ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 22

സുരേഷ് ബാബു വിളയിൽ

പുരഞ്ജനൻ്റെ പുനർജന്മമായ വൈദർഭിയെ മലയധ്വജനെന്ന് പേരായ പാണ്ഡ്യരാജാവ് വിവാഹം കഴിച്ചു. അവർക്ക് ഒരു പുത്രിയും ഏഴ് പുത്രന്മാരും ജനിച്ചു.

കർമ്മബഹുലമായ രാജ്യഭാരത്തിന് ശേഷം പുത്രന്മാരെ ഭരണമേല്പിച്ച് രാജാവ് തപസ്സിനായി കാട്ടിലേക്ക് പോയി. പതിവ്രതയായ വൈദർഭി രാജാവിനെ അനുഗമിച്ചു. അവൾ മരവുരി ധരിച്ച് ജടാധാരിയായി ഭർത്താവിനെ പരിചരിച്ച് കൊണ്ട് തപോനിഷ്ഠയോടെ കഴിഞ്ഞു.

കാലം കടന്നു പോയപ്പോൾ,തപസ്സ് കൊണ്ടും വിദ്യകൊണ്ടും ചിത്തം ശുദ്ധീകരിച്ച് മലയധ്വജൻ പ്രാണനെ പരമാത്മാവിൽ ലയിപ്പിച്ചു.

തണുത്തു വിറങ്ങലിച്ച ഭർത്തൃപാദത്തിൽ കൈ തൊട്ട് വണങ്ങിയപ്പോഴാണ് വൈദർഭി ആ ദു:ഖസത്യം അറിഞ്ഞത്. അവൾ വല്ലാതെ പരിഭ്രമിച്ചു. ഒറ്റയ്ക്കായ ദു.ഖം സഹിക്കാൻ കഴിയാതെ അവൾ ഉറക്കെ കരഞ്ഞു.

കുറേ നേരം കഴിഞ്ഞ് സ്വബോധം വീണ്ടെടുത്തു. ഭർത്താവിൻ്റെ ജഢത്തിന് ചുറ്റും വിറകുകൾ വെച്ച് അവൾ ചിത കൂട്ടി. അഗ്നി പടർത്തി. ചിതയിൽ ചാടി ശരീരം ത്യജിക്കാൻ ഒരുങ്ങി. പെട്ടെന്ന് ഒരു മഹാജ്ഞാനി അവിടെ എത്തി. അദ്ദേഹം കൈകൾ പിടിച്ച് വലിച്ച് ആ കൃത്യത്തിൽ നിന്നും അവളെ തടഞ്ഞു കൊണ്ട് ഇങ്ങനെ ചോദിച്ചു.

” ഹേകുട്ടീ,നീയാരാണ് എന്ന് സ്വയം ചിന്തിക്കൂ. ഈ ചിതയിൽ കിടന്ന് ദഹിക്കുന്നവൻ നിനക്കാരാണ്? നീ നിന്നെ മറന്നുവോ കുട്ടീ? നിൻ്റെ അവിജ്ഞാതനായ കൂട്ടുകാരനെ മറന്നുവോ?

എന്നെയൊന്നു സൂക്ഷിച്ചു നോക്കൂ. ഓർമ്മയുണ്ടോ ഈ മുഖം? എന്നെ വെടിഞ്ഞല്ലേ നീ ഇത്ര നാളും ലോകഭോഗങ്ങളിൽ മുഴുകിയത്. നീയന്വേഷിച്ചു പോയ ആ പഴയ കൂട്ടുകാരനാണ് ഞാൻ ”

ഞാനും നീയും മാനസസരസ്സിൽ ഒരുമിച്ച് വസിച്ചിരുന്ന ഹംസങ്ങളായിരുന്നു. ആ നാളുകൾ ഇത്ര വേഗം നീ മറന്നുവോ?

