ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 51

സുരേഷ് ബാബു വിളയിൽ

ദ്വാരകാധീശനായ കൃഷ്ണനെ കാണാൻ ഒരു നാൾ ദരിദ്രനായ ഒരാളെത്തി. സന്ദീപനിയുടെ ഗുരുകുലത്തിൽ കൃഷ്ണൻ്റെ കൂടെ പഠിച്ച സുദാമാവായിരുന്നു അത്. ദൂരയാത്ര ചെയ്ത് ക്ഷീണിതനായ ആ സതീർത്ഥ്യനെ ഗോപുരം വരെ ഓടിച്ചെന്ന് കൃഷ്ണൻ സ്വീകരിച്ചു. രാജകീയമായി സല്ക്കരിച്ചു.

പഴയകാലകഥകളും പറഞ്ഞ് കുറേ നാളുകൾ സുദാമാവ് ദ്വാരകയിൽ കൃഷ്ണനൊപ്പം കഴിഞ്ഞു. എന്നാൽ ആഗമനോദ്ദേശം എന്തെന്ന് കൃഷ്ണൻ ചോദിച്ചില്ല. കൂട്ടുകാരൻ പറഞ്ഞതുമില്ല.

സുദാമാവിൻ്റെ കുചേലനെന്ന പ്രസിദ്ധി കൃഷ്ണൻ മുമ്പേ കേട്ടിരുന്നു. പക്ഷെ ഒന്നും അറിഞ്ഞതായി ഭാവിച്ചില്ല. ഒരു കുടുംബത്തിന് വേണ്ട ലോഭമില്ലാത്ത സമ്പത്ത് ഭടന്മാർ വശം കുചേലഗൃഹത്തിൽ എത്തിച്ചു. ഭഗവദ് സന്ദർശനം കുചേലനെ സുചേലനാക്കി മാറ്റി.

ഭഗവാനും ഭക്തനും തമ്മിലുള്ള ഹൃദയബന്ധത്തിൻ്റെ സൂചനയാണ് ഈ കഥ. മുമ്പൊരിക്കൽ പറഞ്ഞു, ഭാഗവതത്തിൽ പ്രാർത്ഥനകളില്ല. സ്തുതികളേയുള്ളു.

ഭഗവാൻ്റെ മുമ്പിൽ യാചിക്കേണ്ട കാര്യം ഭക്തനില്ല. ഭഗവാനത് ഇഷ്ടവുമല്ല. തൻ്റെ ഭക്തനെന്ത് വേണമെന്ന് എല്ലാം അറിയുന്ന ഭഗവാനറിയാം. അപേക്ഷ നൽകാതെത്തന്നെ ഭക്തന്മാരുടെ സങ്കടഹർജികൾ തീർപ്പാക്കുന്ന ഓഫീസാണത്.

അങ്ങനെയിരിക്കെ, ഒരു ദിവസം കൃഷ്ണരാമന്മാരെ കാണാൻ വ്യാസർ, നാരദർ, ച്യവനർ തുടങ്ങി കുറേ മുനിമാരെത്തി.ഭഗവാൻ അവരോട് ആഹ്ളാദത്തോടെ പറഞ്ഞു.

“ഇന്നാണ് ഞങ്ങൾ രണ്ടു പേരും ജനിച്ചതായി തന്നെ തോന്നുന്നത്. യോഗേശ്വര ദർശനം കിട്ടിയ ഞങ്ങളുടെ ജന്മം സഫലമായി. അല്പതപസ്വികൾ പ്രതിമകളിൽ പൂജ നടത്തി സംതൃപ്തരാകുന്നു. അത്തരം അനുഷ്ഠാനം കൊണ്ട് പാപവിമുക്തരാകാൻ കാലം കുറേ വേണം. എന്നാൽ സത്യദർശികളായ മുനിമാരുടെ സത്സംഗം കിട്ടിയാൽ നിമിഷനേരം കൊണ്ട് മനുഷ്യർക്ക് പാപമോചനം സിദ്ധിക്കും.

