ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 62

സുരേഷ് ബാബു വിളയിൽ

ഉദ്ധവർ ചോദിച്ചു.

“ഭഗവാനേ, വർണ്ണാശ്രമാചാരങ്ങളിൽ പെട്ട് കഴിഞ്ഞുകൂടുന്ന മനുഷ്യർക്ക് അങ്ങയിൽ ഭക്തി ജനിപ്പിക്കുന്ന ധർമ്മങ്ങൾ എന്തൊക്കെയാണ്?

ഭഗവാൻ പറഞ്ഞു.

കൃതയുഗാരംഭത്തിൽ മനുഷ്യരെല്ലാം ഹംസവർണ്ണരായിരുന്നു. പാപം തൊട്ടു തീണ്ടാത്തവരും നിഷ്ക്കളങ്കരും ആയിരുന്നു. ജന്മനാ കൃതകൃത്യർ. അത് കൊണ്ട് ആ യുഗത്തിന് കൃതയുഗം എന്ന പേര് വന്നു.

അക്കാലത്ത് പ്രണവമാണ് വേദം. കാളയുടെ രൂപം ധരിച്ച ഞാനാണ് ധർമ്മം. അന്ന് യാഗങ്ങളില്ല. ക്ഷേത്രാരാധനയില്ല, വ്രതങ്ങളില്ല. തീർത്ഥയാത്രകളില്ല. എല്ലാവരും ശുദ്ധബോധസ്വരൂപന്മാരായി അനുനിമിഷം തപോനിരതന്മാരായിരുന്നു.

ഉദ്ധവരേ, ആദികാരണമായ ഞാൻ തന്നെയാണ് ഈ പ്രപഞ്ചമായി ചമഞ്ഞത്. നിനക്ക് ചുറ്റും കാണുന്നതെല്ലാം ജഗദ്രൂപനായ എൻ്റെ അവയവങ്ങളാണ്. അത് കൊണ്ട് ഞാൻ വിരാട്പുരുഷൻ എന്നും അറിയപ്പെട്ടു.

രണ്ടാം യുഗമായ ത്രേതായുഗം വന്നു. ധർമ്മം നശിച്ചു തുടങ്ങി. അപ്പോൾ വിധിനിഷേധങ്ങൾ(Do’s & Don’ts) വേണമെന്നായി. എൻ്റെ വിരാട് രൂപമായ പ്രാണനിൽ നിന്നും രൂപം കൊണ്ട വേദങ്ങൾ ഞാൻ ഋഷിമാർക്ക് വെളിപ്പെടുത്തി.

യാഗങ്ങൾ ഉണ്ടായി. ഞാൻ തന്നെ ഹോതാവ്, അധ്വര്യു, ഉദ്ഗാതാവ് എന്നിങ്ങനെ മൂന്നു മുഖമുള്ള ബ്രഹ്മനായി ഭവിച്ചു.

കർമ്മനിർവ്വഹണത്തിന് അവയവങ്ങൾ വേണമെന്നായി. സ്മൃതികൾ രൂപം കൊണ്ടു. നിയമവ്യവസ്ഥകളും,ശാസനകളും, ദണ്ഡനങ്ങളും, രാജാവുമുണ്ടായി.

വിരാട്പുരുഷൻ്റെ മുഖത്ത് നിന്നും ബ്രാഹ്മണനും, ബാഹുവിൽ നിന്നും, ക്ഷത്രിയനും, ഊരുവിൽ നിന്ന് വൈശ്യനും, പാദത്തിൽ നിന്ന് ശൂദ്രനും ഉണ്ടായി.

ഈ നാലുവർണ്ണങ്ങളും എൻ്റെ നാലവയവങ്ങളാണ്. അവയെല്ലാം ഒരേ നിലയിലാണ്. ഒന്ന് ഉയർന്നത് എന്നോ മറ്റേത് താണത് എന്നോ ഭേദമില്ല. മറ്റൊന്നിനെ അപേക്ഷിച്ച് മാത്രമാണ് ഉയർച്ചതാഴ്ചകളും, മുകൾഭാഗം കീഴ്ഭാഗം, വലുത് ചെറുത് എന്നീ ഭേദഭാവങ്ങൾ നിലനില്ക്കുന്നത്.

ഏകനായ ഞാൻ ആരേയും അപേക്ഷിച്ചല്ല നിലനില്ക്കുന്നത്.

രണ്ടോ അതിൽ കൂടുതലോ ഉണ്ടെങ്കിലല്ലേ താരതമ്യത്തിന് പ്രസക്തിയുള്ളു.

