ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 43

സുരേഷ് ബാബു വിളയിൽ

പട്ടണക്കാഴ്ചകൾ കണ്ട് നടക്കുമ്പോൾ കളഭക്കൂട്ട് നിറച്ച തളികകളുമായി കൂനിക്കൂടി നടന്നു വരുന്ന കുബ്ജയെ കൃഷ്ണൻ ശ്രദ്ധിച്ചു. അതിസുന്ദരി. തികഞ്ഞ യൗവ്വനം, വശ്യമായ കണ്ണുകൾ. പക്ഷെ അവളുടെ ശരീരത്തിന് മൂന്ന് വളവുകൾ ഉണ്ട്. മുതുക് ഭാണ്ഡം വെച്ച പോലെ പുറകോട്ട് തള്ളിനില്ക്കുന്നു.

ത്രിവക്ര എന്നാണവളുടെ പേര്. മഹാരാജാവിനുള്ള കുറിക്കൂട്ടുകൾ കൊടുക്കാൻ പോവുകയാണ്. കളഭം ഞങ്ങൾക്കും തരാമോ എന്ന് കൃഷ്ണൻ ചോദിച്ചപ്പോൾ സന്തോഷത്തോടെ അവൾ സമ്മതിച്ചു.

രാമൻ വെളുമ്പനായത് കൊണ്ട് നീലയും കണ്ണൻ കറുമ്പനായത് കൊണ്ട് മഞ്ഞയും മതിയെന്നവൾ നിശ്ചയിച്ചു. അംഗരാഗങ്ങൾ കൊണ്ടവൾ തന്നെ അവരെ പൊട്ട് തൊടുവിച്ചു. അവളുടെ ഭക്തിയിൽ ഭഗവാൻ പ്രസാദിച്ചു. ആ വൈകല്യം മാറ്റണമെന്ന് ഭഗവാൻ നിശ്ചയിച്ചു.

കണ്ണൻ തൻ്റെ കാലടികൾ കൊണ്ട് അവളുടെ കാലടികളെ അമർത്തി വലത് കൈ കൊണ്ട് താടിയിൽ പിടിച്ച് ഇടത് കൈ കൊണ്ട് പിൻഭാഗം താങ്ങി ദേഹത്തെ ഉയർത്തി. ഭഗവദ്സ്പർശമേറ്റ കുബ്ജയുടെ കൂന് നിവർന്നു. അംഗവൈകല്യം മാറി.

തൻ്റെ ശാരീരിക വൈകല്യം മാറിയതിൽ സന്തുഷ്ടയായ ത്രിവക്ര കണ്ണനെ ഗൃഹത്തിലേക്ക് ക്ഷണിച്ചു. അവളെ മധുരവാക്ക് ചൊല്ലി സന്തോഷിപ്പിച്ച് യാത്രയായ കൃഷ്ണൻ കച്ചവടക്കാരുടെ തെരുവിലേക്ക് കടന്നു.

വ്യാപാരികൾ പൂമാല, താംബൂലം ചന്ദനം മുതലായ പലവിധം കാഴ്ച്ദ്രവ്യങ്ങൾ കൊണ്ടു വന്ന് രാമകൃഷ്ണന്മാരെ നമസ്ക്കരിച്ചു.

പിന്നീടവർ ധനുർയാഗം നടക്കുന്ന യാഗശാലയിൽ പ്രവേശിച്ചു.

ഇന്ദ്രധനുസ്സ് പോലെ മനോഹരമായ ഒരു വില്ല് അവിടെ പ്രദർശിപ്പിച്ചത് കണ്ടു. കൃഷ്ണൻ കാവൽക്കാർ വിലക്കിയത് വകവെയ്ക്കാതെ ആ വില്ലെടുത്ത് ഒരു കരിമ്പിൻതണ്ട് ഒടിക്കുന്ന ലാഘവത്തിൽ പൊട്ടിച്ചു. വില്ലൊടിഞ്ഞ ശബ്ദത്തിൻ്റെ ഭയാനകമായ മുഴക്കം ഭഗവാൻ്റെ വരവറിയിച്ചു.

ആ മുഴക്കം കംസൻ്റെ ചെവിയിലും എത്തി. കംസൻ ഭയം കൊണ്ട് ഞെട്ടി വിറച്ചു. വില്ലിനെ കാക്കുന്ന പോരാളികൾ രാമകൃഷ്ണന്മാരുമായി ഏറ്റുമുട്ടാൻ വന്നു. വില്ലിൻ്റെ മുറിഞ്ഞ കഷണം കൊണ്ട് തന്നെ കൃഷ്ണനും രാമനും അവരെ ആട്ടിയോടിച്ചു.

