ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 28

സുരേഷ് ബാബു വിളയിൽ

ആഴിക്കരയിലെ പൂഴിത്തരികൾ എണ്ണാൻ കഴിഞ്ഞാലും മനസ്സിലെ വികാരവിചാരങ്ങളെ എണ്ണാനാവില്ല. സങ്കീർണ്ണവും വിസ്മയാവഹവുമാണ് മനസ്സ്.

1973 ൽ സ്വീഡൻ്റെ തലസ്ഥാനമായ സ്റ്റോക്ഹോമിൽ കൊള്ളക്കാരായ രണ്ട് പേർ ഒരു ബാങ്കിലെ നാലു ജീവനക്കാരെ ബന്ദികളാക്കി. ഉൽക്കണ്ഠയുടെ മുൾമുനയിൽ അഗ്നിപരീക്ഷകൾ നേരിട്ട് ആറ് ദിവസങ്ങൾ കഴിഞ്ഞാണ് അവർ നാലുപേരും മോചിതരായത്.

മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരമായി ആ തടവുകാർ കൊള്ളക്കാരെ കുറിച്ച് അഹിതമായത് ഒന്നും പറഞ്ഞില്ല. പറഞ്ഞതെല്ലാം നന്മകൾ മാത്രം. ആറ് നാൾ കൊണ്ട് കെട്ടുറുപ്പുള്ള ഒരു സൗഹൃദം അവർ തമ്മിൽ രൂപപ്പെട്ടു.

മനശ്ശാസ്ത്രജ്ഞന്മാർക്ക് പുതിയ അറിവായ ഈ സ്റ്റോക്ഹോം പ്രഭാവം പിന്നീട് ലോകത്തിലെ പല ഭാഗങ്ങളിലും വിമാനറാഞ്ചികളും ബന്ദികളും തമ്മിൽ ആവർത്തിച്ചു.

എന്നാൽ സപ്താഹം കേട്ടവർക്ക് ഇതിലൊരു വിസ്മയവും തോന്നാൻ വഴിയില്ല. കാരണം വെറുപ്പ് എന്ന ഏറ്റവും നികൃഷ്ടമായ വികാരത്തെ പോലും വിദ്വേഷഭക്തി എന്ന് വിളിച്ച് ഈശ്വരപ്രേമത്തിൻ്റെ ഉദാത്തമായ തലത്തിലേക്ക് ഭാഗവതം ഉയർത്തുന്നു.

ശൃംഗാരം, കാമപൂർത്തി, വാത്സല്യം, പ്രണയം, ആരാധന, സർഗ്ഗാത്മകത തുടങ്ങി എത്രയോ വികാരങ്ങളെ ഭാഗവതം ഈശ്വരീയമാക്കി മാറ്റുന്നു.

സപ്താഹവേദിയിൽ വെച്ച് പരീക്ഷിത്ത് ഒരു ചോദ്യമുന്നയിച്ചു.

“അല്ലയോ മഹർഷേ, ഭഗവാൻ സർവ്വഭൂതസുഹൃത്തും സർവ്വത്ര സമനുമാണെന്ന് അങ്ങ് പറഞ്ഞു. എന്നാൽ അസുരന്മാരെ കൊല്ലാൻ ദേവേന്ദ്രനെ സഹായിക്കുന്നത് ഭഗവാനാണ്. ഭഗവാന് പക്ഷഭേദം വരാൻ പാടില്ലല്ലോ?”

ശ്രീശുകബ്രഹ്മർഷി പറഞ്ഞു.

രാജാവേ, പ്രകൃതിയ്ക്കപ്പുറത്തെ പരമകാരണമായി വർത്തിക്കുന്ന ഭഗവാന് ദേവൻ,അസുരൻ എന്നീ ദ്വൈതഭാവനകളുമായി യാതൊരു ബന്ധവുമില്ല.

ഭഗവാനെന്ന ഏകസത്ത മാത്രമേ ഇവിടെയുള്ളു.മറ്റെല്ലാം മരുഭൂമിയിലെ കാനൽജലം പോലെയോ ഗന്ധർവ്വനഗരം പോലെയോ ഉണ്ടെന്ന് തോന്നിപ്പിക്കുന്നതാണ്. അങ്ങനെയാവുമ്പോൾ കൊല്ലുന്നതും കൊല്ലപ്പെടുന്നതും എല്ലാം ആ ഭഗവാൻ തന്നെയല്ലേ?