മുഖം കിമസ്യ കൗബാഹു
കാ ഊരു പാദമുച്യേത

വിരാട്പുരുഷശരീരത്തിൽ മുഖവും കൈകാലുകളും തുടയും എവിടെ സങ്കല്പിക്കാനാണ് എന്ന പുരുഷസൂക്തത്തിലെ വരികൾ ഓർമ്മിച്ചാൽ, ഭഗവാൻ സൃഷ്ടിച്ച ചാതുർവർണ്ണ്യത്തിലെ ഉച്ചനീചത്വം പൗരോഹിത്യവും, ദുഷ്പ്രഭുത്വവും ചേർന്ന് നിർമ്മിച്ച അനാചാരമാണ് എന്ന് ബോദ്ധ്യപ്പെടും.

വർണ്ണങ്ങളെ ഭഗവദ്ശരീരത്തിൻ്റെ അവയവങ്ങളായി ഉപമിച്ച ഭാഗവതത്തിൻ്റെ അർത്ഥഗരിമ എത്ര ഗംഭീരമാണ്?

വർണ്ണാശ്രമത്തെ മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരു ജിജ്ഞാസുവിൽ ആ അർത്ഥബോധം ഉണ്ടാവണം.

മനുഷ്യൻ്റെ ഏറ്റവും ശ്രേഷ്ഠമായ അവയവം ഏതാണ്? കണ്ണാണോ? കാതാണോ? മൂക്കാണോ? കാലാണോ? കൈയാണോ? തുടയാണോ? പറയാൻ ബുദ്ധിമുട്ടാണ്.

ഏതിലാണോ രോഗം വരുന്നത് ആ അവയവമാണ് അയാൾക്ക് വലുത് എന്നേ പറയാൻ പറ്റൂ. കാലുവേദന വന്നാൽ ഒരടി നടക്കാനാവില്ല. അപ്പോൾ കാലാണ് വലുത്. കണ്ണ് രോഗം വന്നാൽ കണ്ണാണ് വലുത്. അങ്ങനെ ഓരോന്നും വലുത് തന്നെ. ഒന്നും മറ്റൊന്നിനേക്കാൾ മോശമല്ല. അങ്ങനെയാരെങ്കിലും ചിത്രീകരിക്കുന്നുവെങ്കിൽ അതിനു പിന്നിൽ മറ്റെന്തെങ്കിലും കുത്സിത താല്പര്യം കാണും.

ധർമ്മത്തിന് ഗ്ലാനി സംഭവിച്ചപ്പോൾ ഹംസവർണ്ണം ആചാരഭേദങ്ങൾ അനുസരിച്ച് നാലായി. വർണ്ണങ്ങൾ നിലനില്ക്കുന്നത് ശരീരത്തിൻ്റെ നിറത്തിലോ സൗന്ദര്യത്തിലോ ശക്തിയിലോ അല്ല. മറിച്ച് കണ്ണുകൾക്ക് ദൃശ്യമല്ലാത്ത വാസനാരൂപത്തിലുള്ള സൂക്ഷ്മശരീരത്തിലാണ്.

ഭഗവാൻ ആരേയും ബ്രാഹ്മണനാേ ക്ഷത്രിയനോ വൈശ്യനോ ആയി ജനിപ്പിച്ചിട്ടില്ല. ജനനം കൊണ്ട് മനുഷ്യരെല്ലാം ശൂദ്രന്മാരാണ്.

ജന്മനാ ജായതേ ശൂദ്ര.:
സംസ്കാരാത് ഭവേദ് ദ്വിജ:
വേദപാഠാത് ഭവേദ് വിപ്ര:
ബ്രഹ്മജ്ഞാനേതി ബ്രാഹ്മണ:
(സ്കന്ധപുരാണം 6-239-31)
ശൂദ്രൻ ബ്രഹ്മജ്ഞാനം നേടിയാൽ ബ്രാഹ്മണനായി എന്നർത്ഥം.

വർണ്ണം എന്ന പദം ഉണ്ടായത് ‘വര് ‘ എന്ന ധാതുവിൽ നിന്നാണ്. വരിക്കുക, സ്വീകരിക്കുക, തെരഞ്ഞെടുക്കുക എന്നെല്ലാമാണ് അതിനർത്ഥം.

വാസ്തവത്തിൽ അച്ഛനമ്മമാർ മക്കളെ വരിക്കുകയല്ല, മക്കൾ അച്ഛനമ്മമാരെയാണ് വരിക്കുന്നത്. ഓരോ ജീവനും അവനവൻ്റെ കർമ്മഫലത്തിന് അനുസരിച്ചുള്ള അച്ഛനമ്മമാരെയാണ് കിട്ടുന്നത്.

അത് കൊണ്ട് അച്ഛനമ്മമാരെ മനസ്സിൽ പോലും ദുഷിക്കരുത്. കാരണം അവർ നമ്മളെയല്ല. നമ്മളവരെയാണ് വരിച്ചത് എന്നോർമ്മിക്കണം.

