ഭാഗവത പാരായണം വൈശാഖ മാസത്തിൽ

സുരേഷ് ബാബു, വിളയിൽ
വൈശാഖമാസപ്പിറവി.   ഭാഗവതം വായിച്ചു തുടങ്ങിയാലോ?
ജീവൻ്റെ തുടക്കം ആരെന്നും അതെവിടെ നിന്നെന്നും ഉള്ള സാധാരണ മനുഷ്യൻ്റെ സ്വാഭാവികചിന്തയെ ഭാഗവതം യുക്തിയുക്തം അഭിസംബോധന ചെയ്യുന്നുണ്ട്. ജിജ്ഞാസുക്കളെ ബോധ്യപ്പെടുത്തുന്ന രീതിയിൽ പ്രഥമശ്ലോകത്തിൽ തന്നെ അതിമനോഹരമായി അത് പറയുന്നുമുണ്ട്‌.
സത്യാനുഭവം കൊണ്ടേ ബ്രഹ്മത്തെ അറിയാൻ കഴിയൂ. ജഗത്തിൻ്റെ സൃഷ്ടിസ്ഥിതിലയങ്ങൾ നടക്കുന്നത് അഖണ്ഡബോധരൂപത്തിലുള്ള ബ്രഹ്മത്തിലാണ്. ബോധമുണ്ടെങ്കിൽ ലോകമുണ്ട്. ഇത് അന്വയയുക്തി. ബോധമില്ലെങ്കിൽ ലോകമില്ല. ഇത് വ്യതിരേകയുക്തി.അതുകൊണ്ട് ലോകമായി കാണപ്പെടുന്നതെല്ലാം ബോധം തന്നെയാണ് എന്ന് വരുന്നു. സർവ്വജ്ഞമായ ആ ബോധത്തെ പ്രണമിച്ച് അത് സ്വയം കണ്ടെത്തി സത്യാനുഭവമാക്കാൻ ആഹ്വാനം ചെയ്താണ് ഭാഗവതകഥ തുടങ്ങുന്നത്.
കലിയുഗം തുടങ്ങി. മനസ്സിൻ്റെ ഏകാഗ്രതയും ദേഹബലവും കുറഞ്ഞു തുടങ്ങി. മനോബലവും ബുദ്ധിശക്തിയും നാൾക്കുനാൾ കുറയുന്നു.ധർമ്മചിന്ത ദിനംപ്രതി ഇല്ലാതായി തുടങ്ങി. നല്ലതിലെല്ലാം കലിബാധിച്ചു. ദുഷ്ടർ പെരുകി. കലിയുടെ ബാധയില്ലാതെ സ്വൈരമായിരുന്ന് ഭഗവാനെ സ്മരിക്കാൻ മുനിമാർക്ക് പോലും കഴിയാതായി.
തപസ്സിന് പറ്റിയ സ്ഥലമേതെന്ന് മുനിമാർ ബ്രഹ്മാവിനോട് ചോദിച്ചു. ബ്രഹ്മാവ് സൂര്യസങ്കാശമായ ഒരു ചക്രം മനസ്സ് കൊണ്ട് നിർമ്മിച്ച് മുനിമാർക്ക് നല്കി.
എന്നിട്ട് ഇങ്ങനെ പറഞ്ഞു.
” ഈ നേമിചക്രം ഉരുട്ടി വിട്ട് നിങ്ങളതിനെ പിന്തുടരുക.എവിടെയെത്തുമ്പോഴാണോ ചക്രം വീണ് പൊട്ടിപ്പൊടിയുന്നത് അവിടെ ഇരിക്കുക. അതാണ് വിശിഷ്ട സ്ഥലം.”
നൈമിശാരണ്യം എന്ന സ്ഥലത്തെത്തിയപ്പോൾ ചക്രം വീണ് തവിട് പൊടിയായി.
“നൈമിശേfനിമിഷക്ഷേത്രേ
ഋഷയ: ശൗനകാദയ:
സത്രം സ്വർഗ്ഗായ ലോകായ
സഹസ്രസമമാസത.”
നൈമിശാരണ്യം എന്ന് പുകഴ് പെറ്റ ആ സ്ഥലത്തിരുന്ന് ശൗനകൻ മുതലായ മുനിമാർ സ്വർഗ്ഗം കാംക്ഷിച്ച് ആയിരത്തോളം വർഷം നീണ്ടു നില്ക്കുന്ന സത്രം എന്ന് പേരായ ഒരു യാഗം ആരംഭിച്ചു.
അനിമിഷന് സമർപ്പിക്കപ്പെട്ട ഒരു ക്ഷേത്രം അവിടെയുണ്ട്. അനിമിഷൻ വിഷ്ണുവാണ്. നിമിഷനും വിഷ്ണുവാണ്.
” നിമിഷോfനിമിഷസ്രഗ്വീ
വാചസ്പതിരുദാരധീ: “
എന്ന് വിഷ്ണുസഹസ്രനാമം.
