ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 23

സുരേഷ് ബാബു വിളയിൽ

വിഷ്ണുഭക്തരായ നാഭി എന്ന രാജർഷിയ്ക്കും,മേരുദേവിയ്ക്കും തേജസ്വിയായ ഒരു മകൻ പിറന്നു. മഹാവിഷ്ണുവിൻ്റെ അവതാരമായ അവന് ഋഷഭൻ എന്ന് പേരിട്ടു.

സമഭാവന, ശാന്തി, വൈരാഗ്യം, ഐശ്വര്യം എന്നീ ഈശ്വരഭാവങ്ങൾ സ്വായത്തമാക്കിയ ഋഷഭകുമാരൻ രാജ്യത്തെ പരിഷ്ക്കാരം തീണ്ടാത്ത പ്രദേശങ്ങളിലേക്ക് കടന്ന് ചെന്നു.
കന്നുകാലികളെ വളർത്താനും ധാന്യങ്ങൾ കൃഷി ചെയ്യാനും, ജലസേചനമാർഗ്ഗങ്ങളും പഠിപ്പിച്ചു. അതോടെ രാജ്യത്ത് കൂടുതൽ ഗ്രാമങ്ങളും നഗരങ്ങളും രൂപപ്പെട്ടു. പ്രജകളുടെ കണ്ണിലുണ്ണിയായി ആ കുമാരൻ വളർന്നു. രാജ്യമെങ്ങും ആഹ്ളാദം അലയടിച്ചു.

അജനാഭം എന്ന നമ്മുടെ രാജ്യം സ്വർല്ലോകം പോലെ സുന്ദരമായപ്പോൾ ദേവന്മാർ പോലും അസൂയപ്പെട്ടു. സ്പർദ്ധ മൂത്ത ദേവേന്ദ്രൻ മഴമേഘങ്ങളെയെല്ലാം തിരിച്ചു വിളിച്ചു. രാജ്യത്ത് മഴയില്ലാതായി. ഋഷഭദേവൻ പതറിയില്ല. സ്വന്തം യോഗശക്തി കൊണ്ട് അജനാഭം മുഴുവൻ അദ്ദേഹം മഴ പെയ്യിച്ചു.

മകൻ്റെ പ്രാഭവം തിരിച്ചറിഞ്ഞ രാജാവ് ഋഷഭനെ രാജ്യഭാരമേല്പിച്ചു. പിന്നെ വാനപ്രസ്ഥിയാകാൻ നിശ്ചയിച്ചു. ഭാര്യാസമേതനായി അദ്ദേഹം ബദര്യാശ്രമത്തിലേക്ക് പോയി.

ദേവേന്ദ്രൻ വൈരം വെടിഞ്ഞ് പുത്രിയായ ജയന്തിയെ ഋഷഭന് വിവാഹം ചെയ്തു കൊടുത്തു. അവർക്ക് നൂറ് പുത്രന്മാർ ജനിച്ചു.

ഋഷഭൻ്റെ മൂത്ത പുത്രനായിരുന്നു ഭരതൻ. സർവ്വഗുണസമ്പന്നനായ ഭരതൻ ഭരിച്ചതിന് ശേഷമാണ് അജനാഭം എന്ന ഈ രാജ്യം ഭാരതം എന്ന പേരിൽ അറിയപ്പെട്ടത്.

നവയോഗികൾ എന്നറിയപ്പെട്ട കവി, ഹരി, അന്തരീക്ഷൻ, പ്രബുദ്ധൻ, പിപ്പിലായനൻ, ആവിർഹോത്രൻ, ദ്രുമിലൻ,ചമസൻ, കരഭാജനൻ, എന്നീ ഒമ്പത് പേരും ഋഷഭദേവൻ്റെ മക്കളാണ്. ഏകാദശസ്ക്കന്ധമെത്തുമ്പോൾ അവരെ നമ്മൾ വിശദമായി പരിചയപ്പെടും.

ബ്രഹ്മർഷിമുഖ്യന്മാർ കൂടി പങ്കെടുത്ത രാജസഭയിൽ വെച്ച് ഋഷഭദേവൻ തൻ്റെ നൂറ് മക്കൾക്ക് ഉപദേശം നൽകി.

“കുഞ്ഞുങ്ങളേ, ഈ മനുഷ്യജന്മം കിട്ടിയ നിങ്ങൾ ഭാഗ്യവാന്മാരാണ്. ജന്തുക്കൾക്ക് പോലും കിട്ടുന്ന വിഷയഭോഗങ്ങളും, ദു:ഖങ്ങളും അനുഭവിച്ച് നിങ്ങളുടെ ജന്മം പാഴാക്കരുതേ… അതിരില്ലാത്ത ബ്രഹ്മാനന്ദമാണ് മനുഷ്യൻ നേടേണ്ടത്.

