ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 63

സുരേഷ് ബാബു വിളയിൽ

ഭഗവാൻ ഉദ്ധവരോട് പറഞ്ഞു.

” ദുർജനങ്ങളുടെ വാക്കുകൾക്ക് കൂരമ്പിനേക്കാൾ മൂർച്ഛയാണ്. അവരുടെ വാക്ശരങ്ങളേറ്റും ക്രൂരപ്രവൃത്തികൾ അനുഭവിച്ചും പതറാത്ത മനസ്സുമായി നിസ്സംഗം നിന്ന ഒരു ഭിക്ഷുവിൻ്റെ കഥ ഞാൻ നിനക്ക് പറഞ്ഞ് തരാം. കേട്ടോളൂ.

പണ്ടൊരു ഭിക്ഷുവിനെ ദുഷ്ടന്മാർ വല്ലാതെ ഉപദ്രവിച്ചു. വൃദ്ധനായ അയാളുടെ ഊന്നുവടിയും, ഭാണ്ഡവും, ഭിക്ഷാപാത്രവും പിടിച്ചു വാങ്ങി ദൂരേയ്ക്ക് വലിച്ചെറിഞ്ഞു. അയാളെ അടിച്ചു.കള്ളനെന്ന് വിളിച്ചു. കല്ലെറിഞ്ഞു.

ദേഹം മുഴുവൻ ചോരയൊലിച്ചു.

തിരിച്ചൊന്നും പറയാതെ ആ ഭിക്ഷു നിസ്സംഗനായി നിന്നു. ആരേയും പഴി പറഞ്ഞില്ല. ശകാരിക്കുകയോ, ശപിക്കുകയോ ചെയ്തില്ല. ഒന്നും മിണ്ടാതെ പീഢനങ്ങളെല്ലാം ഏറ്റ് വാങ്ങി.

ഒരു കാലത്ത് അവന്തി രാജ്യത്ത് ജീവിച്ച സമ്പന്നനായ ഒരു ബ്രാഹ്മണനായിരുന്നു അയാൾ. കൃഷിയിലും കച്ചവടത്തിലും ഏർപ്പെട്ട് അയാളുടെ സമ്പത്ത് ദിനംപ്രതി വർദ്ധിച്ചു.

സ്വന്തം സമ്പാദ്യത്തിൽ നിന്ന് ഒരു പൈസ പോലും മറ്റുള്ളവർക്ക് കൊടുത്തില്ല. ഭാര്യയ്ക്കും മക്കൾക്കും വേണ്ടത് പോലും കൊടുക്കാതെ പിശുക്കി ജീവിച്ച് അയാൾ വലിയ ധനവാനായി മാറി.
വീട്ടിൽ വരുന്ന അതിഥികൾക്കും, ബന്ധുക്കൾക്കും,വഴിപോക്കർക്കും അയാളൊന്നും കൊടുത്തില്ല. ഭിക്ഷക്കാർ പോലും അവിടേക്ക് ചെന്നില്ല. ധാർമ്മികകാര്യങ്ങൾ ഒന്നും നടക്കാത്ത ആ വീടിന് ആളുകളിട്ട പേര് ശൂന്യഗൃഹം എന്നായിരുന്നു.

ആർക്കും ഉപകാരമില്ലാത്ത സമ്പത്ത് ഭൂമിക്കടിയിൽ കുഴിച്ചിട്ട നിധി പോലെ നിഷ്ഫലമാണ്. അതിന് യക്ഷവിത്തം എന്നും അതുള്ളവനെ യക്ഷവിത്തൻ എന്നുമാണ് ഭാഗവതം വിളിക്കുന്നത്.

യക്ഷവിത്തൻ ദാനധർമ്മാദികൾ നിർവ്വഹിച്ച് യക്ഷവിത്തത്തെ ലക്ഷ്മീവിത്തമാക്കി മാറ്റണം. അല്ലെങ്കിൽ അതയാളെ സമൂലം നശിപ്പിക്കും. ധാർമ്മികമായ വൃത്തികളൊന്നും ചെയ്യാത്ത ബ്രാഹ്മണൻ്റെ കാര്യത്തിലും കഥ മറിച്ചായില്ല.

