ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 16

സുരേഷ് ബാബു വിളയിൽ

വ്യക്തിയുടെ അധിഷ്ഠാനം അഹമാണ്. അത് ജന്മനാ കിട്ടുന്നതാണ്. ഞാനും ഭാര്യയും തട്ടാനുമാണ് അഹത്തിലെ ത്രിത്വം. ആ ത്രിത്വത്തിനുള്ള അവകാശം അപരന് വകവെച്ച് കൊടുക്കാൻ പലരും തയ്യാറല്ല. ലോകത്തിൻ്റെ താളം അതോടെ തെറ്റുകയായി.

മനുഷ്യൻ ഒരു സാമൂഹ്യജീവിയായത് കൊണ്ട് സമമായ അഹങ്ങൾ ചേർന്ന് സമൂഹം രൂപപ്പെടേണ്ടതുണ്ട്.പ്രകൃതി സമ്പത്തുകൾ നീതിയുക്തമായി വിതരണം ചെയ്താൽ ലോകം സ്വർഗ്ഗമായി മാറും. അതിനെല്ലാമുള്ള പൊന്ന് ഭൂമിയമ്മ സ്വരുക്കൂട്ടി വെച്ചിട്ടുണ്ട്.

എന്നാൽ ആദ്യം കണ്ടത് കൊണ്ട് താനാണീ പൊന്നിൻ്റെയെല്ലാം അവകാശിയെന്ന് ഹിരണ്യാക്ഷൻ പ്രഖ്യാപിച്ചു. കൈക്കരുത്ത് കൊണ്ട് എതിർപ്പുകളെ മറികടന്നു. നേടിയ സമ്പത്തെല്ലാം അയാൾ സ്വന്തം നിലവറയിൽ നിറച്ചു. ആർക്കും ഒന്നും കൊടുത്തില്ല.
ഈശാവാസ്യമിദം സര്‍വ്വം
യത്കിഞ്ച ജഗത്യാം ജഗത്
തേന ത്യക്തേന ഭുഞ്ജീഥാഃ
മാ ഗൃധഃ കസ്യസ്വിദ്ധനം
എന്ന ഉപനിഷത്തിൻ്റെ യജ്ഞ പ്രഖ്യാപനത്തെ ഹിരണ്യാക്ഷൻ വെല്ലുവിളിച്ചു.

ഹിരണ്യം എന്നാൽ സ്വർണ്ണം. അക്ഷം എന്നാൽ കണ്ണ്. സമൂഹത്തിലുള്ളവരുടെ ദുരിതം കാണാതെ സ്വർണ്ണത്തെ മാത്രം കാണുന്നവൻ ഹിരണ്യാക്ഷൻ.

അവനൊരു സഹോദരനുണ്ട്. പേര് ഹിരണ്യകശിപു. എന്തിലും സ്വർണ്ണം കണ്ടെത്തുന്നവനും സ്വർണ്ണം കിടക്കയാക്കുന്നവനും. സ്വർണ്ണത്തിലാണ് അവൻ്റെ കിടപ്പ്.ദുരിതങ്ങൾ മറ്റുള്ളവർക്ക്, സുഖം ഞങ്ങൾക്ക് എന്നായിരുന്നു ആ സഹോദരന്മാരുടെ മതം.

ഇങ്ങനെ ചിലർ സർവ്വം സ്വന്തമാക്കി, അത് മറ്റാർക്കും കൊടുക്കാതെ,പങ്കുവെക്കാതെ, നിന്നാൽ പ്രകൃതിയുടെ താളം തെറ്റും. ഏതമ്മയ്ക്കും സങ്കടം വരും. ഭൂമി അമ്മയാണ്. ഒരു കൂരയിൽ പങ്കിട്ടനുഭവിയ്ക്കേണ്ട സന്തോഷം ഹിരണ്യന്മാർ കാരണം നഷ്ടമായി. മക്കളുടെ ദുരിതം കണ്ട് ഭൂമിയമ്മ കരഞ്ഞു.

ആ സങ്കടപ്പെയ്ത്തിൻ്റെ കണ്ണീർകടലിൽ ഭൂമി താണു പോയി. അതല്ല ഹിരണ്യാക്ഷൻ ഭൂമിയെ കണ്ണീരാഴിയിൽ താഴ്ത്തി എന്നും പറയാം. ഭാഗവതം പറയുന്നതങ്ങിനെയാണ്.

അമ്മമാരുടെ വിലാപം ഭഗവാന് സഹിക്കില്ല. ഭൂമിദേവിയുടെ രോദനം കേട്ട് ഭഗവാൻ വലിയൊരു കാട്ടുപന്നിയുടെ രൂപമെടുത്തു. അതാണ് വരാഹാവതാരം.