നാഹം ദേഹോ ദേഹഭാജാം നൃലാേകേ
കഷ്ടാൻഭോഗാനർഹതേവിഡ്ഭുജാം യേ
തപോ ദിവ്യം പുത്രകാ, യേന സത്ത്വം
ശുദ്ധ്യേദ്യസ്മാദ് ബ്രഹ്മസൗഖ്യന്ത്വനന്തം
(5 -5-1)
തപോ ദിവ്യം
ദിവ്യമായ തപസ്സ് കൊണ്ടാണ് അത് നേടേണ്ടത്. തപസ്സെന്നാൽ അർത്ഥം ജാഗ്രതയോടെ ഇക്ഷണത്തിൽ വർത്തിക്കലാണ്.

ആ ജാഗ്രത ദിവ്യമാകുന്നത് ഉച്ചനീചത്വങ്ങളും,ഭേദഭാവങ്ങളും വെടിയുമ്പോഴാണ്. ദ്വന്ദഭാവങ്ങളെ വിചാരമഥനം ചെയ്ത് മനസ്സിന് സമനില വരുത്തണം.സർവ്വം ബ്രഹ്മമയം എന്ന സമത്വഭാവം അതോടെ ഉള്ളിൽ തെളിഞ്ഞു വരും.

കുഞ്ഞുങ്ങളേ..എല്ലാവരും എല്ലാം ചെയ്യുന്നത് അവനവൻ്റെ സുഖം നേടാനാണ്. പുഴു മുതൽ മനുഷ്യന് വരെ ലഭിക്കുന്ന ഇന്ദ്രിയസുഖങ്ങൾ താല്ക്കാലികമാണ്. അനന്തമായ ബ്രഹ്മാനന്ദസുഖം നേടാനുള്ള കഴിവ് ഉണ്ടായിട്ടും അതിന് ശ്രമിക്കാതെ ഇന്ദ്രിയസുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന മനുഷ്യർ ജന്തുക്കൾക്ക് തുല്യമല്ലേ?

ഋഷഭദേവൻ തുടർന്നു പറഞ്ഞു.

ദു:ഖമോചനത്തിനുള്ള വഴി സത്സംഗമാണ്. സമചിത്തന്മാരും, ശാന്തശീലരും, കോപമില്ലാത്തവരുമായ സജ്ജനങ്ങളുമായി മാത്രം കൂട്ടുകൂടണം. അതാണ് സത്സംഗം.
മനസ്സിനെ ശ്രദ്ധിക്കണം. മോഹത്തിൽ വീഴരുത്. ഞാനെന്ന അഹന്തയും എൻ്റേതെന്നുള്ള മമതയുമാണ് മോഹത്തിന് കാരണം. സർവ്വം ബ്രഹ്മമയമെന്ന അറിവ് കൊണ്ട്, സജ്ജനങ്ങൾ അഹന്തയേയും മമതയേയും മറികടക്കുന്ന രീതിശാസ്ത്രത്തെ നിരീക്ഷിച്ച് മനസിലാക്കണം.

ലോക: സ്വയം ശ്രേയസി നഷ്ടദൃഷ്ടിർ
യോfർത്ഥാൻ സമീഹേത നികാമ കാമ:
അന്യോന്യവൈര: സുഖലേശഹേതോർ
അനന്തദുഖം ച ന വേദമൂഢ:
(5-5-16)
ദു:ഖമോചനത്തിൻ്റെ ഈ വഴിത്താര ഇനിയും കണ്ടെത്താൻ കഴിയാത്തവർ നഷ്ടക്കാരാണ്. ഒരിക്കലും ശമിക്കാത്ത കാമവാഞ്ഛയുമായി അവരെപ്പോഴും നട്ടം പായുന്നു.

കാമിച്ചത് കിട്ടാഞ്ഞാൽ അവർക്ക് ക്രോധം വരും. അവർ മനുഷ്യരിൽ വൈരവും,വെറുപ്പും സൃഷ്ടിക്കുന്നു. സങ്കടപെരുങ്കടലിലേക്കാണ് ആ മൂഢരുടെ യാത്രയെന്ന് അവർ അറിയുന്നേയില്ല.

കുഞ്ഞുങ്ങളേ…,മമതയും അഹന്തയും ഉണ്ടാക്കുന്ന, പ്രപഞ്ചഘടകങ്ങളിൽ നിറഞ്ഞിരിക്കുന്ന ആ സത്ത ഭഗവാനാണ്. നിങ്ങൾ ചെയ്യുന്ന ഓരോ കർമ്മവും ആ ഭഗവാനുള്ള പൂജയായി കരുതണം.
ഋഷഭദേവൻ്റെ നൂറു മക്കളും ഇതെല്ലാം നിഷ്ക്കർഷയോടെ പഠിച്ച് സ്വജീവിതം ചിട്ടപ്പെടുത്തി. അത് ബോധ്യപ്പെട്ടപ്പോൾ രാജ്യഭാരം ഉപേക്ഷിക്കാൻ ഋഷഭദേവൻ തീരുമാനിച്ചു. മൂത്തപുത്രനായ ഭരതനെ ചക്രവർത്തിയായി വാഴിച്ചു.

