ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 55

സുരേഷ് ബാബു വിളയിൽ

പിപ്പലായൻ എന്ന മഹായോഗി നാരായണസ്വരൂപത്തെ കുറിച്ച് പറയാൻ തുടങ്ങി.

കാരണരഹിതനായ നാരായണൻ ഉല്പത്തിസ്ഥിതിനാശങ്ങളുടേയെല്ലാം ഹേതുവാണ്.

ഈ ലോകം ഏതിൽ നിന്നുണ്ടായോ അതാണ് നാരായണൻ. ഈ ജഗത്തിൻ്റെ കാര്യവും കാരണവും നാരായണനാണ്. ഇവിടെ കാണുന്നതെല്ലാം നാരായണൻ്റെ വിവർത്തസ്വഭാവമാണ്.
ജ്ഞാനം, പ്രജ്ഞാനം, വിജ്ഞാനം എന്നെല്ലാം ഉപനിഷത്തുകൾ നാരായണനെ വർണ്ണിക്കുന്നു. കണ്ണിനോ, കാതിനോ, മറ്റിന്ദ്രിയങ്ങൾക്കോ, മനസ്സിനോ നാരായണനെ കണ്ടെത്താൻ കഴിയില്ല.
നാരായണ സ്വരൂപം മനസ്സ് കൊണ്ട് നിരൂപിക്കാനോ വാക്കു കൊണ്ട് പറയാനോ കഴിയില്ല. വേദം പോലും അതല്ല അതല്ല (നേതി, നേതി) എന്ന് പറഞ്ഞ് അവസാനത്തിൽ അവശേഷിക്കുന്നതിനെ നാരായണനെന്ന് വാഴ്ത്തുന്നു.

നിശ്ശേഷശേഷൻ എന്നാണ് ഭാഗവതം ഭഗവാനെ വിളിക്കുന്നത്.

ഉണ്മയുടെ ഭാവമായ സത്താണത്. ചിത്തെന്ന ബോധമാണത്. ആനന്ദമാണത്.

സത്+ചിത്+ആനന്ദം=സച്ചിദാനന്ദം.

ആ അഖണ്ഡബോധബ്രഹ്മത്തിൽ അവിദ്യയാൽ സൂത്രാത്മാവായ വിശ്വപ്രാണൻ സംഭവിക്കുന്നു.

കഠോപനിഷത്ത് മഹാനാത്മാവ് എന്ന് വിളിക്കുന്ന വിശ്വപ്രാണനെ ആധുനികശാസ്ത്രത്തിൻ്റെ ഭാഷയിൽ കോസ്മിക് എനർജി എന്ന് പറയാം.

ഈ വിശ്വപ്രാണനാണ് ആദ്യത്തെ ജീവൻ. ദേവതാരൂപങ്ങൾ, സുഖദുഖാദിഫലാനുഭവങ്ങൾ,

ജീവജഢങ്ങളെന്ന വകഭേദങ്ങൾ എന്നിങ്ങനെ എന്തിനേയും പ്രകാശിപ്പിക്കാനുള്ള അനന്തമായ ശേഷി വിശ്വപ്രാണനുണ്ട്.

ബ്രഹ്മം തന്നെ വിശ്വപ്രാണരൂപം കൈക്കൊള്ളുമ്പോഴും ആത്മാവിന് വൃദ്ധിക്ഷയങ്ങൾ വരുന്നില്ല. ഒരു നടൻ പല തരം കഥാപാത്രങ്ങളെ കെട്ടിയാടുന്ന വേഷപ്പകർച്ച ദൃഷ്ടാന്തമായെടുക്കാം.

ആത്മാവ് എങ്ങും എപ്പോഴും ഒരേ വിധത്തിലുള്ളതാണ്. അതിന് ജനനമില്ല,മരണമില്ല. അത് കൂടുന്നില്ല, കുറയുന്നില്ല.

ഉണ്ടാവുന്നു, നിലനില്ക്കുന്നു, വളരുന്നു, മാറുന്നു, ക്ഷയിക്കുന്നു നശിക്കുന്നു എന്നിങ്ങനെ ആറ് ഭാവങ്ങൾ ദേഹത്തിനേയുള്ളു. ആത്മാവിനില്ല.