നിമിഷനും അനിമിഷനും വിഷ്ണുവാകുന്നതെങ്ങനെയെന്ന് നോക്കാം.
ഇവിടെ എല്ലാം എപ്പോഴും മാറിക്കൊണ്ടേയിരിക്കുന്നു. ഉണ്മ എന്ന അവസ്ഥ ഒന്നിലും സ്ഥിരമായി ഇല്ല. അതെപ്പോഴും ഒരു പോലെ നിലനില്ക്കുന്ന അനുഭവം മനുഷ്യനോ മറ്റു ജീവികൾക്കോ ഇല്ല. ഉണ്മ ഒരിക്കലും വിട്ടു പോകാത്ത അവസ്ഥയുണ്ടെങ്കിൽ അതൊന്നിനേയുള്ളു. പരബ്രഹ്മത്തിന് മാത്രം.
കാലത്തെ കാല്ക്കീഴിലാക്കാൻ പരബ്രഹ്മത്തിനേ കഴിയൂ. അതിനെ വിഷ്ണുവെന്നോ, ശിവനെന്നോ, ഭഗവാനെന്നോ, ഭഗവതിയെന്നോ വിളിക്കാം. എന്ത് വിളിച്ചാലും ആ സത്ത ഒന്ന് മാത്രം. തണ്ണിയായാലും വാട്ടറായാലും,പാനിയായാലും, വെള്ളം വെള്ളമല്ലാതാവുന്നില്ല.
മനുഷ്യൻ എന്നും കാലത്തിൻ്റെ കാല്ക്കീഴിലാണ്. അവന് മുന്നിൽ കാലം എത്രയോ നിമിഷങ്ങളെ ജനിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അനാദിയായ ഈനിമിഷങ്ങളെ സാക്ഷീഭാവത്തിൽ ദർശിക്കാൻ അനിമിഷനായ മഹാ വിഷ്ണുവിന് മാത്രമേ കഴിയു. അത് കൊണ്ട് നിമിഷനും അനിമിഷനും വിഷ്ണു തന്നെ.
നൈമിശാരണ്യമെന്നാൽ ഈ ലോകം തന്നെ.ഇത് അനിമിഷൻ്റെ ക്ഷേത്രമാണ്. ഇവിടെ ചുറ്റിത്തിരിയുന്ന വിശ്വമനസ്സിനെ ബ്രഹ്മാവ് എന്ന് വിളിക്കുന്നു. ക്ഷേത്രം എന്നാൽ ശരീരം എന്ന അർത്ഥമുണ്ട്. മനുഷ്യശരീരവും നൈമിശാരണ്യം തന്നെ. കാമക്രോധാദി ഹിംസ്രമൃഗങ്ങൾ മേയുന്ന കാട് തന്നെയാണ് മനുഷ്യമനസ്സ്.
സൃഷ്ടിപ്രക്രിയ നടത്തുന്ന ബ്രഹ്മാവ് ശൗനകാദിമുനിമാർക്ക് മനസ്സ് കൊണ്ട് നിർമ്മിച്ച നേമിചക്രമാണ് ഔഷധമായി നല്കിയത്.ചക്രം പൊട്ടിത്തകരുമ്പോൾ മാത്രമാണ് ഔഷധത്തിൻ്റെ ഫലസിദ്ധി എന്നും ബ്രഹ്മാവ് പറയുന്നു. ഭൂതഭാവികാലങ്ങളിൽ ഭ്രമണം ചെയ്യുന്ന മനസ്സിൻ്റെ ചാക്രികത തകർന്നാൽ കാമക്രോധാദികളെ നശിപ്പിക്കാം. അതോടെ ചിത്തശുദ്ധി കൈവരുന്നു. പ്രശാന്തി എന്ന അവസ്ഥ അപ്പോൾ മാത്രമേ സിദ്ധമാകൂ.
കഴിഞ്ഞതിനെ കുറിച്ചോർത്ത് ദു:ഖിക്കാനും വരാനുള്ളതിനെ മോഹിക്കാനുമാണല്ലോ മനസ്സിനിഷ്ടം. ഭൂതകാലത്തിൻ്റെ നഷ്ടങ്ങളും ഭാവിയെ കുറിച്ചുള്ള ഉൽക്കണ്ഠകളും മനുഷ്യനെ സദാ ദു:ഖിയാക്കുന്നു.
എന്നാൽ ഭൂതഭാവികളെ കൈവിട്ട് വർത്തമാനകാലത്തിൽ ജീവിച്ചു തുടങ്ങുന്ന നിമിഷം മനസ്സ് ശാന്തിയെ പുൽകുന്നു. നൈമിശം എന്നാൽ ഇക്ഷണമാണ്.(Present moment). അവിടെയെത്തുമ്പോൾ മനസ്സെന്ന ചക്രം പൊട്ടിത്തകരുന്നു.
