ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 39

സുരേഷ് ബാബു വിളയിൽ

” സത്യം വദ ധർമ്മം ചര” ഇതാണ് ഭാരതത്തിൻ്റെ ആപ്തവാക്യം. സത്യം പറയുകയും ധർമ്മത്തിൻ്റെ വഴിയിൽ ചരിക്കുകയും വേണം.
“ആചാരപ്രഭവോ ധർമ്മ:
ധർമ്മസ്യ പ്രഭവോfച്യുത”

ആചാരങ്ങളിലൂടെയാണ് ധർമ്മം പ്രശോഭിക്കുന്നത്.
യദ്യദാചരതി ശ്രേഷ്ഠ:
സ്തത്ത ദേവേതരോ ജന:
സ യത് പ്രമാണം കുരുതേ
ലോകസ്തദനുവർത്തതേ.
(ഭഗവദ്ഗീത 3 -21)
( ശ്രേഷ്ഠൻ ആചരിക്കുന്നതിനെ എല്ലാവരും ആചരിക്കുന്നു.അയാൾ പ്രമാണമായി സ്വീകരിക്കുന്നതിനെ മറ്റുള്ളവർ അനുസരിക്കുന്നു.)

ആചാരമെന്ന് പറഞ്ഞാൽ ഒരാൾ കുടുംബത്തിലും സമൂഹത്തിലും പെരുമാറുന്ന രീതിശാസ്ത്രമാണ്. ശ്രേഷ്ഠന്മാരായ പൂർവ്വികരുടെ ആചരണമാണ് അതിന് പ്രമാണം.

ആചാരങ്ങൾ ഒരു കാലത്തും ജീവിതത്തിന് ഭാരമാകരുത് എന്നാണ് ഭാരതീയസങ്കല്പം. സന്തോഷത്തോടെ അനുഷ്ഠിച്ച് അവയെ ജീവിതത്തിൻ്റെ ഭാഗമാക്കണം. ഗുരുജനങ്ങൾ വരുമ്പോൾ എണീറ്റ് നില്ക്കുന്നതും കൈകൂപ്പുന്നതും, അറിയാതെ ചവിട്ടിയാൽ തൊട്ട് നെറുകയിൽ വെക്കുന്നതും ആചാരത്തിൻ്റെ ഭാഗമാണ്.

ആചാരങ്ങൾ അനുഷ്ഠിക്കുന്നത് സ്വർഗ്ഗം കിട്ടാനല്ല. ലോകത്തെ സ്വർഗമാക്കാനാണ്. ആരേയോ ഭയന്ന് ഒന്നും ആചരിക്കരുത്. ഭയമരുത് എന്ന് കൂടെക്കൂടെ ഓർമ്മിപ്പിക്കുന്ന ഉപനിഷത്തിൻ്റെ പൈതൃകമാണ് നമുക്കുള്ളത്.അത് കൊണ്ട് ഹൃദയത്തിൽ നിന്നാണ് ആചരണങ്ങൾ ഉണരേണ്ടത്.

അപ്രായോഗികം എന്ന് കാലം തിരിച്ചറിഞ്ഞ ആചാരങ്ങളെല്ലാം അനാചാരമാണ്. മഞ്ഞുപെയ്യുന്ന ബദരീനാഥിലെ പൂജാരി കമ്പിളി സോക്സും കുപ്പായവും തൊപ്പിയു മിട്ട് ഭഗവാനെ പൂജിക്കുന്നത് കണ്ട് നാളെ ഗുരുവായൂർ മേശാന്തിയും അത് പിന്തുടർന്നാൽ അത് അനാചാരമാണ്. വിറക് മാത്രം ഉപയോഗിച്ചേ ക്ഷേത്രത്തിലെ നിവേദ്യം പാകം ചെയ്യൂ എന്ന് നിർബന്ധം പിടിച്ചാൽ അത് അനാചാരമാണ്. അങ്ങനെ പറയുന്നവരോട് തീപ്പെട്ടിക്ക് പകരം അരണി ഉപയോഗിക്കാൻ നമുക്ക് പറയേണ്ടി വരും.

പല ആചാരങ്ങളും കാലം കൊണ്ട് അനാചാരമായി മാറുന്നത് കാണാം. കേരളത്തിലെ ക്ഷേത്രങ്ങളിൽ മത ഭേദമന്യേ എല്ലാ വിഗ്രഹാരാധർക്കും പ്രവേശനം നൽകാത്ത ഒരാചാരം നിലവിലുണ്ട്. അതുകൊണ്ടാണ് പത്മശ്രീ യേശുദാസിനെ പോലുള്ള ഭക്തന്മാർക്ക് അവരുടെ ഇഷ്ടമൂർത്തിയെ ദർശിക്കാൻ കഴിയാത്തത്.

