ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 33

സുരേഷ് ബാബു വിളയിൽ

പ്രഹ്ളാദ പുത്രനായ വിരോചനൻ്റെ മകനായ ഇന്ദ്രസേനൻ മഹാബലിയായ കഥ പറയാം. ബ്രഹ്മതത്വം ചെറുപ്പത്തിൽ തന്നെ അച്ഛനിൽ നിന്നും ഗ്രഹിച്ച മഹാബലി സമത്വദർശനം ഉൾക്കൊണ്ട് രാജ്യം ഭരിച്ച് ഭൂലോകത്തിൻ്റെ മുഴുവൻ ചക്രവർത്തിയായി. പ്രജകളെയെല്ലാം അദ്ദേഹം ഒരു പോലെ കണ്ടു.

യാഗങ്ങളും ദിഗ്വിജയങ്ങളും നടത്തിയ മഹാബലി സ്വർഗ്ഗവും കീഴടക്കി. അതോടെ ദേവന്മാർ പെരുവഴിയിലായി. പുത്രന്മാർക്ക് വന്ന കഷ്ടകാലമോർത്ത് ദേവമാതാവായ അദിതി ദു:ഖിച്ചു. തപസ്സ് കഴിഞ്ഞ് തിരിച്ചു വന്ന ഭർത്താവായ കശ്യപൻ ചോദിച്ചു.

” പ്രിയേ, നിൻ്റെ മുഖത്തെന്താണിത്ര മ്ലാനത? ധാർമ്മിക കടമകൾ വല്ലതും നീ ചെയ്യാതിരുന്നോ? നിത്യവും യാഗാഗ്നി കൊളുത്തുന്നതില്‍ വിമുഖത കാട്ടിയോ? വിശന്ന് പടിവാതിലിൽ മുട്ടിയവരിൽ ആർക്കെങ്കിലും ദാഹജലം പോലും കൊടുക്കാതിരുന്നോ? അങ്ങനെയുള്ള വീടുകള്‍ ചെന്നായ്ക്കളുടെ ഗുഹയ്ക്കു സമമാണ്‌. നമ്മുടെ കുട്ടികള്‍ക്ക്‌ അസുഖമൊന്നും ഇല്ലല്ലോ?

അദിതി പൊട്ടിക്കരഞ്ഞു. കിടപ്പാടം പോലും നഷ്ടപ്പെട്ട മക്കളുടെ ദുരിതകഥ അവർ ഭർത്താവിനോട് പറഞ്ഞു.

സങ്കടനിവൃത്തിക്ക് വേണ്ടി പയോവ്രതം അനുഷ്ഠിക്കാൻ കശ്യപൻ പറഞ്ഞു. വിധിപ്രകാരം വളരെ ശ്രദ്ധയോടും നിഷ്ഠയോടും കൂടി അദിതി വ്രതം സമാരംഭിച്ചു. വ്രതാവസാനം അവരുടെ മുമ്പിൽ വിഷ്ണു ചതുർബഹുരൂപത്തിൽ പ്രത്യക്ഷനായി.താൻ അദിതിയുടെ പുത്രനായി ജനിക്കുന്നുണ്ടെന്ന് അറിയിച്ചു. ചിങ്ങമാസത്തിലെ തിരുവോണ ദിവസം മഹാവിഷ്ണു വാമനാവതാരം കൈക്കൊണ്ടു.
നർമ്മദാനദിയുടെ തീരത്ത് ഭൃഗുകച്ഛം എന്ന സ്ഥലത്ത് മഹാബലിയുടെ നൂറാമത്തെ യാഗം നടക്കുകയാണ്.

സൂര്യതേജസ്സോടെ വാമനൻ ആ യാഗശാലയിലേക്ക് കയറിച്ചെന്നു.

അണോരണീയാൻ മഹതോ മഹീയാൻ, അണുക്കളിൽ വെച്ച് ഏറ്റവും ചെറുതും മഹത്തിൽ വെച്ചേറ്റവുംവലുതും ഈശ്വരനാണ്. ആ ഈശ്വരനാണ് വാമന(കുള്ളൻ) രൂപത്തിൽ മഹാബലിയുടെ യാഗശാലയിൽ എഴുന്നെള്ളിയത്.

