ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 50

സുരേഷ് ബാബു വിളയിൽ

ഒരു നാൾ ദ്വാരകയിൽ മഗധയിൽ നിന്നൊരു ദൂതൻ വന്നു. അയാൾ കൃഷ്ണനോട് പറഞ്ഞു.

ജരാസന്ധൻ തടവിലിട്ട 20890 രാജാക്കന്മാരുടെ ദൂതനാണ് ഞാൻ. അവരെല്ലാം ഒരു പർവ്വതഗുഹയിൽ തടവിലാണ്. ഇഷ്ടമൂർത്തിയായ കാലഭൈരവന് അവരെയെല്ലാം ബലിയർപ്പിക്കാൻ പോകുകയാണ്. കൃഷ്ണാ,അങ്ങ് ഞങ്ങളെ രക്ഷിക്കണം.”

അപ്പോഴേക്കും നാരദമഹർഷിയും അവിടെയെത്തി.

മഹർഷി പറഞ്ഞു.

ആ രാജാക്കന്മാരുടെ രാജ്ഞിമാർ അച്ഛനെ കാണാതെ കരയുന്ന കുട്ടികളെ പാടിയുറക്കുന്നത് ഞാൻ കേട്ടു.

” കുഞ്ഞേ കരയേണ്ട. ശ്രീകൃഷ്ണൻ ജരാസന്ധനെ കൊന്ന് നിൻ്റെ അച്ഛനെ മോചിപ്പിക്കും. അദ്ദേഹം ശംഖചൂഢനെ വധിച്ച് ഗോപികളെ രക്ഷിച്ചില്ലേ? മുതലയുടെ വായിൽ നിന്നു ഗജേന്ദ്രനെ രക്ഷിച്ചില്ലേ? അതു പോലെ നിൻ്റെ അച്ഛനേയും രക്ഷിക്കും. തീർച്ച.”

ശ്രീകൃഷ്ണസ്തുതികൾ നിറഞ്ഞ താരാട്ട്പാട്ട് കേട്ട് ആ കുഞ്ഞുങ്ങൾ ദുസ്വപ്നം കാണാതെ ഉറങ്ങി.

ജരാസന്ധനെ 17 തവണയും കയ്യിൽ കിട്ടിയിട്ടും ശ്രീകൃഷ്ണൻ കൊല്ലാതെ വിട്ടതാണ്. അവൻ്റെ കൂടെയുള്ള ദുഷ്ടക്കൂട്ടങ്ങളെ ഒടുക്കി ഭൂഭാരം കളയാനാനുള്ള വൻപദ്ധതിയുടെ ഭാഗമായിരുന്നു അത്.

മഗധയിലെ ബൃഹദ്രഥൻ്റെ മകനാണ് ജരാസന്ധൻ. ബൃഹദ്രഥൻ്റെ രണ്ടു ഭാര്യമാരിൽ ഒരോരുത്തരും ഒരു ശിശുവിൻ്റെ പകുതി ഭാഗത്തെ വീതം പ്രസവിച്ചു. ചുടലയിൽ വലിച്ചെറിഞ്ഞ ജഢഭാഗങ്ങൾ കണ്ട ജര എന്ന പിശാചസ്ത്രീ ആ ഭാഗങ്ങളെ യോജിപ്പിച്ചൊന്നാക്കി. അതോടെ കുഞ്ഞിന് ജീവൻ വെച്ചു.

പിശിചത്തിന് മാംസം എന്നർത്ഥം. പിശിചം തിന്നുന്നവൻ പിശാച് . എന്നാൽ ജഢമാംസം തിന്നാനേ പിശാചിനവകാശമുള്ളു. അവളാ ശിശുവിനെ തിന്നില്ല. നോക്കൂ.. ഭാഗവതത്തിൽ പിശാചിനു പോലും ധർമ്മബോധമുണ്ട്.

ജര ശിശുവിനെ രാജാവിന് നൽകി. ജരയാൽ സന്ധിപ്പിക്കപ്പെട്ടവൾ എന്ന അർത്ഥത്തിൽ ജരാസന്ധൻ എന്ന് കുട്ടിക്ക് പേരിട്ടു.

ജരാസന്ധൻ്റെ ഈ ജന്മരഹസ്യം ബുദ്ധിസത്തമനായ ഉദ്ധവർക്ക് അറിയാം. ഭഗവാനും അറിയാം. എന്നാലും ഭഗവാൻ പുഞ്ചിരിക്കുക മാത്രം ചെയ്തു.

