ്മം വിഷയസുഖം അനുഭവിപ്പിക്കൽ ആയത് കൊണ്ട് അത് പരമാവധി ആസ്വദിക്കണമെന്നും ഭക്ഷണം കഴിക്കുമ്പോൾ വിശപ്പു പോലെ ക്രമേണ പൂർണ്ണസംതൃപ്തി വരുമെന്നും കരുതുന്നവരുണ്ട്.

ആ വീക്ഷണം ശരിയല്ലെന്ന് ഭാഗവതം പ്രഖ്യാപിക്കുന്നു. നെയ്യ് പകർന്ന് തീയണക്കാൻ ശ്രമിക്കും പോലെ നിഷ്ഫലമാണത്. കാമം അനുഭവിച്ച് ശമിപ്പിക്കാൻ ആർക്കും കഴിയില്ല.

ഇനി കഥയിലേക്ക് കടക്കാം.

അസുരരാജാവ് വൃഷപര്‍വ്വൻ്റെ മകൾ ശര്‍മ്മിഷ്ഠയും രാജഗുരുവായ ശുക്രാചാര്യരുടെ മകൾ ദേവയാനിയും കളിക്കൂട്ടുകാരാണ്. രണ്ടു പേരും തോഴിമാരൊത്ത്‌ ലീലാലോലരായി നടക്കുമ്പോൾ സ്ഫടികസമാനമായ ഒരു നീർപൊയ്ക കണ്ടു.

വസ്ത്രങ്ങൾ കരയിൽ അഴിച്ച് വെച്ച് ഇരുവരും നീരാടാൻ തുടങ്ങി. കുളിയിൽ മുഴുകി പരിസരം മറന്ന് നേരം പോയതറിഞ്ഞില്ല.ശർമ്മിഷ്ഠ ആദ്യം കരയിൽ കയറി. നേരം വൈകിയ പരിഭ്രാന്തിയിൽ അവൾ അറിയാതെ എടുത്തുടുത്തത് ദേവയാനിയുടെ വസ്ത്രമായിരുന്നു.

അത് കണ്ട് ക്രുദ്ധയായ ദേവയാനി ശര്‍മിഷ്ഠയെ ശകാരിച്ചു.

“ ബ്രാഹ്മണസ്ത്രീയുടെ വസ്ത്രം ധരിക്കാൻ അസുരരാജപുത്രിയായ നിനക്കെങ്ങനെ ധൈര്യം വന്നു?”
ശര്‍മ്മിഷ്ഠക്കും ദേഷ്യം വന്നു. അവൾ പറഞ്ഞു

“എൻ്റെ അച്ഛൻ്റെ വാതില്‍ക്കല്‍ കാക്കകളെ പോലെ കാത്തു നിന്ന് പിച്ച വാങ്ങി തിന്നുന്നവരല്ലേ നിങ്ങൾ?”

ശർമ്മിഷ്ഠ അതും പറഞ്ഞ് താൻ ഉടുത്ത ദേവയാനിയുടെ വസ്ത്രം ചീന്തിയെറിഞ്ഞു.ദേവയാനിയെ ബലമായി പിടിച്ച് അടുത്തുളള ഒരു പൊട്ടക്കിണറ്റില്‍ തളളിയിട്ടു. ആ രാജപുത്രി ഒന്നും സംഭവിക്കാത്ത മട്ടിൽ തോഴിമാരേയും കൂട്ടി കൊട്ടാരത്തിലേക്ക് മടങ്ങുകയും ചെയ്തു.

നായാട്ട് കഴിഞ്ഞ് പരിക്ഷീണനായ യയാതിരാജാവ് ദാഹജലം തേടി അപ്പോൾ അവിടെയെത്തി.കിണറ്റിൽ നോക്കിയപ്പോൾ വിവസ്ത്രയായി നിന്ന് കരയുന്ന ഒരു സുന്ദരിയെയാണ് കണ്ടത്. രാജാവ് ഉടൻ തൻ്റെ മേൽവസ്ത്രം അവൾക്ക് നല്കി. വലതുകൈ നീട്ടി അവളെ കരയ്ക്കു കയറ്റി.

പുടവദാനവും പാണിഗ്രഹണവും കഴിഞ്ഞ തന്നെ ഉപേക്ഷിക്കരുതെന്ന് ദേവയാനി രാജാവിനോട് പറഞ്ഞു. അത് ധർമ്മമെന്ന് രാജാവിനും തോന്നി.