മഹാബലിയും മുത്തച്ഛൻ പ്രഹ്ളാദനെ പോലെ വിഷ്ണുഭക്തനായിരുന്നു. വാമനന് യാഗശാലയിൽ ഇരിപ്പിടം നൽകി അർഘ്യപാദ്യാദികൾ അർച്ചിച്ച ശേഷം മഹാബലി ചോദിച്ചു.

” അല്ലയോ ബ്രഹ്മചാരിൻ, അങ്ങയുടെ ഏത് അഭിലാഷമാണ് ഞാൻ നിറവേറ്റേണ്ടത്?”

തപസ്സ് ചെയ്യാൻ മൂന്നടി മണ്ണ്. അത് മാത്രം മതിയെന്ന് വാമനൻ അറിയിച്ചു.

“അല്ലയോ ബ്രഹ്മചാരിൻ, അങ്ങ് വെറും അല്പബുദ്ധിയാണല്ലോ. ഇവിടെ നിന്നും ദാനം വാങ്ങുന്നവൻ പിന്നെയാരോടും ദാനം വാങ്ങരുത്. അതാണെൻ്റെ ആഗ്രഹം. ആവശ്യമുള്ളതെല്ലാം ചോദിച്ചോളൂ.”

വാമനൻ പറഞ്ഞു.

“ഇന്ദ്രിയങ്ങളുടെ മോഹം തീർക്കാൻ മൂന്ന് ലോകത്തിലെ വിഷയങ്ങൾ കിട്ടിയാലും സാധ്യമല്ല. യദൃച്ഛയാ ലാഭത്തിൽ സന്തോഷിക്കുന്നവർ എപ്പോഴും സുഖിക്കുന്നു. സന്തോഷം ഇല്ലാത്തവന് മൂന്ന് ലോകങ്ങൾ കൈക്കുമ്പിളിൽ കിട്ടിയാലും സുഖിക്കാനാവില്ല. എനിക്ക് മുന്നടി മണ്ണ് കിട്ടിയാൽ മാത്രം മതി.”

വാമനൻ ആരെന്ന് മനസ്സിലാക്കിയ ഗുരുവായ ശുക്രാചാര്യർ ബലിയെ ദാനത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു.

ശുക്രാചാര്യർ പറഞ്ഞു.

രാജാവേ,ഈ വാമനൻ വിഷ്ണുവാണ്. അങ്ങ് ദാനത്തിൽ നിന്നും പിന്മാറിയില്ലെങ്കിൽ അസുരന്മാർക്ക് എല്ലാം നഷ്ടപ്പെടും”.

ദാനം യജ്ഞത്തിൻ്റെ ഭാഗമാണ്. അതിൽ നിന്നും പിന്തിരിയാൻ ബലി തയ്യാറായില്ല.

മഹാവിഷ്ണുവാണ് വാമനനായി വന്നതെങ്കിൽ അദ്ദേഹത്തെ തടയാൻ എങ്ങനെ കഴിയും? നമ്മൾ നടത്തുന്ന ഈ യാഗത്തിലെ യജ്ഞമൂർത്തിയും സാക്ഷാൽ മഹാവിഷ്ണുവല്ലേ?

ബലി വാമനകരങ്ങളിൽ ദാനനീർ വീഴ്ത്തി. അപ്പോഴേക്കും വാമനൻ വളർന്നു ഭീമാകാരനായി. ആദ്യത്തെ രണ്ടടി കൊണ്ട് ബലി കീഴടക്കിയ സാമ്രാജ്യങ്ങൾ അളന്നു തീർത്തു. മൂന്നാമത്തെ അടി വെയ്ക്കാൻ സ്ഥലമില്ല.

ബലി തൻ്റെ ശിരസ്സ് ആ പാദത്തിന് ചുവടെ വെച്ചു. യഥാർത്ഥദാനം ഈ ശരണാഗതിയാണ് എന്ന് ഭാഗവതം ഈ കഥയിലൂടെ പഠിപ്പിക്കുന്നു.

