ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 53

സുരേഷ് ബാബു വിളയിൽ

ഭക്തൻ്റെ ധർമ്മമെന്തെന്ന നിമിയുടെ ചോദ്യത്തിനുത്തരമായി നവയോഗികളിൽ രണ്ടാമനായ ഹരി പറഞ്ഞു തുടങ്ങി.

രാജാവേ, ഭക്തന്മാരെ ഉത്തമൻ, മധ്യമൻ, പ്രാകൃതൻ എന്ന് മൂന്നായി തരം തിരിക്കാം.

സർവ്വഭൂതേഷു യ: പശ്യേത്
ഭഗവദ് ഭാവമാത്മന:
ഭൂതാനി ഭഗവത്യാത്മന്യേഷ
ഭാഗവതോത്തമ:
(11-2-45)
ഭഗവാനെ സർവ്വവ്യാപിയായി എല്ലാ പ്രപഞ്ചഘടകങ്ങളിലും കാണുന്നവനാണ് ഭക്തന്മാരിൽ ഉത്തമൻ.

ഭഗവാനിൽ പ്രേമവും, ഭക്തന്മാരോട് മൈത്രിയും, ഭഗവാനെക്കുറിച്ച് അറിയാത്തവരോട് കാരുണ്യവും എന്നാൽ ഭഗവദ്ദ്വേഷികളോട് വിദ്വേഷമോ സ്നേഹമോ കാണിക്കാത്തവരും ആരാണോ അവർ മധ്യമഭക്തരാണ്.

സ്നേഹവും വിദ്വേഷവും ഒരേ നാണയത്തിൻ്റെ ഇരുപുറങ്ങളാണ്. സ്നേഹിച്ചവർ തമ്മിൽ പിരിയുമ്പോൾ ശത്രുക്കളേക്കാൾ തീവ്രമായാണ് പരസ്പരം വെറുക്കുന്നത്. ഒരു കാലത്തും സ്നേഹിക്കാത്തവർ തമ്മിൽ വെറുപ്പുണ്ടാവുന്നില്ല. ഈശ്വരവിദ്വേഷവും ഇത് പോലെയാണ്.

ഒരാൾ എത്ര മാത്രം തീവ്രമായി ഈശ്വരനെ വെറുക്കുന്നുവോ അത്രയും അസാന്നിദ്ധ്യം ഈശ്വരനവന് നല്കുന്നു. ഈശ്വരവിദ്വേഷം പരമാവധി മനസ്സിൽ നിറയ്ക്കാനുള്ള യുക്തികളും നൽകുന്നു. അവരെയെല്ലാം വിശ്വാസികളാക്കാനുള്ള പ്രയത്നം വൃഥാവ്യായാമമാണ്.

ഒരു വിദ്യുത്ചാലകം വൈദ്യുതവാഹി ആകുന്നതെങ്ങനെ എന്ന തത്ത്വമാണ് ഇവിടെ ചേരുന്ന ഏറ്റവും നല്ല ദൃഷ്ടാന്തം.

മധ്യമഭക്തർക്ക് ഈശ്വരനെ ദുഷിക്കുന്നവരോട് മൈത്രിയുമില്ല, ശത്രുതയുമില്ല. വിശ്വാസികളുടെ സമൂഹത്തോട് മൈത്രിയും ഈശ്വരനെ അറിയാത്തവരോട് കാരുണ്യവും മധ്യമഭക്തരുടെ മുഖമുദ്രയാണ്. ഇവർ ഭൂരിഭാഗവും ഉത്തമഭക്തിയിലേക്കും ചുരുക്കം ചിലർ മതാന്ധതയിലേക്കും നടന്നടുക്കുന്നു.

പ്രതിമയിൽ മാത്രം ഭഗവാനെ കണ്ട് ശ്രദ്ധയോടെ പൂജിക്കുന്നവൻ പ്രാകൃതഭക്തനാണ്.

ഈശ്വരഭക്തരിലും മറ്റുള്ളവരിലും പ്രാകൃതഭക്തന്മാർ ഈശ്വരഭാവം കാണുന്നില്ല.

പ്രാകൃതഭക്തന്മാർ ഈശ്വരനിൽ വിശ്വസിക്കുന്നുണ്ട്. ബോധമാണ് ഈശ്വരസ്വരൂപമെന്ന് അവർ മനനം ചെയ്തറിഞ്ഞിട്ടില്ല. ക്രമേണ അവർ മധ്യമഭക്തനായും ഉത്തമഭക്തനായും വളർന്ന് വന്നു എന്ന് വരാം. എന്നാൽ കൂടുതൽ പേരും പ്രാകൃതഭക്തിയിൽ തന്നെ തുടരുന്നതാണ് കാണുന്നത്. ഭഗവത്തത്വം വളരെ ചുരുക്കം ചിലരേ അറിയുന്നുള്ളു.