ഗൃഹത്തിലെത്തിയ ദേവയാനി ശര്‍മ്മിഷ്ഠ ചെയ്ത ദുഷ്ടതയെപ്പറ്റി ശുക്രാചാര്യരോട്‌ പറഞ്ഞു. ശുക്രാചാര്യർ കോപം കൊണ്ടു ജ്വലിച്ചു. ഉടനടി കൊട്ടാരം വിടാൻ തീരുമാനിച്ചു. വൃഷപര്‍വ്വരാജാവ്‌ അങ്ങനെ ചെയ്യരുതേയെന്ന് ഗുരുവിനോട് കേണപേക്ഷിച്ചു.

അപ്പോൾ ദേവയാനി പറഞ്ഞു.

“ഞാൻ രാജകൊട്ടാരത്തിലേക്ക് പോകുമ്പോൾ ശര്‍മ്മിഷ്ഠ എന്റെ ദാസിയായി വരണം. രാജാവത് സമ്മതിച്ചാൽ മാത്രം അച്ഛനിവിടെ തുടര്‍ന്നാല്‍ മതി”

സമ്മതിക്കുകയല്ലാതെ മറ്റൊരു മാർഗ്ഗം രാജാവിനുണ്ടായിരുന്നില്ല. രാജഗുരുവല്ലേ?

ശുക്രാചാര്യർ ദേവയാനിയെ യയാതിക്ക് കന്യാദാനം ചെയ്തു. രാജപുത്രിയായ ശർമ്മിഷ്ഠ പരിചാരകവൃത്തി ചെയ്യാൻ ദേവയാനിയെ അനുഗമിക്കുകയും ചെയ്തു.

ദേവയാനി രണ്ടാണ്‍കുട്ടികൾക്ക്‌ ജന്‍മം നല്‍കി. അതിനിടെ അരുതാത്തത് സംഭവിച്ചു. ശര്‍മ്മിഷ്ഠയും യയാതിയും തമ്മിൽ പ്രണയബദ്ധരായി. അവർക്ക് മൂന്നു പുത്രന്മാർ ജനിച്ചു.

ദേവയാനി വിവരങ്ങൾ അറിഞ്ഞു. അവൾ രാജകൊട്ടാരം വിട്ടിറങ്ങി. നേരെ അച്ഛൻ്റെ അടുത്തേക്ക്‌ പോയി. ശുക്രാചാര്യർക്ക് ക്രോധം വന്നു. യയാതിയെ ശപിച്ചു.

“നിന്റെ യൗവനം നഷ്ടപ്പെട്ട്‌ ഉടനേ നീയൊരു വൃദ്ധനാവട്ടെ.”

ലൗകികം അനുഭവിച്ച് ഇനിയും കൊതി തീർന്നില്ല. രാജാവ് ശാപമോക്ഷത്തിന് പ്രാർത്ഥിച്ചു. തന്റെ വാര്‍ദ്ധക്യം ഏതെങ്കിലും ഒരു യുവാവുമായി കൈമാറ്റം ചെയ്യാമെന്ന ശാപമോക്ഷം കിട്ടി.

യയാതി മക്കളെയെല്ലാം സമീപിച്ചു. മൂത്ത നാലു മക്കളും അതിനു തയ്യാറായില്ല. ശർമ്മിഷ്ഠയുടെ മകനായ പൂരു അച്ഛന്റെ വാര്‍ദ്ധക്യം ഏറ്റെടുക്കാന്‍ തയ്യാറായി.

മകൻ നല്കിയ യൗവ്വനവുമായി വളരെക്കാലം യയാതി കാമങ്ങൾ അനുഭവിച്ചു. കൊട്ടാരക്കെട്ടിൽ എവിടെയോ പിതാവിൽ നിന്നും ഏറ്റു വാങ്ങിയ ശുഷ്കിച്ച ദേഹവും കഫക്കെട്ടിൻ്റെ രോഗപീഢകളും, പേറി, ഊന്നുവടിയും താങ്ങി മകൻ, പൂരുവെന്ന യുവാവ് വീർപ്പുമുട്ടി കഴിഞ്ഞു കൂടിയത് രാജാവിൻ്റെ ഓർമ്മയിൽ വന്നതേയില്ല.

ഒരു ദിനം രാജാവ് ദേവയാനിയുടെ കൂടെ ശയിക്കുമ്പോൾ അവളുടെ കാതിൽ ഇങ്ങനെയൊരു ഗാഥ പാടി.

