ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 17

സുരേഷ് ബാബു വിളയിൽ

ഇന്ത്യൻയുക്തിവാദത്തിൻ്റെ പിതാവ് എന്ന് പാശ്ചാത്യർ വിളിച്ച കപിലൻ്റെ പഴക്കം ഇനിയും ആരും നിർണ്ണയിച്ചിട്ടില്ല. ലോകയുക്തിവാദത്തിൻ്റെ പിതാവായി ഇതിലും തലമൂത്ത ഒരാളെ കണ്ടത്താനും അവർക്കിതുവരെ കഴിഞ്ഞിട്ടില്ല.

2500 കൊല്ലം മുമ്പ് ജനിച്ച ബുദ്ധൻ ഇന്നും യുവതയുടെ മനസ്സിൽ പുതുചിന്തകൾ ജ്വലിപ്പിയ്ക്കുന്നു, ബുദ്ധനും മുമ്പേ ജനിച്ച കപിലനിൽ നിന്നും ഉപനിഷത്തുക്കളിൽ നിന്നും കടം കൊണ്ടതാണ് ബുദ്ധൻ്റെ തത്ത്വചിന്ത എന്ന് പലർക്കും അറിയില്ല താനും. ബുദ്ധൻ ജനിച്ചത് തന്നെ കപിലവസ്തുവിലാണല്ലോ?

5000 വർഷങ്ങൾക്ക് മുമ്പ് ജീവിച്ച കൃഷ്ണനും മുമ്പേ കപിലൻ ഉണ്ട്. ഗീതയിൽ ഭഗവാൻ പറയുന്നു.
അശ്വത്ഥ: സർവ്വവൃക്ഷാണാം
ദേവർഷീണാം ച നാരദ:
ഗന്ധർവ്വാണാം ചിത്രരഥ:
സിദ്ധാനാം കപിലോ മുനി:
( ഞാൻ വൃക്ഷങ്ങളിൽ വെച്ച് അരയാലും, ദേവർഷികളിൽനാരദരും, ഗന്ധർവ്വന്മാരിൽ ചിത്രരഥനും,സിദ്ധരിൽ കപിലനെന്ന മുനിയുമാകുന്നു.)
സിദ്ധികൾ എട്ടാണ്. അതിലെല്ലാം വലുത് കൈവല്യസിദ്ധിയാണ്.വേദാന്തം പറയുന്ന മോക്ഷം ഇത് തന്നെ.

സിദ്ധരിൽ പ്രഥമനെന്ന് കീർത്തിക്കുന്ന കപിലൻ സാംഖ്യസൂത്രങ്ങളുടെ കർത്താവാണ്. മഹാവിഷ്ണുവിന്റെ 24 അവതാരങ്ങളില്‍ ഒന്നായി ഭാഗവതം കപിലാവതാരത്തെ വർണ്ണിച്ചിട്ടുണ്ട്.
13 അദ്ധ്യായങ്ങളിൽ 596 ശ്ലോകങ്ങളിൽ പ്രതിപാദിച്ച കപിലദർശനത്തെ ഒരുപാഖ്യാനം കൊണ്ട് എങ്ങനെ പരിചയപ്പെടുത്തും എന്ന വിഷമസന്ധി യിലാണ് ഇവൻ. എന്നാലും ശ്രമിച്ചു നോക്കാം.

കര്‍ദ്ദമ പ്രജാപതി സ്വയംഭുവമനുവിൻ്റെ പുത്രിയായ ദേവഹൂതിയെ വിവാഹം കഴിച്ചു. അവർക്കുണ്ടായ പുത്രനാണ് കപിലൻ. സാംഖ്യദർശനത്തിൻ്റെ ആചാര്യനും പ്രചാരകനുമായാണ് അദ്ദേഹം അറിയപ്പെടുന്നത്.

ബ്രഹ്മത്തേയോ ആത്മാവിനേയോ മാത്രം ഏകസത് തത്ത്വമായി കപിലൻ അംഗീകരിക്കുന്നില്ല.

പ്രകൃതിയും പുരുഷനും രണ്ടാണെന്നും അവ പരസ്പരം ആശ്രയിക്കാതെ സമാന്തരമായി വർത്തിക്കുന്നു എന്നുമാണ് സാംഖ്യത്തിൻ്റെ മതം. സൃഷ്ടിയ്ക്ക് നിദാനം പ്രകൃതിപുരുഷദ്വന്ദമാണ്. ചേതനയാര്‍ന്ന പുരുഷനും ( ബാേധം) ജഢപ്രകൃതിയുമാണ് ( ദ്രവ്യം) സാംഖ്യദര്‍ശനപ്രകാരം മുഖ്യതത്വങ്ങള്‍. പ്രകൃതിയേയും പുരുഷനേയും കൂട്ടിയിണക്കുന്നത് ജീവനാണ്. പ്രകൃതിയിലെ ജീവജാലങ്ങളേയും സ്വതന്ത്രതത്ത്വങ്ങളായി കപിലൻ കരുതി.