ഭഗവാൻ തുടരുന്നു

എൻ്റെ ഓരോ അവയവങ്ങളിൽ നിന്നാണ് ചതുരാശ്രമങ്ങൾ ഉണ്ടായത്. ജഘനത്തിൽ നിന്ന് ഗൃഹസ്ഥാശ്രമവും, ഹൃദയത്തിൽ നിന്ന് ബ്രഹ്മചര്യവും, മാറിടത്തിൽ നിന്ന് വാനപ്രസ്ഥവും, ശിരസ്സിൽ നിന്ന് സന്യാസവും ഉണ്ടായി.

എല്ലാവരും ഐകമത്യത്തോട് കൂടി അവരവരുടെ പ്രവൃത്തികൾ ചെയ്താൽ ലോകക്ഷേമം തനിയെ കൈവരും.

കൃതയുഗത്തിലെ ഗുണങ്ങൾ തികഞ്ഞവരെ ബ്രാഹ്മണർ എന്ന് വിളിച്ചു ശമം, ദമം, ക്ഷമ, ശൗചം, തത്ത്വചിന്തനം, ബുദ്ധി, സന്തോഷം, ഋജുത്വം, ഭക്തി, ദയ, സത്യം ഇവയൊക്കെയാണ് ബ്രാഹ്മണ പ്രകൃതി.

തേജസ്സ്, ബലം, ധൈര്യം, ശൗര്യം, സഹനശക്തി, ഔദാര്യം, ഉത്സാഹം, സ്ഥിരത, ബ്രഹ്മചിന്തനം, ഐശ്വര്യം എന്നിവ ക്ഷത്രിയപ്രകൃതിയാണ്.

ഈശ്വരചിന്ത, ദാനനിഷ്ഠ, ബ്രഹ്മസേവ, അഹങ്കാരമില്ലായ്മ, ധനാർജനത്തിൽ ഔത്സുക്യം എന്നിവയാണ് വൈശ്യൻ്റെ പ്രകൃതം.

ശുശ്രുഷ, ഗോസേവ, ദേവോപാസന, സംതൃപ്തി എന്നിവ ശൂദ്രപ്രകൃതി.

ഈ ശീലയോഗ്യതകൾ വാക്കിലും നോക്കിലും ആർക്കൊക്കെ ഉണ്ടോ അവരെ ആ വർണ്ണത്തിൽ പെട്ടവരായി കരുതാം.

ജനിക്കുമ്പോൾ എല്ലാവരും ശൂദ്രന്മാരാണ്. കർമ്മം കൊണ്ടാണ് ദ്വിജത്വം നേടുന്നത്.

ഒരു ജീവിതത്തിൽ രണ്ടു ജന്മം പേറുന്നതാണ് ദ്വിജത്വം. രണ്ടാം ജന്മം നല്കുന്നത് ഗുരുവാണ്. ഗുരുവിൻ്റെ ജ്ഞാനഗർഭത്തിൽ നിന്നാണ് ഉത്തമശിഷ്യൻ്റെ പിറവി.

ആ പ്രസവത്തിൻ്റെ സൂചനയാണ്: ഉപവീതം (പൂണൂൽ). ഹൃദയത്തിന് കുറുകെയാണ് ശരീരത്തിൽ അതിൻ്റെ സ്ഥാനം. മാതാപിതാഗുരു ദൈവം എന്ന ആപ്തവാക്യത്തിൽ മാതാവും പിതാവും കഴിഞ്ഞ് ഗുരുവിനും സ്ഥാനം കൊടുത്തത് അതുകൊണ്ടാണ്.

ആദ്യത്തെ മൂന്ന് വർണ്ണങ്ങളിലും ഉപനയനം എന്ന ചടങ്ങുണ്ട്. ജനിച്ച ഗോത്രം ഏതായാലും ഗുരുവിൻ്റെ ആദേശം ലഭിച്ചാൽ ഉപനയനത്തിന് തടസ്സമില്ല.

ജന്മമല്ല കർമ്മമാണ് ബ്രാഹ്മണ്യം നേടുന്നതിന് നിദാനം. അങ്ങിനെ നേടിയവർക്ക് പൗരോഹിത്യത്തിനും അർഹതയുണ്ട്. ബ്രഹ്മജ്ഞാനവും ധർമ്മാനുഷ്ഠാനവും ആർജിക്കാൻ ആർക്കും തടസ്സമില്ല.
ബ്രാഹ്മണകുലത്തിൽ ജനിച്ചത് കൊണ്ടോ വേദാധ്യയനം ചെയ്ത് സമർത്ഥനായതു കൊണ്ടോ ഒരാളും ബ്രാഹ്മണനാവില്ലെന്ന് മഹാഭാരതവും പറയുന്നു.

