ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 18

സുരേഷ് ബാബു വിളയിൽ

മനുഷ്യനടക്കം എല്ലാ ജീവികളും പ്രകൃതിയുമായി സമരസപ്പെട്ട് സന്തോഷത്തോടെ ജീവിച്ച ഒരു കാലമുണ്ടായിരുന്നു.എല്ലാവരും തുല്യരായിരുന്നു. ആരും ആർക്കും മുകളിലോ താഴെയോ അല്ല. സമത്വബോധം അവർക്ക് സഹജം. കാറൽ മാർക്സ് അതിനെ പ്രാകൃത കമ്യൂണിസം എന്ന് വിളിച്ചു.

എന്നാൽ മനുഷ്യൻ അവൻ്റെ അതിജീവനത്തിനായി മറ്റു ജീവജാലങ്ങളിൽ നിന്നും വ്യത്യസ്തമായി പ്രകൃതിയോടും പോരാടാൻ തുടങ്ങി.

ജന്തുക്കളിൽ നിന്ന് വ്യത്യസ്തമായി മനുഷ്യൻ പാചകവും കൃഷിയും കണ്ടുപിടിച്ചു. ആകസ്മികമായി കാട്ടുതീയിൽ വെന്ത മാംസത്തിൻ്റെ രുചിയറിഞ്ഞപ്പോഴാണ് പാചകം കണ്ടുപിടിച്ചത്.

മൃഗങ്ങൾ വിശപ്പിനെ മാത്രം അഭിസംബോധന ചെയ്ത് ഭക്ഷണം കഴിച്ചപ്പോൾ മനുഷ്യൻ വേവിച്ചും മസാല ചേർത്തും ഭക്ഷണത്തെ നാവിൻ്റെ രുചിക്കനുസരിച്ച് പാകപ്പെടുത്തി.

കൃഷിയിലെ വിളയും കളയും ഏതെന്ന് മനുഷ്യൻ തീരുമാനിച്ചു. അവന് വേണ്ടത് മാത്രം വിളയിച്ചു. മറ്റെല്ലാം കളയിച്ചു. എത്രയോ ജൈവസ്പീഷീസുകളെ ഭൂമുഖത്ത് നിന്നും തൂത്തെറിഞ്ഞു. പകരം മാരകമായ വൈറസുകളെ കുടിവെച്ചു. പ്രകൃതിയുടെ താളം തെറ്റി.

അങ്ങനെ പ്രകൃതിവിരുദ്ധ സാമൂഹ്യക്രമം പുലർത്തുന്ന പ്രകൃതിയിലെ ഏകജീവി മനുഷ്യനായി.

പ്രകൃതിക്ക് എതിരായി സഞ്ചരിച്ചു തുടങ്ങിയതോടെ സഹജമായി രൂപപ്പെട്ട സമത്വവും തുല്യതയും നഷ്ടപ്പെട്ടു.

ഒറ്റയ്ക്ക് നേടാൻ കഴിയാത്ത വിജയങ്ങൾ പലതും കൂട്ടം കൂടിയാൽ കിട്ടും എന്നറിഞ്ഞു. ആയുധങ്ങൾ കണ്ടു പിടിച്ചു.

കയ്യൂക്കുള്ളവൻ കാര്യക്കാരനായി. കാര്യക്കാരനായപ്പോൾ മാനവും, അഭിമാനവും, ഗർവ്വും വളർന്നു.

മാനിക്കാത്തവരെ കാര്യക്കാർ വെറുത്തു. പോരാട്ടവീര്യവും ആളെക്കൂട്ടലും പിന്നീട് മാനിക്കാത്തവനെ തളയ്ക്കാൻ വേണ്ടിയായി. കാര്യക്കാരെ രക്ഷിക്കാൻ കോട്ടകൊത്തളങ്ങൾ ഉയർന്നു. കാവൽക്കാർ ഉണ്ടായി.