പ്രകൃതിക്ക് സത്വം, രജസ്സ്, തമസ്സ് എന്നിങ്ങനെ മൂന്നു ഗുണങ്ങളുണ്ട്. ഈ മൂന്നു ഗുണങ്ങളും സമമായി നില്ക്കുമ്പോൾ പ്രകൃതിക്ക് സമനില കൈവരുന്നു.

പുരുഷചേതന കൊണ്ടാണ് പ്രകൃതി പരിണമിക്കുന്നത്. വസ്തുക്കളുടെ ഉല്‍പത്തിയും വിനാശവുമെല്ലാം പുരുഷനെ ആശ്രയിച്ചിരിക്കുന്നു.

പ്രകൃതിയും പുരുഷനും എങ്ങനെ രൂപപ്പെട്ടു എന്ന കാരണം കാര്യകാരണങ്ങൾക്കും അപ്പുറമാണ്.

കാര്യവും കാരണവും രണ്ടല്ലെന്ന് സാംഖ്യം കണ്ടെത്തുന്നു. കാരണം കാര്യത്തിൽ ലീനമാണ്. കാരണം പരിണമിച്ചാണ് കാര്യം ഉണ്ടായത്. കാര്യം നാമത്തിലും രൂപത്തിലും കാരണത്തിൽ നിന്ന് വിരുദ്ധമെന്ന് തോന്നുമെങ്കിലും രണ്ടിൻ്റേയും സത്ത ഒന്നാണ്.

വൈരുദ്ധ്യത്തിലെ ഏകാത്മകത എന്ന സാംഖ്യത്തിലെ ഈ ആശയമാണ് പിൽക്കാലത്ത് ഹെഗലും, ഹെഗലിൽ നിന്ന് മാർക്സും പിന്തുടർന്നത്.

നിത്യപരിണാമിയായ ജഡപ്രകൃതിയിൽ നടക്കുന്ന പുരുഷചേതനയുടെ വിലാസങ്ങളാണ് എല്ലാ ജീവജാലങ്ങളും അവയുടെ അസംഖ്യം ഭാവങ്ങളും മനോവ്യാപാരങ്ങളും. അതെല്ലാം ത്രിഗുണങ്ങളുടെ വിപര്യയമാണെന്ന് സാംഖ്യം പറയുന്നു.

കാലം കൊണ്ട് മറഞ്ഞു പോയ ഈ സത്യം ഭൂമിയിലെത്തിക്കാനാണ് ഭഗവാൻ കപിലനായി അവതരിച്ചത്. വരാഹാവതാരകഥയിൽ ധനത്തിൻ്റെ സമത്വാവകാശമാണ് പ്രതിപാദ്യമെങ്കിൽ മനസ്സിൻ്റെ സമത്വഭാവത്തിലേക്കാണ് കപിലാവതാരം വിരൽ ചൂണ്ടുന്നത്.

ഒരമ്മയ്ക്ക് ആത്മജ്ഞാനം നല്കി മകൻ മുക്തിപഥത്തിലെത്തിച്ച അപൂർവ്വത കൂടി ഇതിലുണ്ട്.

കപിലദർശനത്തിൻ്റെ സത്യബോധം അച്ഛനും അമ്മയും തിരിച്ചറിഞ്ഞു. അവരുടെ ഗൃഹാന്തരീക്ഷം പലപ്പോഴും സംവാദമുഖരിതമായിത്തീർന്നു. സാംഖ്യ ദർശന തെളിച്ചത്തിൽ ആ ഗൃഹം പ്രകമ്പനം കൊണ്ടു.

പെൺമക്കളുടെ വിവാഹം കഴിഞ്ഞ് സ്വസ്ഥനായപ്പോൾ, കർദ്ദമപ്രജാപതി മകനിൽ നിന്നും സന്യാസത്തിനുള്ള അനുജ്ഞ നേടി, ഗൃഹം വിട്ട് കാട്ടിലേക്ക് യാത്രയായി. അമ്മയും മകനും തനിച്ചായി. വീട്ടുകാര്യം മാത്രം ചിന്തിച്ച് ജീവിതം തള്ളിനീക്കുന്ന സാധാരണക്കാരിയായിരുന്നില്ല ദേവഹൂതി. വേദാന്തപാഠങ്ങളെല്ലാം അച്ഛനും, മകനും തമ്മിലുള്ള സംവാദങ്ങളിൽ നിന്നും അവർ നന്നായി ഗ്രഹിച്ചിരുന്നു.

