ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 61

സുരേഷ് ബാബു വിളയിൽ

ഭഗവാൻ ഉദ്ധവരോട് പറഞ്ഞു.

” സത്വം, രജസ്സ്, തമസ്സ്, എന്നീ ത്രിഗുണങ്ങൾ ബുദ്ധിയുടേതാണ്. ആത്മാവിൻ്റേതല്ല. സത്വഗുണം കൂടുമ്പോൾ രജോഗുണവും തമോഗുണവും കുറയും.അപ്പോൾ കെെവരുന്ന ജ്ഞാനമാണ് ഭക്തി.

സത്വഗുണത്തെ വർദ്ധിപ്പിക്കാൻ ഉതകുന്ന പത്ത് സംഗതികളുണ്ട്. അവ ശാസ്ത്രം, ജലം, ജനം, സ്ഥലം, സമയം, പ്രവൃത്തി, ജന്മം, ധ്യാനം, മന്ത്രം, സംസ്കാരം എന്നിവയാണ്.

ആത്മജ്ഞാനം പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങൾ പഠിച്ച് ശാസ്ത്രം അഭ്യസിക്കണം. ശുദ്ധജലം ധാരാളം കുടിക്കണം. സജ്ജനങ്ങളുമായി കൂട്ട് കൂടണം.

ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്ന് ധ്യാനിക്കണം. തീർത്ഥസ്ഥലങ്ങളിൽ ഏകാന്തമായി ഇടയ്ക്കെല്ലാം ചെന്നിരിക്കുന്നതും നല്ലതാണ്.

ചൂതാട്ടകേന്ദ്രങ്ങളും, മദ്യസേവയും, വേശ്യാലയങ്ങളും, മാംസാഹാരവും ഉപേക്ഷിക്കണം. അവയെല്ലാം സത്വഗുണത്തെ കുറയ്ക്കും.

രജോഗുണം വർദ്ധിച്ചാൽ വിഷയസുഖങ്ങളെ കുറിച്ചുള്ള ചിന്തകൾ മനസ്സിൽ നിറയാൻ തുടങ്ങും. സുന്ദരപദാർത്ഥങ്ങളെ കണ്ടാൽ സ്വന്തമാക്കാൻ തോന്നും. അവ കിട്ടാഞ്ഞാൽ സഹിക്കാൻ കഴിയാത്ത അവസ്ഥയെത്തും. ഇന്ദ്രിയങ്ങൾക്ക് ബലം കൂടും.

വിഷയസുഖങ്ങളുടെ പിന്നാലെ പോകുന്നത് അപകടമാണ് എന്ന് ബോദ്ധ്യപ്പെട്ടാലും ആ ജ്ഞാനത്തെ അവഗണിക്കാൻ രജോഗുണം പ്രേരിപ്പിക്കും. സത്വഗുണം കൂട്ടുക മാത്രമാണ് പോംവഴി.

ഭഗവാൻ ഉദ്ധവരോട് പറഞ്ഞു.

ബ്രഹ്മാവിൻ്റെ മാനസപുത്രന്മാരായ സനകാദി മഹർഷിമാർക്ക് ഗുണങ്ങളുമായി ബന്ധമുള്ള ഒരു സംശയമുണ്ടായി. അവരത് പിതാവായ ബ്രഹ്മദേവനോട് ചോദിച്ചു.

“പിതാവേ, മനസ്സ് ത്രിഗുണങ്ങളിലും ത്രിഗുണങ്ങൾ മനസ്സിലും പ്രവേശിക്കുന്നുണ്ട്. ഗുണങ്ങളും മനസ്സും തമ്മിലുള്ള ഈ ബന്ധം വേറിട്ടാലേ ഒരാൾക്ക് മുക്തി കിട്ടൂ. അപ്പോൾ മോക്ഷപ്രാപ്തി എങ്ങനെ സാധിക്കും?”

സനകാദികളുടെ ചോദ്യത്തിനുള്ള സമാധാനം എത്ര ചിന്തിച്ചിട്ടും പിതാവായ ബ്രഹ്മദേവൻ്റെ മനസ്സിൽ തെളിഞ്ഞില്ല.

ഭഗവാൻ തുടർന്നു.