ആയിരം സംവത്സരങ്ങൾ നമുക്ക് രണ്ട് പേർക്കും വസിക്കാൻ സ്ഥലങ്ങളില്ലാതെ പോയി. നീ വിഷയസുഖങ്ങളുടെ പിന്നാലെ പോയി. ആത്മസ്വരൂപത്തെ മറന്ന് വിഷയാസക്തിയിൽ പെട്ടു.

സത്യത്തിൽ ഞാനും നീയും രണ്ടല്ല. ഒന്നാണ്. മഹാജ്ഞാനിയുടെ രൂപത്തിൽ വന്ന മാനസസരസ്സിലെ ഹംസം ഇത്രയും പറഞ്ഞപ്പോൾ പുരഞ്ജനനായും, വൈദർഭിയായും ജീവിച്ച ഹംസത്തിന് എല്ലാം ഓർമ്മ വന്നു. രണ്ടു ഹംസങ്ങളും ഒരുമിച്ച് പരമമായ ശാന്തി നുകരാൻ മാനസസരസ്സിലേക്ക് പറന്നുയർന്നു.

ഒരേ വൃക്ഷത്തിൽ കൂട്ടുകാരായി ഒരുമിച്ച് കഴിയുന്ന പക്ഷികളായാണ് ജീവാത്മാവിനേയും പരമാത്മാവിനേയും മുണ്ഡകോപനിഷത്തിലെ ഒന്നാം മന്ത്രം ചിത്രീകരിച്ചത്. അതിൽ ഒരു പക്ഷി വൃക്ഷത്തിലെ സ്വാദുള്ള പഴം കൊത്തി തിന്നുന്നു. മറ്റെ പക്ഷി പഴം തിന്നുന്നില്ല. പ്രസന്നതയോടെ ആ കാഴ്ച കണ്ടിരിക്കുകയാണ്.

അഹം ഭവാൻ നചാന്യസ്ത്വം ത്വമേവാഹം വിചക്ഷ്വ ഭോ:
ന നൗപശ്യന്തി കവയ:ഛിദ്രം ജാതു മനാഗപി.
(4-28-62)
തത്ത്വമസി എന്ന മഹാവാക്യത്തിൽ ഉറപ്പിച്ച ബ്രഹ്മാത്മൈക്യമാണ് ഇവിടെ സൂചന. ഞാനും നീയും രണ്ടല്ല ഒന്നാണ്. ഈശ്വരനും ജീവനും രണ്ടല്ല. ഒന്നാണ്.

നാരദർ പറഞ്ഞു.
” അല്ലയോ മഹാരാജാവേ, ഞാൻ പ്രതീകാത്മകമായി ഇവിടെ വിവരിച്ചത് അങ്ങയുടെ കഥ തന്നെയാണ്.”

രാജാവ് പറഞ്ഞു.
അങ്ങയുടെ വിവരണം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. എന്നാൽ കഥയിലെ പ്രതീകങ്ങൾ വേണ്ടത് പോലെ മനസിലായില്ല. ഒന്നുകൂടി വിശദമാക്കിയാലും ”

നാരദർ പറഞ്ഞു.
“രാജാവേ, ജീവനാണ് പുരഞ്ജനൻ. കണ്ണ്കൊണ്ട് കാണാൻ കഴിയാത്ത കൂട്ടുകാരൻ പരമാത്മാവാണ്.

ഒൻപത് ഗോപുരദ്വാരത്തോട് കൂടി കണ്ടെത്തിയ മനോഹരമായ പട്ടണം മനുഷ്യശരീരം തന്നെ. മനുഷ്യശരീരത്തിനും ഒമ്പത് ദ്വാരങ്ങളാണല്ലോ ഉള്ളത് ?

പൂന്തോപ്പിൽ കണ്ട സുന്ദരി ബുദ്ധിയാണ്. അവളുടെ ഭൃത്യന്മാർ ഇന്ദ്രിയങ്ങളാണ്. മുഖം,പാദം, പാണി, പായു, ഉപസ്ഥം എന്നീ അഞ്ച് കർമ്മേന്ദ്രിയങ്ങളും, കണ്ണ്,മൂക്ക്, നാക്ക്, ചെവി,ത്വക്ക് എന്നീ ജ്ഞാനേന്ദ്രിയങ്ങളുമാണ് അവ.