അഗ്നിബാധ,വെള്ളപ്പൊക്കം എന്നീ ദുരന്തങ്ങൾ കാരണം അയാളുടെ കൃഷിയും കച്ചവടവും നശിച്ചു. കടം വാങ്ങികൊണ്ട് പോയവർ പണം തിരിച്ചു കൊടുത്തില്ല. സൂക്ഷിച്ച് വെച്ച പണം ബന്ധുമിത്രാദികളും നാട്ടുകാരും അപഹരിക്കുകയും ചെയ്തു. അയാൾ പിച്ചക്കാരനായി മാറി.

തൻ്റെ ദുർദ്ദശയോർത്ത് ദു:ഖിച്ച് അയാൾ കണ്ണീരൊഴുക്കി. സ്വന്തം തെറ്റുകുറ്റങ്ങൾ തിരിച്ചറിഞ്ഞു.പൂർവ്വജന്മത്തിലെ ഏതോ സുകൃതം കൊണ്ട് കാലക്രമേണ അയാൾക്ക് വൈരാഗ്യത്തോട് കൂടിയ വിവേകം ഉദിച്ചു. അയാൾ പരമപുരുഷനിൽ മനസ്സർപ്പിച്ചു.

നിരന്തരധ്യാനം ചെയ്ത് അയാൾ ഭിക്ഷുവായി. ഇന്ദ്രിയങ്ങളേയും മനസ്സിനേയും അടക്കി ഒരിടത്തും ഉറച്ചിരിക്കാതെ ഭൂമി മുഴുവൻ സഞ്ചരിച്ചു.

ദുർജനങ്ങൾ അപമാനിച്ചിട്ടും നിന്ദിച്ചിട്ടും അയാളൊന്നും പ്രതികരിച്ചില്ല. നിസ്സംഗനായി നിന്ന് എല്ലാം സഹിഷ്ണുതയോടെ അനുഭവിച്ചു. ഒരു പാട്ട് മാത്രം അയാളെപ്പോഴും മൂളി. അതിങ്ങനെ ആയിരുന്നു.
നായം ജനോമേ സുഖദുഃഖഹേതുർ-
ന ദേവതാത്മാ ഗ്രഹകർമ്മ കാലാ:
മനഃപരം കാരണമാമനന്തി
സംസാരചക്രംപരിവർത്തയേദ് യത്
(11- 23-43)
ഈ ജനങ്ങളൊന്നുമല്ല എന്നെ ദു:ഖിപ്പിക്കുന്നത്. എൻ്റെ ദു:ഖത്തിന് കാരണം ദേവന്മാരോ ഗ്രഹങ്ങളോ കാലമോ ഈശ്വരനോ ഒന്നുമല്ല. മനസ്സാണ് എല്ലാ ദു:ഖങ്ങൾക്കും കാരണം. ഈ സംസാരചക്രത്തെ സദാ തിരിക്കുന്നത് മനസ്സാണ്.

ഈ മനസ്സ് സത്വം,രജസ്,തമസ്സ് എന്നീ മായാഗുണങ്ങളെ വേർതിരിക്കുന്നു. അതിനനുസരിച്ച് പുണ്യവും പാപവും മിശ്രകർമ്മങ്ങളും ഉണ്ടാവുന്നു. അവയെ പിന്തുടർന്ന് സംസാരഗതികൾ ഉണ്ടാവുന്നു. മനസ്സാണ് ശത്രുവിനേയും മിത്രത്തേയും സൃഷ്ടിക്കുന്നത്. യുദ്ധങ്ങൾ ഉണ്ടാക്കുന്നത്.

ഞാനെന്നും എൻ്റെതെന്നുമുള്ള ബുദ്ധിയുണ്ടാക്കുന്നത് മനസ്സാണ്. ഇതിലൊന്നും ആത്മാവിന് പങ്കില്ല. എല്ലാറ്റിനും കാരണം എൻ്റെ മനസ്സാണ്.

ജനനസമയത്ത് പന്ത്രണ്ട് ഭാവങ്ങളിൽ നില്ക്കുന്ന സൂര്യൻ തുടങ്ങിയ ഗ്രഹങ്ങളാണ് സുഖവും ദുഖവും തരുന്നതെന്ന് പറഞ്ഞാൽ അതല്ല ശരി. എല്ലാറ്റിനും കാരണം എൻ്റെ മനസ്സാണ്.

മനസ്സ് പരമാത്മാവുമായി ചേർന്നാണ് ജീവനായത്. മനസ്സിനെ ഞാനെന്ന് ധരിച്ചപ്പോൾ ഞാൻ സംസാരത്തിൽ ബദ്ധനായി. സുഖദുഖങ്ങളെല്ലാം ഞാൻ വരുത്തിവെച്ചതാണ്. മനസ്സല്ല ഞാനെന്ന് ധരിച്ചാൽ മോക്ഷമായി.