നാഗ്നിർനസൂര്യോന ച ചന്ദ്രതാരകാ:
ന ഭുർജലം ഖം ശ്വസനോfഥവാങ് മന:
ഉപാസിതാ ഭേദകൃതോ ഹരന്ത്യഘം
വിപശ്ചിതോ ഘ്നന്തി മുഹൂർത്ത സേവയാ
(10-84-12)
ഭേദചിന്ത പുലർത്തുന്നവരുടെ പാപമില്ലാതാക്കാൻ ദേവന്മാർ ദീർഘകാലം ശ്രമിച്ചാലും കഴിയില്ല. എന്നാൽ സത്യദർശികളായ ജ്ഞാനികൾക്ക് മനുഷ്യരുടെ പാപങ്ങൾ നശിപ്പിക്കാൻ കുറച്ച് നേരം മതി.

എന്താണ് പാപം? ഭേദചിന്തയിലാണ് പാപത്തിൻ്റെ വേര്. രാഗവും ദ്വേഷവും പൊട്ടി മുളയ്ക്കുന്നത് അതിൽ നിന്നാണ്. സത്യദർശിയുടെ സത്സംഗം കിട്ടിയാൽ ബോധമാണ് സത്യമെന്ന് ബോധ്യപ്പെടും.

രണ്ടെന്ന് വേർതിരിക്കുന്നതെല്ലാം പാപമാണ്. സ്വന്തം ദേവതകളോട് രാഗവും മറ്റുള്ളവയോട് വിദ്വേഷവും വരുന്നത് നന്നല്ല. ഇത് മനുഷ്യനെ മതാന്ധതയിലേക്ക് നയിക്കുന്നു.

ഇഷ്ടദേവതയെ ബ്രഹ്മത്തിൻ്റെ പ്രതീകമായി കണ്ട് ജഗത്തിനെ മുഴുവൻ അതിൻ്റെ വിഭൂതിയായി കാണണം. ഒരു ജ്ഞാനിക്ക് മാത്രമേ ഇതെല്ലാം പറഞ്ഞു കൊടുക്കാനാവൂ.

ന്യൂജൻ ഭാഷയിൽ പറഞ്ഞാൽ അടുത്ത ശ്ലോകത്തിൽഒരു ഡക്കറേഷനുമില്ലാതെ ഭഗവാൻ ആ വസ്തുത തുറന്ന് പറയുന്നു. ശ്രദ്ധിക്കുക.

യസ്യാത്മബുദ്ധി: കുണപേ ത്രിധാതു കേ
സ്വധീ: കളത്രാദിഷു ഭൗമ ഇജ്യധീ:
യത്തീർത്ഥബുദ്ധി: സലിലേ ന കർഹിചിജ്-
ജനേഷ്വഭിജ്ഞേഷുസഏവഗോഖര:
(10-84-13)
“മലഭാണ്ഡമായ ഈ ശരീരത്തെ സ്വയം ഞാനെന്ന് കരുതി ഭാര്യയിലും മക്കളിലും ബന്ധുജനങ്ങളിലും സത്യബുദ്ധി പുലർത്തുന്നവൻ പശുക്കൾക്കുള്ള പുല്ല് ചുമന്ന് കൊണ്ട് നടക്കുന്ന കഴുതയാണ്.”

ആത്മജ്ഞാനത്തിൻ്റെ ശ്രേഷ്ഠത എത്രയുണ്ടെന്ന് മനസ്സിലാക്കാൻ ഭാഗവതത്തിലെ ഈ ഒരൊറ്റ ശ്ലോകം മതി.

മനനം ചെയ്യുന്നത് കൊണ്ടാണ് നമുക്ക് മനുഷ്യൻ എന്ന പേര് വന്നത്. നമ്മൾ ശിശുപാലനിൽ നിന്ന് വളർന്ന് പശുപാലനാകണമെന്നാണ് കൃഷ്ണൻ പറയുന്നത്. പശുവിൽ നിന്നും താഴോട്ട് പോയി കഴുതയാകരുത് എന്നർത്ഥം.