സർപ്പത്തിൻ്റെ അഞ്ച് തലകൾ പ്രാണൻ, വ്യാനൻ, അപാനൻ, സമാനൻ, ഉദാനൻ എന്നീ പഞ്ച പ്രാണന്മാരാണ്. സ്വരൂപമറിയാതെ ബുദ്ധിയായ പുരഞ്ജനിയെ മാത്രം ആശ്രയിച്ചാണ് പുരഞ്ജനൻ ജീവിച്ചത്. ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും കൊണ്ട് തിരഞ്ഞാലും ഈശ്വരനെ കണ്ടെത്താൻ കഴിയില്ല.

ചണ്ഡവേഗൻ എന്ന ഗന്ധർവ്വൻ കാലം തന്നെ. ശരീരത്തിൽ ജരാനരകൾ ഉണ്ടാക്കുന്നത് കാലമാണല്ലോ? മൃത്യുഭയമാണ് കാലകന്യക.

കർമ്മവാസനയാണ് ജന്മഹേതു. ആധ്യാത്മികം, ആധിഭൗതികം, ആധിദൈവികം എന്നീ മൂന്ന് തരം ദുഃഖങ്ങൾ ജീവനെ പീഡിപ്പിക്കുന്നു.

സ്വന്തം വശപിശകു കൊണ്ടുള്ള ദു:ഖം ആധ്യാത്മികം. അന്യനിൽ നിന്നോ ചുറ്റുപാടിൽ നിന്നോ ഉളവാകുന്ന ദു:ഖം ആധിഭൗതികം. പ്രകൃതിശക്തികളിൽ നിന്നും ദുഃഖം സംഭവിച്ചാൽ അത് ആധിദൈവികം.

ദു:ഖത്തിന് പരിഹാരം ഉണ്ട്. പക്ഷെ അത് മറ്റൊരു കർമ്മമല്ല. കർമ്മരൂപമായി അനുഷ്ഠിക്കുന്ന പ്രായശ്ചിത്തം കാര്യമായ ഫലം ചെയ്യില്ല.

യഥാഹി പുരുഷോ ഭാരം ശിരസാഗുരു മുദ്വഹൻ
തം സ്ക്കന്ധേന സ ആധത്തേ തഥാ സർവ്വാ:പ്രതിക്രിയാ:
(14-29-33)
അത് തലയിൽ വെയ്ക്കുന്ന ഭാരം ഇടയ്ക്കൊന്ന് തോളിലേക്ക് മാറ്റി വെയ്ക്കുമ്പോൾ തലയ്ക്ക് കിട്ടുന്ന ആശ്വാസം പോലെ മാത്രം.

അതുകൊണ്ട് രാജാവേ, മനസ്സിൽ ഭക്തി വളർത്തുകയാണ് ഏകപ്രതിവിധി. അത് ക്രമേണ വൈരാഗ്യത്തിലേക്കും, പിന്നീട് ജ്ഞാനത്തിലേക്കും വഴി തെളിക്കും.

അങ്ങയുടെ ഉള്ളിൽ വിളങ്ങുന്ന ബോധം എപ്പോഴാണോ പ്രസന്നമാകുന്നത് ആ കർമ്മമാണ് യഥാർത്ഥ കർമ്മം.

സർവ്വം ബ്രഹ്മമയം എന്ന ഉറപ്പോടെ അതിനെ ചെയ്താൽ ഒരു ഭയവും വേണ്ട. സർവ്വസമദർശനം കൊണ്ട് ബ്രഹ്മസാക്ഷാത്കാരം നേടാം”

നാരദവചനം കേട്ട പ്രാചീനബർഹിസ് ശങ്കകൾ തീർത്ത് പ്രശാന്തിയടഞ്ഞു.
(ചിത്രം കടപ്പാട്Google)
©@#SureshbabuVilayil.

2+

Leave a Reply

Your email address will not be published. Required fields are marked *