വിഷയത്തിന് കൂടുതൽ സ്പഷ്ടത വരുത്താൻ ശ്രീശുകൻ രാജസൂയ വേളയിൽ ധർമ്മപുത്രരും നാരദരും തമ്മിൽ നടന്ന സംവാദത്തെ കുറിച്ച് പരീക്ഷിത്തിനോട് പറഞ്ഞു.

രാജസൂയത്തിലെ അഗ്രപൂജ കൈക്കൊണ്ട കൃഷ്ണനെ നോക്കി ശിശുപാലൻ നിന്ദാവചനങ്ങൾ ചൊരിഞ്ഞു. സുദർശനമേറ്റ് വീണ ശിശുപാലദേഹത്തിൽ നിന്നും ഒരു തേജോമയരൂപം കൃഷ്ണനിൽ ലയിച്ചു, ആ അത്ഭുതകാഴ്ചയുടെ സാംഗത്യം എത്ര ചിന്തിച്ചിട്ടും ധർമ്മപുത്രർക്ക് പിടികിട്ടിയില്ല. അത് സൂചിപ്പിച്ചപ്പോഴാണ് ആ സംവാദം നടന്നത്.

നാരദർ പറഞ്ഞു.
യഥാ വൈരാനുബന്ധേന
മർത്ത്യസ്തന്മയതാമിയാത്
ന തഥാ ഭക്തിയോഗേന
ഇതി മേ നിശ്ചിതാമതി:
(7-1- 26)
(വിദ്വേഷഭാവനയിലാണ് ഭക്തി ഭാവനയേക്കാൾ എളുപ്പത്തിൽ ഭഗവദ് സായൂജ്യം കിട്ടുന്നത്‌ എന്നാണെൻ്റെ ദൃഢവിശ്വാസം)

കാരണം സ്നേഹിതനേക്കാൾ ശത്രുവിനെയാണ് നാം എപ്പോഴും ഓർമ്മിക്കുന്നത്. ഭഗവാനിൽ നിന്ന് മനസ്സ് വേറിടാതെയിരിക്കുന്നവന് പെട്ടെന്ന് സായൂജ്യം കിട്ടും. അതിനു പറ്റിയത് വിദ്വേഷഭാവമാണ്.

കീട: പേശസ്കൃതാ രുദ്ധ:
കുഡ്യായാം തമനുസ്മരൻ
സംരഭഭയയോഗേന
വിന്ദതേ തത്സരൂപതാം.
(7- 1 – 27)
(വേട്ടാളൻ എന്ന വണ്ട് ഒരു പുഴുവിനെ ചുമരിലുള്ള ദ്വാരത്തിൽ ഇട്ടടച്ചിട്ട് അതിനെ വിട്ടു പിരിയാതെ ഇരിക്കുന്നു. ഈ കീടം ക്രോധവും ഭയവും കാരണം വേട്ടാളനെ തന്നെ മനസ്സിൽ കണ്ട് ഒരു ദിവസം വേട്ടാളനായി മാറി പുറത്തേക്ക് പറന്നു പോകുന്നു.)

ഭഗവാനോടുള്ള വിദ്വേഷം വരെ ഈശ്വരസാക്ഷാൽക്കാരത്തിനുള്ള ഉപാധിയാക്കി ഭാഗവതം മാറ്റുന്നു.

മനുഷ്യമനസ്സ് വിദ്വേഷത്തിലൂടെ ഭഗവാങ്കൽ എത്രമാത്രം തന്മയീഭവിക്കുമോ അത്രമാത്രം ഭക്തിയിലൂടെ സാധ്യമല്ല. ഇതെൻ്റെ ഉറപ്പാണ്. തീരുമാനമാണ്.

ഇത് പറയുന്നത് ആരാണെന്നോ? ഭക്തിയുടെ പരമാചാര്യനും ഭക്തി സൂത്രകാരനും ആയ സാക്ഷാൽ നാരദരാണ് എന്നാേർക്കണം.

