ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 47

സുരേഷ് ബാബു വിളയിൽ

ഇനി നമുക്ക് രാമകൃഷ്ണന്മാരുടെ വിവാഹകഥകൾ കേൾക്കാം.

പെൺമക്കളുടെ വിവാഹജീവിതം നന്നായി മുന്നോട്ട് പോകാൻ അച്ഛന്മാർക്കുള്ള സഹജമായ ഉൽക്കണ്ഠയും ആകാംക്ഷയും ബലരാമൻ്റെ വിവാഹകഥയിലുണ്ട്. പിതൃധർമ്മത്തെ കുറിച്ചും അത് പഠിപ്പിക്കുന്നു.

കന്യാ വരയതേ രൂപം
മാതാ വിത്തം പിതാ ശ്രുതം
ബാന്ധവാ: കുലമിച്ഛന്തി
മൃഷ്ടാന്നമിതരെ ജനാ:

പെൺകുട്ടികളുടെ വിവാഹത്തെ കുറിച്ച് കാളിദാസൻ പറഞ്ഞതാണ്. പെൺകുട്ടി ഭർത്താവിൻ്റെ രൂപം സുന്ദരമാവണമെന്ന് മോഹിക്കുന്നു. അമ്മയാകട്ടെ, മരുമകൻ നല്ല ധനവാനാകണമെന്നേ ചിന്തിക്കൂ. രൂപത്തിൽ സുന്ദരനല്ലെങ്കിൽ കൂടി മകൾ പട്ടിണി കിടക്കരുതെന്നേ അമ്മക്കുള്ളു. മരുമകൻ്റെ പ്രശസ്തിയും കീർത്തിയുമാണ് അച്ഛൻ്റെ നോട്ടം. ബന്ധുക്കൾ കുലമഹിമയും മറ്റുള്ളവർ നല്ല മൃഷ്ടാന്നസദ്യയും മോഹിക്കും.

ഈശ്വരൻ തന്ന സമ്മാനവും ധനവുമായി മകളെ കരുതിയ രേവതൻ എന്നൊരു രാജാവ് സത്യയുഗത്തിൽ ജീവിച്ചിരുന്നു. മകൾക്ക് ചേർന്ന ഭർത്താവിനേയും തിരഞ്ഞ് അദ്ദേഹം ഭൂമി മുഴുവൻ അലഞ്ഞു. ഓരോ യാത്രയിലും മകളേയും കൂടെ കൂട്ടി.

എന്നാൽ മകളെ വിശ്വസിച്ചേല്പിക്കാൻ പറ്റുന്ന ഒരാളെ പോലും രാജാവ് ഭൂമിയിൽ കണ്ടില്ല. ആ അന്വേഷണം മറ്റ് പല ലോകങ്ങളിലേക്കും നീണ്ട് ചെന്ന് അവസാനം ബ്രഹ്മാവിൻ്റെ ലോകത്തിലെത്തി.

ഓരോജീവിക്കും ഇണയെ സൃഷ്ടിച്ച സ്രഷ്ടാവ് രേവതനോട് പറഞ്ഞു.

” രേവതാ, നീ കാലത്തെ കടന്നാണ് ഇവിടെയെത്തിയത്.ഇവിടെ ഓരോ നിമിഷം കഴിയുമ്പോഴും ഭൂമിയിൽ എത്രയോ വർഷങ്ങൾ കഴിയും. യുഗങ്ങൾ മാറും. നീ പോന്ന ഭൂമിയും മനുഷ്യരുമല്ല ഇപ്പോഴവിടെ ഉള്ളത്. ഭൂമിയിലിപ്പോൾ ദ്വാപരയുഗമാണ്. ഉടൻ തിരിച്ചു പോവുക. ബലരാമൻ എന്ന പേരിൽ ആദിശേഷനായ മഹാവിഷ്ണു ഭൂമിയിൽ ജനിച്ചു. നിൻ്റെ മകൾക്ക് ചേർന്നവനാണ്. മകളെ അവന് കൊടുക്കുക.”