ശൗനകാദികൾക്ക് ബ്രഹ്മാവ് കൊടുത്ത ചക്രം തകർന്നു തരിപ്പണമായിട്ടു കൂടി സിദ്ധമായ പ്രശാന്തി അവർ അനുഭവിച്ചില്ല. ചോദ്യങ്ങൾ അവസാനിച്ചില്ല. പഴയ പഠിപ്പും ശീലങ്ങളും കൈവിടാതെ സ്വർഗ്ഗപ്രാപ്തിക്കുള്ള യാഗത്തിന് കോപ്പുകൂട്ടാനാണ് അവർ മുതിർന്നത്.
ഇക്ഷണത്തിൽ പ്രശാന്തി കൈവന്നിട്ടും സ്വർഗ്ഗം മോഹിച്ച് സത്രം നടത്തിയ ശൗനകാദികളുടെ വിഡ്ഢിത്തരം നമ്മുടെയെല്ലാം ജീവിതത്തിലെ കർമ്മരംഗങ്ങളെ ഓർമ്മിപ്പിക്കുന്നു.
ആത്മാർത്ഥമായ സത്യാന്വേഷണം മഹാമനീഷികളായ ശൗനകാദികളിൽ പോലും കടന്നു വരുന്നില്ല. ഭൗതികത്തിൻ്റെ പരമകാഷ്ഠയായ സ്വർഗ്ഗമാണ് അവരപ്പോഴും കാംക്ഷിക്കുന്നത്.
ഈ സവിശേഷസന്ധിയിലാണ് വ്യാസരുടെ ശിഷ്യരിലൊരാളായ ഉഗ്രശ്രവസ്സ് എന്ന് പേരുള്ള സൂതൻ ആ യജ്ഞശാലയിലേക്ക് കടന്ന് വന്നത്.
സൂതൻ പറയുന്നു.
“മനുഷ്യൻ്റെ എല്ലാ കർമ്മങ്ങളും ധർമമായി ആചരിക്കപ്പെടണം. ഈശ്വരങ്കൽ ഭക്തി വളർത്തുന്ന കർമ്മമാണ് ധർമ്മം. അത് സ്വർഗ്ഗം പോലുള്ള ഭൗതികലാഭത്തിന് വേണ്ടിയാവരുത്. സത്യമറിയാനും അനുഭവിക്കാനും മാത്രമാവണം”
” കാമസ്യനേന്ദ്രിയ പ്രീതി:
ലാഭോ ജീവേത യാവതാ
ജീവസ്യ തത്ത്വജിജ്ഞാസാ
നാർത്ഥോ യശ്ചേഹ കർമ്മഭി:”
(ഭാഗവതം 1- 2-10 )
” കാമ പൂർത്തിയല്ല ജീവിത ലക്ഷ്യം. കാമം കൊണ്ട് ഇന്ദ്രിയങ്ങളെ തൃപ്തിപ്പെടുത്താൻ ഒരിക്കലും കഴിയില്ല. ജീവിതം എത്ര നാൾ നീണ്ടുപോകുമോ അത്രയും നാൾ ഒരുവൻ സത്യാനുഭവത്തിന് വേണ്ടി യത്നിക്കേണ്ടതാണ്.സ്വർഗ്ഗമല്ല. സത്യമാണ് കാംക്ഷിക്കേണ്ടത്. സത്യത്തിൻ്റെ അനുഭവമാണ് ജീവിതം കൊണ്ട് നേടേണ്ടത്. “
സത്യം പരം ധീമഹി
ഇതാണ് ഭാഗവതത്തിൻ്റെ
ആദർശപ്രഖ്യാപനം.
©@Sureshbabuvilayil
9+

5 thoughts on “ഭാഗവത പാരായണം വൈശാഖ മാസത്തിൽ

  1. വളരെ നല്ല തുടക്കം. ഈശ്വരാനുഗ്രഹത്താൽ നന്നായി വരട്ടെ

    1+
  2. വൈശാഖ മാസത്തിെലെ ഭാഗവത പാരായണം സന്മനസ്സുകൾക്ക് വൈകുണ്ഠ പ്രാപ്തി നൽകട്ടെ. ഈ കൊറോണക്കാലത്തു സത്സംഗത്തിന്നു തയ്യാറായ ബാബുവിന് ശുഭാശംസകൾ .

    1+
  3. അതെ. നല്ല തുടക്കം 🌹അറിവിന് മാത്രമല്ല, അതുപോലെ ജീവിക്കുവാനും പ്രേരകമാവട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    1+

Leave a Reply

Your email address will not be published. Required fields are marked *