ആത്മാവ് നമ്മുടെ ദേഹത്തിലുണ്ട്. എല്ലാം മാറിയാലും അത് മാറ്റമില്ലാതെ സാക്ഷീഭൂതമായി നില്ക്കുന്നു. മാറ്റമില്ലാത്തത് ആത്മാവിന് മാത്രമാണ്.

നമ്മുടെ ആത്മസ്വരൂപം നമ്മൾ തിരിച്ചറിയണം. അതനുഭവിച്ചേ തീരൂ എന്ന ദൃഢവ്രതം മനസ്സിൽ വേണം. അതിന് ഭഗവാനിൽ ഭക്തി ഉറപ്പിക്കണം.

രാഗദ്വേഷാദിവാസനകളെ നാമസങ്കീർത്തനം കൊണ്ട് കഴുകി കളയണം. (ഭാഗവതോത്തമൻ വാഴക്കുന്നം തിരുമേനി പറയുന്ന നാമസോപ്പ് കൊണ്ട് കഴുകിയാൽ ശുദ്ധമാകാത്ത മനസ്സില്ല.) അപ്പോൾ കാഴ്ചശക്തിയുള്ള ഒരാൾക്ക് മുമ്പിൽ സൂര്യപ്രകാശം തെളിയുന്ന പോലെ ആത്മതത്വം പ്രകാശിക്കും.

പിപ്പലായനൻ പറഞ്ഞുനിർത്തി.

അപ്പോൾ നിമിചക്രവർത്തി ചോദിച്ചു.

“മനസ്സിനെ ശുദ്ധീകരിക്കാൻ കർമ്മയോഗം നല്ലതാണെന്ന് കേട്ടിട്ടുണ്ട്. അത് കൂടി പറയൂ.”

കൂട്ടത്തിൽ ഒരു സംശയംകൂടി നിമി ചക്രവർത്തി ചോദിച്ചു.

“ഇതേ ചോദ്യം അച്ഛനായ ഇക്ഷ്വാകുവിൻ്റെ മുമ്പിൽ വെച്ച് സനകാദിമഹർഷിമാരോട് ഞാൻ മുമ്പൊരിക്കൽ ചോദിച്ചിരുന്നു. പക്ഷെ അവരതിന് മറുപടി പറഞ്ഞില്ല. അതിനെന്താണ് കാരണം?

അതിനുള്ള ഉത്തരം നൽകിയത് നവയോഗികളിൽ ആറാമനായ ആവിർഹോത്രനാണ്.

അദ്ദേഹം പറഞ്ഞു.

കർമസ്വരൂപം ഗഹനമാണ്. അതു കൊണ്ടാണ് അന്ന് ബാലനായിരുന്ന അങ്ങേക്ക് അത് പറഞ്ഞു തരാതിരുന്നത്.

മൂന്നു തരത്തിൽ മാത്രമേ മനുഷ്യന് പ്രവർത്തിക്കാനാവൂ. കർമ്മം ചെയ്യുക, ചെയ്യാതിരിക്കുക, മറ്റൊരു തരത്തിൽ ചെയ്യുക.

കർമ്മം, അകർമ്മം, വികർമ്മം എന്നിങ്ങനെ വേദം ഇതിനെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. വേദവിഹിതമായ പ്രവൃത്തികൾ ചെയ്യുന്നത് കർമ്മമാണ്. അവ ചെയ്യാതിരുന്നാൽ അകർമ്മമായി. നിഷിദ്ധമായത് വികർമ്മവും.

വേദത്തിൽ പറഞ്ഞ കർമ്മങ്ങൾ ലൗകികവിഷയമല്ല. വേദത്തിലെ ഈ വേർതിരിവ് ലൗകികർക്ക് മനസ്സിലാവില്ല.

കാരണം കർമ്മകാണ്ഡങ്ങൾ മുഴുവനും പരോക്ഷവിവരണമാണ്

പരോക്ഷവിവരണമെന്നാൽ യഥാർത്ഥകാര്യം മറച്ചുവെച്ച് മറ്റൊരു വിധത്തിൽ കർമ്മങ്ങൾ ചെയ്യിക്കാനുള്ള സൂത്രവിദ്യയാണ്.

കയ്പുള്ള മരുന്നു കഴിക്കാൻ മടിയുള്ള കുട്ടിക്ക് ആദ്യം മിഠായി കൊടുത്ത് പ്രലോഭിപ്പിക്കുന്നത് പോലെയാണത്.

