ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 58

സുരേഷ് ബാബു വിളയിൽ

യയാതിയുടെ യൗവ്വനത്തോടുള്ള അത്യാസക്തി അടുത്ത് നിന്ന് കണ്ട മകനാണ് യദു. ആ വാർദ്ധക്യം സ്വീകരിക്കാൻ മടിച്ചവനുമാണ്.

ജരാനരകൾ തൊട്ട് തീണ്ടാത്ത യൗവ്വനയുക്തനായ ദത്താത്രേയൻ എന്ന അവധൂതനെ കണ്ടപ്പോൾ യദു അത്ഭുതസ്തബ്ധനായി. അവർ തമ്മിലുള്ള സംവാദമാണിത്.

” ജ്ഞാനിയും സുന്ദരനുമായ അങ്ങ് വാഗ്മിയുമാണെന്ന് കേട്ടിട്ടുണ്ട്. കാമലോഭങ്ങളിൽ പെട്ട് ജനങ്ങൾ ഉഴലുമ്പോൾ അങ്ങനുഭവിക്കുന്നത് പരമാനന്ദമാണെന്ന് ആ മുഖപത്മം വിളിച്ചോതുന്നു. അല്ലയോ മഹർഷേ, ഇതെങ്ങനെ സാധിക്കുന്നു?

മുന്നിൽ നമ്രശിരസ്ക്കനായി നിന്ന യദുവിനെ കാരുണ്യത്തോടെ നോക്കി ദത്താത്രേയമഹർഷി ഇങ്ങനെ പറഞ്ഞു.

” രാജാവേ, അനവധി ഗുരുക്കന്മാർ എനിക്കുണ്ട്. ഇവരാരും എനിക്ക് നേരിൽ ഉപദേശം തന്നിട്ടില്ല. അവരുടെ പ്രവൃത്തി നോക്കി പഠിച്ച് ഞാനവരെ ഗുരുവായി വരിച്ചതാണ്. ഇരുപത്തിനാല് ഗുരുക്കന്മാരെയാണ് ഞാൻ ആശ്രയിച്ചത്.അവരുടെ പേരുകൾ കേട്ടോളൂ.

ഭൂമി, ആകാശം, വായു, ജലം, അഗ്നി, ചന്ദ്രൻ, സൂര്യൻ, പ്രാവ്, പെരുമ്പാമ്പ്, സമുദ്രം, ഈയാംപാറ്റ, വണ്ട്, ആന, തേനെടുക്കുന്നവൻ, മാൻ, മീൻ, പിംഗള, ഞാറപ്പക്ഷി, ശിശു, കുമാരി, അമ്പുണ്ടാക്കുന്നവൻ, പാമ്പ്, എട്ടുകാലി, വേട്ടാളൻ എന്നിങ്ങന്നെ ഇരുപത്തിനാല് പേർ. അവരിൽ നിന്നെല്ലാം ഞാൻ മോക്ഷമാർഗ്ഗം കണ്ടെത്തി. കേട്ടോളൂ.

ഭൂമിയിൽ നിന്ന് ഞാൻ പഠിച്ചത് ക്ഷമയാണ്. മനുഷ്യൻ എത്ര ക്രൂരത കാട്ടിയിട്ടും ഭൂമി അമ്മയെ പോലെ സർവ്വംസഹയായി നില്ക്കുന്നു.

ജീവികളുടെ പ്രാണരക്ഷക്ക് വേണ്ട വായുവിനെ നിശ്ചിത അളവിൽ മാത്രം സ്വീകരിക്കുന്നത് കൊണ്ട് ശരീരം ക്ഷീണിക്കുന്നില്ല.

മനസ്സിന് ക്ഷീണം തട്ടാതെ പുറത്തു നിന്ന് ജ്ഞാനം നേടുന്ന ഒരു പാഠം വായുവിൽ നിന്ന് ഞാൻ പഠിച്ചു. വഹിക്കുന്നത് ദുർഗ്ഗന്ധമായാലും സുഗന്ധമായാലും അതൊന്നും വായുവിനെ അലട്ടാറില്ല. ഭൂമിയിൽ സമചിത്തതയോടെ സഞ്ചരിക്കാൻ വായുവാണ് എന്നെ പഠിപ്പിച്ചത്.

