ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 49

സുരേഷ് ബാബു വിളയിൽ

കാളിന്ദി, മിത്രവിന്ദ, സത്യ, ഭദ്ര, ലക്ഷ്മണ എന്നീ കന്യകമാരും കൃഷ്ണനെ പ്രണയിച്ചു. കൃഷ്ണൻ അവരേയും വിവാഹം കഴിച്ചു. അങ്ങനെ എട്ട് ഭാര്യമാരുമായി കൃഷ്ണൻ ദ്വാരകാധീശനായി സസന്തോഷം വാണു.

അപ്പോഴാണ് ഇന്ദ്രൻ ഭൂമിയുടെ പുത്രനായ നരകാസുരൻ്റെ അതിക്രമങ്ങളെ കുറിച്ച് പറയാൻ ദ്വാരകയിലെത്തിയത്. ദേവേന്ദ്രന് അവകാശപ്പെട്ട മേരുഗിരിയിലുള്ള സ്ഥലം അവൻ കൈക്കലാക്കി. ഇന്ദ്രൻ്റെ വെൺകൊറ്റക്കുടയും മാതാവായ അദിതിയുടെ കുണ്ഡലങ്ങളും മോഷ്ടിച്ചു.

വിവാഹമുറപ്പിച്ച് വെച്ച കന്യകമാരെ തട്ടിക്കൊണ്ട് പോകുന്ന നരകൻ്റെ വിനോദത്തെ കുറിച്ച് കൃഷ്ണൻ മുമ്പേ കേട്ടിട്ടുണ്ട്. പതിനാറായിരം കന്യകമാരെ അവൻ തടവിലാക്കി. നരകാസുരനെ കൊന്ന് ഭൂമിയൊരു സ്വർഗ്ഗമാക്കാൻ ശ്രീകൃഷ്ണൻ നിശ്ചയിച്ചു.

നരകാസുരനോട് പോരടിക്കാൻ സർവ്വശസ്ത്രപാരംഗതയായ സത്യഭാമയെയാണ് കൃഷ്ണൻ കൂടെ കൂട്ടിയത്. ഗരുഡൻ്റെ പുറത്ത് കയറി അവർ രണ്ടു പേരും പല ദുർഗ്ഗങ്ങൾ താണ്ടി നരകൻ്റെ പ്രാഗ്ജ്യോതിഷപുരത്തെത്തി.

ഒരു സത്യാന്വേഷി സ്വന്തം മനസ്സിൻ്റെ ദുർഗ്ഗങ്ങളെ എങ്ങനെ ഭേദിക്കണം എന്ന് ഭാഗവതം നല്കുന്ന പ്രതീകാത്മകമായ വിവരണം ഉൾക്കൊള്ളുന്ന തുടർഭാഗങ്ങൾ ജിജ്ഞാസുക്കളുടെ വായനക്ക് വിടുന്നു.

സത്യഭാമയുടേയും ഗരുഡൻ്റേയും സഹായത്തോടെയാണ് കൃഷ്ണൻ നരകനെ വധിച്ചത്. ദേവന്മാർ പുഷ്പവൃഷ്ടി നടത്തി. മുടിയനായ പുത്രനായാലും ഒരമ്മയ്ക്കും മകൻ്റെ മരണത്തിൽ സന്തോഷം തോന്നില്ല. എന്നാൽ മകൻ മരിച്ച ദു:ഖത്തെ ജനനവും മരണവും ഭ്രമം മാത്രം എന്ന തത്ത്വദർശനം കൊണ്ട് ഭൂമിയമ്മ മറികടന്നത് നോക്കൂ. അതൊരു പാഠമാണ്. ദു:ഖങ്ങൾ വെറും ഭ്രമമെന്ന് മനസ്സിനെ പരിശീലിപ്പിക്കുന്ന വലിയൊരു പാഠം.