ഭഗവാൻ ആഗ്രഹിക്കുന്നതും ഇത് തന്നെ. ഏറ്റവും പ്രിയപ്പെട്ടത് നല്കി ഭഗവാൻ്റെ കാല്ക്കീഴിൽ തല മുട്ടിച്ച് ശരണാഗതി അടയുന്നതാണ് മഹത്തായ ബലി. ഇന്ദ്രസേനൻ എന്ന രാജാവ് മഹാബലിയായത് അങ്ങനെയാണ്.

ഭഗവാൻ വന്ന് ദാനം ചോദിച്ചാൽ നിങ്ങൾ എന്താണ് നൽകുക? സ്വന്തം ഉടമസ്ഥതയിലുള്ളതല്ലേ നിങ്ങൾക്ക് നല്കാനാവൂ. അതല്ലേ മറ്റൊൾക്ക് ദാനം ചെയ്യാനാവൂ.

ഇക്കണ്ടതെല്ലാം ഭഗവാൻ്റേതാണ്. ഇതെല്ലാം കൈവശം വെച്ച് കൊണ്ട് ദാനം ചോദിക്കുമ്പോൾ ഭഗവാൻ ഉദ്ദേശിച്ചതെന്താവും?

നിങ്ങളുടെ സ്വന്തമെന്ന് കരുതുന്ന ഒന്നും സത്യത്തിൽ നിങ്ങളുടേതല്ല. നിങ്ങളുടെ ശരീരം,സമ്പത്ത്, അധികാരം, ആയുസ്സ്, ആരോഗ്യം കീർത്തി ഇതെല്ലാം ഭഗവാൻ്റെ ദാനമാണ്.

ഇതൊക്കെ കൈ വെടിയാൻ നിങ്ങളുടെ മനസ്സ് സമ്മതിക്കുമോ? എത്ര ശ്രമിച്ചിട്ടും ഉടമാബോധങ്ങൾ നിങ്ങളെ വിട്ടുമാറുന്നില്ല. അതെ. നിങ്ങളുടെ ഉടമസ്ഥതയിൽ അതേ ഉള്ളു. നിങ്ങളുടെ മനസ്സെന്ന പാത്രത്തിൽ നിറച്ച് വെച്ച അഹന്ത അതാണ് ഭഗവാൻ നിങ്ങളോട് ദാനം ചോദിച്ചത്.

ഭഗവാൻ്റേതല്ലാത്തതായി നിങ്ങളുടെ ഉടമസ്ഥതയിൽ അതേ ഉള്ളു. മനസ്സ്.

മനസ്സിലെ അഹന്ത സമർപ്പിക്കാൻ

ഭഗവാനേയും തേടി പലരും അലഞ്ഞതും എവിടെയും കണ്ടെത്താൻ കഴിയാത്തതുമായ കുറേ കഥകൾ നമ്മൾ കേട്ടു.

എന്നാൽ നിങ്ങളെത്ര ഭാഗ്യവാൻ? നിങ്ങളേയും തേടി നിങ്ങളുടെ ഗൃഹത്തിൽ ഭിക്ഷാപാത്രവും കൊണ്ട് ഒരു നാൾ ഭഗവാൻ വരുന്നു
ഭിക്ഷാംദേഹി എന്ന് പറയുന്നു. നിങ്ങളോട് ഭിക്ഷ യാചിക്കുന്നു.

ശരണാഗതിയടഞ്ഞ് ആ പാദത്തിൽ തല മുട്ടിച്ച് കുമ്പിടുക. ആ മനസ്സിനെ ഭഗവാന് സമർപ്പിക്കുക.അതല്ലാതെ മറ്റെന്ത് ചെയ്യാൻ നിങ്ങൾക്കാവും.?

“കളഭം തരാം. ഭഗവാനെ മനസ്സും തരാം.”
അതാണ് വിഷ്ണുഭക്തനായ ബലി ചെയ്തത്.അതോടെ അദ്ദേഹം മഹാബലിയായി.
ഭഗവാൻ ബലിയെ എങ്ങോട്ടും ചവിട്ടി താഴ്ത്തിയിട്ടില്ല. ദേവന്മാർ പോലും കൊതിക്കുന്ന സുതലം എന്ന വിതാനത്തിലേക്ക് ഉയർത്തുകയാണ് ചെയ്തത്.

