ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 24

സുരേഷ് ബാബു വിളയിൽ

ഋഷഭദേവൻ്റെ മകനായ ഭരതൻ രാജ്യഭാരമേറ്റു. പിതാവിനെ പോലെ ഭരതരാജാവും വാത്സല്യത്തോടെ പ്രജകളെ പരിപാലിച്ചു.

വിശ്വരൂപൻ്റെ മകൾ പഞ്ചജനിയെ ഭരതൻ വിവാഹം ചെയ്തു. അഞ്ച് മക്കൾ അവർക്കുണ്ടായി.

ഭരതൻ വിഷ്ണുഭക്തനായിരുന്നു. വിഷ്ണുരൂപം സദാ ധ്യാനിച്ച് മനസ്സിൽ അചഞ്ചലമായ ഭക്തി വളർന്നു. മക്കൾക്ക് പക്വതയും പ്രാഭവവും വന്നപ്പോൾ വാനപ്രസ്ഥം സ്വീകരിച്ച് ഏകാന്തഭക്തിയിൽ കാട്ടിൽ കഴിയാമെന്ന് അദ്ദേഹം തീരുമാനിച്ചു. രാജ്യഭാരം പുത്രനെ ഏല്പിച്ച് ഭരതൻ രാജകൊട്ടാരം വിട്ടിറങ്ങി.

ചക്രനദീതീരത്തുള്ള പ്രശാന്തമായ പുലഹാശ്രമ ഉപവനത്തിൽ ഭരതൻ എത്തി. അവിടെയൊരു പർണ്ണശാല കെട്ടി ഏകാകിയായി താമസിച്ചു. പൂക്കളും, തുളസിയും ശേഖരിച്ച് ഭഗവാനെ അർച്ചിച്ചു. ഭഗവാന് നിവേദിച്ച ഫലമൂലാദികൾ മാത്രം ഭക്ഷിച്ചു. ഏകാന്തഭക്തിയിൽ തൻ്റെ ഹൃദയം ഉരുകി അലിയുന്ന പോലെ രാജാവിന് തോന്നി.

പൂജ ചെയ്യുമ്പോൾ ഭക്തിപാരവശ്യം കൊണ്ട് പലപ്പോഴും ആ കണ്ണുകൾ നിറഞ്ഞൊഴുകി. ദേഹം വിറച്ചു. തൊണ്ടയടഞ്ഞു. ഈശ്വരീയമായ ഒരു ദിവ്യത്വം ഭരതനെ പൊതിഞ്ഞു.

ഒരു നാൾ അദ്ദേഹം സന്ധ്യാവന്ദനം കഴിഞ്ഞ് മന്ത്രജപം ചെയ്ത്കൊണ്ട് പുഴയിൽ കഴുത്തറ്റം വെള്ളത്തിൽ നിൽക്കുകയായിരുന്നു. അപ്പോൾ ഗർഭിണിയായ ഒരു പേടമാൻ വെള്ളം കുടിക്കാനെത്തി.
അതിനിടെ ഒരു സിംഹഗർജനവും കേട്ടു. ആ അലർച്ച കേട്ടതും ഭയവിഹ്വലയായ മാൻ പിന്തിരിഞ്ഞ് ഓടി. പൊടുന്നനെ പ്രസവവും കഴിഞ്ഞു. കുഞ്ഞ് പുഴയിലേയ്ക്ക് വീണു. അമ്മ അവിടെ തന്നെ വീണു മരിക്കുകയും ചെയ്തു.

പുഴയിൽ വീണ ആ മാൻകിടാവ് സമീപത്തേക്ക് ഒഴുകി വരുന്നത് രാജാവ് കണ്ടു. അദ്ദേഹം അതിനെ സ്നേഹവായ്പോടെ വാരിയെടുത്ത് ആശ്രമത്തിലേക്ക് കൊണ്ടുപോയി.
അമ്മ നഷ്ടപ്പെട്ട മാൻകുഞ്ഞിനെ പരിപാലിക്കാൻ കിട്ടിയ നിയോഗം വിധിവിഹിതം എന്നോർത്ത് രാജാവ് വിസ്മയപ്പെട്ടു. ഭരതാശ്രമത്തിലെ ഓമനയായി അത് വളർന്നു വന്നു.

ഭരതൻ ചിന്തിച്ചു.