അങ്ങനെ മനുഷ്യൻ മനുഷ്യന് തന്നെ കാരാഗൃഹങ്ങൾ പണിതു. കയ്യൂക്കുള്ളവരിൽ കാര്യക്കാരായ തലവന്മാരുടെ മൂപ്പിളമതർക്കങ്ങളും പക്ഷംചേരലും തുടർക്കഥയായി.

ഭാഗവതത്തിലെ വരാഹാവതാരവും കപിലാവതാരവുംസമത്വത്തിലേക്ക് വിരൽ ചൂണ്ടിയത് നാം കണ്ടു. എന്നാൽ സമത്വം മറന്നവനെ മാതൃകാപരമായി ശിക്ഷിച്ച കഥയാണ് ദക്ഷയാഗത്തിൻ്റേത്.

സഹജീവികളെല്ലാം തുല്യരെന്ന സത്യം മറന്ന് താൻ മാത്രം ബഹുമാനിതനെന്ന് സ്വയം തോന്നുന്നവരെയാണ് അത് ഉന്നം വെക്കുന്നത്.

ശിവനോട് ബഹുമാനം ചോദിച്ചു വാങ്ങിയ ദക്ഷന് നഷ്ടപ്പെട്ടത് സ്വന്തം തലയായിരുന്നു. ചോദിച്ചും, ആജ്ഞാപിച്ചും അല്ല അറിഞ്ഞു കിട്ടേണ്ടതാണ് ബഹുമാനം എന്ന വിലയേറിയ ശൂദ്ധിപാഠവും ഈ കഥയിൽ നിന്ന് പഠിക്കാം.

ദക്ഷൻ എന്ന വാക്കിനർത്ഥം സമർത്ഥൻ എന്നാണ്. ദക്ഷൻ സമർത്ഥനും മാനിയുമായിരുന്നു. മാനാഭിമാനം സംരക്ഷിക്കാൻ അയാൾക്ക് നല്ല സാമർത്ഥ്യമായിരുന്നു. അന്യനെ നിന്ദിച്ചും സഭയിൽ താഴ്ത്തിക്കെട്ടിയും സ്വന്തം അധീശത്വം സ്ഥാപിക്കാൻ സമർത്ഥനായിരുന്നു ദക്ഷൻ.

എന്നാൽ അതിസാമർത്ഥ്യമല്ല കൗശലമാണ് വേണ്ടതെന്നാണ് ഭാഗവതം പഠിപ്പിക്കുന്നത്. മലയാളത്തിൽ കൗശലപദത്തിന് നൽകുന്ന അർത്ഥബോധമല്ല സംസ്കൃതം തരുന്നത്.

കുശം എന്നാൽ ദർഭ. ഉരവും മൂർച്ചയുമുള്ള ദർഭപ്പുല്ല് കൈ മുറിയാതെ പറിക്കുന്നവൻ കുശലൻ. കുശലൻ്റെ ഭാവം കൗശലം. അത് കഥകളിൽ നാം കേട്ട കുറുക്കൻ്റെ കൗശലമല്ല. മലയാളത്തിലതിനെ കുശലത എന്ന് വിളിക്കാം.

വിഷസർപ്പങ്ങളും, ക്രൂരമൃഗങ്ങളും വിഹരിക്കുന്ന ഘോരവനംപോലുള്ള മനസ്സുള്ള മനുഷ്യരുമൊത്ത് ഈ ലോകത്തിൽ ജീവിക്കാൻ ദക്ഷൻ്റെ ദു:സാമർത്ഥ്യമല്ല, കുശലതയാണ് വേണ്ടത്.

ഇതര കാഴ്ച്ചപ്പാടുകളോടും, അഭിരുചികളോടും സഹിഷ്ണുത പാലിച്ച് ജീവിക്കുന്ന ആ കുശലത ദക്ഷൻ ആർജിച്ചില്ല. സമത്വബോധം ദക്ഷനെ തൊട്ടു തീണ്ടിയിട്ടില്ല. താൻപോരിമയിൽ സ്വയം മറന്ന ദക്ഷൻ സർവ്വരും എപ്പോഴും തന്നെ ബഹുമാനിക്കണമെന്ന് മാത്രം മോഹിച്ചു.