പേൻ്റ്സും,ഷേർട്ടും ധരിച്ച് വരുന്ന പുരുഷന്മാർക്ക് കേരളത്തിലെ ചില ക്ഷേത്രങ്ങൾ ഇന്നും പ്രവേശനം വിലക്കുന്നു.

ക്ഷേത്രോത്സവങ്ങളിൽ ആനയും കരിമരുന്നും പണ്ടത്തെ ഏതോ നാടുവാഴി പ്രൗഢി കാട്ടാൻ വേണ്ടി തുടങ്ങി വെച്ച കീഴ് വഴക്കമാണ്. അതിനെ ഇന്ന് ആചാരമായി കൊണ്ടാടുന്നു. ഇപ്പറഞ്ഞതെല്ലാം എണ്ണംപറഞ്ഞ അനാചാരങ്ങളാണ്.

ജാതിബ്രാഹ്മണരല്ലാത്തവർക്ക് പൂജാധികാരം നേടിക്കൊടുത്ത പാലിയം വിളംബരം പോലുള്ള നടപടികൾ ഈ അനാചാരങ്ങളുടെ പേരിലും ഉണ്ടാവണം.

സ്മൃതികളിലെ ആചാരങ്ങൾക്ക് കാലഹരണമോ ദുഷിപ്പോ വന്നാൽ അവയെ പരിഷ്ക്കരിക്കാനോ ഉപേക്ഷിക്കാനോ വിരോധമില്ലെന്ന കാഴ്ചപ്പാടാണ് ഭാഗവതത്തിന് ഉള്ളത്. കാലത്തിനും ദേശത്തിനും അനുസരിച്ച് സ്മൃതികൾക്കും മാറ്റം വരും.എന്നാൽ മാറ്റങ്ങൾ ഒരു കാലത്തും വേദവിരുദ്ധമാവരുത് എന്ന് മാത്രം.

ശ്രുതിസ്മൃതി വിരോധേഷു
ശ്രുതിരേവ ഗരീയസി.
മനസ്സിന് ദൂഷ്യഫലങ്ങൾ നല്കുന്ന ആചാരങ്ങളെ ദുരാചാരം എന്ന് പറയുന്നു. ഈശ്വരൻ്റെ പേരിലുള്ള കോഴിവെട്ടും,മദ്യനിവേദ്യവും, അശ്ലീലഗാനങ്ങളും, മൃഗബലിയും മനുഷ്യമനസ്സിലെ സാത്വികതയെ ദുഷിപ്പിക്കുന്നു.അവയെല്ലാം ദുരാചാരങ്ങളാണ്.

അനാചാരങ്ങളും ദുരാചാരങ്ങളും ഉപേക്ഷിക്കാൻ ഭഗവദ് ഭക്തന്മാർ മടിക്കരുത് എന്നാണ് ഭാഗവതം പഠിപ്പിക്കുന്നത്. അതിനുള്ള ഉത്തമദൃഷ്ടാന്തമാണ് ദശമത്തിലെ ഗോവർദ്ധനോദ്ധാരണകഥ.

ഗോകുലത്തിൽ നന്ദഗോപരുടെ നേതൃത്വത്തിൽ ഇന്ദ്രയാഗം നടക്കാൻ പോകുന്നു. അത് കണ്ട് കൃഷ്ണൻ ചോദിച്ചു.

“അച്ഛാ എന്ത് സാധിക്കാനാണീ യാഗം നടത്തുന്നത്?

നന്ദഗോപർ പറഞ്ഞു.

മഴയുടെ ദേവനാണ് ഇന്ദ്രൻ. മേഘങ്ങൾ അദ്ദേഹത്തിൻ്റെ ദേഹ ഭാഗങ്ങളാണ്. ഇന്ദ്രൻ്റെ കാരുണ്യം കൊണ്ട് വർഷിക്കുന്ന മഴയാൽ പശുക്കൾക്കുള്ള പുല്ലും നമുക്കുള്ള ധാന്യങ്ങളും കായ്കനികളും കിട്ടുന്നു. അതിനുള്ള നമ്മുടെ കൃതജ്ഞതയാണ് ഇന്ദ്രയാഗം.”

കണ്ണൻ പറഞ്ഞു.

“ജനനത്തിന് കാരണം കർമ്മമാണ്. മരണത്തിനും കാരണം കർമ്മം തന്നെ. സുഖം, ദുഖം, ഭയം, ക്ഷേമം, എന്നിവയും കർമം കൊണ്ട് സംഭവിക്കുന്നുണ്ട്.