ബ്രഹ്മാവ് എന്നെ ധ്യാനിച്ചു. സനകാദികൾക്ക് സംശയനിവൃത്തി വരുത്താൻ ഒരു ഹംസമായി അവരുടെ സമീപത്തേക്ക് ഞാൻ പറന്നു ചെന്നു. അതാണ് ഹംസാവതാരം.

വെള്ളം കലർന്ന പാലിൽ നിന്ന് വെള്ളത്തെ വേർതിരിക്കാൻ ഒരു ഹംസത്തിന് കഴിയും. അതുപോലെ തമസ്സിലാണ്ട സത്യത്തേയും വേർതിരിച്ച് ലോകത്തിന് നല്കാൻ ഭഗവാൻ ഇച്ഛിച്ചു. ഹംസാവതാരം അതിനായിരുന്നു.

ഹംസരൂപത്തിലുള്ള എന്നെ കണ്ട സനകാദിമുനിമാർ ആശ്ചര്യം പൂണ്ടു. അവരെൻ്റെ പാദങ്ങളിൽ നമസ്ക്കരിച്ച ശേഷം ചോദിച്ചു.

‘അങ്ങാരാണെന്ന് സദയം ഞങ്ങളോട് പറഞ്ഞാലും.”

ഞാൻ തിരിച്ചു ചോദിച്ചു.

” മുനിമാരേ, നിങ്ങളുടെ ഈ ചോദ്യം ആത്മാവിനെ ഉദ്ദേശിച്ചാണോ അതോ ദേഹത്തെ ഉദ്ദേശിച്ചാണോ? ആത്മാവിനെയാവാൻ തരമില്ല. കാരണം അതൊന്നല്ലേയുള്ളു. വ്യക്തിയായാലും വസ്തുവായാലും രണ്ടോ അതിൽ കൂടുതലോ ഉണ്ടെങ്കിലേ ആര്, എന്ത്, എന്ന ചോദ്യത്തിന് പ്രസക്തിയുള്ളു.

ദേഹത്തെയാണ് ഉദ്ദേശിച്ചതെങ്കിൽ അതിലും തെറ്റുണ്ട്. ദേഹങ്ങളിലെല്ലാം പഞ്ചഭൂതങ്ങൾ സമാനമായി ഇരിക്കുന്നു. ആത്മാവാണ് അവയ്ക്ക് ചൈതന്യം നൽകുന്നത്.

അത് കൊണ്ട് നിങ്ങളുടെ ചോദ്യത്തിന് എൻ്റെ ഉത്തരം ഞാൻ സർവ്വാത്മാവാണ് എന്നാണ്. എല്ലാറ്റിലും ഞാൻ കുടികൊള്ളുന്നു.

ഇനി നിങ്ങളുടെ സംശയത്തിന് നിവൃത്തി വരുത്താം. ഗുണങ്ങളും വിഷയങ്ങളും അന്യോന്യം പോഷിപ്പിക്കുന്നു. ഇവ രണ്ടിനേയും ഉപേക്ഷിച്ചാലേ മുക്തി നേടാനാവൂ.

വിഷയസുഖങ്ങൾ മിഥ്യയാണെന്ന് തിരിച്ചറിയുമ്പോൾ മനസ്സതിലേക്ക് പ്രവേശിക്കാതാവും. അതാണ് വിരക്തി. വിരക്തി വർദ്ധിക്കുമ്പോൾ രജസ്തമോഗുണങ്ങൾ മനസ്സിലേക്കും പ്രവേശിക്കാതാവും.
അതോടെ സ്വരൂപത്തെ കുറിച്ചുള്ള അറിവ് വന്നുദിക്കും.
ജാഗ്രത് സ്വപ്നസുഷുപ്തം ച
ഗുണതോ ബുദ്ധിവൃത്തയ:
താസാം വിലക്ഷണോ ജീവ:
സാക്ഷിത്വേന വിനിശ്ചിത:
(11-13-27)
ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നീ അവസ്ഥകൾ ബുദ്ധിയുടെ ഭ്രമാനുഭവങ്ങൾ മാത്രമാണ്.

ജീവൻ അവയിൽ നിന്ന് ഭിന്നനാണ്. അത് സാക്ഷിയാണ്. അരങ്ങിൽ വെളിച്ചം തെളിക്കുന്ന കളിവിളക്ക് പോലെ അത് രംഗദൃശ്യങ്ങളെ പൊലിപ്പിക്കുന്നു.