കുറേ നേരം കൂടി കാഴ്ചകൾ കണ്ട് നടന്ന് അവർ നന്ദഗോപരും കൂട്ടരു വിശ്രമിക്കുന്ന സ്ഥലത്തെത്തി. കൈകാലുകൾ ശുദ്ധമാക്കി ഗോപന്മാർ തയ്യാറാക്കി വെച്ചിരുന്ന പാൽച്ചോറുണ്ടു. അവിടെ തന്നെ സുഖമായി കിടന്നുറങ്ങി.

എന്നാൽ കംസനന്ന് കാളരാത്രി യായിരുന്നു. ദുസ്വപ്നങ്ങളുടെ താഴ് വാരങ്ങളിൽ കംസൻ മേഞ്ഞു. മരിച്ചവർ വന്ന് കെട്ടിപ്പിടിക്കുന്നതും ചെമ്പരത്തിപ്പൂമാലയണിഞ്ഞ് കഴുതപ്പുറത്ത് നഗ്നനായി ഇരുന്ന് യാത്ര ചെയ്യുന്നതും സ്വപ്നം കണ്ട് കണ്ണടയ്ക്കാനാവാതെ കംസൻ നേരം വെളുപ്പിച്ചു.

നഗരവീഥികളെല്ലാം അലങ്കരിച്ചു. മല്ലന്മാർ കായികാഭ്യാസം തുടങ്ങി. ക്ഷണിക്കപ്പെട്ടവർക്കെല്ലാം ഇരിപ്പിടമൊരുക്കി. ചന്ദനവും പനിനീരും തളിച്ച് യാഗശാല ശുദ്ധമാക്കി. ഹോമദ്രവ്യങ്ങളുടെ സുഗന്ധം നിറഞ്ഞു. ഭേരിവാദ്യങ്ങൾ മുഴങ്ങി.

പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ് രാമനും കൃഷ്ണനും മല്ലയുദ്ധം കാണാനെന്ന വ്യാജേന പുറപ്പെട്ടു. തങ്ങളെ വധിക്കാൻ വേണ്ടി കംസനൊരുക്കിയ പദ്ധതികൾ അവർ മുൻകൂട്ടിയറിഞ്ഞിരുന്നു.

” കംസൻ അമ്മാവനാണെങ്കിലും ധർമ്മമാർഗ്ഗത്തിലൂടെ രാജാവായ ആളല്ല, സ്വന്തം അച്ഛൻ ഉഗ്രസേനനേയും അമ്മ പത്മാവതിയേയും തടവിലിട്ട് രാജ്യം ഏറ്റെടുത്ത ദുഷ്ടനാണ്. സഹോദരിയുടെ ആറ് മക്കളെ കൊന്നു. തങ്ങളെ പലവട്ടം ആളെ വിട്ട് കൊല്ലാൻ ശ്രമിച്ചവനാണ്. ഇപ്പോഴും അവൻ്റെ മനസ്സിരുപ്പ് അത് തന്നെയാണ്. അവനെ കൊല്ലുന്നതിൽ യാതൊരു പാപവുമില്ല. ”

രാമകൃഷ്ണന്മാർ ഉറച്ച തീരുമാനവുമായി മുന്നോട്ട് നീങ്ങി. കവാടത്തിൽ കണ്ടത് കുവലയാപീഡം എന്ന ആന വഴിയടച്ച് നില്ക്കുന്നതാണ്. ആനക്കാരൻ അതിനെ കൃഷ്ണൻ്റെ നേർക്ക് തെളിക്കാൻ ശ്രമിച്ചു.

അത് കണ്ടപ്പോൾ കൃഷ്ണൻ ദേഹാലങ്കാരമെല്ലാം അഴിച്ചു മാറ്റി. മുണ്ട് മുറുക്കിയുടുത്തു എന്നിട്ട് ആനയെ മാറ്റാൻ ആനക്കാരനോട് പറഞ്ഞു. അവനതിഷ്ടപ്പെട്ടില്ല. കൃഷ്ണൻ്റെ നേരെ തെളിച്ചപ്പോൾ ആന തുമ്പിക്കൈ കൊണ്ട് കൃഷ്ണനെ ചുറ്റിപ്പിടിച്ചു.