ഭൂമി ഭഗവാനെ സ്തുതിച്ചു.
ത്വംവൈസിസൃക്ഷുരജഉൽക്കടം പ്രഭോ!
തമോനിരോധായബിഭർഷ്യസംവൃത:
സ്ഥാനായസത്ത്വംജഗതോജഗത്പതേ!
കാല: പ്രധാനംപുരുഷോഭവാൻ പര:
(10- 59-29)
ഭഗവാനേ, ഈ ജഗത്തിൻ്റെ സൃഷ്ടി നടത്തുമ്പോൾ അങ്ങ് ബ്രഹ്മാവും സംരക്ഷിക്കുമ്പോൾ വിഷ്ണുവും ഇതിനെ സംഹരിക്കുമ്പോൾ അങ്ങ് ശിവനുമായി വേഷം മാറുന്നു.

കാലവും ജീവനുമായ അങ്ങയിൽ പ്രവേശിക്കാൻ ത്രിമൂർത്തികൾക്ക് പോലും കഴിവില്ല. എല്ലാറ്റിൽ നിന്നും വിട്ട് പരനായി അങ്ങിരിക്കുന്നു.

ഞാനും ജലവും തുടർന്ന് തേജസ്സ്, കാറ്റ്, ആകാശം, ഇന്ദ്രിയങ്ങൾ, വികാരങ്ങൾ, മനസ്സ്, അഹങ്കാരം, വിശ്വപ്രാണൻ തുടങ്ങി എല്ലാ ചരാചരപ്രപഞ്ചവും രണ്ടില്ലാത്ത അങ്ങയിൽ വെറും ഭ്രമം മാത്രം.

ഈ ജഗത്ത് വെറും ഒരു ഭ്രമമാണ് കേവല സത്യമല്ല എന്ന വീക്ഷണം ജിജ്ഞാസുക്കളുടെ മുമ്പിൽ ഭാഗവതം ഭൂമിസ്തുതിയിലൂടെ അവതരിപ്പിക്കുകയാണ്.

പ്രപഞ്ചത്തിൻ്റെ പരമമായ കാരണം അഖണ്ഡബോധമാണ്. അത് ജനിച്ചതല്ല. എന്നാൽ ജനിച്ചത് പോലെ നാനാരൂപത്തിൽ ഇവിടെ കാണുന്നു. ജനിക്കാത്തതു കൊണ്ട് ആ പരമകാരണം മരിക്കുന്നില്ല. ഇവിടെ കാണുന്ന ജനിമൃതികളും വൃദ്ധിക്ഷയങ്ങളും പരിണാമം മാത്രമാണ്. നിത്യപരിണാമിയാണ് പ്രകൃതി.

ജനിക്കാത്ത ഒന്നിനെ ജനിച്ചയാളെ പോലെ വർണ്ണിച്ചത് തത്ത്വങ്ങൾ ഗ്രഹിപ്പിക്കാനാണ്. ജഗത്തിലെ കാഴ്ചകൾ സ്വപ്നസദൃശമാണ്. കാണുന്നവന് സ്വപ്നങ്ങൾ സത്യം തന്നെയാണ്. ഉണരുമ്പോഴാണ് അവയുടെ നിരർത്ഥകത നമുക്ക് ബോധ്യപ്പെടുന്നത്. യുക്തിയില്ലാത്ത ആ കാഴ്ചയാണ് മായ.

യാ മാ സാ മായ എന്നാണ് മായയുടെ വിഗ്രഹം.എന്താണോ അല്ലാത്തത് അതാണ് മായ.

അതില്ലാത്തതല്ല.അല്ലാത്തതാണ്.

പലരും അതിനെ എന്താണോ ഇല്ലാത്തത് അതാണ് മായ എന്ന് തെറ്റിച്ച് അർത്ഥം പറഞ്ഞു. മായയെ ശൂന്യമെന്ന് തെറ്റിദ്ധരിച്ചു. ഇല്ലാത്തതല്ല, ഉണ്ടെന്ന ഭ്രമമാണ് മായ. സ്വപ്നമായാലും ദുസ്വപ്നം കാണാൻ ആരും ഇഷ്ടപ്പെടുന്നില്ല.