ശിശുപാലൻ എന്ന വാക്കിന് മലയാളത്തിൽ തന്നെപ്പോറ്റി എന്നർത്ഥം. ഇവിടെ സംഗതമായത് ഭൗതികമായി പോഷിപ്പിക്കുന്ന ശിശുപാലത്വം മാത്രമാണ്. അതത്ര വലിയ കാര്യമായി ഭാഗവതം കരുതുന്നില്ല. തന്നേയും മക്കളേയും പോറ്റേണ്ടത് ഓരോ മനുഷ്യരുടേയും കടമയാണ്. ശിശുപാലത്വം വിപണനത്തിന് ഉള്ളതല്ല.

ശിശുപാലത്വത്തിൻ്റെ അടുത്ത പടി പശുപാലത്വമാണ്. ലോകത്തിൻ്റെ മുഴുവൻ ഉത്തരവാദിത്വമേല്ക്കുന്ന മഹത്തായ ഘട്ടമാണത്. കൃഷ്ണൻ എന്ന അവസ്ഥയാണ് ആ ഘട്ടം. അതിലേക്കാണ് മനുഷ്യൻ ഉയരേണ്ടത്. ലോകത്തിലുള്ള നന്മതിന്മകളുടേയെല്ലാം ഉത്തരവാദിത്തം എനിക്കാണെന്ന ബോധം പശുപാലത്വത്തിൽ തെളിയുന്നു. കൃഷ്ണൻ നമ്മെ ക്ഷണിക്കുന്നത് ആ ബോധത്തിലേക്കാണ്. എന്നാൽ ഒരു കാരണവശാലും ശിശുപാലത്വത്തിന് താഴെയുള്ള ഗർദ്ദഭാവസ്ഥയിലേക്ക് ആരും താഴ്ന്ന് പോകരുതേ….

ഋഷിമാർ പോകാനൊരുങ്ങി. ആ സമയത്ത് അച്ഛൻ വസുദേവർ വന്നു. മുനിമാരെ പ്രണമിച്ചു. ഏറെ നാളായി അദ്ദേഹത്തെ വലച്ച ഒരു സംശയം മുനിമാരോട് ചോദിച്ചു.

“അല്ലയോ മുനിമാരേ, കർമ്മം കൊണ്ടെങ്ങനെയാണ് കർമ്മനിവൃത്തി വരുത്തേണ്ടത്.

മുനിമാർ പറഞ്ഞു.

“കർമ്മത്തെ ഈശ്വരപൂജയായി കരുതുക. യജ്ഞങ്ങളെല്ലാം ഈശ്വരപൂജയായി സ്വകർമ്മങ്ങളായി മനുഷ്യനെ കാണാൻ പരിശീലിപ്പിക്കുന്ന കളരികളാണ്. എന്ത് ചെയ്യുമ്പോഴും മനസ്സുകൊണ്ട് ഈശ്വരാർപ്പണമായി ചെയ്യണം. അതാണ് കർമ്മനിവൃത്തി നേടാനുള്ള എളുപ്പവഴി.”

താൻ നടത്തണമെന്ന് ഉദ്ദേശിച്ച പലതരത്തിലുള്ള യജ്ഞങ്ങൾ ഉടനടി ജ്ഞാനഭാവനയോടെ ചെയ്യാമെന്ന് വസുദേവർ ഉറച്ചു. അതിനുള്ള ഒരുക്കം തകൃതിയായി നടന്നു. ബന്ധുക്കളേയും മിത്രങ്ങളേയും വിളിച്ചുകൂട്ടി.

ദ്വാരകയിൽ ഉത്സവപ്രതീതിയായി. കുരുക്കളും യദുക്കളുംവന്നു. ഏറെ നാളുകൾ കഴിഞ്ഞ് പരസ്പരം കണ്ട് മുട്ടിയ ബന്ധുക്കളും മിത്രങ്ങളും സന്തോഷം കൊണ്ട് മതിമറന്നു. മുനിമാരും രാജാക്കന്മാരും വന്ന് ചേർന്നു.

വസുദേവർ നാരദരെയെയാണ് ഋത്വിക്കായി വരിച്ചത്. യജ്ഞങ്ങൾ ശുഭപര്യവസായിയായി. മുനിമാരും രാജാക്കന്മാരും യാത്ര പറഞ്ഞ് പിരിഞ്ഞു. നന്ദാദിഗോപന്മാരെ പറഞ്ഞയക്കാൻ വസുദേവർക്ക് മനസ് വന്നില്ല. പഴയ കഥകൾ വീണ്ടും വീണ്ടും പറഞ്ഞ് അവർ മൂന്ന് മാസങ്ങളോളം ഒരുമിച്ച് താമസിച്ചു.

