ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 2

സുരേഷ് ബാബു വിളയിൽ

പരസ്പരം തിരിച്ചറിയാൻ ബുദ്ധിമുട്ട് വന്നപ്പോഴാണ് രൂപങ്ങൾക്ക് മനുഷ്യൻ പേരിട്ട് തുടങ്ങിയത്.
ബ്രഹ്മം ഒന്നേയുള്ളു. അത് രണ്ടില്ല. അതിന് രൂപമില്ല.അതു കൊണ്ടതിന് പേരും വേണ്ട. എന്നാൽ അതിനെ പ്രാപിക്കാനോ, തിരിച്ചറിയാനോ,ധർമ്മമാർഗ്ഗം പിന്തുടർന്ന്

ആത്മസാക്ഷാല്ക്കാരത്തിൻ്റെ ദിവ്യാനുഭൂതി നുകരാനോ സാധിക്കാത്തവർ അനേകമുണ്ട്.

ജനനവും മരണവും,സ്ഥിരതയും ചലനവും, ചൂടും തണുപ്പും,നന്മയും തിന്മയും, സൗന്ദര്യവും വൈരൂപ്യവും, വിഷവും പീയൂഷവും, വിളയും കളയും, രസങ്ങൾ ആറും, സ്വരങ്ങളേഴും, കടലും കരയും, എല്ലാം ഭഗവാൻ്റെ വിഭൂതിയായി ഒരു പോലെ കാണാനും അനുഭവിക്കാനും ജ്ഞാനികൾക്ക് കഴിയും. എന്നാൽ നമ്മെ പോലുള്ള സാധാരണക്കാർക്ക് അതിന് കഴിയുമോ?

ജ്ഞാനികൾ പരബ്രഹ്മത്തിൻ്റെ മഹത്വത്തെ സഹസ്രം പേരുകൾ കൊണ്ട് പ്രകീർത്തിച്ചു. ഇത്കേട്ട മന്ദബുദ്ധികൾ കരുതി. ബ്രഹ്മവും സഹസ്രമുണ്ടെന്ന്!

സാധാരണക്കാർക്ക് പോലും സത്യദർശനം ലഭിക്കണമെന്ന് മുനിമാർ ആഗ്രഹിച്ചു.അതിനൊരു ദർശനവും സങ്കല്പനവും പിന്നെ പരിശീലനവും ആവശ്യമാണ്. ഭാഗവതവും അതിലെ അവതാരവും സാധാരണക്കാരെ സത്യദർശനത്തിലേക്ക് നയിക്കാനുള്ളതാണ്.

അരൂപിയുടെ രൂപഭാവങ്ങളെ കുറിച്ച് തർക്കിക്കുന്നവരുണ്ട്. ഇവിടെ കാണുന്ന രൂപങ്ങളെല്ലാം വൈവിദ്ധ്യമാർന്ന ബ്രഹ്മാവിഷ്ക്കാരങ്ങളാണെന്ന സത്യം അവർ മറന്നു പോകുന്നു

ഏകം സത് വിപ്രാ ബഹുധാ വദന്തി
ഏകമായ ആ ഒറ്റ സത്ത തന്നെയാണ് അനേകവിധത്തിലും സമ്പ്രദായത്തിലും ആരാധിച്ചു പോരുന്നത്.

ഏകോ ദേവ സർവ്വഭൂതേഷു ഗൂഢ:
സർവ്വവ്യാപീ സർവ്വഭൂതാന്തരാത്മാ
ഒരേ ഒരു സത്ത തന്നെയാണ് സർവ്വവ്യാപിയായി എല്ലാ ജീവികളിലും ഗൂഢഭാവത്തിൽ അന്തരാത്മാവായി പരിലസിക്കുന്നത്.ആ ഒന്നാണ് പലതായി മാറിയത്.

“ഏകോfഹം ബഹുസ്യാദ്”
വേദാന്തത്തിലെ അദ്വൈതദർശനത്തെ ഭാഗവതവും ശരി വെയ്ക്കുന്നു. ഒന്നായ ബ്രഹ്മത്തിൻ്റെ വൈവിദ്ധ്യമാർന്ന ആവിഷ്ക്കാരമാണ് സമസ്ത ലോകങ്ങളുമെന്ന് ഭാഗവതം പറയുന്നു.
അവതാരം എന്ന വാക്കിനർത്ഥം താഴോട്ടിറങ്ങൽ എന്നാണ്. നാമരൂപ വേഷം ധരിച്ച് അഖണ്ഡബോധം താഴോട്ടിറങ്ങുന്നതാണ് അവതാരം. പ്രാണസ്പന്ദത്തിലൂടെ അഖണ്ഡബോധം ജീവൻ്റെ രൂപം കൈക്കൊണ്ടതാണ് ഭഗവാൻ്റെ ആദ്യത്തെ അവതാരം.