ഇതെല്ലാം വെറും ഭ്രമമാണെങ്കിൽ ജീവിതത്തിന് ഒരർത്ഥവും ഇല്ലേ? അതിനുള്ള ഉത്തരം ചോദ്യത്തിൻ്റെ ഭാവമനുസരിച്ചാണ്. ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല. ഇല്ലേ എന്ന് ചോദിച്ചാൽ ഉണ്ട്.

അതെങ്ങനെ എന്ന് നോക്കാം.

ദാഹിച്ചു വലഞ്ഞയാൾ മരുഭൂവിലെ കാനൽജലത്തിന് കാലും പൊള്ളിച്ച് നടക്കുന്നതെന്തിനാണ്? ദാഹവും സഹിച്ച് അയാൾക്ക് വെറുതെ ഇരുന്നാൽ പോരേ? അല്ല. അയാൾ ദാഹജലമന്വേഷിച്ച് നടക്കുക തന്നെ ചെയ്യും. കാരണം തനിക്ക് മുമ്പേ പോയവർ ദാഹജലം കണ്ടെത്തിയ പൊള്ളുന്ന അനുഭവങ്ങൾ അയാൾ കുറേ കേട്ടിട്ടുണ്ട്. അത് കൊണ്ട് ജീവിതയാത്രകൾക്കെല്ലാം അർത്ഥമുണ്ട്.

വിരുദ്ധഭാവങ്ങളെ ചേർത്ത് നിർത്തി പുതിയ ഭാവതലങ്ങൾ സൃഷ്ടിക്കുന്ന മാജിക്കൽറിയലിസം എന്ന നവീനസാഹിത്യസങ്കേതം ഭാഗവതത്തിൽ ഉപയോഗിച്ചത് എത്ര വേണമെങ്കിലും ചൂണ്ടി കാണിക്കാം.

ജനിമൃതികളില്ലാത്ത പരബ്രഹ്മം മാനുഷികഭാവം പ്രകടിപ്പിച്ച് ഗോപന്മാരോടൊപ്പം പശുക്കളെ മേച്ച് ബഹളം വെച്ച് നടക്കുന്നു. വെറും ഏഴുവയസ്സുള്ളപ്പോൾ ഇടത് കൈവിരൽ കൊണ്ട് ഗോവർദ്ധന പർവ്വതത്തെ ഉയർത്തി ജനങ്ങളെ പ്രളയത്തിൽ നിന്നും രക്ഷിക്കുന്നു. കുടിവെള്ളത്തിൽ വിഷം തുപ്പിയ കാളിയൻ്റെ ഫണങ്ങളിൽ നൃത്തം ചവിട്ടി അവനെ കടലിലേക്ക് തുരത്തുന്നു. ഗോപികമാർക്കൊപ്പം വേണുവൂതി രാസലീലയാടുന്നു. ഗോകുലം പ്രപഞ്ചത്തിൻ്റേയും ശ്രീകൃഷ്ണൻ പരബ്രഹ്മത്തിൻ്റേയും പ്രതീകമെന്ന ബോദ്ധ്യത്തിൽ വേണം കൃഷ്ണൻ്റെ ലീലകളെ നോക്കിക്കാണാൻ.

കൃഷ്ണകഥകൾ ഒരിക്കലും അക്ഷരാർത്ഥത്തിൽ എടുക്കരുത്. അതിഭാവുകത്വമാണ് അതിലെ സൗന്ദര്യം.

കണ്ണന് മരണമില്ല. പരബ്രഹ്മമായ കണ്ണൻ ഓരോ നിമിഷവും ഓരോ ഭക്തഹൃദയത്തിലും ജനിക്കുന്നുണ്ട്. ഭക്തയായ കുറൂരമ്മ കുസൃതി കാട്ടിയ കണ്ണനെ ഒരു കൊട്ടകൊണ്ട് മൂടി വെച്ചു. നിവേദ്യസമയമായിട്ടും കണ്ണനെ കാണാഞ്ഞപ്പോൾ വില്വമംഗലം പരിഭ്രാന്തനായി. കരി പുരണ്ട മുഖവുമായി കണ്ണനതാ ഓടി വരുന്നു. സ്വാമിയാരുടെ നിവേദ്യം ധൃതിപ്പെട്ട് സ്വീകരിച്ച് മറ്റൊരു ഭക്തൻ്റെ ഹൃദയത്തിലേക്ക് ചേക്കേറുന്നു.

