ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 32

സുരേഷ് ബാബു വിളയിൽ

കാമശാസ്ത്രം എന്ന ഗ്രന്ഥം രചിച്ച വാത്സ്യായനനും ക്രോധമൂർത്തി ദുർവ്വാസാവും ഭാരതീയർക്ക് മഹർഷിമാരാണ്. ജ്ഞാനികളും ഗവേഷണപടുക്കളുമായ സത്യദ്രഷ്ടാക്കളെ മഹർഷി എന്ന പദം കൊണ്ടാണ് ഭാരതീയർ വിവക്ഷിച്ചത്.

“ദുഷ്ട:ദു:സാധ്യോ വാ വാസ:യസ്യ ” എന്നാണ് ദുർവാസാവ് എന്ന പദത്തിൻ്റെ വിഗ്രഹം.ഇദ്ദേഹത്തെ അതിഥിയായി സ്വീകരിക്കുന്നത് വളരെ ബുദ്ധിമുട്ടായത് കൊണ്ടാണ് ഇങ്ങനെയൊരു പേര് കിട്ടിയത്.

ഒരിക്കൽ ഒരു വിദ്യാധരസ്ത്രീ വിശിഷ്ടമായ ഒരു പുഷ്പമാല്യം ദുർവാസാവ് മഹർഷിക്ക് സമ്മാനിച്ചു. സുഗന്ധപൂരിതമായ ഈ മാല്യം ഒരു താപസനെന്തിന് എന്ന് മഹർഷി ചിന്തിച്ചു.

അതാണ് ജീവിതത്തിൻ്റെ വിസ്മയം!

ഭൗതികസുഖങ്ങളും ഭോഗങ്ങളും കൊതിച്ചവനെ തേടിയല്ല മറിച്ച് അത് വേണ്ടാത്തവനെ തേടിയാണ് സഞ്ചരിക്കുന്നത്.

ഭൗതിക പ്രപഞ്ചത്തെ നോക്കിയള്ള വ്യാസരുടെ പരിഹാസച്ചിരിയാണ് ദുർവ്വാസാവിന് കിട്ടിയ ഈ മാല്യം.

ഐരാവതം എന്ന നാൽകൊമ്പൻ വെള്ളാനയുടെ പുറത്ത് കയറി ദേവരാജൻ അവിടേക്ക് വന്നു. ഇന്ദ്രിയരാജാവായ ഇവൻ തന്നെ മാല്യത്തിന് സർവ്വദാ യോഗ്യൻ എന്ന് നിശ്ചയിച്ച് മഹർഷിയത് ദേവേന്ദ്രന് നല്കി.

മുടിയഴിച്ചു ഭംഗിയായി കെട്ടിയ ശേഷം മാല്യം തലയിൽ ചൂടാം എന്ന് ഭാവിച്ച് ദേവേന്ദ്രൻ ആനയുടെ കൊമ്പിൽ ആ മാല്യം തൂക്കിയിട്ടു. പുഷ്പങ്ങളുടെ ഹൃദയഹാരിയായ സുഗന്ധത്താൽ പാഞ്ഞടുത്ത വണ്ടുകളുടെ ശല്യം ഒഴിവാക്കാൻ ആനയത് താഴേക്കിട്ടു.

ജന്മപ്രകൃതത്താൽ കാലുകൊണ്ട് ചവിട്ടിയരക്കുകയും ചെയ്തു.

വിശിഷ്ടമാല്യത്തെ ദേവേന്ദ്രൻ അപമാനിച്ചുവെന്ന് മഹർഷി കരുതി. ക്രോധാക്രാന്തനായ മഹർഷി സ്വർഗ്ഗീയസുഖങ്ങളെല്ലാം ഇല്ലാതാവട്ടെ എന്ന് ദേവന്മാരെ ശപിച്ചു.അതോടെ ദേവന്മാരെല്ലാം ജരാനരകൾ ബാധിച്ച് മനുഷ്യരെ പോലെയായി.

ദേവന്മാർ അപമാനം കൊണ്ടും സങ്കടം കൊണ്ടും വീർപ്പുമുട്ടി. അവർ ബ്രഹ്മാവിനെ കണ്ടു. ബ്രഹ്മാവും ദേവന്മാരും പരസ്പരം കാണാനും കേൾക്കാനും കഴിയുന്ന ഒരേ ഊർജവിതാനത്തിലാണ് നില്പ്. എന്നാൽ മഹാവിഷ്ണുവിൻ്റെ വിതാനം ദേവന്മാർക്ക് ദൃശ്യമല്ല.

