ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 64

സുരേഷ് ബാബു വിളയിൽ

തുടർന്ന് ഭഗവാൻ, സാംഖ്യയോഗം, മായാഗുണം, ക്രിയായോഗം, സംസാരരഹസ്യം എന്നിവയിലെ സംശയങ്ങൾ കൂടി ദുരീകരിച്ച് ഉദ്ധവരെ പ്രബുദ്ധനാക്കി.

“ഉദ്ധവരേ, ജ്ഞാനത്തെ മാത്രമാണ് എപ്പോഴും അവലംബിക്കേണ്ടത്. പ്രപഞ്ചഘടകങ്ങളിൽ എല്ലാമുള്ള ചൈതന്യം ഞാനാണെന്ന് കണ്ട് മനസാ പൂജിക്കണം.

ബ്രാഹ്മണേ പുൽക്കസേ സ്തേനേ
ബ്രഹ്മണ്യേർfകേ സ്ഫുലിംഗകേ
അക്രൂരേ ക്രൂരകേ ചൈവ
സമദൃക് പണ്ഡിതോ മത:
(11-29-14)
ബ്രാഹ്മണനിലും ചണ്ഡാലനിലും, കള്ളനിലും ബ്രഹ്മാവിലും, സൂര്യനിലും തീക്കനലിലും ഒരു വ്യത്യാസവുമില്ലാതെ ആരാണോ ബ്രഹ്മത്തെ ദർശിക്കുന്നത് അവനാണ് പണ്ഡിതൻ. സർവ്വത്ര സമദർശിയാണ് പണ്ഡിതൻ.

ബുദ്ധിമാന്മാരുടെ ബുദ്ധിയും സത്യദർശികളുടെ തീരുമാനവും അതാണ്. ഇങ്ങനെ സമ്പൂർണ്ണമായ ബ്രഹ്മാനുഭവരഹസ്യം ഞാൻ നിന്നെ കേൾപ്പിച്ചു കഴിഞ്ഞു.

എല്ലാ കർമ്മഫലങ്ങളും ഉപേക്ഷിച്ച് പൂർണ്ണമായും സമർപ്പിക്കുന്നവൻ ആരാണോ അവന് അമരത്വം കൈവരും. അവൻ ഞാനായി തന്നെ ഭവിക്കും.

ശ്രീശുകൻ പരീക്ഷിത്തിനോട് പറഞ്ഞു.

പരീക്ഷിത്തേ, യോഗമാർഗ്ഗങ്ങൾ അറിഞ്ഞ കൃതാർത്ഥതയോടെ ഉദ്ധവർ അല്പനേരം കണ്ണീരൊഴുക്കി. പിന്നെ ഒന്നും മിണ്ടാനാവാതെ ഗദ്ഗദകണ്ഠനായി കൈകൂപ്പി നിന്നു. ആ പാദങ്ങളിൽ വീണ് നമസ്കരിച്ച് ഇങ്ങനെ പറഞ്ഞു.

“ഭഗവാനേ, എൻ്റെ മോഹാന്ധകാരം വിട്ടകന്നു. ഞാനിതാ അങ്ങയുടെ പാദങ്ങളെ സർവ്വദാ ശരണം പ്രാപിക്കുന്നു. ഞാനിനിയെന്ത് ചെയ്യണമെന്ന് കൂടി പറഞ്ഞാലും “.

ഭഗവാൻ പറഞ്ഞു.

“എൻ്റെ പ്രത്യക്ഷസാന്നിദ്ധ്യമുള്ള ബദര്യാശ്രമത്തിലെക്ക് നീ പോവുക. പറഞ്ഞ കാര്യങ്ങൾ മനസ്സിലുറപ്പിച്ച് സർവ്വം ബ്രഹ്മമെന്ന അനുഭവത്തിൽ ഏകാഗ്രപ്പെടുക.”

ഇത് കേട്ട ഉദ്ധവർ ഭഗവാൻ്റെ പാദങ്ങൾ തൊട്ട് വന്ദിച്ച് നിറഞ്ഞ കണ്ണുകളോട് കൂടി വിടവാങ്ങി.

പരീക്ഷിത്ത് ചോദിച്ചു.

ഉദ്ധവർ പോയ ശേഷം ഭഗവാൻ എന്തു ചെയ്തു?

ശ്രീശുകബ്രഹ്മർഷി പറഞ്ഞു.