പിന്നീട് അവധൂതവേഷം ധരിച്ച് ഋഷഭദേവൻ കൊട്ടാരം വിട്ടിറങ്ങി. ദേഹം മറന്നു. വസ്ത്രം മറന്നു. ആരെങ്കിലും സംഭാഷണത്തിന് മുതിർന്നാൽ മൗനിയായി. ഗ്രാമങ്ങളും,നഗരങ്ങളും, കുന്നും മലകളും താണ്ടി പല ദേശങ്ങളിലും അദ്ദേഹം സഞ്ചരിച്ചു.

ജടാഭാരം നീണ്ടു.ദേഹാവയവങ്ങൾ പൂർവ്വാധികം ശോഭ പൂണ്ടു. മുഖത്ത് സദാ ഒരു പുഞ്ചിരി കളിയാടി. കിട്ടുന്നതെന്തോ അത് ഭക്ഷിച്ചു. വെറും നിലത്ത് കിടന്നുറങ്ങി.

ഇങ്ങനെ ബ്രഹ്മാനന്ദം അനുഭവിച്ച് ചുറ്റിത്തിരിഞ്ഞ ഋഷഭദേവൻ ദക്ഷിണഭാരതത്തിലും എത്തി. പ്രാരബ്ധങ്ങളൊടുങ്ങി ദേഹമുക്തി നേടാനുള്ള സമയം അപ്പോഴേക്കും ആഗതമായി.
കുടകുവനത്തിൽ കാറ്റിലുലഞ്ഞ മുളകൾ തമ്മിലുരുമ്മിയുണ്ടായ കാട്ട് തീയിൽ പെട്ട് ആ ദേഹം ഭസ്മമായി.

ഭാഗവതം പറയുന്നു.
ഭാവനയിൽ പോലും സാധിക്കാത്ത ഋഷഭജീവിതവും, ബ്രഹ്മപ്രാപ്തിയും അവതാരവരിഷ്ഠന്മാർക്ക് മാത്രം ചേർന്നതാണ്. അവധൂതരെ സ്വാഭാവികമായി അല്ലാതെ ഒരിക്കലും അന്ധമായി അനുകരിക്കരുത്.

കൊങ്കണദേശാധിപതിയായ അർഹൻ എന്ന രാജാവ് ഈ ചരിതം കേട്ട് ഋഷഭദേവനെ കൃത്രിമമായി അനുകരിച്ചു. നിർഭയമായി നടത്തി കൊണ്ട് പോകാൻ കഴിയുന്ന സ്വധർമ്മത്തെ ഉപേക്ഷിച്ച് അദ്ദേഹം അവധൂതനായി മാറി. രാജ്യത്തെ പ്രജകളോടും അവധൂതധർമ്മം പിന്തുടരാൻ രാജാവ് ആവശ്യപ്പെട്ടു.

മായാമോഹിതരായി പ്രജകളിൽ പലരും കുളിയും ശൗചവുമില്ലാതെ മുടി നീട്ടി വളർത്തി ഋഷഭഭഗവാനെ പരിഹാസ്യമാക്കുന്ന രീതിയിൽ അവധൂതവേഷം ചമഞ്ഞ് നടന്നു.
ഈ കലികാലത്ത് അർഹരാജനെ പോലുള്ള കള്ളനാണയങ്ങൾ നമ്മുടെ സമൂഹത്തിൽ അനവധിയുണ്ട്. അവരെ സൂക്ഷിക്കണമെന്നും അന്ധമായി ആരേയും പിന്തുടരുത് എന്നും ഋഷഭകഥാന്ത്യത്തിൽ ഭാഗവതം സൂചന നൽകുന്നുണ്ട്.

നിത്യാനുഭൂതനിജലാഭനിവൃത്തതൃഷ്ണ:
ശ്രേയസ്യതദ്രചനയാ ചിരസുപ്ത ബുദ്ധേ:
ലോകസ്യ യ: കരുണയാഭയമാത്മലോകം ആഖ്യാന്നമോഭഗവതേഋഷഭായതസ്മൈ
(ചിത്രത്തിന് കടപ്പാട് Google)
©@#SureshbabuVilayil.

1+

One thought on “ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 23

  1. ഭാഗവതം വായന നമുക്ക് എല്ലാ ഐശ്വര്യങ്ങളും തരും, സംസ്‌കൃതം അറിയാത്തവർക്ക് അതിന്ടെ അർത്ഥം പറഞ്ഞുതരാൻ വായനക്കാർ വേണം. അവിടെ യാണ്
    സത്സംഗത്തിന്റെ പ്രസക്തി. അർത്ഥം വ്യക്തമായി പറഞ്തന്നിട്ടുണ്ട്, മനുഷ്യ ജന്മം സഫലമാക്കിത്തീർക്കാൻ ശ്രീമദ് ഭാഗവതം തുടർച്ചയായി വായിക്കണമെന്ന് ബോധ്യപ്പെടുത്തുന്ന ശ്രീമാൻ ബാബു വിളയിലിനു അഭിനന്ദനങ്ങൾ, നമസ്കാരം.

    0

Leave a Reply

Your email address will not be published. Required fields are marked *