സൂതൻ പറയുന്നു.

” ജഡാംശത്തിൽ പ്രവേശിച്ച് “ഞാൻ ഞാൻ ” എന്ന ബോധം അനുഭവിച്ചതാണ് ഭഗവാൻ്റെ ആദ്യത്തെ അവതാരം. പ്രാണൻ്റെ ഓരോ സ്പന്ദനവും ജീവശരീരത്തിൽ ആരംഭിക്കുന്നതും അഹം എന്ന ബോധത്തോടെയാണ്. ഇത് തന്നെയാണ് ഭഗവാൻ്റെ ജീവാവതാരം.

ബോധം ജീവൻ്റെ രൂപത്തിൽ ആദ്യം അവതരിച്ചു. ഈ ജീവഭാവം സമഷ്ടി (Totality) യായും വ്യഷ്ടി (individuality) യായും വേർപിരിഞ്ഞു. വ്യക്തിക്ക് മനസ്സുള്ളത് പോലെ സമഷ്ടി പ്രാണനും മനസ്സ് രൂപപ്പെട്ടു.. പ്രപഞ്ചത്തെ മുഴുവൻ ഉൾക്കൊള്ളുന്ന സമഷ്ടിപ്രാണൻ്റെ അനുഭവരൂപമായ വിശ്വാഹന്തയിൽ നിന്നാണ് വിശ്വമനസ്സ് രൂപം കൊണ്ടത്. ഈ വിശ്വമനസ്സാണ് പുരാണ പ്രസിദ്ധനായ ബ്രഹ്മാവ്.

ആയിരക്കണക്കിന് അവതാരങ്ങൾ അഖണ്ഡബോധത്തിൽ നിന്നും സംഭവിച്ചുകൊണ്ടേയിരിക്കുന്നു. ഋഷിമാർ മനുക്കൾ ദേവന്മാർ പ്രജാപതികൾ എന്നിങ്ങനെ അവതാരങ്ങൾ അസംഖ്യങ്ങളാണ്. ഇവയെല്ലാം അംശാവതാരങ്ങളാണ്. എന്നാൽ കൃഷ്ണൻ സ്വയം ഭഗവാനായി വിളങ്ങുന്ന പൂർണ്ണാവതാരമാണെന്ന് ഭാഗവതം പറയുന്നു.

ദു:ഖമോചനമാണ് ഭാഗവതത്തിൻ്റെ ലക്ഷ്യം. വേദേതിഹാസങ്ങളുടെ മുഴുവൻ സാരവും ഉൾക്കൊള്ളുന്ന ഈ പുരാണം വേദവ്യാസൻ തൻ്റെ ആത്മനിഷ്ഠനായ മകൻ ശുകനെ പഠിപ്പിച്ചു. മകനാകട്ടെ, ഏഴുനാളക്കരെയുള്ള മരണത്തേയും കാത്തിരുന്ന പരീക്ഷിത്ത് രാജാവിന് ഏഴ് ദിവസം കൊണ്ട് താൻ ഗ്രഹിച്ചത് നൽകി മരണത്തിൻ്റെ അക്കരെ കടത്തി.

സൂതൻ പറഞ്ഞു:
” ആദ്യത്തെ ആ ഭാഗവതസപ്താഹ ത്തിൽ പങ്കെടുക്കാൻ എനിക്കും ഭാഗ്യം ലഭിച്ചു. അത് ഞാൻ നിങ്ങളെ കേൾപ്പിക്കാം . സത്യദൃഷ്ടി നഷ്ടപ്പെട്ട് കൂരിരുട്ടിൽ തപ്പിത്തടയുന്നവർക്ക് വെളിച്ചമാകാൻ ഇതുപകരിച്ചെങ്കിൽ ഞാൻ കൃതാർത്ഥനായി. ”
©@Sureshbabu vilayil.

6+

Leave a Reply

Your email address will not be published. Required fields are marked *