മകൻ്റെ ജ്ഞാനത്തിൽ ദേവഹൂതിയമ്മ അഭിമാനം കൊണ്ടു. മകനിൽ നിന്ന് ജ്ഞാനോപദേശം തേടാൻ ആ അമ്മ തീർച്ചയാക്കി.

ദേവഹൂതി പറഞ്ഞു.
” ബ്രഹ്മസ്വരൂപനായി വിളങ്ങുന്ന മകനേ, അമ്മ തന്നെ നട്ടുനനച്ച് വളർത്തിയ ഈ സംസാരവൃക്ഷം ദു:ഖം മാത്രം തരുന്നു. ഇനിയും അതിനെ മുറിച്ചില്ലെങ്കിൽ സത്യം മറയുമെന്ന് ഞാൻ ഭയക്കുന്നു. ഇരുട്ട് വന്ന് മൂടും മുമ്പ് അതിനുള്ള കോടാലി ഒരുക്കണം.അത് നീ തന്നെ എനിക്കു തരൂ… ഈ അമ്മയ്ക്ക് ജ്ഞാനത്തിൻ്റെ പ്രകാശം തരൂ”

അമ്മയുടെ വാക്കുകൾ കേട്ട് ചിരിച്ചു കൊണ്ട് കപിലൻ പറഞ്ഞു.

“എൻ്റെ പ്രിയപ്പെട്ട അമ്മേ, ബന്ധത്തിനും മോക്ഷത്തിനും കാരണം മനസ്സാണ്. മായാവലയത്തിൽ പെട്ട്ചഞ്ചലമാകുന്ന മനസ്സ് ആ ചങ്ങലക്കുരുക്കിൽ ചെന്ന് ചാടുന്നു.എന്നാൽ ആത്മസത്യം അറിഞ്ഞ മനസ്സ് മുക്തമാകുന്നു. അതാണ് നിയമം.

ഞാൻ,എൻ്റേത് എന്ന മനോഭാവം കാരണം കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം എന്നീ വികാരങ്ങൾക്ക് മനസ്സ് അടിമപ്പെടുന്നു. ഇതാണ് ദു:ഖത്തിനുള്ള അടിസ്ഥാന കാരണം. അത്തരം അഴുക്കുകൾ കഴുകി കളഞ്ഞ് മനസ്സ് ശുദ്ധമാക്കിയാൽ ആനന്ദം കണ്ടെത്താം.

സമനില പ്രാപിച്ച ഒരു മനസ്സാണ് അതിന് വേണ്ടത്. ആത്മസ്വരൂപത്തെ അങ്ങനെ കണ്ടെത്താം. അമ്മേ, എല്ലാ പ്രപഞ്ചദൃശ്യങ്ങളിലും സ്വരൂപമായി അത് വർത്തിക്കുന്നുണ്ട്. സർവ്വം ബ്രഹ്മമയം എന്ന ആ സത്യത്തെ തിരിച്ചറിയാതെയാണ് പലരും വിഗ്രഹങ്ങളിലും മറ്റും ഈശ്വരനെ പൂജിക്കുന്നത്.

യോമാം സർവ്വേഷു ഭൂതേഷു
സന്തമാത്മാനമീശ്വരം
ഹിത്വാർചാം ഭജതേ മൗഢ്യാത്
ഭസ്മന്യേവ ജുഹോതി സ:
(3 -29-22)
എല്ലാ ജീവജാലങ്ങളിലും ഈശ്വരൻ ഉണ്ടെന്ന ഉറച്ച ബോദ്ധ്യം വേണം. ആ ബോധമില്ലാതെ വിഗ്രഹത്തെ പൂജിച്ചാൽ അഗ്നിയില്ലാത്ത ചാരത്തിൽ ഹോമം നടത്തുന്നതു പോലെയാണത് .തീർത്തും നിരർത്ഥകം.

ആത്മനശ്ച പരസ്യാപി
യ: കരോത്യന്തരോദരം
തസ്യ ഭിന്നദൃശോ മൃത്യു:
വിദധേ ഭയമുൽബണം.
( 3 -29-26)
തനിക്കും അന്യനും തമ്മിൽ അല്പമെങ്കിലും അന്തരമുണ്ടെന്ന് ആരും കരുതരുത്. ഭിന്നദൃഷ്ടിയായ അവനെ മരണഭയം വിട്ടുമാറില്ല. എല്ലാ ജീവികളിലും ഈശ്വരൻ ഉണ്ട് എന്ന് കരുതുന്നവൻ മരണത്തെ തോല്പിച്ച് അമരത്വം നേടുന്നു.