മാറിമാറി വരുന്നതിനെ മാറാതെ നിന്ന് പ്രകാശിപ്പിക്കുന്ന ഘടകമാണ് സാക്ഷി. മാറി വരുന്നതൊക്കെ അസത്യം. മാറ്റമില്ലാത്തത് സത്യം .

ഈ വിശദീകരണം കൊണ്ട് തന്നെ മാറി മാറി വരുന്ന ജാഗ്രത് സ്വപ്ന സുഷുപ്തി അനുഭവങ്ങൾ അസത്യഭ്രമങ്ങളാണെന്ന് മനസ്സിലാക്കാം. സാക്ഷിയായ ജീവൻ മാത്രമാണ് സത്യം.

ഭഗവാൻ തുടർന്നു.

ജീവനും ഈ മായാഭ്രമങ്ങളിൽ പെട്ട് പോകുന്നതാണ് സംസാര ബന്ധം. ഈ മൂന്നവസ്ഥകളെ വിട്ട് നാലാമത്തേതായ ശുദ്ധാനുഭവം നേടിയാൽ ബ്രഹ്മസാക്ഷാത്ക്കാരമായി.

അസത്യങ്ങളായ ജഡകാര്യങ്ങൾ സത്യമെന്ന് തെറ്റിദ്ധരിക്കുന്നതോടെ സാക്ഷി രൂപം വിട്ട് അജ്ഞാനം കൊണ്ട് ജീവൻ അഹങ്കാരമായി മാറുന്നു. ഈ അഹങ്കാരമാണ് സംസാരബന്ധം ഉണ്ടാക്കുന്നത്.

ഒരു ജ്ഞാനി ജഡവിഷയങ്ങളുടെ അസത്യം യുക്തിചിന്തകൊണ്ട് കണ്ടെത്തുന്നു. ദു:ഖങ്ങൾക്ക് കാരണമായ ഭ്രമാനുഭവങ്ങളെ ജ്ഞാനഖഡ്ഗം കൊണ്ട് മുറിച്ചു നീക്കുന്നു.

കാണുന്ന സമയം സ്വപ്നങ്ങളെല്ലാം യഥാർത്ഥമാണ്. അതുപോലെയാണ് ജാഗ്രത്തിലെ കാഴ്ചകളും എന്ന് ജ്ഞാനികൾ തിരിച്ചറിയുന്നു.

സ്വപ്നക്കാഴ്ചകൾ യഥാർത്ഥമല്ലെന്ന് ഉണർന്നപ്പോൾ തീർച്ചയായത് പോലെ ജാഗ്രത്തിലെ ദൃശ്യങ്ങളും ഭ്രമം മാത്രമാണെന്ന് ബോധോദയത്തിൽ മനസ്സിലാകും.

സുഖദുഃഖങ്ങളെ ഒരേ പോലെ നോക്കി കാണാനുള്ള അവസ്ഥ അതോടെ സംജാതമാകും.

വിഷയങ്ങളിൽ നിന്ന് വിരക്തനായി അഹങ്കാരഭാവം കൈവെടിഞ്ഞ് ശുദ്ധബോധാനുഭവമായ തുരീയത്തിൽ അയാൾ എത്തിചേരുന്നു. ദേഹമടക്കമുള്ള പ്രപഞ്ചസ്വപ്നത്തിൽ നിന്നും ഉണരുന്ന അവനെ ജീവന്മുക്തൻ എന്ന് വിളിക്കാം. ജീവന്മുക്തൻ്റെ മനസ്സ് ഗുണങ്ങളേയോ ഗുണങ്ങൾ അവനേയോ ആവേശിക്കില്ല. അവൻ സർവ്വത്തിലും ബ്രഹ്മത്തെ കാണുന്നു.

സനകാദികളുടെ സംശയം തീർന്നു. മനസ്സ് തെളിഞ്ഞു. ഭഗവാൻ അന്തർധാനം ചെയ്തു.

ഹംസേതിഹാസം ഭഗവാനിൽ നിന്ന് കേട്ട ഉദ്ധവർക്കും,ശ്രീശുകനിൽ നിന്ന് കേട്ട പരീക്ഷിത്തിനും, സൂതർ പറഞ്ഞറിഞ്ഞ ശൗനകാദികൾക്കും അതറിവിൻ്റെ നിറവായി മാറി.
©✍️#Suresh Babu Vilayil

2+

One thought on “ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 61

Leave a Reply

Your email address will not be published. Required fields are marked *