രേവതൻ മകളേയും കൂട്ടി ദ്വാരകയിലെത്തി. കണ്ടമാത്രയിൽ തന്നെ ബലരാമനും രേവതിയും പ്രണയബദ്ധരായി. അവരുടെ വിവാഹം ആഘോഷത്തോടെ നടന്നു.

രേവതൻ കൃതാർത്ഥതയോടെ ഹിമാലയസാനുക്കളിൽ ചെന്ന് തപസ്സനുഷ്ഠിച്ച് ബ്രഹ്മസായൂജ്യം നേടി.

ദ്വാരകാധീശനായ ശ്രീകൃഷ്ണൻ്റെ കേൾവി നാടെങ്ങും പൊങ്ങി. വിദർഭത്തിലെ ഭീഷ്മകരാജാവിൻ്റെ മകൾ രുഗ്മിണിയും അത് കേട്ടു .

രാജസന്നിധിയിൽ വരുന്ന കവികൾ കൃഷ്ണൻ്റെ സൗന്ദര്യം, പരാക്രമം, വൈശിഷ്ട്യം, ഔദാര്യം, ഐശ്വര്യം തുടങ്ങിയ ഗുണങ്ങളെ കീർത്തിച്ച് കവിതകളുണ്ടാക്കി മനോഹരമായി പാടുന്നതും അവൾ കേട്ടിരുന്നു. അന്നു തൊട്ടവൾ കൃഷ്ണനെ ഹൃദയം കൂട്ടിയാണ് അർച്ചിച്ചത്. യൗവ്വനാരംഭത്തിൽ തന്നെ കൃഷ്ണനെ ഭർത്താവായി മനസ്സിൽ പ്രതിഷ്ഠിച്ചു.

രുഗ്മിണിയുടെ സൗന്ദര്യവും സൗശീല്യവും, ഔദാര്യവും നാരദരിൽ നിന്നും കൃഷ്ണനും കേട്ടിരുന്നു.

എന്നാൽ അവളുടെ സഹോദരൻ രുഗ്മി, കൃഷ്ണൻ്റെ വിരോധികളായ ജരാസന്ധൻ,ശിശുപാലൻ, ദന്തവക്ത്രൻ തുടങ്ങിയവരുടെ സൗഹൃദവലയത്തിൽ ആയിരുന്നു. രുഗ്മിണിയെ വിവാഹം കഴിക്കാൻ കൃഷ്ണനേക്കാൾ കേമൻ ശിശുപാലനാണ് എന്നായിരുന്നു രുഗ്മിയുടെ പക്ഷം.

രുഗ്മിയുടെ ദുസ്സ്വാധീനത്തിൽ പെട്ട് മകളെ ശിശുപാലന് വിവാഹം ചെയ്ത് കൊടുക്കാൻ ഭീഷ്മകൻ നിശ്ചയിച്ചു. രുഗ്മിണി വല്ലാതെ ദു:ഖിച്ചു .

ലജ്ജിച്ചിരുന്നാൽ തൻ്റെ ജീവിതാഭിലാഷം നടക്കില്ലെന്ന തിരിച്ചറിവിൽ അവൾ ഒരു സന്ദേശമെഴുതി വിശ്വസ്തനും യോഗ്യനുമായ ബ്രാഹ്മണൻ വശം ദ്വാരകയിലേക്ക് കൊടുത്തയച്ചു.

ബ്രാഹ്മണൻ ദീർഘദൂരം യാത്ര ചെയ്ത് ദ്വാരകയിലെത്തി. രുഗ്മിണിയുടെ സന്ദേശം കൃഷ്ണന് കൈമാറി.

ഭുവനസുന്ദരാ,

ഞാനങ്ങയിലനുരക്തയാണ്. ഈ സന്ദേശം എഴുതിയതിൻ്റെ പേരിൽ ലജ്ജയില്ലാത്തവൾ എന്നെന്നെ വിളിച്ചാലും വിരോധമില്ല. ഇങ്ങനെ ചെയ്തില്ലെങ്കിൽ എനിക്കെന്നെ തന്നെ നഷ്ടമാകും. മനസ്സ് കൊണ്ട് ഭർത്താവായി എന്നോ ഞാനങ്ങയെ വരിച്ചു കഴിഞ്ഞു. അച്ഛൻ എനിക്ക് വേണ്ടി നിശ്ചയിച്ച ശിശുപാലനെ എൻ്റെ കരം സ്പർശിക്കാൻ പോലും ഞാൻ അനുവദിക്കില്ല.