ദേവന്മാർ സങ്കടനിവൃത്തി തേടി ബ്രഹ്മാവിനെ കാണും. ബ്രഹ്മാവ് വേണ്ട ഉപദേശങ്ങൾ നല്കും. സ്വയംപരിഹരിക്കാൻ പറ്റാത്ത പ്രശ്നങ്ങൾ വരുമ്പോൾ ബ്രഹ്മാവ് ദേവന്മാരേയും കൂട്ടി മഹാവിഷ്ണു വിനെ കണ്ട് സ്തുതിക്കും.

ബ്രഹ്മസ്തുതികൾ ഭാഗവതത്തിൽ ഇടക്കിടെ പ്രത്യക്ഷപ്പെടുന്നുണ്ട്. ഉപനിഷത്തിലെ തത്ത്വങ്ങൾ ചേർത്ത് ചിന്താമധുരമാക്കിയ ബ്രഹ്മസ്തുതികൾ മനോഹരമാണ്.
അവിക്രിയം സത്യമനന്തമാദ്യം
ഗുഹാശയം നിഷ്കലമപ്രതർക്യം
മനോfഗ്രയാനം വചസാനിരുക്തം
നമാമഹേ ദേവവരം വരേണ്യം.
(8-5-26)
(അചലനും,സത്യസ്വരൂപനും, ആദിയും അന്തവും ഇല്ലാത്തവനും ഉപാധിരഹിതനും, ഊഹിച്ചു പോലും അറിയാൻ കഴിയാത്തവനും, വാക്കുകൾ കൊണ്ട് നിർവ്വചിക്കാൻ കഴിയാത്തവനും,ശരണവുമായ ദേവദേവനെ ഞങ്ങൾ വണങ്ങുന്നു)

ജഗത്തിനെ പ്രശോഭിപ്പിക്കുന്നത് ദേവന്മാരെങ്കിൽ ആ ശക്തി ഭഗവാൻ നല്കിയതാണ്.എല്ലാ ജീവജാലങ്ങളുടേയും ഹൃദയഗുഹയിൽ ബോധമായി തെളിയുന്നത് ഭഗവാനാണ്.

ബ്രഹ്മാവിൻ്റെ അർത്ഥസമ്പുഷ്ടമായ സ്തുതി കേട്ട് ഭഗവാൻ പ്രസന്നനായി.

ഭഗവാൻ പറഞ്ഞു.

ദേവന്മാരുടെ സങ്കടം ഞാനറിഞ്ഞു. അമൃതപാനം കൊണ്ട് മാത്രമേ ജരാനര മാറ്റാൻ കഴിയൂ. അതിന് പാലാഴി കടയണം. അസുരന്മാരും കൂടിയാലേ നിങ്ങൾക്കതിന് കഴിയൂ.”

നയകോവിദനായ ദേവേന്ദ്രൻ അസുരരാജാവായ മഹാബലിയെ ചെന്ന് കണ്ട് സമ്മതം വാങ്ങി. മന്ദരപർവ്വതത്തെ മത്താക്കിയും വാസുകി എന്ന സർപ്പത്തെ കയറാക്കിയും അവർ പാലാഴി കടയാൻ തുടങ്ങി.

ഭാരാധിക്യം കൊണ്ട് മന്ദരപർവ്വതം അവരുടെ കൈയിൽ നിന്നും താഴേക്ക് പതിച്ചു. ഭഗവാൻ ഭീമാകാരനായ ആമയുടെ രൂപം ധരിച്ച് പർവ്വതത്തെ പുറംഭാഗം കൊണ്ട് താങ്ങി നിർത്തി. ഇതാണ് വിഷ്ണുവിൻ്റെ കൂർമ്മാവതാരം.

ബ്രഹ്മരുദ്രാദിദേവന്മാരെല്ലാം പലാഴിമഥനം കാണാൻ തടിച്ചു കൂടി. സമുദ്രം ഇളകി മറിഞ്ഞു. വാസുകിയും ദേവാസുരന്മാരും ക്ഷീണിതരായി.