കൃഷ്ണൻ അതിസമർത്ഥമായി പിടിയിൽ നിന്ന് വഴുതി ആനയുടെ മസ്തകത്തിൽ ആഞ്ഞടിച്ചു.പിന്നെ പശുക്കുട്ടികളുമായി കളിക്കുന്ന പോലെ ആനയുടെ വാലിൽ പിടിച്ച് ഇടത്തോട്ടും വലത്തോട്ടും വലിച്ചു. പിറകിലേക്കും വലിച്ചു. വീണ്ടും മസ്തകത്തിൽ അടി വീണപ്പോൾ ആന തളർന്നു. ക്ഷീണിതനായ ആനയുടെ കൊമ്പ് രണ്ടും ഊരി എടുത്തു.

രക്തവും മദജലവും ഇറ്റിറ്റു വീഴുന്ന ഒരു കൊമ്പ് കൃഷ്ണൻ തോളിൽ വെച്ചു. മറ്റേക്കൊമ്പ് ബലരാമനും തോളിൽ വെച്ചു.അത് കണ്ട് അഭ്യാസികളെല്ലാം നടുങ്ങിപ്പോയി.കംസൻ ഭയം പുറത്തു കിട്ടാതെ ഇരുന്നു.

നവരസങ്ങൾക്ക് പുറമേ ഭക്തി എന്ന പത്താമത്തെ രസം കംസൻ ആ മുഖത്ത് കണ്ടു. ചാണൂരൻ കൃഷ്ണനുമായും മുഷ്ടികൻ ബലരാമനുമായും മുഷ്ടിയുദ്ധം തുടങ്ങി.

മല്ലന്മാർക്കിടിവാൾ,ജനത്തിനരചൻ മീനാങ്കനേണാക്ഷിമാർ –
ക്കില്ലത്തിൽ സഖി, വല്ലവർ,ക്കരി ഖലർ, ക്കന്നന്ദനോ നന്ദനൻ;
കാലൻ കംസനു, ദേഹികൾക്കിഹ വിരാൾ, ജ്ഞാനിക്കു തത്ത്വംപരം
മൂലം വൃഷ്ണികുലത്തിനെന്നു കരുതീ മാലോകരക്കണ്ണനെ.
മല്ലന്മാർക്ക് ഇടിവാളായും, പ്രജകൾക്ക് രാജപുംഗവനായും ഗോപികമാർക്ക് മന്മഥനായും ഗോപന്മാർക്ക് ബന്ധുവായും ദുഷ്ടരാജാക്കന്മാർക്ക് ശിക്ഷിക്കുന്നവനായും, കംസന് മരണമായും തത്വം പൂർണ്ണമായി ഗ്രഹിക്കാത്തവന് വിശ്വരൂപനായും യോഗിമാർക്ക് ബ്രഹ്മമായും ഒരേ കൃഷ്ണൻ തോന്നിപ്പിച്ചു.

അല്പസമയത്തിനുള്ളിൽ രണ്ടു പേരും അടിയറവ് പറഞ്ഞു. തന്നെ രക്ഷിക്കാൻ ആരുമില്ലെന്നറിഞ്ഞ കംസൻ ഊരിപ്പിടിച്ച ഉടവാളു കൊണ്ട് പ്രതിരോധം തീർത്തു. എന്നാൽ കൃഷ്ണൻ ഒറ്റച്ചാട്ടത്തിന് ഗരുഡൻ സർപ്പത്തെയെന്നവണ്ണം കംസനെ വീഴ്ത്തി.

ഏറെ നാളത്തെ ദുർഭരണത്തിൻ്റെ കീരീടം താഴെ വീണു. കംസശരീരം ചുഴറ്റി എറിഞ്ഞിട്ടും ആരും ഒന്നും പറഞ്ഞില്ല. എതിർത്തില്ല. കംസൻ മരിച്ചു. വിലപിച്ച കംസപത്നിമാരെ സമാശ്വസിപ്പിച്ചു.

പിന്നെ രാമകൃഷ്ണന്മാർ അച്ഛനമ്മമാരെ കാണാൻ ചെന്നു.

പ്രസവിച്ച ദിവസം വിട്ടുപോയ മകനോടൊപ്പം ഗർഭത്തിൽ നിന്നും വിട്ടു പോയ മകനും വന്നപ്പോൾ ദേവകിയും വസുദേവരും സന്തോഷാശ്രുക്കൾ പൊഴിച്ചു.

കംസൻ തടവിലിട്ട ഉഗ്രസേനനെ അവർ സ്വതന്ത്രനാക്കി. മഥുരയുടെ മഹാരാജാവായി അഭിഷേകം ചെയ്തു.
©✍️#SureshbabuVilayil

1+

Leave a Reply

Your email address will not be published. Required fields are marked *