കുന്തിയമ്മയേയും മക്കളേയും കാണാൻ ഭാര്യമാരേയും കൂട്ടി കൃഷ്ണൻ ഇന്ദ്രപ്രസ്ഥത്തിലേക്ക് പുറപ്പെട്ടു.

യുധിഷ്ഠിരരാജാവും അനുജന്മാരും കൃഷ്ണനേയും കുടുംബത്തേയും ആഘോഷപൂർവം സ്വീകരിച്ചു. കൃഷ്ണനാദ്യം കുന്തിയമ്മയെ കണ്ട് കാൽതൊട്ട് അനുഗ്രഹം വാങ്ങി.

യുധിഷ്ഠിരൻ പറഞ്ഞു.

ന ബ്രഹ്മണ: സ്വപരഭേദമതിസ്തവസ്യാത്
സർവ്വാത്മന:സമദൃശ: സ്വസുഖാനുഭൂതേ:
സംസേവതാംസുരതരോരിവ തേപ്രസാദ:
സേവാനുരൂപമുദയോ ന വിപര്യയോfത്ര
(10-72-6)
” പരബ്രഹ്മമൂർത്തിയായ അങ്ങേക്ക് അന്യനെന്നോ താനെന്നോ ഉള്ള ഭേദബുദ്ധിയില്ല. എല്ലാത്തിലും നിറഞ്ഞു നില്ക്കുന്നതും അങ്ങ് തന്നെ. സർവ്വത്ര സമദർശിയാണങ്ങ്. ആരെന്താഗ്രഹിച്ച് ഭജിക്കുന്നുവോ അവർക്കതിനെ നല്കുന്ന ആനന്ദസ്വരൂപനനാണങ്ങ്”

“രാജസൂയം എന്ന യാഗം നടത്താൻ എനിക്കാഗ്രഹമുണ്ട്.”

ബോധം, സങ്കല്പം, ലോകജീവിതം.

ഇതൊരു സംഭവശ്രേണിയാണ്. ആരെന്ത് സങ്കല്പിച്ച് ബോധത്തെ സമീപിക്കുന്നുവോ അവർക്കത് കിട്ടുന്നു. അതാണ് ജീവിതനിയമം.

ഇഷ്ടദേവതാഭജനത്തിൻ്റെ തത്ത്വവും അത് തന്നെ. കൃഷ്ണനെ സങ്കല്പിക്കുന്നവന് കൃഷ്ണനെ കിട്ടുന്നു. ലക്ഷ്മിയെ സങ്കല്പിച്ചാൽ ധനം കിട്ടുന്നു. ദേവസങ്കല്പമുള്ളവന് ദേവലോകം. സങ്കല്പത്തിന് ഏകാഗ്രത വേണമെന്ന് മാത്രം.

യുധിഷ്ഠിരൻ്റെ ആഗ്രഹത്തെ കൃഷ്ണൻ അനുമോദിച്ചപ്പോൾ മനസ്സിൽ ജരാസന്ധനായിരുന്നു. അവൻ്റെ തടവിൽ കഴിയുന്ന ബലിമൃഗങ്ങളായ രാജാക്കന്മാർ ആയിരുന്നു. അച്ഛനെ കാണാതെ വളരുന്ന കുഞ്ഞുങ്ങളായിരുന്നു. രണ്ടും ഒറ്റയടിക്ക് നടത്താമെന്ന് കൃഷ്ണൻ കരുതി.

രാജസൂയത്തിൻ്റെ മുന്നോടിയായി ദിഗ്വിജയം വേണം.യുധിഷ്ഠിരൻ നകുലസഹദേവന്മാരെ രണ്ട് ദിക്കുകളിലേക്കയച്ചു.

അർജുനനേയും ഭീമസേനനേയും കൂട്ടി കൃഷ്ണൻ ചെന്നത് മഗധയിലേക്കാണ്. അവർ ജരാസന്ധൻ്റ രാജധാനിയായ ഗിരിവ്രജത്തിലെത്തി. ബ്രാഹ്മണവേഷം ധരിച്ചെത്തിയ അവർ ജരാസന്ധനോട് യാചിച്ചത് ദ്വന്ദയുദ്ധമാണ്.

ജരാസന്ധൻ മൂവരേയും തിരിച്ചറിഞ്ഞു. ദ്വന്ദയുദ്ധത്തിന് തിരഞ്ഞെടുത്തത് ഭീമസേനനെയാണ്. ഇരുപത്തേഴ് ദിവസം തുടർച്ചയായി യുദ്ധം ചെയ്തിട്ടും ആരും ജയിച്ചില്ല. ഭീമസേനൻ ക്ഷീണിതനായ ഒരു ഘട്ടമെത്തി. കൃഷ്ണൻ ഒരു മരത്തിൻ്റെ ചൂള്ളിക്കമ്പെടുത്ത് പിടിച്ച് അത് പിളർക്കുന്ന പോലെ കാണിച്ചു.