ആത്മാവിനെ കുറിച്ച് എന്നെ പഠിപ്പിച്ചത് ആകാശമാണ്. ഉള്ളിലും പുറത്തും ആകാശം (space) ഉണ്ട്. അതൊന്നിനോടും ഒട്ടിച്ചേരില്ല. ഒന്നിനോടും ചേർച്ചയില്ല. നിസ്സംഗം. ആത്മാവും അതു പോലെയാണ്.

ജലം എന്നോട് പറഞ്ഞു. ഞാൻ വിശുദ്ധിയുടെ പാഠം പഠിപ്പിക്കാം. നിൻ്റെ വസ്ത്രത്തിൽ പുരണ്ട മാലിന്യത്തെ ഞാൻ കഴുകുന്ന പോലെ മാലിന്യം പുരണ്ട മനസ്സിനെ അരുൾമൊഴികൾ കൊണ്ട് കഴുകി കളയാം.

എന്ത് ഭക്ഷിച്ചാലും അഗ്നിയുടെ വിശുദ്ധി നഷ്ടപ്പെടുന്നില്ല. സത്യാന്വേഷിക്ക് അഗ്നി നല്കുന്ന പാഠമാണ്. ഭൗതിക വിഷയങ്ങളിൽ വ്യവഹരിച്ചാലും ആത്മപ്രകാശം അണയാത്ത മാമുനിമാരെയാണ് സർവ്വഭക്ഷകനായ അഗ്നി ഓർമ്മിപ്പിക്കുന്നത്.

കൃത്യമായ വൃദ്ധിക്ഷയങ്ങൾ വന്നിട്ടും ചന്ദ്രൻ്റെ ശോഭ ലവലേശം മങ്ങുന്നില്ല. സുഖം വന്നാലും,ദുഖം വന്നാലും യോഗിയുടെ മനസ്സിൻ്റെ അവസ്ഥയും അങ്ങനെ തന്നെ. ഈ പാഠം ചന്ദ്രനിൽ നിന്നാണ് ഞാൻ പഠിച്ചത്.

സൂര്യനിൽ നിന്നെന്താണ് പഠിച്ചത്? സൂര്യൻ ഭൂമിയിലെ ജലകണങ്ങൾ സ്വീകരിച്ച് അതിലൊട്ടും അഭിമാനം കൊള്ളാതെ ആവശ്യാനുസരണം ഭൂമിയിൽ തന്നെ അതിനെ മഴയായി പതിപ്പിക്കുന്നു. ഒരേ സൂര്യൻ ശുദ്ധജലത്തിലും മലിനജലത്തിലും ഒരേ പോലെ പ്രതിബിംബിക്കുന്നു. ഈ ഭേദബുദ്ധിയില്ലായ്മ ഞാൻ സൂര്യനിൽ നിന്നാണ് പഠിച്ചത്.

കാട്ടിൽ കണ്ട ഇണപ്രാവുകൾ എനിക്ക് ഗുരുവാണ്. അവരുടെ കുഞ്ഞുങ്ങൾ വേടൻ വിരിച്ച വലയിൽ വീണു. അത് കണ്ട് ദു:ഖാർത്തരായി രണ്ടു പ്രാവുകളും അതേ വലയിൽ തന്നെ വീണു. വേടൻ അവയെയെല്ലാം വീട്ടിൽ കൊണ്ട് പോയി ഭക്ഷിച്ചു.

സത്യാന്വേഷണത്തിന് ശ്രമിക്കാതെ ഒരു പുരുഷായുസ്സ് മുഴുവൻ കുടുംബത്തിന് വേണ്ടി ജീവിതം ഹോമിക്കുന്ന മൂഢനായ മനുഷ്യനും ഇങ്ങനെയല്ലേ? അമിതമായ സ്നേഹം ആപത്താണെന്ന് കാട്ടിത്തന്ന ആ കപാേതമിഥുനം എൻ്റെ ഗുരുവാണ്.

സത്യാന്വേഷണം ക്ലേശകരമാണ്. നിലനില്പിനാവശ്യമായ ഭക്ഷണം പോലും യദൃച്ഛയാ ലഭിച്ചാലായി. കിട്ടുന്നതിൽ സന്തോഷിക്കാനുള്ള പാഠം പഠിച്ചത് പെരുമ്പാമ്പിൽ നിന്നാണ്. ഭക്ഷണമില്ലാതെ എത്ര നാൾ വേണമെങ്കിലും കഴിച്ചു കൂട്ടാൻ അതിന് പ്രയാസമില്ല. ഭക്ഷണം എപ്പോഴും അതിനെ തേടി വരികയാണ് ചെയ്യുന്നത്. പെരുമ്പാമ്പ് എൻ്റെ ഗുരുനാഥനാണ്.