ആരൊക്കെ തന്നെ ആദരിക്കുന്നില്ല എന്ന് നോക്കി നടക്കുന്ന ദക്ഷന്മാർ ഇപ്പോഴും നമുക്കിടയിലുണ്ട്. അവരെ രാഷ്ടീയത്തിലും, അധികാരത്തിൻ്റെ ഇടനാഴികളിലും, പദവികളിലും, നീതിപീഠങ്ങളിൽ പോലും കാണാം. കഥയിലെ ദക്ഷന് അവസാനം ആടായി ജീവിക്കേണ്ടി വന്നു. അവർക്കുള്ള താക്കീതാണ് ഈ കഥ.

പ്രജാപതികൾ നടത്തിയ യാഗശാലയിലേക്ക് കടന്ന് വന്ന ദക്ഷനെ എല്ലാവരും എണീറ്റ് നിന്ന് വണങ്ങി. ബ്രഹ്മാവും ശിവനും മാത്രം ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റില്ല.

മകളുടെ ഭർത്താവായിട്ടും ശിവൻ തന്നെ ബഹുമാനിക്കാത്തതിൽ ദക്ഷൻ ക്ഷുഭിതനായി. ത്രിമൂർത്തികളിൽ ഒരാളാണ് ശിവനെന്ന സത്യം ദക്ഷൻ മറന്നു. ദക്ഷൻ ശിവനെതിരെ സഭയ്ക്ക് ചേരാത്ത പദങ്ങൾ വർഷിച്ചു. ശാപം തൊടുത്തു. പ്രതിശാപങ്ങൾ ഉണ്ടായി. ശിവനൊന്നും മിണ്ടിയില്ല.

ലോകക്ഷേമത്തിന് വേണ്ടി നടത്തേണ്ട ബൃഹസ്പതിഹവനം എന്ന യാഗം ദക്ഷൻ പ്രഖ്യാപിച്ചു. അതിലേക്ക് ശിവനെ മാത്രം ക്ഷണിച്ചില്ല. അച്ഛൻ്റെ യാഗത്തിന് പോകാൻ ക്ഷണം ആവശ്യമില്ലെന്ന് പറഞ്ഞ് ശിവപത്നിയായ സതി കൈലാസത്തിൽ നിന്നും പുറപ്പെട്ടു.

എന്നാൽ യാഗശാലയിൽ വെച്ച് ദക്ഷൻ മകളെ കണ്ട ഭാവം പോലും നടിച്ചില്ല. അതൊരു വിങ്ങലായി സതിയുടെ ഹൃദയത്തെ മഥിച്ചു. ഖിന്നയായ ദേവി യാഗശാലയിൽ വെച്ച് ആത്മാഹുതി ചെയ്തു.

വിവരമറിഞ്ഞ് ക്രുദ്ധനായ ശിവൻ ജട പറിച്ച് നിലത്തിട്ടു. അതിൽ നിന്നും വീരഭദ്രനും ഭദ്രകാളിയും പുറപ്പെട്ടു. അവർ ദക്ഷയാഗശാല മുഴുവൻ അലങ്കോലമാക്കി. പിന്നെ ദക്ഷൻ്റെ തലയറുത്ത് യാഗാഗ്നിയിലിട്ടു.