ഭീമസേനന് കാര്യം മനസ്സിലായി ജരയാൽ സന്ധിക്കപ്പെട്ട ആ ശരീരം ചീന്തി രണ്ട് ഭാഗത്തേക്കും എറിഞ്ഞതോടെ ജരാസന്ധൻ്റെ കഥ കഴിഞ്ഞു. തടവിൽ പാർപ്പിച്ച രാജാക്കന്മാരെല്ലാം സ്വതന്ത്രരായി. അവർ കൃഷ്ണനെ സ്തുതിച്ചു.

രാജസൂയത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി. യുധിഷ്ഠിരൻ ഋത്വിക്കുകളെ വരിച്ചു. മുനിമാരും രാജാക്കമാരും എത്തിച്ചേർന്നു. ഇന്ദ്രാദിദേവകൾ സന്നിഹിതരായി.

അഗ്ര്യപൂജക്ക് ആരു വേണമെന്ന് ചർച്ചയായി. പണ്ഡിതനായ സഹദേവൻ കൃഷ്ണൻ്റെ പേരാണ് നിർദ്ദേശിച്ചത്. എല്ലാവരും തല കുലുക്കി സമ്മതിച്ചു.

എന്നാലത് രസിക്കാത്ത ഒരാളവിടെ ഉണ്ടായിരുന്നു. ഛേദിരാജാവായ ശിശുപാലൻ. രുഗ്മിണിയെ തന്നിൽ നിന്നും അപഹരിച്ച വിദ്വേഷം മനസ്സിലുണ്ട്. അയാൾ കൃഷ്ണനെ ദുഷിച്ചു കൊണ്ടേയിരുന്നു.
“വെറുമൊരു കാലിച്ചെറുക്കനെ മുനിമാർ നിരന്നിരിക്കുന്ന സദസ്സിൽ പൂജാർഹനാക്കിയതാരാണ്? ഇവൻ യയാതി ശപിച്ചു പതിപ്പിച്ച യദുകുലത്തിൽ പിറന്നവനല്ലേ? വർണ്ണാശ്രമധർമ്മങ്ങൾ പാലിക്കാത്ത ഇവനെ പൂജിക്കാൻ നിങ്ങൾക്ക് ലജ്ജയില്ലേ?

കുറുനരികളുടെ കൂവൽ കേട്ട് നിശ്ചലനായിരിക്കുന്ന സിംഹത്തെ പോലെ അക്ഷോഭ്യനായി കൃഷ്ണൻ ഇരുന്നു. പാണ്ഡവർ ആയുധമെടുത്തു. ശിശുപാലനും വാളൂരി. യജ്ഞവിഘ്നം വരാതിരിക്കാൻ കൃഷ്ണൻ പാണ്ഡവരെ തടഞ്ഞു.

കൃഷ്ണൻ സുദർശനമെടുത്തു. ശരിയായ ദർശനം/കാഴ്ചപ്പാട് എന്നാണ് സുദർശനത്തിൻ്റെ അർത്ഥം. സുദർശനം കൊണ്ട് സംഹാരമല്ല പുനർജനനമാണ് നടക്കുന്നത്. അഹന്തയുടെ തലയറുത്ത് സമദർശനത്തിലേക്കത് നയിക്കുന്നു. ശിശുപാലദേഹത്തിൽ നിന്നുയർന്ന ദിവ്യപ്രകാശം കൃഷ്ണനിൽ ലയിച്ചു.

അനുജൻ ദന്തവക്ത്രനേയും പിന്നീട് കൃഷ്ണൻ സുദർശനം കൊണ്ട് ഗ്രസിച്ചു. വിദ്വേഷഭക്തി കൊണ്ട് എളുപ്പത്തിൽ കൃഷ്ണനിൽ ചേരാൻ പുറപ്പെട്ട ജയവിജയന്മാരുടെ മൂന്നാമത്തെ ജന്മവും അങ്ങനെ കഴിഞ്ഞു.

യുധിഷ്ഠിരരാജാവിൻ്റെ രാജസൂയയാഗം ഭംഗിയായി പര്യവസാനിച്ചു. കൃഷ്ണനും കൂട്ടരും ദ്വാരകയിലേക്ക് മടങ്ങി.
©✍️#SureshbabuVilayil

1+

Leave a Reply

Your email address will not be published. Required fields are marked *