“കഷ്ടം,ഇവന് ഞാനല്ലാതെ മറ്റാരുണ്ട്? ഇവൻ്റെ കാര്യങ്ങൾ നോക്കി ഇവനെ സന്തോഷിപ്പിച്ച് വളർത്തേണ്ടത് എൻ്റെ കടമയാണ്.”
മാൻകുട്ടിയുടെ ഓട്ടവും ചാട്ടവും കുസൃതിയും നോക്കി രാജാവ് സമയം കഴിച്ചു. മാനിനോടുള്ള മമത ദിനംപ്രതി വർദ്ധിച്ചു വന്നു.

അതിനു വേണ്ട പാലും,കറുകപ്പുല്ലും തളിരിലയും എവിടെ കിട്ടുമെന്ന കാര്യം മാത്രം ചിന്തിച്ച് രാജാവിൻ്റെ യമനിയമങ്ങളെല്ലാം തെറ്റി. ഭഗവദ്പൂജ മടങ്ങി.

കടുവ,പുലി ചെന്നായ് തുടങ്ങിയ മൃഗങ്ങൾ തൻ്റെ മാൻകുട്ടിയെ ദ്രോഹിക്കുമോ എന്ന ഭയത്താൽ ഭരതൻ അതിനെ കൂടെ കിടത്തി. മാൻകുട്ടി ദൂരേക്ക് പോകുമ്പോൾ അതിനെ അനുഗമിച്ചു. അതിൻ്റെ കളികൾ സസന്തോഷം വീക്ഷിച്ചു.

മാൻകുട്ടി രാജാവിന് ചുറ്റും ഓടിയും ചാടിയും ചാഞ്ചാടിയും കളിച്ചു. എവിടെയെങ്കിലും തട്ടിയോ മുട്ടിയോ അതിൻ്റെ കാലിനോ കയ്യിനോ വല്ല മുറിവോ ചതവോ വന്നാൽ രാജാവ് അതിയായി ദുഖിച്ചു.

ക്രമേണ പൂജാ സമയത്ത് പോലും സ്വസ്ഥതയില്ലാതായി. ഇടക്കിടക്ക് മാൻകുട്ടിയെവിടെ എന്ന് നോക്കും. കാണാഞ്ഞാൽ വിരഹചിത്തനായി കരയും. അതിൻ്റെ കുസൃതികൾ എപ്പോഴും ഓർത്ത് കൊണ്ടിരിക്കും.

ഹോമാഗ്നി മലിനമാക്കിയപ്പോൾ ഒരിക്കൽ ദ്വേഷ്യപ്പെട്ടതും പിന്നെ കുറെ നേരം തന്നോട് പരിഭവിച്ച് മിണ്ടാതിരുന്നതും, സമാധിയിൽ ഇരിക്കുമ്പോൾ കൊമ്പു കൊണ്ട് മുതുകിൽ മൃദുവായി ചുരണ്ടി ഉണർത്തിയതും ഓർമ്മിക്കും.

ഇങ്ങനെ മാൻകുട്ടിയെ കുറിച്ച് മാത്രം ചിന്തിച്ച് രാജാവ് സ്വയം ഏറ്റെടുത്ത പ്രാരബ്ധത്തിൽ പെട്ടു.യോഗചര്യകളിൽ നിന്നെല്ലാം ഭ്രഷ്ടനായി.

പരമജ്ഞാനത്തിൽ വേണ്ടത്ര ശ്രദ്ധ വെക്കാത്ത യോഗതാപസന്മാർക്ക് പലപ്പോഴും ഇത് സംഭവിക്കാറുണ്ട്. ജ്ഞാനത്തിൻ്റെ സർവ്വപ്രാധാന്യം സൂചിപ്പിക്കാനാണ് ഭാഗവതം ഈ ചരിതത്തെ ഉൾപ്പെടുത്തിയത് എന്ന് തോന്നുന്നു.

ഭരതൻ ജ്ഞാനതപസനായിരുന്നു എങ്കിൽ മാൻകുട്ടിയെ എടുത്ത് വളർത്തിയത് ബ്രഹ്മയജ്ഞമായി കരുതുമായിരുന്നു.