ഉദ്ധവർ പോയ ശേഷം ദ്വാരകയിൽ കുറേ ദുർലക്ഷണങ്ങൾ കാണാൻ തുടങ്ങി. ആകാശത്തും ഭൂമിയിലും ഭയാനകമായ പൊട്ടിത്തെറികൾ ഉണ്ടായി.

ഭഗവാൻ ദ്വാരകാവാസികളോട് പറഞ്ഞു.

“ഇത് വരാനിരിക്കുന്ന നാശങ്ങളുടെ ലക്ഷണമാണ്. ശംഖോധാരം എന്നൊരു സ്ഥലമുണ്ട്. സ്ത്രീകളും കുട്ടികളും വൃദ്ധന്മാരുമെല്ലാം അവിടേക്ക് പോവുക. നമുക്ക് പ്രഭാസത്തിലേക്ക് പോകാം. സരസ്വതീനദി പടിഞ്ഞാറോട്ട് ഒഴുകുന്ന പുണ്യസ്ഥലമാണത്. അതിൽ സ്നാനം ചെയ്ത് ഉപവസിച്ച് നമുക്ക് ദേവതമാരെ പൂജിക്കാം. ദാനധർമ്മാദികൾ നിർവ്വഹിക്കാം.”

ഭഗവാൻ്റെ നിർദ്ദേശപ്രകാശം എല്ലാവരും പ്രഭാസത്തിലേക്ക് പുറപ്പെട്ടു. അവിടെ ചെന്ന് പൂജാവിധികളെല്ലാം യഥാവിധി ചെയ്ത് കഴിഞ്ഞ് കൃതാർത്ഥരായി. എല്ലാവരും സന്തോഷിച്ചു.

അന്നത്തെ സന്തോഷത്തിൽ മദ്യം സേവിച്ചത് വേണ്ടതിലധികമായി . മദോന്മത്തരായ യാദവർ എന്തോ ചെറിയ കാര്യത്തിന് വേണ്ടി ചേരിതിരിഞ്ഞ് കലഹിക്കാൻ തുടങ്ങി. അപ്പോൾ ചിലർ വിവേകം മറന്ന് കയ്യാങ്കളിയും തുടങ്ങി.

വീണ്ടുവിചാരമില്ലാതെ പരസ്പരം ആയുധം പ്രയോഗിച്ചു. പ്രദ്യുമ്നനും സാംബനും തമ്മിൽ ഏറ്റുമുട്ടി. അക്രൂരൻ ഭോജനുമായി പോരാടി. അനിരുദ്ധൻ സാത്യകിയുമായി യുദ്ധം ചെയ്തു. വാൾ കൊണ്ട് വെട്ടിയും കുന്തം കൊണ്ട് കുത്തിയും ഗദ കൊണ്ടടിച്ചും അവർ തമ്മിൽ തമ്മിൽ കൊന്നു വീഴ്ത്തി.

കയ്യിലുള്ള ആയുധങ്ങൾ തീർന്നിട്ടും പക മാറിയില്ല. യുദ്ധം തുടർന്നു. മൂർച്ഛയുള്ള ഏരകപ്പുല്ലുകൾ ആയുധത്തിന് പകരമായി. അങ്ങനെ യദുകുലം തമ്മിൽ തല്ലി ചത്തൊടുങ്ങി.

ഇതെല്ലാം കണ്ട് ബലരാമൻ കടൽക്കരയിൽ ധ്യാനനിരതനായി ഇരുന്ന് ദേഹം ഉപേക്ഷിച്ചു. അത് കണ്ട ഭഗവാനും ഒരാൽമരത്തിൻ്റെ ചുവട്ടിൽ, വലത്തേ തുടയിൽ ചെന്താമരപ്പൂ പോലുള്ള ഇടതുപാദം കയറ്റി വെച്ച് ധ്യാനനിമഗ്നനായി ഇരുന്നു.

രാകി തീരാത്ത ഇരുമ്പുലക്കയുടെ കൂർത്ത മുന മത്സ്യത്തിൻ്റെ വയറ്റിൽ നിന്ന് കിട്ടിയ ജര എന്ന വേടൻ ശരമുനയായി അതിനെ ഘടിപ്പിച്ചത് നാം കണ്ടു. അവനാ നേരത്ത് വേട്ടയാടാൻ വേണ്ടി അവിടെയെത്തി.