മനമേവ മനുഷ്യാണാം
കാരണം ബന്ധമോക്ഷയോ:
മനസ്സ് മാത്രമാണ് ബന്ധനത്തിനും സ്വാതന്ത്ര്യത്തിനും കാരണം.
ദാനം സ്വധർമോ നിയമോ യമശ്ച
ശ്രുതം ച കർമാണി ച സദ് വ്രതാനി
സർവേ മനോനിഗ്രഹലക്ഷണാന്താ:
പരോ ഹി യോഗോ മനസ: സമാധി:
(11-23-46)
ദാനം, സ്വധർമാചരണം, നിയമം, യമം, വേദപഠനം, യജ്ഞാദികൾ, വ്രതങ്ങൾ. എന്നിവയെല്ലാം മനസ്സിനെ മെരുക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സർവ്വം ബ്രഹ്മമയം എന്ന പരമമായ സമദർശനമാണ് മനസ്സിൻ്റെ ഏറ്റവും വലിയ ഉപശമം.

മനസ്സിനെ ജയിക്കാൻ ഭഗവാൻ്റെ കാരുണ്യം വേണം. ഭജിക്കുന്നവരെ സംസാരസമുദ്രത്തിൽ നിന്നും കരകയറ്റുന്ന കരുണാനിധിയായ ഭഗവാനെ ധ്യാനിക്കുന്നത് കൊണ്ട് പരമാത്മബോധമുണ്ടാകും. ഞാൻ ദു:ഖസാഗരത്തെ അങ്ങനെയാണ് തരണം ചെയ്യുക!”

ഭഗവാൻ പറഞ്ഞു.

ഉദ്ധവരേ, ധനം മുഴുവൻ നശിച്ചിട്ടും ദുർജനങ്ങളുടെ ഉപദ്രവം മുഴുവൻ സഹിച്ചിട്ടും, എല്ലാരും ഉപേക്ഷിച്ചിട്ടും ആ ഭിക്ഷുവിൻ്റെ ആത്മപ്രകാശം നഷ്ടപ്പെട്ടില്ല. തത്വനിബദ്ധമായ
ഭിക്ഷുഗീതം പാടി മറ്റുള്ളവർക്ക് സ്വയം ദൃഷ്ടാന്തമായി അയാൾ നടക്കുന്നത് കണ്ടില്ലേ?

സുഖദുഖങ്ങൾ തരുന്നത് അന്യനല്ല. ബന്ധു, ശത്രു, ഉദാസീനൻ എന്നീ തോന്നൽ ഉണ്ടാക്കുന്ന ഈ ലോകം അജ്ഞാനത്തിൻ്റെ കൂരിരുട്ടിലാണ്.

മനസ്സിൻ്റെ വിഭ്രമം കാരണം ഇവിടെ ഇല്ലാത്തത് ഉണ്ടെന്ന് തോന്നുന്നു. ഭിക്ഷു പറഞ്ഞ പോലെ മനസ്സാണ് എല്ലാറ്റിനും കാരണം. മനസ്സിനെ ജയിച്ചാൽ സംസാരസമുദ്രത്തെ തരണം ചെയ്യാം.”
സംശയം നീങ്ങി ഉദ്ധവരുടെ ചിത്തം തെളിഞ്ഞു.

ഇതാ ഭഗവാൻ നമ്മളോട് പറയുന്നു.

” നീ നിന്നെ തന്നെ ചുമന്ന് കുറേ നടന്നില്ലേ? ഇനിയല്പം വിശ്രമിക്കൂ. നിൻ്റെ ബുദ്ധിയുടെ കടിഞ്ഞാൺ എന്നെ ഏല്പിക്കൂ. നിനക്ക് വേണ്ട മനോജയം ഞാൻ നേടി തരാം. മനസ്സാകുന്ന നിൻ്റെ കുതിരകളെ മെരുക്കാൻ സാരഥിയായി ഞാൻ ഇവിടെയുണ്ട്.

യോഗക്ഷേമം വഹാമ്യഹം. ”
ഹരേ കൃഷ്ണാ
©✍️#Suresh Babu Vilayil

2+

Leave a Reply

Your email address will not be published. Required fields are marked *