അപ്പോൾ ഞാനെന്നോ എൻ്റേതെന്നോ ഉള്ള മമത വരില്ല. ഈശ്വരാംശമായി മാൻകുട്ടിയെ കാണാതെ അതിൻ്റെ രക്ഷകനും ഈശ്വരനുമായി സ്വയം കണ്ടത് വലിയ പിഴവായി. അതിന് ഭരതരാജാവ് കൊടുത്ത വില കനത്തതായിരുന്നുവെന്ന് തുടർന്നു വരുന്ന കഥാഗതിയിൽ നിന്ന് മനസ്സിലാക്കാം.

മാൻകുട്ടിയുമായി സംഗബദ്ധനായ ഭരതൻ്റെ അന്ത്യസമയം വന്നു.താൻ പോയാൽ മാൻകുട്ടിക്ക് ആരുണ്ട് എന്ന ചിന്ത മനസ്സിനെ മഥിച്ചു.

പ്രിയപുത്രനെ പോലെ നിറഞ്ഞ കണ്ണുമായി മാൻ വളർത്തച്ഛനെ നോക്കി അടുത്ത് തന്നെ നിന്നു. ആ മാനിനെ തന്നെ ഉള്ളിലും പുറത്തും കണ്ടായിരുന്നു ഭരതൻ്റെ അന്ത്യം.

മരണസമയത്തെ ചിന്തയാണ് പുനർജന്മം നിർണ്ണയിക്കുന്നത്. അലംഘനീയമായ ആ നിയമത്തിന് നേർസാക്ഷ്യമായി ഭരതരാജാവ് ഒരു മാനായി പുനർജനിച്ചു. ദീർഘകാലം അനുവർത്തിച്ച ഭഗവദ് സ്മരണ നിമിത്തമായി പൂർവ്വജന്മത്തിലെ വൃത്താന്തങ്ങളെല്ലാം അതേപടി ഓർമ്മയിൽ നിന്നു.

മാനായ ഭരതൻ ചിന്തിച്ചു.
“കഷ്ടം.ഏകാന്തഭക്തി വളർത്താൻ വേണ്ടി കൊട്ടാരം വിട്ട് കാട് പൂകിയ എനിക്ക് ഒരു മാൻകുട്ടിയോടുള്ള മമത കാരണം ഈ ഗതി വന്നല്ലോ. ഇനിയെത്ര സമ്മർദ്ദം വന്നാലും ആത്മാന്വേഷണപഥത്തിൽ നിന്നും ഞാൻ ഭ്രഷ്ടനാവില്ല.”

മാനിൻ്റെ ശരീരത്തിലിരുന്ന് മനസ്സുകൊണ്ട് ഭരതൻ ഉറപ്പിച്ചു.

കാലക്രമേണ മാൻജന്മവും തീർന്ന് അംഗിരസ്സെന്ന മഹാതാപസൻ്റെ പത്തു മക്കളിൽ ഇളയവനായി ഭരതരാജാവ് ജന്മമെടുത്തു.

പൂർവ്വജന്മസ്മൃതിയുള്ളത് കൊണ്ട് ജ്ഞാനസമ്പാദനം വേണ്ട. പ്രാരബ്ധം ഒടുങ്ങിയാൽ മതി. പ്രവൃത്തിമാർഗ്ഗം വേണ്ട. നിവൃത്തി മാർഗ്ഗം മതി. ഭരതൻ തീർച്ചയാക്കി. അതിന് വേണ്ടി സമൂഹത്തിൽ ഒരു ജഡനെ പോലെയോ മന്ദബുദ്ധിയെ പോലെയോ അഭിനയിക്കാം എന്നുറച്ചു.

അഭിനയം വിശ്വസിച്ച അച്ഛനും ജ്യേഷ്ഠന്മാരും പശുക്കളെ മേയ്ക്കാനും വയല് കാക്കാനും ജഡഭരതനെ നിയോഗിച്ചു.

പിണ്ണാക്കോ, ഉഴുന്നോ കടലയോ കഴിച്ച് കാളയെ പോലെ ജഡൻ പണിയെടുക്കും. തടിച്ചുകൊഴുത്ത ദൃഢമായ ദേഹം കണ്ട് ഇവൻ ബ്രാഹ്മണജാതി എന്ന് വിളിച്ച് ജനങ്ങൾ പരിഹസിക്കും. എത്ര നിന്ദിച്ചാലും ജഡഭരതൻ ഒന്നും മിണ്ടില്ല.