മനുഷ്യൻ കാമം, ഭയം, വിദ്വേഷം,സ്നേഹം, ഭക്തി മുതലായ ചില അടിസ്ഥാന വികാരങ്ങളുമായാണ് ജനിക്കുന്നത്. എല്ലാ ദു:ഖങ്ങൾക്കും കാരണം ഈ രാഗദ്വേഷങ്ങളാണ്. ഇതിൽ നിന്നുള്ള മോചനമാണ് മോക്ഷം.

“സർവ്വം ബ്രഹ്മമയം ” എന്ന സത്യം മനസ്സിലുറപ്പിക്കുകയാണ് രാഗദ്വേഷമോചനത്തിനുള്ള ഒരേയൊരു പോംവഴി. ശത്രുവെന്ന് കരുതുന്ന ആളിൽ ഈശ്വരീയത സങ്കല്പിച്ചാൽ അയാളോടുള്ള വിദ്വേഷം ഇല്ലാതാവും.

വൈകുണ്ഠം കാത്ത ജയനും വിജയനും സനകാദി മുനിമാരുടെ ശാപം മൂലം ഹിരണ്യന്മാരായും, രാവണകുംഭകർണ്ണന്മാരായും, ശിശുപാലദന്തവക്ത്രന്മാരായും പിറന്ന് വിദ്വേഷഭക്തി കൊണ്ട് വൈകുണ്ഠത്തിൽ തന്നെ തിരിച്ചെത്തി.

അഞ്ച് വയസ്സ് മാത്രം തോന്നിക്കുന്ന സനകാദിമുനിമാരെ കണ്ട് ഏതോ കുട്ടികളാണെന്ന് കരുതി ജയവിജയന്മാർ തടഞ്ഞു നിർത്തി.

മുനിമാർ അവരെ ശപിച്ചു

സത്വഗുണത്തിൻ്റെ മൂർത്തരൂപം പേറുന്ന വിഷ്ണുലോകം കാവൽ നില്ക്കാൻ യോഗ്യതയില്ലാത്ത രണ്ടു പേരും മൂന്ന് ജന്മങ്ങൾ അസുരന്മാരായി പിറക്കട്ടെ എന്നായിരുന്നു ശാപം. ഭഗവാനോടുള്ള തീവ്രമായ വിദ്വേഷ ഭക്തി കൊണ്ട് അവർ മൂന്ന് ജന്മം കൊണ്ട് വീണ്ടുംവൈകുണ്ഠം പൂകി.

ഭാരതത്തിലെ ഋഷിമാർ ദർശിച്ച വേദാന്തമല്ലാതെ മറ്റേത് തത്ത്വചിന്തയാണ് ഇതിനുള്ള ധൈര്യം കാട്ടിയത്? ഭക്തർക്ക് മാത്രമല്ല ഈശ്വരനിഷേധികൾക്കും മോക്ഷകവാടം തുറന്ന് കൊടുത്ത ദർശനം ഇവിടെയല്ലാതെ മറ്റെവിടെയാണ് ഉള്ളത്?

വേദാന്തം വിശ്വാസിയെന്നും അവിശ്വാസിയെന്നും പറഞ്ഞ് മനുഷ്യനെ വേർതിരിക്കുന്നില്ല. വിമർശനത്തിലൂടെയും സ്വന്തം അനുഭവത്തിലൂടെയും ജ്ഞാനം നേടാനാണ് അത് ആഹ്വാനം ചെയ്യുന്നത്.

വിശ്വാസിക്ക് മാത്രം കിട്ടുന്ന ശാശ്വതസ്വർഗ്ഗഭോഗങ്ങൾ വേദാന്തത്തിലില്ല. കർമ്മത്തിനും ജ്ഞാനത്തിനും ഭക്തിയ്ക്കുമാണ് ഇവിടെ പ്രാധാന്യം. അവിശ്വാസിയെ ചുട്ടുകരിക്കുന്ന നരകത്തീയില്ല. എല്ലാ മനുഷ്യരേയും ചേർത്ത് നിർത്തി ” സർവ്വംബ്രഹ്മമയം ” എന്ന ചിന്തയിൽ ഒരുമിപ്പിച്ച് നിർത്തുന്ന സമത്വദർശനമാണ് ഇവിടെ ഉള്ളത്.