ഭഗവാൻ്റെ പാദം കണ്ട് അതേതോ മാനാണെന്ന് അവൻ കരുതി. ഉടലിന് മഞ്ഞനിറവും മുഖത്തിന് ചുവപ്പ് നിറവുമുള്ള ധാരാളം മാനുകൾ ആ കാട്ടിലുണ്ട്. മാനിൻ്റെ മുഖമെന്ന് കരുതി വേടൻ മരം മറഞ്ഞു നിന്ന് അമ്പെയ്തു. ആ അമ്പ് ഭഗവദ്പാദങ്ങളിൽ തറച്ചു കയറി. രക്തം വാർന്നൊലിച്ചു.

വീണ മാനിനെ നോക്കാനോടി വന്ന വേടൻ കണ്ടത് കാലിൽ അമ്പേറ്റ ഭഗവാനെയാണ്. അവൻ അതീവ ദുഃഖിതനായി. അറിയാതെ ചെയ്ത തെറ്റിന് മാപ്പപേക്ഷിച്ച് വേടൻ ആ പാദങ്ങളിൽ വീണ് നമസ്ക്കരിച്ചു.

വിങ്ങുന്ന വേദനയ്ക്കിടയിലും ഭഗവാൻ വേടനെ ആശ്വസിപ്പിച്ചു. കാലത്തിൻ്റെ സങ്കല്പമാണിത്. രാമാവതാരത്തിൽ ബാലിക്ക് നേരെ തൊടുത്ത ഒളിയമ്പിൻ്റെ പ്രാരബ്ധം ഈ ഒളിയമ്പിലുണ്ട്. ആ വേടൻ ബാലിയുടെ പുനർജന്മമാണ്.

ഭഗവാൻ വേടനെ അനുഗ്രഹിച്ചു. അവനെ സ്വർഗ്ഗത്തിലെത്തിക്കാൻ ഒരുവിമാനം അവിടെയെത്തി. മൂന്ന് തവണ ഭഗവാനെ പ്രദിക്ഷിണം ചെയ്ത് വേടൻ വിമാനത്തിൽ കയറി സ്വർലോകം ഗമിച്ചു.

സാരഥിയായ ദാരുകൻ ഭഗവാനെ കാണാഞ്ഞ് പലയിടത്തും അന്വേഷിച്ചു നടന്നു. ഭഗവാൻ മാറിലണിഞ്ഞ തുളസിമാലയുടെ സൗരഭ്യം നാസാരന്ധ്രങ്ങളിൽ തട്ടിയപ്പോൾ അതിനെ പിന്തുടർന്ന് അവിടെയെത്തി.

ദാരുകനെ കണ്ട ഭഗവാൻ പറഞ്ഞു.

” ദാരുകാ, നീ നേരെ ദ്വാരകയിലേക്ക് ചെല്ലൂ. യദുക്കൾ തമ്മിൽ തല്ലി ഒടുങ്ങിയതും ഞാനും ജ്യേഷ്ഠനും ദേഹമുപേക്ഷിച്ച് സ്വാധാമം ഗമിച്ചതും അച്ഛനമ്മമാരെ അറിയിക്കൂ. ഞാനില്ലാത്ത ദ്വാരക കടലിൽ താഴാൻ പോകുന്നു. അർജുനൻ അവിടെയുണ്ട്. അവനോട് അവിടെയുള്ളവരെ ഇന്ദ്രപ്രസ്ഥത്തിലേക്ക് കൊണ്ട് പോകാൻ പറയൂ.

ദാരുകൻ ഭഗവാനെ വണങ്ങി പ്രദിക്ഷിണം വെച്ച് വീണ്ടും വീണ്ടും വണങ്ങി. ഭഗവദ്പാദങ്ങളെ മനസ്സിലുറപ്പിച്ച് ദ്വാരകയിലേക്ക് പോയി.

ബ്രഹ്മാവ് മുതലായ ദേവഗണങ്ങൾ ഭഗവാൻ്റെ സ്വധാമഗമനം കാണാൻ ആകാശത്ത് നിരന്നു നിന്നു. ദാരുകൻ കണ്ണീരണിഞ്ഞ് ദ്വാരകയിലെത്തി.

ഭഗവാൻ്റേയും പുത്രന്മാരുടേയും ഭർത്താക്കന്മാരുടെയും വേർപാട് സഹിക്കാനാവാതെ സ്ത്രീജനങ്ങൾ മോഹാലസ്യപ്പെട്ടു വീണു.