അങ്ങനെയിരിക്കെ, കുട്ടികളില്ലാത്ത ഒരാൾ ഭദ്രകാളിക്ക് നരബലി കൊടുത്താൽ പുത്രനുണ്ടാവുമെന്ന് ഒരു ദുർമ്മന്ത്രവാദി പറഞ്ഞത് കേട്ട് വിശ്വസിച്ചു. നല്ല ആൾ സ്വാധീനവും പണവും ഉള്ളതുകൊണ്ട് അവൻ ആ ക്രൂരകൃത്യത്തിന് പുറപ്പെട്ടു. കുരുതി കൊടുക്കാൻ പറ്റിയ മനുഷ്യനെ തിരയാൻ നാട് നീളെ സിൽബന്തികളെ വിട്ടു.

രാത്രി നേരത്ത് തുറസ്സായ വയലിൽ കറ്റയും കാത്ത് കിടന്നുറങ്ങുന്ന ജഡഭരതനെ അവർ കണ്ടു. ഇവൻ എന്ത് കൊണ്ടും കുരുതിക്ക് യോഗ്യനെന്ന് അവർ കരുതി.

ഒരു കയറ് കൊണ്ട് കൈകൾ പിന്നിലേക്ക് കൂട്ടികെട്ടി ജഡഭരതനെ യജമാനൻ്റെ അടുത്തെത്തിച്ചു. ബലിമൃഗത്തെ ഇത്ര എളുപ്പത്തിൽ കിട്ടിയതിൽ എല്ലാവരും സന്തോഷിച്ചെങ്കിലും ഭയലേശമില്ലാതെ നില്ക്കുന്ന തടിച്ച് കൊഴുത്ത ആ രൂപം അവരിൽ വിസ്മയവും ഭീതിയും നിറച്ചു.

ജഡഭരതനെ കുളിപ്പിച്ച്, ചുവന്ന പട്ടുടുപ്പിച്ച് ചെമ്പരത്തിപൂമാല ചാർത്തി ഭദ്രകാളീക്ഷേത്രത്തിൻ്റെ തിരുനടയിൽ നിർത്തി. തിളങ്ങുന്ന വായ്ത്തലയുള്ള വാൾ ഇരുളിലും തിളങ്ങി. പ്രശാന്തനായി നില്ക്കുന്ന ജഡഭരതൻ്റെ കഴുത്ത് ലക്ഷ്യമാക്കി വൃഷളൻ വാളോങ്ങി.

പെട്ടെന്ന് ആ ഭദ്രകാളീ ബിംബം ഒന്നനങ്ങി. അതിൽ നിന്നും ഒരു തേജസ്സുയർന്നു പോങ്ങി. പുരികം വളച്ച് ,ദംഷ്ട്രകൾ കാട്ടി,കണ്ണുകൾ ചുവപ്പിച്ച് ഭദ്രകാളി ആവിർഭവിച്ചു. ഭീതിദമായ അലർച്ചയോടെ ആ വാൾ പിടിച്ചു വാങ്ങി ഭദ്രകാളി അവരെയെല്ലാം വെട്ടിവീഴ്ത്തി.

ശ്രീശുകബ്രഹ്മർഷി പറഞ്ഞു.
” അല്ലയോ പരീക്ഷിത് രാജാവേ, ആരാണോ മഹാത്മാക്കളോട് അതിക്രമം കാണിക്കുന്നത് അത് അവരിലേക്ക് തന്നെ തിരിച്ചടിക്കും. ആത്മാന്വേഷികളെ രക്ഷിക്കാൻ ഭഗവാൻ തന്നെ നേരിട്ടെത്തും. ”

ജഡഭരതൻ്റെ കഥ ഇവിടെ തീരുന്നില്ല. ഭരതൻ്റെ സുപ്രധാനനിയോഗം ഇനി വരാനിരിക്കുന്നേയുള്ളു. പരമജ്ഞാനം കിട്ടാൻ കപിലരെ തേടി പോയ രഹഗുണരാജാവിന് ഭരതൻ നല്കുന്ന ജ്ഞാനോപദേശം ഭാഗവതത്തിൻ്റെ ഹൃദയമാണ്.
അതിനെ കുറിച്ച് നാളെ.
ചിത്രത്തിന് കടപ്പാട് Google.
©@#SureshbabuVilayil.

0

Leave a Reply

Your email address will not be published. Required fields are marked *