പ്രിയേ, ഭാർഗ്ഗവീ, ഒരിക്കലൊരു കോലാട് ഭക്ഷണം തേടി കാട്ടിൽ കൂടെ നടക്കുമ്പോൾ കിണറ്റിൽ വീണു കിടന്ന പെണ്ണാടിനെ കണ്ടു. കൊമ്പിൻ്റെ അറ്റം കൊണ്ട് മണ്ണിളക്കി എങ്ങനെയോ വഴി വെട്ടി അവളെയവൻ പൊക്കിയെടുത്തു. അവർ പിന്നെ ഉല്ലസിച്ചു നടന്നു. മറ്റു പെണ്ണാടുകളുമായി അവൻ കൂട്ടു കൂടുന്നത് കിണറ്റിൽ നിന്ന് രക്ഷിച്ച പെണ്ണാടിന് ഇഷ്ടപ്പെട്ടില്ല.

അവൾ എന്നും പിണങ്ങും. ഒരുനാൾ അവനെ ഉപേക്ഷിച്ച് അവൾ പഴയ യജമാനനെ തേടി പോയി.മേ..മേ.. എന്നും വിളിച്ച് കോലാടും പിറകെ ചെന്നു.

എന്നാൽ ആ യജമാനൻ അവൻ്റെ വൃഷണം ഛേദിച്ചു കളഞ്ഞു. അത് കണ്ട് മനം നൊന്ത പെണ്ണാടിൻ്റെ കരച്ചിൽ കേട്ട് കരുണ തോന്നിയപ്പോൾ മറ്റൊരാടിൻ്റെ വൃഷണം തുന്നിച്ചേർത്തു. കോലാട് വീണ്ടും ഭോഗങ്ങൾക്ക് പിന്നാലെ പോയി.

ആ കോലാട് ഞാൻ തന്നെയാണ്. പ്രിയേ… എനിക്ക് മടുത്തു.”

യയാതി ചിന്തിച്ചു.

“ഒരു യൗവ്വനം പോരാഞ്ഞ് മകൻ്റെ യൗവ്വനം കൂടി യാചിച്ചു വാങ്ങീ ഞാൻ. എത്ര അനുഭവിച്ചിട്ടും മതിയായില്ല. കാമത്തെ നേരിടാൻ ഒരേ ഒരു പോംവഴി മാത്രം എന്ന് ഞാനറിയുന്നു.
യദാ ന കുരുതേ ഭാവം
സർവ്വ ഭൂതേഷ്വമംഗളം
സമദൃഷ്ടേസ്തദാ പുംസ:
സർവ്വാ: സുഖമയാ ദിശ:
(9-19-15)
ഒരു ജീവിയിലും അമംഗളം വേണ്ട. ഭേദചിന്തയാണ് അമംഗളഭാവം. ധനവും അധികാരവും ഉള്ളവനിലും അതില്ലാത്തവനിലും,നായയിലും നായയിറച്ചി തിന്നുന്നവനിലും ഭേദം തോന്നരുത്. സമദൃഷ്ടി ഉറപ്പു വരുത്തുന്നവന് സർവ്വത്ര സുഖം അനുഭവിക്കാം. അവന് വിരക്തി സംഭവിക്കുന്നു.

മകൻ ഏറ്റെടുത്ത വാർദ്ധക്യം യയാതി തിരിച്ചെടുത്തു. രാജ്യഭാരം മക്കളെ ഏല്പിച്ചു.അതിനു ശേഷം കൊട്ടാരം വിട്ട് കാട്ടിലേക്ക് പോയി.

സർവ്വം ബ്രഹ്മമയം എന്ന് ചിന്തിച്ച് വൈരാഗ്യം വന്ന യയാതിരാജാവ് വാസുദേവനിൽ ലയിച്ചു.

പ്രിയതമൻ പാടിയ ആടിൻ്റെ ഗാഥ കേട്ട ദേവയാനിയുടെ മനസ്സിനും ഇളക്കം തട്ടി. വൈരാഗ്യം സംഭവിച്ച് യയാതിയുടെ മാർഗ്ഗം പിന്തുടർന്ന് ദേവയാനിയും ബ്രഹ്മസായൂജ്യം നേടി.

നമസ്തുഭ്യം ഭഗവതേ
വാസുദേവായ വേധസേ
സർവ്വഭൂതാധിവാസായ
ശാന്തായ ബൃഹതേ നമ:
(ചിത്രം കടപ്പാട് Google)
©✍️#SureshbabuVilayil

2+

Leave a Reply

Your email address will not be published. Required fields are marked *