അങ്ങ് സൈന്യസമേതം രഹസ്യമായി ഇവിടെ വന്ന് എന്നെ കൊണ്ട് പോകണം. അങ്ങയുടെ വീരപൗരുഷത്തെ മാത്രം കന്യാശുല്ക്കമായി എൻ്റെ പിതാവിന് നല്കിയാൽ മതി.
(പ്രാചീനകാല വിവാഹങ്ങളിൽ സ്ത്രീധനമില്ല. വരൻ വധുവിനാണ് ധനം നല്കേണ്ടിയിരുന്നത്. കന്യാശുല്ക്കം എന്നാണ് അതിന് പേര്.)

വിവാഹത്തലേന്ന് വധു പരദേവതാ ക്ഷേത്രദർശനം നടത്തുന്ന ഒരു പതിവുണ്ട്. അങ്ങ് അവിടേക്ക് വരിക. ക്ഷേത്രസന്നിധിയിൽ വെച്ച് എന്നെ പാണിഗ്രഹണം ചെയ്യുകയോ അപഹരിക്കുകയോ യുക്തം പോലെ ചെയ്യാം. അങ്ങ് വന്നില്ലെങ്കിൽ പ്രാണത്യാഗമല്ലാതെ മറ്റു വഴിയില്ല. എൻ്റെ ഭുവനസുന്ദര ഗോവിന്ദനേയും കാത്ത് ഞാനിരിക്കുകയാണ്. പ്രണാമം.

കൃഷ്ണൻ പറഞ്ഞു.

” രുഗ്മിണിയുടെ മനസ്സ് എന്നിൽ ലയിച്ച അതേ ആഴത്തിൽതന്നെ എൻ്റെ മനസ്സും രുഗ്മിണിയിൽ ലയിച്ചിരിക്കുന്നു. അരണികടഞ്ഞ് അഗ്നി എടുക്കും പോലെ ഞാൻ രുഗ്മിണിയെ കൊണ്ടു പോരും.

അടുത്ത ദിവസം രുഗ്മിണിയുടെ വിവാഹമാണെന്ന് ബ്രാഹ്മണൻ പറഞ്ഞു. കൃഷ്ണൻ ദാരുകനെ വിളിച്ച് തേരൊരുക്കാൻ പറഞ്ഞു. ബ്രാഹ്മണനേയും തേരിലിരുത്തി. ഒറ്റ രാത്രി കൊണ്ടവർ മൂവരും വിദർഭാദേശത്തെത്തി. തൊട്ട് പിന്നാലെ സൈന്യവുമായി ബലരാമനും പുറപ്പെട്ടു.

മകളുടെ വിവാഹാഘോഷത്തിന് എത്തിയ കൃഷ്ണനെ ഭീഷ്മകൻ സമുചിതമായി സ്വീകരിച്ചു. കൃഷ്ണൻ്റെ വരവ് ശിശുപാലൻ്റെ പക്ഷക്കാരിൽ ഉൽക്കണ്ഠ നിറച്ചു. അവർ എന്തിനും തയ്യാറായി പോരിനുള്ള സർവ്വ സന്നാഹങ്ങളും ഒരുക്കി നിർത്തി.

അമ്പലനടയിൽ തൊഴാനെത്തിയ രുഗ്മിണിക്ക് മുത്തശ്ശിമാർ ഒരിക്കലും പിരിയാതെ നില്ക്കുന്ന പാർവ്വതീപരമേശ്വരന്മാരെ നമസ്കരിക്കാനുള്ള മന്ത്രം പറഞ്ഞു കൊടുത്തു.
നമസ്യേത്വാംബികേfഭീക്ഷ്ണം
സ്വസന്താനയുതാം ശിവാം
ഭൂയാത് പതിർമ്മേ ഭഗവാൻ
കൃഷ്ണസ്തദനുമോദതാം.
(10-53-46)
രുഗ്മിണിയുടെ ഹൃദയത്തിൽ തൽക്ഷണം തെളിഞ്ഞ മന്ത്രം ഇതായിരുന്നു. ഇതുരുവിട്ട് രുഗ്മിണി ഭഗവതിയെ വണങ്ങി.