യാത്ര പറഞ്ഞ് പിരിയുമ്പോൾ നന്ദഗോപരോട് വസുദേവർ പറഞ്ഞു.

“‘ ജ്യേഷ്ഠാ, മനുഷ്യരെ തമ്മിൽ കെട്ടിയിടാൻ വേണ്ടി ഈശ്വരൻ നിർമ്മിച്ച കയറാണ് ഈ സ്നേഹം. അങ്ങ് ചെയ്ത മഹോപകാരത്തെ ഞങ്ങൾക്കെങ്ങനെ മറക്കാൻ കഴിയും? ഐശ്വര്യത്തിൻ്റെ കൊടുമുടിയിൽ കയറി നിന്നപ്പോൾ പലപ്പോഴും ഞങ്ങളത് മറന്നിട്ടും അങ്ങയുടെ നിർവ്യാജസ്നേഹം. അതെന്നെ വിസ്മയിപ്പിക്കുന്നു.”

ഇത്രയും പറഞ്ഞ് നന്ദഗോപരുടെ കൈത്തലം ഗ്രഹിച്ച് വസുദേവർ ഒരു കുട്ടിയെ പോലെ പഴയതെല്ലാം ഓർമ്മിച്ചോർമ്മിച്ച് പൊട്ടികരഞ്ഞു. നന്ദഗോപർ വസുദേവരെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു. കണ്ണ് തുടച്ച് തിരിഞ്ഞു നോക്കാതെ ദ്വാരകയുടെ പടിയിറങ്ങി.

ഒരുനാൾ വസുദേവർ മകനോട് ഈ സ്നേഹപാശവും വിദ്വേഷവും തീർക്കുന്ന മായയുടെ സ്വരൂപം എന്തെന്ന് ചോദിച്ചു.

കൃഷ്ണൻ പറഞ്ഞു.

ആത്മാഹ്യേക: സ്വയം ജ്യോതിർ- നിത്യോfന്യോ നിർഗുണോ ഗുണൈ:
ആത്മസൃഷ്ടൈ സ്തത് കൃതേഷു
ഭൂതേഷു ബഹുധേയതേ.
(10-85-24)
“എൻ്റെ അച്ഛാ,ആത്മാവ് ഒന്നേ ഉള്ളു. ഉണ്ട് ഉണ്ട് എന്ന് സ്വയം പ്രകാശിക്കുന്ന ബോധമാണത്. നിത്യസത്യമാണത്. അതിന് ജനിമൃതികളില്ല.”

സ്വന്തം നിഴലിനെ കണ്ട് ഭയക്കുന്ന കുട്ടിയെ പോലെ നമ്മളും അത്മാവ് മറ്റെന്തോ ആണെന്ന് കരുതുന്നു. അതിന് നാശമുണ്ടെന്ന് ഭ്രമിക്കുന്നു.

മായയ്ക്ക് അടിമപ്പെട്ടതുകൊണ്ട് ആത്മാവിനെ നമ്മൾ പലതരമായി കാണുന്നു. സത്യത്തിൽ ആത്മാവ് ഒന്നേയുള്ളു.അനുഭൂതിതലത്തിൽ മാത്രം ഒരാൾക്ക് തിരിച്ചറിയാൻ കഴിയുന്ന ജ്ഞാനമാണത്.ഒന്നായ ആത്മാവിനെ രണ്ടെന്ന് കണ്ട ഇണ്ടൽ മാറിയാൽ ജ്ഞാനമായി.

കൃഷ്ണൻ്റെ നിർദ്ദേശപ്രകാരം ഈ ജ്ഞാനം മനനം ചെയ്ത് ക്രമേണ വസുദേവരിൽ ഭേദബുദ്ധി നശിച്ചു. ഏകമായ ബ്രഹ്മത്വം അനുഭവിച്ച് വസുദേവർ ആനന്ദചിത്തനായി മാറി.
©✍️#SureshbabuVilayil

2+

Leave a Reply

Your email address will not be published. Required fields are marked *