അധീത്യവേദാംശ്ചതുരോ
വിദുരോ ജ്ഞാനസമ്പദാ
ദ്വിജോfപി യ: കർമ്മഹീന:
സ വൈ ബ്രാഹ്മണഗർദ്ദഭ:
(വേദാധ്യയനം ചെയ്ത് സാമർത്ഥ്യം കൈവരിച്ചാലും ധർമ്മാനുഷ്ഠാനം ഇല്ലെങ്കിൽ അവൻ ബ്രാഹ്മണനല്ല. കഴുതയാണ്.)

ന വിശേഷോസ്തി വർണ്ണാനാം
സർവ്വം ബ്രഹ്മമിഹം ജഗത്
ബ്രാഹ്മണാ പൂർവ്വസൃഷ്ടം ഹി
കർമ്മണാ വർണ്ണതാം ഗതം.

ആദിയിൽ വർണ്ണഭേദമില്ലായിരുന്നു. എല്ലാവരും ബ്രാഹ്മണരായിരുന്നു. ക്രമേണ അവനവൻ്റെ കർമ്മം കൊണ്ട് വർണ്ണത്തെ നേടി.

ഭഗവാൻ തുടരുന്നു.

അതുകൊണ്ട് ഹേ,ഉദ്ധവരേ, എല്ലാറ്റിലും എന്നെ ഭാവന ചെയ്ത് ഉറപ്പിക്കുക. അതാണ് ഭക്തി.ഏത് തരക്കാർക്കും ഇത് സ്വീകരിക്കാം.ഗൃഹസ്ഥനും ബ്രഹ്മചാരിക്കും വാനപ്രസ്ഥിക്കും സന്യാസിക്കും ഈ ഭക്‌തി അഭ്യസിക്കാം.

ഏത് പ്രവൃർത്തി ചെയ്യുമ്പോഴും ”സർവ്വംബ്രഹ്മമയം ” എന്ന ഓർമ്മ വിട്ടു പോകാതെ സൂക്ഷിക്കണം. ഈ അഭ്യാസം സത്യാന്വേഷിയുടെ രാജപാതയാണ്. അചിരേണ ഭേദചിന്തകളും രാഗദ്വേഷങ്ങളും വിട്ട് മാറി ചിത്തം പ്രസന്നമാകും.

ഒരു ഗൃഹസ്ഥൻ കുടുംബത്തിലെ കാര്യങ്ങളെല്ലാം ഈശ്വരപൂജയായി കരുതണം. ഭാര്യയേയും മക്കളേയും ഈശ്വരൻ തന്ന സമ്മാനമായി കരുതണം.എന്നിരുന്നാലും വല്ലാതെ സംഗബദ്ധനാവാതെ ഇരിക്കണം കുടുംബത്തോട് അമിതമായ ആസക്തി ഉപേക്ഷിക്കണം.

ബന്ധങ്ങൾ വഴിയമ്പലങ്ങളിലെ സംഗമം മാത്രമാണ്.സ്വന്തം വീട്ടിലും അതിഥിയെ പോലെ നിർമ്മമനായും നിരഹങ്കാരിയായും കഴിയണം. വാർദ്ധക്യമായാൽ ഏകാന്തത്തിൽ ധ്യാനനിരതനായി കഴിയണം.

എല്ലാ കർത്തവ്യങ്ങളും മക്കളെ ഏല്പിച്ച് വാനപ്രസ്ഥിയാകണം.മരണകാലം അടുക്കുമ്പോൾ കുടുംബപ്രാരബ്ധങ്ങൾ ഓർത്ത് വ്യാകുലപ്പെടാതെ ഇരിക്കണം. അതിനുള്ള അഭ്യാസമാണ് വാനപ്രസ്ഥം.
വീണ്ടും ഇരുളടഞ്ഞ സംസാരചക്രത്തിൽ ബദ്ധനാകാതെ ഇരിക്കാൻ വാനപ്രസ്ഥം അത്യാവശ്യമാണ്.

അവസാനമെത്തുമ്പോൾ സുഖഭോഗങ്ങളെ സന്തോഷത്തോടെ ത്യജിക്കാനുള്ള മനസ്സ് വരും.അപ്പോൾ സന്യാസദീക്ഷയും തേടാം.

ഭഗവാൻ്റെ വിശദീകരണം കേട്ട് സംശയം നീങ്ങി ഉദ്ധവരുടെ ചിത്തം തെളിഞ്ഞു.
©✍️#Suresh Babu Vilayil

3+

Leave a Reply

Your email address will not be published. Required fields are marked *