സകലഗോപുരദ്വാരങ്ങളിലും ശംഖചക്രഗദാപത്മധാരിയായി ഭഗവാൻ ഭൃത്യഭാവത്തിൽ കാവൽ നില്ക്കുന്നു. വരാനിരിക്കുന്ന സാവർണ്ണിമനുവിൻ്റെ കല്പത്തിലെ ഇന്ദ്രപദവി ബലിയ്ക്കാണ്. അതിനായി ചിരഞ്ജീവിയായി ഭക്തപ്രഹ്ളാദനെന്ന മുത്തശ്ശൻ്റെ കൂടെ ബലി കാത്തിരിക്കുന്നു.

ഭാഗവതം പറഞ്ഞ ശരണാഗതിയെ ചവിട്ടിത്താഴ്ത്തലാക്കി നാം വില കുറയ്ക്കുന്നു. ലോകം മുഴുവൻ വാണ മഹാബലി ചക്രവർത്തിയെ കേരളം മാത്രം ഭരിച്ച രാജാവായി നമ്മളാണ് ചവിട്ടി താഴ്ത്തിയത്. കുടയും കുടവയറും വരച്ച് ചേർത്ത് വിദൂഷകനാക്കിയതും നമ്മളാണ്.

മഹാബലിയുടെ യാഗം നടന്നത് കേരളത്തിലല്ല. നർമ്മദാനദിയുടെ തീരത്തുള്ള ഭൃഗുകച്ഛം എന്ന സ്ഥലത്താണ്.

വേദാന്തപണ്ഡിതനായ പ്രൊഫ: ജി..ബാലകഷ്ണൻ നായർ എഴുതുന്നു.

“മഹാബലിയുടെ കഥ പല തരത്തിലും തെറ്റിദ്ധരിക്കപ്പെട്ട കഥയാണ്. സത്യാനുഭവത്തെ സംബന്ധിച്ച് അത്യുജ്ജ്വലമായ വെളിച്ചം വീശുന്ന കഥയാണത്. മൂന്ന് ബ്രഹ്മനിഷ്ഠന്മാർ പ്രപഞ്ചനാടകരംഗത്ത് അവരവരുടേതായ വേഷങ്ങൾ വീട്ടുവീഴ്ച കൂടാതെ അഭിനയിച്ചു ജീവിതം ധന്യമാക്കി കാണിക്കുന്ന കഥയാണത്.

മഹാബലി, ശുക്രാചാര്യൻ, വാമനൻ എന്നിവരാണവർ.ബ്രഹ്മനിഷ്ഠന്മാർ ജനിക്കുന്നത് ദേവനായോ അസുരനായോ എന്നുള്ളതൊന്നും പ്രശ്നമല്ല.

വേഷം ചക്രവർത്തിയുടേതോ ആചാര്യൻ്റേതോ വടുവിൻ്റേതോ എന്നതും പ്രശ്നമല്ല. സർവ്വം ബ്രഹ്മമയം എന്നുറപ്പു വന്നയാൾക്ക് പ്രപഞ്ചജീവിതം വെറുമൊരു നാടകം. വേഷമെന്തായാലും അഭിനയം എങ്ങനെയായാലും അവരുടെ ജീവിതം ധന്യം. ശിഷ്യൻ ധിക്കരിച്ചതിൽ കുണ്ഠിതപ്പെടാനില്ല എന്ന് വാമനൻ ശുക്രാചാര്യരെ സമാശ്വസിപ്പിക്കാൻ നോക്കി.

എന്താണാചാര്യൻ്റെ മറുപടി?

“ഭഗവൻ, എനിക്കൊരു കുണ്ഠിതവുമില്ല. ഞാൻ എൻ്റെ ഭാഗം നന്നായി അഭിനയിച്ചു. സർവ്വം ബ്രഹ്മമയം എന്നുറപ്പുള്ളയാൾക്ക് എന്ത് കുണ്ഠിതം?
(ചിത്രം കടപ്പാട് Google)
©✍️#SureshbabuVilayil

1+

Leave a Reply

Your email address will not be published. Required fields are marked *