അംബികാദർശനത്തിന് ശേഷം രാജവീഥിയിലൂടെ നടന്ന് നീങ്ങിയ രുഗ്മിണിയുടെ സൗന്ദര്യം കണ്ട് രഥങ്ങളിലിരുന്ന രാജാക്കന്മാർ മോഹാലസ്യപ്പെട്ടു പോയി.

തേരുമായി ആ കൂട്ടത്തിൽ നിന്ന കൃഷ്ണനെ രുഗ്മിണി കണ്ടു. ആ മനസ്സ് തേരിൽ കയറാൻ തിരക്കു കൂട്ടി. ശ്രീകൃഷ്ണനവളുടെ കരം ഗ്രഹിച്ചു. സാവധാനം തേരിൽ കയറ്റിയിരുത്തി. ദാരുകൻ രാജാക്കന്മാരുടെ ഇടയിലൂടെ തേരും തെളിച്ചു ദ്വാരകയിലേക്ക് നീങ്ങി.

പോരിനു വന്ന രാജാക്കന്മാരെ ബലരാമനും സൈന്യവും നേരിട്ടു. സഹോദരനായ രുഗ്മി കുറേ ദൂരം കൂടി പിന്നാലെ ചെന്നു. രുഗ്മിയുടെ ഖഡ്ഗചാപങ്ങളെയെല്ലാം കൃഷ്ണൻ അമ്പെയ്ത് ഖണ്ഡിച്ചു. തേരിൽ നിന്നിറങ്ങി രുഗ്മിയെ വധിക്കാൻ ഒരുങ്ങി.ജ്യേഷ്ഠനെ രക്ഷിക്കണേയെന്ന് പറഞ്ഞ് രുഗ്മിണി കൃഷ്ണൻ്റെ കാൽക്കൽ കുമ്പിട്ടു.

ശ്രീകൃഷ്ണൻ്റെ രുഗ്മിണീഹരണം കേട്ടറിഞ്ഞ ദ്വാരകാനിവാസികൾ വീടും പരിസരവും വൃത്തിയാക്കി. കൊടിതോരണങ്ങൾ തൂക്കി. പിന്നെ അവരെല്ലാം കുളിച്ച് മനോഹരമായ പട്ടുവസ്ത്രങ്ങളണിഞ്ഞ് ഒരുങ്ങി പുറപ്പെട്ടു. അഷ്ടമംഗല്യവും പൂജാദ്രവ്യങ്ങളുമായി അവരെല്ലാം നഗരദ്വാരത്തിലേക്ക് നടന്നു നീങ്ങി വധൂവരന്മാരെ നാമസങ്കീർത്തന ഭേരീനാദമൃദംഗതാളമേളങ്ങളോടെ അന്ത:പുരത്തിലേക്കാനയിച്ചു.

പാണ്ഡവരടക്കമുള്ള സകല ബന്ധുക്കളും അന്നവിടെയെത്തി. വിവാഹാഘോഷം പൊടിപൊടിച്ചു.

ഭാഗവതസപ്താഹം കേൾക്കുന്ന ഭക്തന്മാരുടെ മനസ്സുകളിൽ അന്നത്തെ അതേ പൊലിമയിൽ ഇന്നും ജഗത്പിതാവിൻ്റേയും മാതാവിൻ്റേയും വിവാഹാഘോഷം നടക്കുന്നുണ്ട്.
മംഗളം മംഗളം ലോകനാഥേ
മംഗളം മംഗളം മാരുതേശാ
മംഗളം നേരട്ടെ രണ്ടു പേർക്കും
മംഗളമേവർക്കും നേർന്നിടട്ടെ.
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ
©✍️#SureshbabuVilayil

1+

Leave a Reply

Your email address will not be published. Required fields are marked *