കർമ്മത്തിൽ നിന്നും രക്ഷ നേടാൻ കർമ്മമനുഷ്ഠിക്കാനാണ് വേദം ആവശ്യപ്പെടുന്നത്. ബ്രഹ്മത്തെ പോലെയുള്ള കർമ്മരാഹിത്യമാണ് വേദം ഇതിലൂടെ ഉദ്ദേശിക്കുന്നത്.

അതിന് കർമ്മം ചെയ്യാതിരുന്നാൽ പോരേ?

പോര. ശ്രദ്ധിക്കുക.

നഹി കശ്ചിത് ക്ഷണമപി
ജാതുതിഷ്ഠത്യകർമ്മണി.
ഒരു നിമിഷമെങ്കിലും കർമ്മം ചെയ്യാതിരിക്കാൻ മനുഷ്യന് കഴിയില്ല എന്ന് ഗീത പറയുന്നു. ശരിയല്ലേ?

ദേഹം കൊണ്ടൊ മനസ്സു കൊണ്ടോ വാക്കുകൊണ്ടോ എന്തെങ്കിലും ചെയ്യാതിരിക്കാൻ ആർക്കെങ്കിലും കഴിയുമോ?

ചില കർമ്മങ്ങൾ വേണ്ട സമയത്ത് ചെയ്യാതിരുന്നാലും കർമ്മമായി ഭവിക്കും. എങ്ങനെ? പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥി ആ നേരത്ത് പഠിക്കുക എന്ന കർമ്മം ചെയ്താലും ചെയ്യാതിരുന്നാലും അതിന് ഫലമുണ്ട്. അതയാളുടെ ജീവിതത്തെ മാറ്റി തീർക്കുന്ന ഫലമായി മാറും.

അവനവൻ്റെ കർമ്മമെന്തെന്ന് സ്വയം മനസ്സിലാക്കാൻ കഴിയണം. അതാണ് സ്വധർമ്മം. ഏത് കർമ്മം ചെയ്യുമ്പോൾ ആനന്ദം അനുഭവപ്പെടുന്നുണ്ടോ അതാണ് അയാളുടെ സ്വധർമ്മം. അതാണ് ആചരിക്കേണ്ടത്.

കർമ്മത്തിന് മുന്നോടിയായി ഫലം ഭാവന ചെയ്ത് അത് ഭഗവാന് സമർപ്പിക്കണം. അതാണ് കർമ്മയോഗം. കർമ്മഫലത്തിൻ്റെ അധികാരി ഭഗവാനാണ്.

നിഷ്ക്കാമകർമ്മമെന്നാൽ ഇതാണ്. നിഷ്ക്കാമകർമ്മത്തെ ഭഗവാനുള്ള പൂജയാക്കി എങ്ങനെ മാറ്റാമെന്നും യോഗി വിവരിച്ചു.

പൂജയ്ക്ക് മുമ്പായി പൂജകൻ തന്നിലെ ഈശ്വരാംശത്തെ ഹൃദയം തൊട്ടറിയണം. ഈശ്വരഭാവം കൈക്കൊണ്ടാണ് പൂജിക്കേണ്ടത്.

ക്രമേണ ഈ പൂജ അഗ്നി, സൂര്യൻ ഹൃദയം, അതിഥികൾ, എന്നിങ്ങനെ ഓരോ പ്രപഞ്ചഘടകങ്ങളിലേക്കും വ്യാപിപ്പിക്കണം. എല്ലാത്തിലും ആത്മാവിനെ ദർശിക്കണം. ഇന്ദ്രിയങ്ങൾ കൊണ്ട് ഗ്രഹിക്കാൻ കഴിയാത്ത ഭഗവാനിൽ മനസ്സർപ്പിച്ച് തന്മയനായി മാറണം.

ക്രിയായോഗത്തെ ഈ വിധം രാജാവിന് ഉപദേശിച്ച് ആവിർഹോത്രൻ വിരമിച്ചു.

അടുത്തതായി ഭഗവാൻ്റെ അവതാരങ്ങളെ കുറിച്ചാണ് നിമി ചക്രവർത്തി ചോദിച്ചത്.

നവയോഗികളിൽ ഏഴാമനായ ദ്രുമിളനാണ് അതിന് സമാധാനം നൽകിയത്. അത് നാളെ വായിക്കാം.
ഹരേ കൃഷ്ണ.
©✍️#SureshbabuVilayil

3+

Leave a Reply

Your email address will not be published. Required fields are marked *