മഴ പെയ്താൽ നിറയാത്ത സമുദ്രം വേനൽക്കാലത്ത് വറ്റിവരളുന്നില്ല. സന്തോഷത്തിലും സന്താപത്തിലും ഒരേ മനോനില കൈവരിക്കണം എന്ന മഹത്തായ പാഠം എന്നെ പഠിപ്പിച്ചത് സമുദ്രമാണ്.

സ്ത്രീ, ധനം, സ്വർണ്ണം എന്നിവയ്ക്ക് വേണ്ടി നരജന്മം വിഫലമാക്കരുത് എന്ന് പഠിപ്പിച്ചത് ഈയാംപാറ്റയാണ്. തീയിന് ചുറ്റും പാറി ചിറകു തളർന്ന് തീയിൽ വീണ് ജീവിതം അവസാനിപ്പിക്കുന്ന ഈയാംപാറ്റകളെ പോലെ എത്രയോ മനുഷ്യർ നമുക്ക് ചുറ്റും ഉണ്ട്.

പൂവുകളിൽ വന്നിരുന്ന് തേനുണ്ണുന്ന വണ്ട് എൻ്റെ ഗുരുനാഥനാണ്. ജ്ഞാനസമ്പാദനമാണ് വണ്ട് പഠിപ്പിച്ചത്.

തേനീച്ച വിപരീതഗുരുവാണ്. ഭാവിയിലേക്കുള്ള തേൻശേഖരണം അതിൻ്റെ തന്നെ മരണത്തിന് കാരണമാകുന്നു. അന്നന്നത്തെ ദേഹം നിലനിർത്താൻ വേണ്ട ഭക്ഷണമേ ഒരു സത്യാന്വേഷി സമ്പാദിക്കാവൂ.

ആർക്കും കൊടുക്കാതെ സൂക്ഷിച്ച് വെക്കുന്ന സമ്പാദ്യം കള്ളന്മാർക്ക് ഉള്ളതാണ് എന്ന പാഠമാണ് തേനെടുപ്പുകാരൻ പഠിപ്പിച്ചത്.

ആനയും എനിക്ക് ഗുരുനാഥൻ തന്നെ. കൊമ്പനാനയെ പിടികൂടാൻ വാരിക്കുഴി ഉണ്ടാക്കി പിടിയാനയെ നിർത്തുന്നു. പിടിയാനയുടെ സ്പർശനസുഖം മോഹിച്ച് പാവം കൊമ്പൻ ആ വാരിക്കുഴിയിൽ വീഴുന്നു. സത്യാന്വേഷണത്തിൻ്റെ പാതയിൽ വാരിക്കുഴികളുണ്ടാവും. പിടിയാനകളും കാണും. അത്തരം ജാഗ്രതകളാണ് ആന പഠിപ്പിച്ച പാഠം.

മധുരസംഗീതം മുഴക്കി മാനിനെ പിടിക്കുന്ന വിദ്യ വേടന്മാർക്കറിയാം. സംഗീതം കേട്ട് ഓടിയെത്തുന്ന മാൻ വേടൻ വിരിച്ച വലയിൽ വീഴും. സംഗീതത്തിൻ്റെ മോഹലയത്തിൽ വീഴരുതെന്ന പാഠം മാനിൽ നിന്നും പഠിച്ചു.

ആഹാരത്തിന് ആർത്തി പാടില്ലെന്ന പാഠമാണ് മീനിൽ നിന്ന് ഞാൻ പഠിച്ചത്. ചൂണ്ടലിൽ കോർത്ത മാംസം കണ്ട് മീനത് വിഴുങ്ങുന്നു. ആഹാരത്തോടുള്ള ആർത്തി മീനിനെ മറ്റൊരാളുടെ ആഹാരമാക്കി മാറ്റി.

രാജാവേ, മിഥിലാപുരിയിൽ പിംഗള എന്ന് പേരായ ഒരു വേശ്യാസ്ത്രീ ഉണ്ട്. അവളിൽ നിന്നാണ് ഞാൻ വിരക്തി പഠിച്ചത്.

പിംഗളയെ കുറിച്ച് നാളെ വായിക്കാം.
ഹരേ കൃഷ്ണാ.
©✍️#SureshbabuVilayil

1+

Leave a Reply

Your email address will not be published. Required fields are marked *