ഭൂമിയാർക്കാണ്? ഹിരണ്യാക്ഷനോ യജ്ഞഭാവനക്കോ? ആ യുദ്ധം കുറേ നാൾ തുടർന്നു. യുദ്ധാന്ത്യത്തിൽ വരാഹത്തിൻ്റെ സുദർശനം കൊണ്ട് ഹിരണ്യാക്ഷൻ കൊല്ലപ്പെട്ടു.

പിന്നെ വാത്സല്യനിറവിൽ വരാഹം ഭൂമിയെ ആശ്ലേഷിച്ചു. തേറ്റകൊണ്ട് ശരീരം മുഴുവൻ ഉമ്മ വെച്ച് ആ സങ്കടക്കടലിൽ നിന്നും ഭഗവാൻ ഭൂമിയമ്മയെ ഉയർത്തി.

കൃതജ്ഞതയോടെ ഭഗവാനെ നോക്കി, ആ വക്ഷസ്സിൽ തല ചായ്ച് ഭൂമിയമ്മ നിന്നു. ആ സമാഗമരംഗം നേരിൽ കണ്ട ബ്രഹ്മാവാദി ദേവഗണങ്ങളും ഋഷിമാരും യജ്ഞവരാഹത്തെ സ്തുതിച്ചു.

പ്രകൃതിവിഭവങ്ങളുടെ സ്വകാര്യാവകാശത്തിനെതിരെ മുഴങ്ങിയ ഭൂമിയിലെ ആദ്യത്തെ യുദ്ധപ്രഖ്യാപനമാണ് ഭാഗവതത്തിലെ വരാഹാവതാരം.

ഹിരണ്യാക്ഷന്മാർ എത് കാലത്തും ഉണ്ട്. അവരെ നിലയ്ക്ക് നിർത്താൻ യജ്ഞവരാഹമൂർത്തി വേണം. കാരണം യജ്ഞത്തിലാണ് ലോകം നിലനില്ക്കുന്നത്.

യജ്ഞങ്ങൾ അഞ്ചാണ്. ഋഷിയജ്ഞം,ദേവയജ്ഞം, പിതൃയജ്ഞം,നരയജ്ഞം, ഭൂതയജ്ഞം എന്നിവയാണവ. ഈ പഞ്ചമഹായജ്ഞം എല്ലാ ഗൃഹസ്ഥന്മാരും നഷ്ക്കർഷയോടെ ചെയ്യണമെന്ന് ഭാഗവതം പറയുന്നു.

ഋഷികുലം തന്ന ആത്മവിദ്യയെന്ന സമാനതയില്ലാത്ത അറിവിനെ പഠിയ്ക്കാം .പ്രചരിപ്പിയ്ക്കാം. അതാണ് ഋഷിയജ്ഞം.

മരം നട്ടുപിടിപ്പിച്ചും, ജലാശയങ്ങൾ നിർമ്മിച്ചും, ദേവായതനങ്ങൾ സംരക്ഷിച്ചും ഭൂമിയുടെഹരിതാഭയെ പ്രകാശിപ്പിയ്ക്കാം. അത് ദേവയജ്ഞമാണ്.

അച്ഛനമ്മമാരേയും മുതിർന്നവരേയും പരിപാലിക്കുന്നത് പിതൃയജ്ഞമാണ്.

അതിഥിപൂജ നടത്തുന്നതും ജീവകാരുണ്യസേവാപ്രവർത്തനങ്ങൾ നടത്തുന്നതും നരയജ്ഞമാണ്. ഇതര ജീവജാലങ്ങൾക്കാണെങ്കിൽ അത് ഭൂതയജ്ഞവും.

ഭൂമയുടെ നിലനില്പ് ഗൃഹസ്ഥന്മാർ ചെയ്യുന്ന പഞ്ചമഹായജ്ഞങ്ങൾ കൊണ്ടാണ്. ഇതാണ് യജ്ഞവരാഹം പുനരുദ്ധരിച്ചത്. ഭൂമിയിലെ എല്ലാ യജ്ഞങ്ങളുടേയും സമർപ്പണം വരാഹമൂർത്തിയ്ക്കാണ്.
ഹിരണ്യന്മാർക്ക് യജ്ഞത്തോട് എതിർപ്പാണ്. അവർ എല്ലാം തനിയ്ക്കാക്കി സ്വന്തമാക്കുന്നവരാണ്. അവർ ഭാവി തലമുറക്കുള്ളതും കൂടി കട്ടെടുക്കുന്നു. ഭൂമിയ്ക്ക് തിരിച്ചൊന്നും കൊടുക്കുന്നുമില്ല.