മഥനം തുടർന്നപ്പോൾ ഹലാഹലം എന്ന വിഷം സമുദ്രത്തിൽ നിന്നും പൊങ്ങി വന്നു. വിഷത്തിൻ്റെ കാളിമ അന്തരീക്ഷം മുഴുവൻ വ്യാപിച്ചു. ദേവാസുരന്മാരും പ്രജകളും പേടിച്ചു വിറച്ചു. അവരെല്ലാം ഭഗവാനെ വിളിച്ച് കരഞ്ഞു.

ഭഗവാൻ പരമശിവൻ ആ വിഷം കോരിയെടുത്ത് പാനം ചെയ്തു. അത് കഴുത്തിൽ നീലിച്ചു കട്ട പിടിച്ചു.അങ്ങനെയാണ് ശിവൻ നീലകണ്ഠനായത്.

ദേവന്മാർക്ക് നഷ്ടപ്പെട്ടു പോയ ഐശ്വര്യങ്ങൾ സമുദ്രത്തിൽ നിന്നും പൊങ്ങി വരാൻ തുടങ്ങി. കാമധേനുവും ഉച്ചെശ്രവസ്സും ഐരാവതവും പൊങ്ങി വന്നു. കൗസ്തുഭരത്നം വന്നപ്പോൾ ഭഗവാനത് തിരുമാറിലണിഞ്ഞു.

കല്പവൃക്ഷങ്ങളും അപ്സരസ്സുകളും പ്രത്യക്ഷപ്പെട്ടു.തുടർന്ന് ലക്ഷ്മീ ദേവി പ്രത്യക്ഷപ്പെട്ട് ഭഗവാൻ്റെ കഴുത്തിൽ വരണമാല്യമണിയിച്ചു. മദ്യകുംഭവുമായി വാരുണീദേവി പൊങ്ങി വന്നപ്പോൾ അസുരന്മാർ അവളെ സ്വീകരിച്ച് കൂടെ കൂട്ടി.

മഥനം തുടർന്നു.ഒരു ദിവ്യപുരുഷൻ അമൃതകലശവുമായി വന്നു. ആയുർവ്വേദാചാര്യനായ ധന്വന്തരിയായിരുന്നു അത്. വിഷ്ണുവിൻ്റെ അംശാവതാരമായി ധന്വന്തരി പ്രകീർത്തിക്കപ്പെടുന്നു.

അസുരന്മാർ ധന്വന്തരിയുടെ കൈയിൽ നിന്നും അമൃതകുംഭം തട്ടിയെടുത്ത് പാതാളത്തിലേക്ക് പലായനം ചെയ്തു. ആരാണോ അമൃതിന് വേണ്ടി പ്രയത്നിച്ചത് അവർക്കത് കിട്ടിയില്ല.

ഭഗവാൻ ദേവന്മാരെ ആശ്വസിപ്പിച്ചു. മനം മയക്കുന്ന മോഹീനീവേഷം കൈക്കൊണ്ട് അസുരന്മാരുടെ അടുത്തെത്തി, പ്രലോഭിപ്പിച്ച് അമൃതകുംഭം കൈക്കലാക്കി. ദേവന്മാർക്ക് അമൃതം ലഭിച്ചു. ജരാനരകളിൽ നിന്നും മുക്തരായി.

ദേവാസുരന്മാരുടെ ആവാസ കേന്ദ്രമാണ് മനുഷ്യമനസ്സ്. പ്രിയങ്ങളും ഇഷ്ടങ്ങളും പ്രണയ രാഗങ്ങളും ദേവന്മാരാണ്. വിദ്വേഷങ്ങൾ അസുരന്മാരാണ്. ഈ ദേവാസുരന്മാരെ സമബുദ്ധിയിലൂടെ സമന്വയിപ്പിച്ച് ഹൃദയമാകുന്ന പാലാഴി കടഞ്ഞ് ബ്രഹ്മാനന്ദമാകുന്ന അമൃത് കണ്ടെത്തുന്നതിൻ്റെ പ്രതീകാത്മക വിവരണമാണ് പാലാഴിമഥനകഥ.