ഓരോ കർമ്മങ്ങൾക്കും ഫലം നല്കുന്ന പ്രത്യേകം ഈശ്വരന്മാർ ഉണ്ടെങ്കിൽ അവർക്കെല്ലാം കർമ്മത്തെ കണക്കിലെടുത്തല്ലേ പറ്റൂ? മറ്റൊരു കർത്താവിനെ ആശ്രയിച്ചേ ഇന്ദ്രനും ഫലം തരാൻ കഴിയൂ എന്നർത്ഥം.

അവനവൻ്റെ കർമ്മം ശരിയായി ചെയ്താൽ ഇന്ദ്രനെ പേടിക്കണോ? കർമ്മങ്ങളെ മാറ്റിമറിക്കാൻ ഒരു ദേവനും കഴിയില്ല. മനുഷ്യരുടെ വിധി അവർ ചെയ്യുന്ന കർമ്മത്തെ ആശ്രയിച്ചാണ്. അതുകൊണ്ട് കർമ്മത്തെയാണ് ഈശ്വരനായി കാണേണ്ടത്.ദൈവം കർമ്മത്തെ പിന്തുടർന്ന് പിന്നാലെയെത്തട്ടെ.

ഗാേപന്മാരായ നമ്മുടെ ധനം പശുക്കളാണ്. അവർക്ക് അന്നം തരുന്ന ഗോവർദ്ധനഗിരിയെ നമുക്ക് മറക്കാൻ കഴിയുമോ? അതിനെ മറന്ന് കാണാത്ത ഇന്ദ്രനെ എന്തിനു പൂജിക്കണം?

ഏഴു വയസ്സുള്ള ആ ബാലൻ്റെ വാദം യുക്തിയുക്തമെന്ന് വൃന്ദാവനവാസികൾക്കെല്ലാം തോന്നി.

ഇത് തന്നെയല്ലേ മഹാകവി ഉള്ളൂരും പാടിയത്.

അടുത്തു നിൽപോരനുജനെ
നോക്കാനക്ഷികളില്ലാത്തോർ ക്കരൂപനീശ്വരനദൃശ്യനായാൽ അതിലെന്താശ്ചര്യം?

അടുത്തുള്ളത് കാണാതെ നമ്മൾ അദൃശ്യതയെ തേടുന്നു. പുല്ലും, കുടിക്കാൻ ചോലത്തെളിനീരും കായ്കനികളും, ഔഷധികളും, വള്ളിയും,കാടും നിറഞ്ഞ കുന്നും മലകളും പുഴയും സമീപം നിന്ന് നമുക്ക് വേണ്ട ജീവാമൃതം തരൂന്നു. അത് നാം കാണുന്നില്ല.

കൃഷ്ണൻ ഗോപന്മാരേയും കൂട്ടി പശുക്കളേയും പശുക്കുട്ടികളെയും നന്നായി കുളിപ്പിച്ചു. കഴുത്തിൽ മണി കെട്ടി ചന്ദനവും മാലയും ചാർത്തി. യഥേഷ്ടം ഇളംപുല്ല് കൊടുത്തു.

സർവ്വാഭരണഭൂഷിതകളായ ഗോപികമാർ പൂജാദ്രവ്യങ്ങളുമായി വന്നെത്തി. മഹർഷിമാരും മഹാ ജ്ഞാനികളും വന്നു. അവരെല്ലാം ഗോവർദ്ധനപർവ്വതത്തെ പൂജിച്ചു.

ഗർഗ്ഗൻ തുടങ്ങിയ ജ്ഞാനികളുടെ സത്സംഗപ്രഭാഷണങ്ങൾ ഉണ്ടായി. മേഘങ്ങളെ തടഞ്ഞ് നിർത്തി മഴ പെയ്യിക്കുന്ന ഗോവർദ്ധനത്തിൻ്റെ മഹത്വത്തെ എല്ലാവരും വാഴ്ത്തി.

കാളിന്ദീ നദിയിലെ വെള്ളത്തിൽ കൊടിയ വിഷം വമിപ്പിച്ച് മലിനമാക്കിയ കാളിയനെ കണ്ണൻ അവിടെ നിന്നും തുരത്തിയ കഥ… കേട്ടാലും കേട്ടാലും മതിവരാത്ത കളിയമർദ്ദനത്തിൻ്റെ കഥ.. ഗോപബാലന്മാർ പറഞ്ഞു.

നിവേദ്യസാധനങ്ങൾ പ്രസാദമായി പങ്കുവെച്ച് വനഭോജനം പോലെ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷിച്ചു. കണ്ണൻ്റെ മുരളീഗാനത്തിനൊത്ത് ഗോപഗോപികമാർ ചുവട് വെച്ചു. എന്നാൽ ആ ഉത്സവാഘോഷം അധികനേരം നീണ്ടു നിന്നില്ല.