പ്രാദുഷ്കൃതാനാം മായാനാം
അസുരീണാം വിനാശയൻ
സുദർശനാസ്ത്രം ഭഗവാൻ
പ്രായുങ് ക്ത ദയിതം ത്രിപാത്
(3 -19-22)
(ഹിരണ്യാക്ഷൻ്റെ ആസുരീമായകളെ നശിപ്പിക്കുവാൻ ഭഗവാനായ യജ്ഞമൂർത്തി തൻ്റെ പ്രേമപാത്രമായ സുദർശനത്തെ പ്രയോഗിച്ചു.)

തേറ്റ കൊണ്ടല്ല, സുദർശനം കൊണ്ടാണ് വരാഹമൂർത്തി ഹിരണ്യാക്ഷനെ വധിച്ചത്. സുദർശനം എന്നാൽ ശരിയായ കാഴ്ചപ്പാട് എന്നർത്ഥം.എല്ലാ അഹങ്ങളും സമമാണെന്ന ദർശനമാണ് സുദർശനം.അതാണ് വരമായ അഹം.

പ്രകൃതി വിഭവങ്ങളുടെ മേലുള്ള അവകാശം ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും സമമാണ്. ആ അറിവിൽ നിന്നാണ് സമൂഹം ഉണ്ടായത്. സമമായ അഹങ്ങളുടെ കൂട്ടമാണ് സമൂഹം.
പ്രാകൃതാവസ്ഥയിലുള്ള അഹം സമൂഹത്തിന് ഹിതകരമല്ല. അതിനെ താൻ ജീവിക്കുന്ന സമൂഹത്തിൻ്റെ ഭാവത്തിലും, ഭാഷയിലും,`പൊതുബോധത്തിലും പരിഷ്ക്കരിക്കണമെന്ന് ഭാഗവതം നിർദ്ദേശിക്കുന്നു.

പ്രാകൃതികബോധത്തിൽ നിന്ന് മനുഷ്യനെ ഉയർത്തി പരിഷ്കൃതാശയനാക്കുക എന്ന ധർമ്മം കൂടി വരാഹാവതാരകഥ യിലൂടെ ഭാഗവതം നിർവ്വഹിക്കുന്നു.

കാലത്തിനും,ദേശത്തിനും അനുസരിച്ച് സംസ്ക്കരിക്കപ്പെടൽ വ്യക്തിധർമ്മമാണ്. വരമായി മനുഷ്യൻ നേടേണ്ട അഹം അതാണ്.

പ്രകൃതിയുടെ ഉടമസ്ഥാവകാശം സ്വകാര്യവ്യക്തികൾക്കല്ലെന്നും പ്രകൃതിവിഭവങ്ങളുടെ സമമായ വിതരണം നടന്നില്ലെങ്കിൽ ഭഗവാൻ ഇടപെടുമെന്നും ഉള്ള ഭാഗവതത്തിൻ്റെ മഹത്തായ സമരപ്രഖ്യാപനം കൂടിയാണ് വരാഹാവതാര കഥ.

ഭഗവാൻ്റെ 24 അവതാരങ്ങൾ പറയപ്പെടുന്നതിൽ ഭാഗവതത്തിൽ ആദ്യം വർണ്ണിക്കുന്നത് ഈ അവതാരമാണ്.

ഭൂമിയ്ക്കുള്ളിലല്ല പുറത്താണ് വരാഹാവതാരം നടക്കുന്നത് . സ്വകാര്യാവകാശവും യജ്ഞവും തമ്മിൽ ഭൂമിക്ക് പുറത്ത് നടന്ന ഭൂമിയമ്മയ്ക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നു അത്. ഭൂമി മരിയ്ക്കുകയാണ്. ആ പോരാട്ടത്തിന് ഇപ്പോഴും പ്രസക്തിയുണ്ട്.
നമോ നമസ്തേfഖിലയജ്ഞതന്തവേ
സ്ഥിതൗ ഗൃഹീതാമല സത്വമൂർത്തയേ
ദിഷ്ട്യാ ഹതോfയം ജഗതാമരുന്തുദ
സ്ത്വദ്പാദ ഭക്ത്യാ വയമീശനിർവൃതാ:
(ചിത്രത്തിന് കടപ്പാട് Google)
©@#SureshbabuVilayil.

4+

Leave a Reply

Your email address will not be published. Required fields are marked *