പരമാത്മചൈതന്യമാണ് കൃഷ്ണൻ എന്ന അർത്ഥത്തിൽ ഈ കുസൃതികളെ കണ്ടാൽ ആയിരം പൊരുളുകൾ ഇതൾ വിരിയുന്നത് കാണാം.

പ്രപഞ്ചവസ്തു ഒന്നേയുള്ളു. അത് അഖണ്ഡബോധബ്രഹ്മം മാത്രമാണ്. മറ്റെല്ലാം വെറും ഭ്രമം മാത്രം എന്ന ചിന്തയാണ് ഏറ്റവും യുക്തിഭദ്രം.

അതാണ് ഭൂമിയും പറഞ്ഞത്.

നരകാസുരൻ തടവിലാക്കിയ കന്യകമാർ പതിനാറായിരം പേർ അവിടെയുണ്ട്. അവരെല്ലാവരും കൃഷ്ണനെ പതിയായി വരിച്ചു. ഭഗവാൻ അവരേയും ഭാര്യമാരായി അംഗീകരിച്ച് ദ്വാരകയിലേക്കയച്ചു. അതോടെ കൃഷ്ണന് 16008 ഭാര്യമാരായി.

ഭഗവാൻ വെൺകൊറ്റക്കുടയും കുണ്ഡലങ്ങളും ഇന്ദ്രനെ ഏല്പിച്ചു. മടങ്ങിവരുമ്പോൾ സത്യഭാമയുടെ ഇംഗിതപ്രകാരം ദേവലോകത്തെ കല്പവൃക്ഷത്തിൻ്റെ കുറേ തയ്യുകൾ ഭൂമിയിലേക്ക് കൊണ്ട് വന്നു.

പതിനാറായിരത്തെട്ട് ഭാര്യമാർക്കും അവരുടെ കൂടെ ഓരോരോ കൃഷ്ണനുണ്ടെന്ന് തോന്നി. അതും ഒരു ഭ്രമം തന്നെ. ജനനമരണങ്ങളില്ലാത്ത ഭഗവാൻ ഓരോ വ്യഷ്ടിബോധങ്ങളിലും ഓരോന്നായി പ്രതിബിംബിക്കുന്നു.

അഹം പയോ ജ്യോതിരഥാനിലോ നഭോ
മാത്രാണി ദേവാ മന ഇന്ദ്രിയാണി
കർത്താ മഹാനിത്യഖിലം ചരാചരം
ത്വയ്യദ്വിതീയേ ഭഗവന്നയം ഭ്രമ:
( 1 0 – 59-30)
ഭൂമിയുടെ മക്കളായ നമ്മൾ സമസ്തലാവണ്യങ്ങളേയും തടവിൽ പാർപ്പിച്ച് നരകാസുരന്മാരാവരുത്. എത്ര ദുർഗ്ഗങ്ങൾ പണിതാലും എങ്ങനെ ചെറുത്താലും അതിനെ തച്ചുതകർക്കാൻ സത്യഭാമയെ പാർശ്വത്തിലിരുത്തി ഗരുഡൻ്റെ പുറത്തേറി പാഞ്ചജന്യം മുഴക്കി ഭഗവാനെത്തും. ഏകത്വബോധം മാത്രമാണ് പരമജ്ഞാനം. അത് സദാ മനസ്സിലുൾക്കൊണ്ട് ജീവിക്കലാണ് ഭക്തി.

ദു:ഖിക്കാൻ ഒന്നുമില്ല. എല്ലാം ഭ്രമം മാത്രം. സത്യം ഭഗവാൻ മാത്രം. ആ ഭഗവാൻ എപ്പോഴും കൂടെയുണ്ട്.
©✍️#SureshbabuVilayil

1+

Leave a Reply

Your email address will not be published. Required fields are marked *