മത്ത:പര തരം നാന്യത്
കിഞ്ചിദസ്തി ധനഞ്ജയ
മയി സർവ്വമിദം പ്രോതം
സൂത്രേ മണിഗണാ ഇവ
( ഭഗവദ്ഗീത.7-7)
(ഭഗവാനേക്കാൾ ശ്രേഷ്ഠമായി വേറെ ഒന്നും ഇല്ല. മാലയിലെ രത്നങ്ങൾ എന്ന പോലെ എല്ലാം ഒറ്റച്ചരടായ ഭഗവദ്സത്തയിൽ കോർക്കപ്പെട്ടിരിക്കുന്നു. ഒരു ചരട് പോലെ പ്രപഞ്ചഘടകങ്ങളിലെല്ലാം ഭഗവാൻ സന്നിവേശം ചെയ്ത് വിളങ്ങുന്നു.)

നമ്മളൊന്നാണ്. ഒരേയൊരു ഭഗവത് സത്ത നമ്മെ കൂട്ടിയിണക്കി കടന്ന് പോകുന്നു. മുല്ലപ്പൂ കൊണ്ട് കോർത്ത മാലയിലെ നൂല് അദൃശ്യമായത് പോലെ ഭഗവാൻ നമുക്ക് അദൃശ്യനാണ്. പക്ഷെ ഭഗവാൻ ഇവിടെയുണ്ട്. നാം കാണുന്നില്ല. അറിയുന്നില്ല.

ഒരു മാലയിലെ പൂക്കൾ പരസ്പരം ദ്വേഷിച്ചു കൂടാ. എന്നാൽ എപ്പോഴും അത് മാത്രം സംഭവിക്കുന്നു വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ ദ്വേഷിക്കുന്നു. അത് നിങ്ങളെ വേദനിപ്പിക്കുന്നു നിങ്ങൾക്കയാളോട് വെറുപ്പ് തോന്നുന്നു. അത് സ്വാഭാവികം.

നിങ്ങൾക്കയാളെ തിരിച്ചും വേദനിപ്പിക്കാം. അല്ലെങ്കിൽ അവഗണിക്കാം. പ്രതിക്രിയകൾ നിങ്ങളുടെ മനസ്സിൻ്റെ പ്രകൃതത്തെ ആശ്രയിച്ചാണ് .

എന്നാൽ പ്രതികരണം എങ്ങനെ വേണമെന്ന് പൂർവ്വികർ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. നേരായ കർമ്മത്തെ അവർ ധർമ്മം എന്ന് വിളിച്ചു. വെറും അര ശ്ലോകം കൊണ്ട് ധർമ്മത്തെ വെളിപ്പെടുത്തി.
ശ്രൂയതാം ധർമ്മസർവ്വസ്വം
ശ്രുതം ചൈവാവധാര്യതാം
ആത്മന: പ്രതികൂലാനി
പരേഷാം ന സമാചരേത്.
(നമുക്ക് ദു:ഖമുണ്ടാക്കുന്ന പ്രവർത്തി അന്യനോട് ചെയ്യരുത്.)

ഇത് മാത്രം പാലിച്ചാൽ എല്ലാമായി.

ഇതറിഞ്ഞിട്ടും മനുഷ്യർ പരസ്പരം ദ്രോഹിക്കുന്നു. ദ്രോഹിക്കുന്നവനെ വെറുത്തോളൂ. എന്നാൽ ഉണ്ണുമ്പോൾ പല്ലുകൊണ്ട് നാവ് മുറിഞ്ഞപ്പോൾ ആരെയാണ് നിങ്ങൾ പഴിച്ചത്?
ഭഗവാൻ്റെ അവസ്ഥയും ഇത് തന്നെ.

ഭഗവാന് ദേവന്മാരോടോ, അസുരന്മാരോടോ പക്ഷഭേദമില്ല കൊല്ലുന്നതും കൊല്ലപ്പെടുന്നതും ഭഗവാൻ തന്നെ. നിന്ദിക്കുന്നതും നിന്ദിതനാകുന്നതും ഭഗവാൻ തന്നെ.