ഇന്ദ്രയാഗം മുടങ്ങിയതിൽ ഇന്ദ്രൻ കോപാവിഷ്ടനായി. മേഘങ്ങളോട് ഗോകുലത്തിൽ പോയി തോരാതെ പെയ്യാൻ ഇന്ദ്രൻ ആജ്ഞാപിച്ചു. തുമ്പിക്കൈ വണ്ണത്തിൽ പെരുംമഴ പെയ്തു. പ്രളയജലമൊഴുകി.

ഗോകുലത്തിൽ പരിഭ്രാന്തിയായി. അവർ കൃഷ്ണാ കൃഷ്ണാ എന്ന് വിളിച്ച് കരഞ്ഞു കാളിയനിൽ നിന്നെന്ന പോലെ ഞങ്ങളെ രക്ഷിക്കണേ എന്നും പറഞ്ഞ് ആ പാദങ്ങളിൽ ശരണം പ്രാപിച്ചു.

തൻ്റെ ഇടത് കൈവിരൽ കൊണ്ട് കൃഷ്ണൻ ഗോവർദ്ധനഗിരിയെ ഉയർത്തി, കുട പോലെ ചൂടി. ഗോകുലവാസികളോട് അതിന് താഴെ വന്ന് നില്ക്കാൻ പറഞ്ഞു. ഏഴ് ദിവസം ഇരച്ച് പെയ്തിട്ടും ഗോകുലത്തെ തകർക്കാൻ ഇന്ദ്രന് കഴിഞ്ഞില്ല.

ഗോകുല രക്ഷകനായ കൃഷ്ണൻ്റെ ഈശ്വരഭാവം കണ്ട് ഇന്ദ്രൻ വൃന്ദാവനത്തിലെത്തി. കൃഷ്ണനെ വണങ്ങി.

“ഭഗവാനേ,എൻ്റെ അപരാധം പൊറുക്കണേ,ഭേദബുദ്ധി കാരണം ഞാൻ വല്ലാതെ അഹങ്കരിച്ചു. ”

ഇന്ദ്രനും ചന്ദ്രനും സൂര്യനും താരാഗണങ്ങളും ബ്രഹ്മാദികളും എല്ലാം അവരവർ ചെയ്യുന്ന കർമ്മങ്ങൾ ഭേദബുദ്ധിയില്ലാതെ ചെയ്യണമെന്ന് ഭഗവാൻ ഇച്ഛിക്കുന്നു. ഒരേയൊരു ബ്രഹ്മം മാത്രമാണ് സത്യമെന്നറിയാതെ പലതും സത്യമെന്ന് ഗ്രഹിച്ച് നടക്കുന്നവർ ഇന്ദ്രനായാലും ദു:ഖിക്കേണ്ടി വരും.

സർവ്വം ബ്രഹ്മമയം ജഗത്.. ബ്രഹ്മമൊന്ന്. അത് മാത്രമാണ് സത്യം.

കൃഷ്ണൻ ഗോവർദ്ധനത്തിന് ആരാധ്യപദവി കൊടുത്തതിന് ഇന്നും പ്രസക്തിയുണ്ട്. പുഴയും മണ്ണും കുന്നുംആരാധ്യമാകുമ്പോൾ പരിസ്ഥിതിക്ക് നേരെയുള്ള കൈയേറ്റങ്ങൾ കുറയും. ഭാരതം പരീക്ഷിച്ച പുരാതനമായൊരു വിദ്യാഭ്യാസസമ്പ്രദായമാണത്.

എന്നാൽ ഇന്നത്തരം ജ്ഞാനത്തെ അന്ധവിശ്വാസത്തിൻ്റെ പരിധിയിൽ പെടുത്തുന്നു. വികസനത്തിൻ്റെ പേരിൽ കുന്നുകൾ ഇടിച്ചു നിരത്തുന്നു. കാട്ടിലെ മരങ്ങൾ മുറിച്ചു കടത്തുന്നു. പരിസ്ഥിതി കയ്യേറ്റങ്ങൾക്കെതിരെ ജാഗ്രത വേണം.ഗോവർദ്ധനങ്ങളെ രക്ഷിക്കണം.

അല്ലെങ്കിൽ കവി പാടിയ പോലെ തുടച്ചു മിനുക്കി ഉമ്മറത്ത് വെച്ച വെള്ളോട്ട്കിണ്ടി കാണാതായ പോലെ ഉണർന്നെണീക്കുമ്പോൾ നാളെ അതവിടെ കണ്ടില്ലെന്നും വരാം.ഹരേ കൃഷ്ണാ..
(ചിത്രം കടപ്പാട് Google)
©✍️#SureshbabuVilayil

1+

Leave a Reply

Your email address will not be published. Required fields are marked *