ദേവകി, രോഹിണി, വസുദേവർ എന്നിവർ യോഗശക്തി കൊണ്ട് ദേഹമുപേക്ഷിച്ചു. കൃഷ്ണൻ്റെ പത്നിമാരും പുത്രപത്നിമാരും ചിത കൂട്ടി അഗ്നിയിൽ ചാമ്പലായി.

കൂട്ടുകാരനെ പിരിഞ്ഞ ദു:ഖം സഹിക്കാൻ അർജുനനും കഴിഞ്ഞില്ല. മോഹാലസ്യത്തിലേക്ക് വീഴാൻ തുടങ്ങിയ അർജുനൻ്റെ മനസ്സിൽ ഒരു നിമിഷം ഭഗവാൻ ഉപദേശിച്ച ഗീതാവാക്യങ്ങൾ തെളിഞ്ഞു.

നാഹം പ്രകാശ: സർവ്വസ്യ
യോഗമായാസമാവൃത:
മൂഢോfയം നാഭിജാനാതി
ലോകോ മാമജവ്യയം.
(ഭഗവദ് ഗീത 7-25)

ഭഗവാൻ സർവ്വവ്യാപിയാണ്. ആ ചൈതന്യം എല്ലായിടത്തുമുണ്ട്. പക്ഷെ മായ കാരണം ജനങ്ങൾ കാണുന്നില്ല. പിറവിയും മരണവും ഭഗവാനില്ലെന്ന് അവരറിയുന്നില്ല.

ഭഗവാൻ വിട്ട് പോയെന്ന് കരുതുന്ന ഞാനെന്ത് മൂഢൻ? ഈ ചിന്ത വന്നതോടെ അർജുനൻ ഉത്സാഹം വീണ്ടെടുത്തു .

മരിച്ചു പോയ യാദവന്മാരുടെ മരണാനന്തരകർമ്മങ്ങല്ലൊം അർജുനൻ വേണ്ടവണ്ണം ചെയ്യിച്ചു. അതിന് ശേഷം അവിടെയുള്ള സ്ത്രീകളേയും കുട്ടികളേയും കൂട്ടി അർജുനൻ ഇന്ദ്രപ്രസ്ഥത്തിലേക്ക് പുറപ്പെട്ടു.

തെല്ലിട നിന്ന് അർജുനൻ തിരിഞ്ഞു നോക്കി. കറുത്ത കടൽ ദ്വാരകയെ വിഴുങ്ങുകയാണ്. കൃഷ്ണഗൃഹം അങ്ങനെ തന്നെ നില്പുണ്ട്. അതിനെ വിഴുങ്ങാൻ കടലും മടിച്ചു. സഹസ്രം സൂര്യന്മാരുടെ തേജസ്സോടെ അതവിടെ ശേഷിച്ചു.

ശ്രീശുകൻ തുടർന്നു.

പരീക്ഷിത്തേ, അങ്ങയുടെ പിതാമഹന്മാർ അർജുനൻ പറഞ്ഞ കൃഷ്ണൻ്റെ സ്വധാമഗമനവും യദുകുലനാശവും കേട്ട് അതിയായി ദു:ഖിച്ചു.രാജ്യഭാരം അങ്ങയെ ഏല്പിച്ച് ഇനി മടക്കമില്ലായെന്ന് ഉറപ്പിച്ച് ഹിമാലയസാനുക്കളിലേക്ക് മഹാപ്രസ്ഥാനം നിർവ്വഹിച്ചു.

യ ഏതദ് ദേവദേവസ്യ
വിഷ്ണോ: കർമ്മാണിജന്മ ച
കീർത്തയേത് ശ്രദ്ധയാ മർത്യ:
സർവ്വപാപൈ: പ്രമുച്യതേ.
(11-31-27)
വിഷ്ണുഭഗവാൻ്റെ അവതാരവും അതിശയകരമായ കർമ്മങ്ങളും ആരാണോ അതീവശ്രദ്ധയോടെ കേൾക്കുകയും കീർത്തിക്കുകയും ചെയ്യുന്നത്, അവൻ പാപങ്ങൾ നശിച്ച് പരിശുദ്ധനായി ഭവിക്കും.
ഹരേ കൃഷ്ണാ.
©✍️#Suresh Babu Vilayil

2+

Leave a Reply

Your email address will not be published. Required fields are marked *