മനസൈതാനി ഭൂതാനി
പ്രണമദ് ബഹുമാനായൻ
ഈശ്വരോ ജീവകലയാ
പ്രവിഷ്ടോ ഭഗവാനിതി
(3 -29-34)
അതുപോലെ പ്രപഞ്ചത്തിലെ എല്ലാ ഘടകങ്ങളിലും ഈശ്വരനുണ്ട്. യോഗമാർഗമോ, ഭക്തിമാർഗമോ അവലംബിച്ച് ആ പരമപുരുഷനെ സമീപിക്കാം.

ഇങ്ങനെ തത്വോപദേശം ചെയ്ത് മകൻ അമ്മയെ പ്രബുദ്ധയാക്കി. തുടർന്ന് അമ്മയുടെ അനുവാദം വാങ്ങി കപിലമുനി സ്വന്തം ഗൃഹം വിട്ടിറങ്ങി.

ദേവഹൂതിയാകട്ടെ തത്ത്വം ധരിച്ചിട്ടും മകൻ്റെ വേർപാടിൽ വിഷണ്ണയായി. എങ്കിലും സർവ്വം ബ്രഹ്മമയമെന്ന സത്യപാഠത്തെ മനനം ചെയ്ത് കാലം കഴിച്ച് , ക്രമേണ മുക്തിയും നേടി.

കടൽതീരത്ത് കൂടി കാൽനടയായി ലോകം മുഴുവൻ സഞ്ചരിച്ച കപിലമുനി ദു:ഖമോചകമായ സാംഖ്യദർശനം പ്രചരിപ്പിച്ചു. എല്ലാ സമുദ്രങ്ങളുടേയും പാദപൂജ ഏറ്റ് വാങ്ങിയ അദ്ദേഹം ലോകമംഗളം ധ്യാനിച്ച് സമാധി പൂണ്ടു.

യ:ഇദമനുശ്രൂണോതിയോfഭിധത്തേ കപിലമുനേർമ്മതമാത്മയോഗഗുഹ്യം
ഭഗവതികൃതധീ: സുപർണ്ണകേതൗ
ഉപലഭതേ ഭഗവദ്പദാരവിന്ദം.
(ചിത്രത്തിന് കടപ്പാട് Google)
©@#SureshbabuVilayil.

3+

2 thoughts on “ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 17

  1. ഈ പറഞ്ഞതിൽനിന്ന് സാധാരണക്കാർക് ഒന്നും മനസ്സിലാകില്ല. ഹിന്ദുമതഗ്രന്ഥങ്ങളെല്ലാം ആത്മീയമാണ്, എന്നാൽ ഭൗതികവുമാണ്. അതുകൊണ്ട് സാധാരണക്കാർക് മനസ്സിലാകുന്ന രീതിയിൽ വ്യാഖ്യാനിച്ചാൽ ഒരു ഹിന്ദുവും മറ്റു മതംങ്ങളിലേക്ക് പോവുകയാ, ഹിന്ദുമതത്തെ അവഹേളിക്കുകയോ ചെയ്യില്ല. ഹിന്ദുമതത്തേക്കുറിച്ച് ഒന്നും അറിയാത്തവരാണ് നിരീശ്വരവാദികളാകുന്നത്.

    0
  2. ഇത്തവണ ശ്രീമാൻ ബാബുവിന്റെ ഭാഗവതം വായിച്ചതിന്റെ അർത്ഥവും വ്യാഖ്യാനവും കൂടുതൽ ഗഹനവും സംകീർണവും ആയിരിക്കുന്നു, അമ്മ ദേവഹൂതിക്കു മകൻ kapilan അനായാസമായി ആത്മീയ തത്വം പറഞ്ഞു മനസ്സിലാക്കുന്ന കാഴ്ച നമ്മൾ കണ്ടു, ഇത് വീണ്ടും വായിച്ചാൽ വ്യക്തമാകും, ഇത്രയും ആശയം വളരെ ചുരുക്കത്തിൽ നമുക്ക് പ്രദാനം ചെയ്ത ശ്രീമാൻ ബാബുവിന് അഭിനന്ദനങ്ങൾ, ആദരങ്ങൾ.
    vayana

    0

Leave a Reply

Your email address will not be published. Required fields are marked *