ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 42

സുരേഷ് ബാബു വിളയിൽ

കൃഷ്ണൻ്റെ വിശേഷങ്ങളെല്ലാം ചാരന്മാർ മുഖേന ഓരോ ദിവസവും കംസനറിഞ്ഞു. തൻ്റെ ശത്രു കൃഷ്ണൻ തന്നെ എന്ന് കംസൻ ഉറപ്പിച്ചു.

വിദ്വേഷം മൂത്ത കംസൻ്റെ മനസ്സിൽ കൃഷ്ണനെകുറിച്ചുള്ള സ്മരണ മാത്രമായി. ക്രമേണ കാണുന്നതും കേൾക്കുന്നതും കൃഷ്ണനാണോ എന്ന ഭയപ്പാടും തുടങ്ങി.

സർവ്വം ബ്രഹ്മമയം ജഗത് എന്ന സത്യദർശനത്തിലേക്ക് കംസൻ വിദ്വേഷഭക്തിയിലൂടെ നടന്നടുത്തു.

കൃഷ്ണനെ വകവരുത്താനുള്ള ശ്രമങ്ങളെല്ലാം വിഫലമായപ്പോൾ കൊട്ടാരത്തിലേക്ക് വിളിച്ച് വരുത്തി ശത്രുസംഹാരം നടത്താൻ കംസൻ നിശ്ചയിച്ചു. കുവലയാപീഡം എന്ന എണ്ണം പറഞ്ഞ മദയാനയേയും ചാണൂരൻ, മുഷ്ടികൻ എന്ന പേരുള്ള രണ്ട് കായികാഭ്യാസികളേയും കംസൻ ഗോപുരദ്വാരത്തിൽ ഒരുക്കി നിർത്തി.

തൻ്റെ ക്ഷണത്തിൽ കുട്ടികൾക്ക് വിശ്വാസം തോന്നാൻ പേരിനൊരു ധനുർയാഗവും നിശ്ചയിച്ചു. അവരെ കൂട്ടികൊണ്ട് വരാൻ ഭക്താഗ്രേസരനായ യാദവമുഖ്യൻ അക്രൂരനെ തേരുമായി കംസൻ അയച്ചു.

കൃഷ്ണനെ കുറിച്ച് കേട്ട് ഉള്ളിൽ ഭക്തി നിറഞ്ഞ അക്രൂരൻ ഭഗവാനെ കാണാൻ വെമ്പൽ പൂണ്ട് നില്ക്കുകയായിരുന്നു. സന്ധ്യയോടെ അദ്ദേഹം വ്രജഭൂമിയിൽ എത്തി.

അവിടെ യമുനാതീരത്തെ മണലിൽ തെളിഞ്ഞ് കിടന്ന ഓരോ കാലടിയും കൃഷ്ണൻ്റേതാണെന്ന് അയാൾ സങ്കല്പിച്ചു. തേരിൽ നിന്നിറങ്ങി ആ കാലടികൾ പതിഞ്ഞ തറയിൽ വീണുരുണ്ടു.

ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണകൃഷ്ണ ഹരേഹരേ

എന്ന സങ്കീർത്തനത്തോടെ ആ നടപ്പാതയിലൂടെ നടന്ന് നീങ്ങിയ അക്രൂരൻ ഒരു ഗോപഗൃഹത്തിൽ പശുക്കളെ കറന്നു കൊണ്ടിരുന്ന രാമകൃഷ്ണന്മാരെ കണ്ടു.

ഭക്തിപാരവശ്യം കൊണ്ട് രോമാഞ്ചമണിഞ്ഞ അക്രൂരൻ രാമകൃഷ്ണന്മാരെ വണങ്ങി. കുട്ടികൾ അദ്ദേഹത്തെ ആലിംഗനം ചെയ്ത് സ്വീകരിച്ചു. കൈപിടിച്ച് ഗൃഹത്തിലേക്ക് കൊണ്ടു പോയി. നന്ദഗോപരുമായുള്ള കുശലത്തിനു ശേഷം അക്രൂരൻ വിഷയം അവതരിപ്പിച്ചു.

” കൃഷ്ണനേയും രാമനേയും മഥുരയിലെ ധനുർയാഗത്തിൽ പങ്കെടുക്കാൻ കംസരാജാവ് ക്ഷണിച്ചിട്ടുണ്ട്. കുട്ടികളെ കൂട്ടിക്കൊണ്ടുപോവാൻ തേരുമായി വന്നതാണ്.”