മനുഷ്യാണാം സഹസ്രേഷു
കശ്ചിദ്യതതി സിദ്ധയേ
യയതാമപി സിദ്ധാനാം
കശ്ചിന്മാം വേത്തി തത്ത്വത:
(ഭഗവദ് ഗീത 7-3)
മനുഷ്യരിൽ ആയിരത്തിലൊരുവൻ മാത്രം ഈശ്വരപ്രാപ്തിക്ക് വേണ്ടി പ്രയത്നിക്കുന്നു. അതിലൊരുവൻ മാത്രം ഭഗവാനെ തത്ത്വപരമായി അറിയുന്നു.

ഭാഗവതത്തിലെ തുടർന്ന് വരുന്ന എട്ട് ശ്ലോകങ്ങളിൽ ഉത്തമഭക്തൻ്റെ ലക്ഷണങ്ങൾ പറയുന്നു.

മരുഭൂമിയിൽ കാനൽജലം കാണപ്പെടുന്ന പോലെയാണ് ഈ പ്രപഞ്ചത്തിലെ കാഴ്ചകളെന്ന് ഉത്തമഭക്തനറിയാം. അനുഭവങ്ങളേയെല്ലാം അയാൾ സന്തോഷമോ വിഷാദമോ കൂടാതെ നിസ്സംഗനായി സ്വീകരിക്കുന്നു. കാമനകളെല്ലാം ഒഴിഞ്ഞ് ഭഗവാനെ മാത്രം ആഗ്രഹിച്ച് വിളങ്ങുന്നവൻ ഉത്തമഭക്തനാണ്.

ന യസ്യ ജന്മകർമ്മാഭ്യാം
ന വർണ്ണാശ്രമജാതിഭി:
സജ്ജതേfസ്മിന്നഹം ഭാവോ
ദേഹേ വൈ സ ഹരേ: പ്രിയ :
(11-2-51)
സ്വന്തം ജന്മകർമ്മാദികളിലോ, വർണ്ണാശ്രമജാതികളിലോ അഹന്തയില്ലാത്തവനെ ഭഗവാൻ കൂടുതൽ ഇഷ്ടപ്പെടുന്നു. അവൻ ഉത്തമഭക്തനാണ്.

എൻ്റേത് അന്യൻ്റേത് എന്നിങ്ങനെ ഭേദചിന്തയില്ലാത്തവൻ ഉത്തമഭക്തനാണ്.

സദാസമയവും സമത്വഭാവത്തിൽ വർത്തിച്ച് സകലജീവജാലങ്ങളിലും ഭഗവാൻ വസിക്കുന്നു എന്ന് അറിയുന്നവൻ ഉത്തമഭക്തനാണ്.

മൂന്നു ലോകങ്ങളുടെ ആധിപത്യം നല്കിയാലും ആത്മാനുഭവം തന്നെ വലുത് എന്നേ ഉത്തമഭക്തൻ പറയൂ.

ദു:ഖത്തിൻ്റെ നിഴൽ പോലുമില്ലാതെ സദാശീതളമായ ഹൃദയമുള്ളവൻ ഉത്തമഭക്തനാണ്.

കഠിനമായ ആപത് ക്ലേശങ്ങളിൽ പോലും ഭഗവാൻ ആ ഭക്തൻ്റെ കൂടെയുണ്ടാവും.ഉത്തമഭക്തൻ്റെ ഹൃദയശ്രീകോവിലിൽ ഭഗവാൻ പ്രേമപാശം കൊണ്ട് ബന്ധിതനാണ്.

ഹരേ കൃഷ്ണാ.

ഹരിപറഞ്ഞ് നിർത്തിയപ്പോൾ നിമിചക്രവർത്തി ചോദിച്ചു.

” മായയുടെ ഇന്ദ്രജാലപ്രകടനമാണ് ഈ ലോകം. ആ മായയെ കുറിച്ച് കേൾക്കണമെന്ന് ആഗ്രഹമുണ്ട്. അതൊന്ന് പറയണേ.”

നവയോഗികളിൽ മൂന്നാമനായ അന്തരീക്ഷനാണ് അതിനുള്ള മറുപടി പറഞ്ഞത്.

അതിനെ കുറിച്ച് നാളെ.
ഹരേ കൃഷ്ണാ.
©✍️#SureshbabuVilayil

1+

Leave a Reply

Your email address will not be published. Required fields are marked *