പ്രപഞ്ചവുമായി ഭഗവാന് ദ്വൈതഭാവമില്ല. എല്ലാത്തിലും വ്യാപിച്ച് കിടക്കുന്നു. ഭഗവാനെ പ്രാപിക്കാൻ നമ്മുടെ കൈവശം എന്താണുള്ളത്? ഭഗവാന് കൊടുക്കാൻ എന്താണുള്ളത്?
ലോകത്തിലെ എല്ലാ വസ്തുക്കളും ഭഗവാൻ്റേതാണ്. എന്നാൽ ഭഗവാൻ തരാത്തതും, ഭഗവാൻ്റേതല്ലാത്തതും ആയ ചിലതുണ്ട്.

നമ്മൾ സ്വന്തം ആർജിച്ചെടുത്ത കാമം, ക്രോധം, മോഹം, മദം, ലോഭം, മാത്സര്യം, അസൂയ, ഡംഭ്, കുശുമ്പ്, പൊങ്ങച്ചം, വെറുപ്പ് തുടങ്ങിയ രാഗദ്വേഷങ്ങൾ ആണവ.

ഇവയൊന്നും ഭഗവാൻ തന്നതല്ല.

ഏകനായ ഭഗവാൻ ഇത്തരം വികാരങ്ങളുടെ ഉടമസ്ഥനുമല്ല. ഭഗവാന് ഇതിൻ്റെയൊന്നും ആവശ്യവുമില്ല. ദ്വൈതത്തിൽ മേയുന്നവർക്ക് മാത്രമേ ഇത്തരം വികാരങ്ങളുടെ ആവശ്യമുള്ളു.
ദ്വൈതത്തിൽ ജീവിക്കുന്നത് കൊണ്ട് രാഗദ്വേഷവികാരങ്ങൾ സ്വായത്തമാക്കി മൊത്തമായും ചില്ലറയായും വിപണനം ചെയ്യുന്ന കച്ചവടക്കാരായി നമ്മൾ മാറി. കച്ചവടമാണെങ്കിൽ പെരും നഷ്ടം.
ഇനിയും മതിയാക്കാനായില്ലേ?

നാം ആർജിച്ച രാഗദ്വേഷാദികൾ എല്ലാം ഭഗവാന് സമ്മാനിക്കാം. ആരാൻ്റെ പശുവിനെയല്ല സ്വന്തം പശുവിനെയാണ് ദാനം ചെയ്യേണ്ടത്. അതുകൊണ്ട് ഓരോ രാഗവും,ദ്വേഷവും ഭഗവാന് ദാനം ചെയ്യാം.

രാഗദ്വേഷാദികളെ ഉപാധിയാക്കി ഭഗവാനെ പ്രാപിക്കാനുള്ള ഇത്തരം രീതിശാസ്ത്രങ്ങളാണ് ഭാഗവതം നിറയെ.
നോക്കൂ.യുധിഷ്ഠിര രാജാവേ,
ഗോപ്യ: കാമാദ് ഭയാദ് കംസോ
ദ്വേഷാച്ചൈദ്യാദയോ നൃപാ :
സംബന്ധാദ് വൃഷ്ണയ: സ്നേഹാദ്
യൂയം ഭക്ത്യാ വയം വിഭോ!
(7-1-30)
(ഗോപസ്ത്രീകൾ കാമവൃത്തികൾ കൊണ്ടും, ഭയത്താൽ കംസനും, വിദ്വേഷത്താൽ ശിശുപാലൻ തുടങ്ങിയ രാജാക്കന്മാരും,ബന്ധം കൊണ്ട് വൃഷ്ണിവംശജരും, സ്നേഹം കൊണ്ട് നിങ്ങൾ ധർമ്മപുത്രാദികളും, ഭക്തിയാൽ മഹർഷിമാരും ഭഗവത്സായൂജ്യത്തെ പ്രാപിക്കും.)

രാവണൻ രാമനെ പ്രാപിച്ചതും കംസൻ കൃഷ്ണനെ പ്രാപിച്ചതും അങ്ങനെ തന്നെ.

തൂണുപിളർന്ന് നരസിംഹം ഹിരണ്യകശിപുവിനെ തേടി വന്നതും വിദ്വേഷഭക്തി കൊണ്ട് തന്നെ.

അതിലേക്ക് നാളെ വരാം.
(ചിത്രം കടപ്പാട് Google)
©✍️#SureshbabuVilayil

2+

Leave a Reply

Your email address will not be published. Required fields are marked *