കണ്ണനെ കൊണ്ട് പോകാൻ അക്രൂരൻ എത്തിയ വിവരമറിഞ്ഞ് ഗോപികമാർ ദുഖാർത്തകളായി. അക്രൂരനല്ല അതിക്രൂരനാണ് വന്നതെന്നവർ നസ്യം പറഞ്ഞു. പലരും ഗോവിന്ദാ, ദാമോദരാ, മാധവാ എന്നിങ്ങനെ പേര് ചൊല്ലി വിളിച്ച് വാവിട്ടു കരഞ്ഞു.

നേരം പുലർന്നു. രാമകൃഷ്ണന്മാരെ കയറ്റി അക്രൂരൻ്റെ രഥം പുറപ്പെട്ടു. ബഹുവിധകാഴ്ചദ്രവ്യങ്ങളും തയിർക്കുടങ്ങളുമായി ഗോപന്മാർ അവരുടെ വണ്ടികളിലും പുറപ്പെട്ടു. പിന്നാലെ വന്ന ഗോപികമാരെയും കൂട്ടുകാരെയും പശുക്കൂട്ടങ്ങളേയും കണ്ണുകൊണ്ട് അനുനയിപ്പിച്ച് കണ്ണനവർക്ക് യാത്രാമൊഴി നൽകി. തേരിൽ നിന്നും പൊങ്ങിയ പൊടി പടലങ്ങൾ കാണാതാവുന്നതു വരെ ഗോപികമാർ അനുഗമിച്ചു . പിന്നെയവർ നിശ്ചേഷ്ടകളായി ജീവച്ഛവമായി അവിടെ തന്നെ നിന്നു.

കാളിന്ദീ തീരത്തെത്തിയപ്പോൾ ആ സ്ഫടികസമാനമായ വെള്ളത്തിൽ സ്നാനം ചെയ്യാൻ അക്രൂരൻ തീർച്ചയാക്കി. തേരവിടെ നിർത്തി. രാമകൃഷ്ണന്മാർ മതിവരുവോളം വെള്ളം കോരി കുടിച്ച് നദീതീരത്തെ വൃക്ഷച്ചുവട്ടിൽ ഇരുന്നു.

അക്രൂരൻ കുളിക്കാനായി നദിയിൽ ഇറങ്ങി മുങ്ങി. വെള്ളത്തിനുള്ളിൽ രാമകൃഷ്ണന്മാരുടെ രൂപംകണ്ട് വിസ്മയിച്ചു. മുങ്ങി നിവർന്നപ്പോൾ കരയിൽ പുഞ്ചിരി തൂകി കൊണ്ട് അവർ നില്പുണ്ട്. വീണ്ടും മുങ്ങി. അപ്പോൾ വെള്ളത്തിനടിയിലും അവരുണ്ട്. ധൃതിയിൽ കുളിയും തേവാരവും കഴിച്ച് തേരിൽ കയറിയപ്പോൾ അവർ തേരിലും ഇരിക്കുന്നു.

ഭക്തൻ്റെ ഹൃദയത്തിൽ ഭക്തിരസം തളിർക്കുമ്പോൾ ഭഗവാൻ വിശ്വരൂപനായി വിശ്വം മുഴുവൻ നിറയുന്നതിൻ്റെ ക്രമമാണ് അക്രൂരൻ്റെ അനുഭവത്തിലൂടെ ഭാഗവതം കാണിച്ചു തന്നത്.

ബോധസ്വരൂപനായ ഭഗവാൻ ഒന്നു മാത്രമേ ഇവിടെയുള്ളു. അതിനെ കാണാൻ കഴിയില്ല. എന്നാൽ കടലിൽ നിന്ന് വെള്ളമെടുത്താലും പാത്രത്തിൻ്റെ രൂപത്തിലേക്ക് കടൽ മാറുന്ന പോലെ മനസ്സെങ്ങനെയോ ആ രൂപത്തിലേക്ക് ഭഗവാൻ മാറും.

ഭഗവദ് ഭക്തിയിലലിഞ്ഞ് ചേർന്ന അക്രൂരമനസ്സ് ക്യഷ്ണരൂപത്തിൽ നിന്നും വികസിച്ച് വിശ്വരൂപത്തെ പ്രാപിച്ചു. കൃഷ്ണനൊപ്പം ദേവീദേവന്മാരേയും സിദ്ധചാരണഗന്ധർവ്വാസുരന്മാരെയും കണ്ടു.