യാഗം അവസാനിപ്പിക്കാനാവാതെ ഹോതാക്കൾ കുഴങ്ങി. ബ്രഹ്മാവ് ശിവനെ സ്തുതിച്ചു.
ജാനേ ത്വാമീശം വിശ്വസ്യ
ജഗതോ യോനിബീജയോ:
ശക്തേ: ശിവസ്യ ച പരം
യത്തദ് ബ്രഹ്മനിരന്തരം
( 4-6-41)
(മുഴുവൻ ജഗത്തിൻ്റേയും ഉൽപ്പത്തി സ്ഥാനവും വിത്തുമായി വർത്തിക്കുന്ന ശക്തിയുടെയും ശിവൻ്റേയും അപ്പുറം നില്ക്കുന്ന ആ സർവ്വവ്യാപിയായ ബ്രഹ്മമാണ് .. അങ്ങെന്ന് ഞാനറിയുന്നു. )
ദക്ഷനെ ജീവിപ്പിക്കാൻ അഭ്യർത്ഥിച്ച ബ്രഹ്മാവിനോട് ശിവൻ പറഞ്ഞു.

” ഞാൻ കുഞ്ഞുങ്ങളുടെ തെറ്റിനെ കുറിച്ച് ചിന്തിച്ച് വ്യാകുലപ്പെടാറില്ല. അവരെ ശിക്ഷിച്ച് നേർവഴി കാട്ടാറേ ഉള്ളു. ഒരാടിൻ്റെ തലയാണ് ദക്ഷന് പാകം. ആടായി അവൻ ജനിക്കട്ടെ ”

ഭഗവദനുഗ്രഹം ഫലിച്ചു. ആട്ടിൻതലയുമായി ഉറക്കത്തിൽ നിന്നെന്ന പോലെ ദക്ഷൻ എണീറ്റു വന്നു. ദക്ഷയാഗത്തിന് അങ്ങനെ ശുഭപര്യവസാനമായി.

യോഗാഗ്നിയിൽ ദേഹമുപേക്ഷിച്ച സതിയാകട്ടെ, ഹിമവൽപുത്രിയായ പാർവ്വതിയായി ജനിച്ച് ശിവനെ പതിയായി വരിക്കുകയും ചെയ്തു.

അഹങ്കാരം മൂത്താൽ ഇടയനും ആടാവും. ഇടയനാവാൻ സമർത്ഥ്യവും കുശലതയും വേണം. കൂടാതെ ഭഗവദനുഗ്രഹവും വേണം. കാരണം ഏറ്റവും വലിയ ഇടയൻ ഭഗവാനാണല്ലോ.

ആടായ ദക്ഷൻ ആ മഹാ ഇടയനായ ശിവനെ സ്തുതിച്ചു.
വിദ്യാതപോവ്രതധരാൻ മുഖത: സ്മ വിപ്രാൻ
ബ്രഹ്മാfത്മതത്ത്വമവിതും പ്രഥമം
ത്വമപ്രാക്
തദ് ബ്രാഹ്മണാൻ പരമ: സർവ്വവിപത്സു പാസി
പാല: പശൂനിവ വിഭോ പ്രഗൃഹീത ദണ്ഡ:
( വിദ്യാതപോവ്രതരായ ജ്ഞാനികളെ അങ്ങ് ആദ്യം സൃഷ്ടിച്ചു. പിന്നെ ദണ്ഡും കയ്യിൽ പിടിച്ച് ആപത്തുകളിൽ നിന്നും പശുക്കളെ രക്ഷിക്കുന്ന ഇടയനെന്ന പോലെ അവരെ രക്ഷിക്കുകയും ചെയ്യുന്നു. അങ്ങേക്ക് നമസ്കാരം.)
(ചിത്രത്തിന് കടപ്പാട് Google)
©@#SureshbabuVilayil.

5+

One thought on “ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 18

  1. ദക്ഷ യാഗത്തിൽ നിന്നു പഠിക്കേണ്ടത് മുൻകോപം, പ്രതികാരം, വെറുപ്പ്‌ മുതലായവ എത്രത്തോളം ഹാനികരവും പിന്നോട്ടെടുക്കുന്നതും ആണ് എന്നു ചൂണ്ടിക്കാണിച്ചു തരുന്നു, ദേവന്മാർക്കും ഋഷിമാക്കുഉം ഇത് ബാധകമാണ് എന്നും ഓർമിപ്പിക്കുന്നു.

    0

Leave a Reply

Your email address will not be published. Required fields are marked *