അസുരന്മാരും ദേവന്മാരും ദേദചിന്തയുള്ളവരാണ്. കിട്ടിയ മാല്യം ഈശ്വരന് സമർപ്പിച്ച് പ്രസാദമായി തലയിൽ ചൂടാനുള്ള വിവേകം ദേവേന്ദ്രന് ഉണ്ടായില്ല. അതിൻ്റെ ഫലമായി എല്ലാ ഐശ്വര്യങ്ങളും നഷ്ടപ്പെട്ടു.

ഭേദബുദ്ധി കൊണ്ടാണ് ദേവാസുരന്മാർ പ്രയത്നിച്ചത്. മന്ദരപർവ്വതം താണുപോയപ്പോൾ അവർ നിസ്സഹായരായി. ഭഗവാൻ കൂർമ്മമായി മന്ദരം താങ്ങി നിന്നത് കൊണ്ടാണ് മഥനം തുടരാനായത്. ഹലാഹലവിഷം വന്നപ്പോൾ ഭഗവാൻ ശിവരൂപത്തിൽ വന്ന് അതിനെ പാനം ചെയ്തു.

സ്വർഗ്ഗീയഭോഗങ്ങൾ പൊങ്ങി വന്നപ്പോഴും അവർ ഭഗവാനെ മറന്നു. ഓരോന്നും ഏറ്റെടുത്തു. ഭഗവാനെ തേടിവന്ന ലക്ഷ്മിക്ക് വേണ്ടിയും ലജ്ജാവഹമായി പോരാടി. അമൃത് കിട്ടിയപ്പോൾ തക്കം പാർത്ത അസുരന്മാർ അമൃതും കൊണ്ട് പോയി.

ഭേദബുദ്ധി കൊമ്പിൽ വളമിടുന്ന പോലെ നിഷ്ഫലമാണ്. സർവ്വം ഈശ്വരമയമെന്ന ചിന്തയിൽ സമബുദ്ധിയോടെ ചെയ്യുന്ന പ്രയത്നങ്ങൾ മരത്തിൻ്റെ ചുവട്ടിൽ വെള്ളമൊഴിക്കുന്ന പോലെയാണ്. ചുവട്ടിലൊഴിക്കുന്ന വെള്ളം കൊമ്പുകളിലും ചുള്ളിയിലും ഇലകളിലും ഒരു പോലെ എത്തുന്നു

പുത്രമിത്രാദികൾക്ക് വേണ്ടി ചെയ്യുന്ന കർമ്മങ്ങൾ പോലും ഈശാവാസ്യമിദം എന്ന ഭാവനയോടെ ചെയ്താൽ അത് സർവ്വപ്രപഞ്ചഘടനകളിലും ചെന്നെത്തുന്നു.

മരത്തിൻ്റെ ചുവട്ടിലാണ് വെള്ളമൊഴിക്കേണ്ടത്. മരച്ചുവട് ഈശ്വരനാണ്. ഈശ്വരൻ കൂർമ്മമായി താങ്ങി നിർത്തിയത് കൊണ്ടാണ് പാലാഴിമഥനം സാധ്യമായത്.

അങ്ങനെ ചെയ്യുമ്പോൾ ആത്മസുഖത്തിന് ആചരിക്കുന്ന കർമ്മങ്ങൾ അപരന് കൂടി ഗുണം വരുത്തുന്നതാവും.
സർവ്വേ ഭവന്തു സുഖിന:
സർവ്വേ സന്തു നിരാമയ
സർവ്വേ ഭദ്രാണി പശ്യന്തു
മാ കശ്ചിത് ദു:ഖഭാഗ് ഭവേത് .
( എല്ലാവർക്കും സുഖം ഭവിക്കട്ടെ. എല്ലാവരും അരോഗരാകട്ടെ. എല്ലാവരും സുരക്ഷിതരായി കാണപ്പെടട്ടെ. ആർക്കും ദു:ഖമുണ്ടാവാതിരിക്കട്ടെ)

ഈശ്വരനെ ഉപാധിയാക്കി കർമ്മം ചെയ്ത് ഫലം പ്രസാദമായി സ്വീകരിക്കുന്ന ഈ ഭാരതീയഭാവന രൂപപ്പെട്ടത് ഇങ്ങനെയാണ്.
(ചിത്രം കടപ്പാട് Google)
©✍️#SureshbabuVilayil

1+

Leave a Reply

Your email address will not be published. Required fields are marked *