സഹസ്രശീർഷനായി നീലപ്പട്ടുടുത്ത് കൈലാസപർവ്വതം പോലെ അക്രൂരൻ ഭഗവാനെ കണ്ടു. ആ രൂപത്തിൻ്റെ മടിത്തട്ടിലായി മഞ്ഞപ്പട്ടുടുത്ത് നാല് കൈകളുമായി നില്ക്കുന്ന ചെന്താമരക്കണ്ണനേയും അയാൾ കണ്ടു. ഭക്തിയുടെ ശിഖരങ്ങളിലേറി ആനന്ദക്കണ്ണീരണിഞ്ഞ് അക്രൂരൻ ഭഗവാനെ ഇങ്ങനെ സ്തുതിച്ചു

നതോfസ്മ്യഹംത്വാഖിലഹേതു ഹേതും

നാരായണംപുരുഷമാദ്യമവ്യയം
യന്നാഭിജാതാദരവിന്ദകോശാദ് –
ബ്രഹ്മാffവിരാസീദ് യത ഏഷ ലോക:
(10-40- 1)
കാരണങ്ങളുടെ കാരണമായവനും ആദ്യനും, നാശമില്ലാത്തവനും, സൃഷ്ടാവിൻ്റേയും ജഗത്തിൻ്റേയും ജനയിതാവുമായ,പരമജ്ഞാനം മാർഗ്ഗവുമായ ഭഗവാനേ, അങ്ങേക്ക് നമസ്ക്കാരം.

പലരീതിയിലും ,സമ്പ്രദായങ്ങളിലും ആരാധ്യനാണ് അങ്ങ്. നദികളെല്ലാം സമുദ്രത്തിൽ എത്തുന്നത് പോലെ എല്ലാ ആരാധനകളും അങ്ങയിൽ തന്നെയാണെത്തുന്നത്.

ബോധം മാത്രം സ്വരൂപമായവനും, എല്ലാ അറിവുകൾക്കും കാരണവും ജീവനും ഈശ്വരനും പ്രകൃതിയും ആയി പരിണമിക്കുന്നവനും അനന്തശക്തിസ്രോതസ്സുമായ ബ്രഹ്മത്തെ നമസ്ക്കരിക്കുന്നു.

നമോ വിജ്ഞാനമാത്രായ
സർവ്വപ്രത്യയ ഹേതവേ
പുരുഷേശപ്രധാനായ
ബ്രഹ്മണേfനന്തശക്‌തയേ.
അക്രൂരൻ സ്തുതിച്ചു കൊണ്ട് നില്ക്കുമ്പോൾ പെട്ടെന്നെല്ലാം മറഞ്ഞു.

അക്രൂരൻ പറഞ്ഞു.
“കൃഷ്ണാ കരയിലും വെള്ളത്തിലും ആകാശത്തിലും അങ്ങയെ കാണുന്നു.”

കൃഷ്ണൻ ചോദിച്ചു
“ഭക്തരോടൊപ്പം എവിടെയായാലും ഭഗവാനുണ്ട് എന്ന സത്യം ഇപ്പോൾ അങ്ങേക്ക് ബോദ്ധ്യപ്പെട്ടില്ലേ?”

അക്രൂരൻ രഥം തെളിച്ചു. അവർ സന്ധ്യയോടെ മഥുരാപുരിയിൽ എത്തി. അപ്പോഴേക്കും ഗോപന്മാരും അവിടെയെത്തിയിരുന്നു.

തേജസ്വികളായ രാമകൃഷ്ണന്മാരെ കണ്ട് മഥുരാ വാസികൾ അത്ഭുതം കൂറി നിന്നു.

കൃഷ്ണൻ അക്രൂരനോട് പറഞ്ഞു.

“ഞങ്ങളെ ഇവിടെയെത്തിച്ച വിവരം അങ്ങ് രാജാവിനെ അറിയിക്കുക. ഞങ്ങളീ പട്ടണം നടന്നു കാണാൻ പുറപ്പെടുകയാണ്.”
പട്ടണത്തിലെ രാജവീഥിയിലൂടെ നടന്നു നീങ്ങിയ രാമകൃഷ്ണന്മാരെ കാണാൻ മഥുരാവാസികൾ വഴിയരികിൽ തടിച്ചു കൂടി. ഭഗവാൻ പുഞ്ചിരി നിറഞ്ഞ തൃക്കണ്ണ് പായിച്ച് എല്ലാവരേയും അനുഗ്രഹിച്ചു.
©✍️#SureshbabuVilayil

0

One thought on “ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 42

  1. ശ്രീ കൃഷ്ണ ലീലകൾ എത്ര വായിച്ചാലും മതി വരില്ല, ഇപ്പോൾ കമ്സന്റെ ക്ഷണപ്രകാരം മധുരാ പുരിയിൽ എത്തിയിരിക്കയാണ്, കമ്സന്റെ anthyakalam അടുത്തിരിക്കയാണ്, അജ്നാണികൾ സ്വയം വിളിച്ചു വരുത്തുകയാണ് മരണം (vinaasahakaaleവിപരീത ബുദ്ധി ). വായന ക്കാർക്ക് അഭിനന്ദനങ്ങൾ

    0

Leave a Reply

Your email address will not be published. Required fields are marked *