ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 31

സുരേഷ് ബാബു വിളയിൽ

കാട്ടിലെ ഗജേന്ദ്രന് മദം പൊട്ടി. മദഗന്ധം കാറ്റിൽ പടർന്നപ്പോൾ സിംഹമടക്കമുള്ള വന്യമൃഗങ്ങൾ മാളങ്ങളിൽ ഒളിച്ചു. പിടിയാനകളും, മക്കളും, ബന്ധുക്കളും കൂട്ടുകാരുമൊത്ത് ത്രികൂടഗിരിയുടെ പ്രാന്തപ്രദേശത്തെത്തി.

വള്ളിക്കുടിലുകളെ ചവിട്ടി ഞെരിച്ച് തെളിനീർ ചോലകൾ കലക്കി മറിച്ച് വഴിയിൽ കണ്ടതെല്ലാം ചവിട്ടിയരച്ച് ആനക്കൂട്ടം മുന്നോട്ട് നീങ്ങി. മരങ്ങളെ കടപുഴക്കിയെറിഞ്ഞു. ആർത്തുല്ലസിച്ച് മുന്നോട്ട് നീങ്ങിയ സംഘം തടാകക്കരയിലെത്തി.

എല്ലാ ആനകളും കരയിൽ നിന്നു തന്നെ വെള്ളം കുടിച്ചു. ആഹ്‌ളാദം കരകവിഞ്ഞപ്പോൾ ഗജരാജൻ തടാകത്തിലേക്കിറങ്ങി. അതിലെ വെള്ളം കോരി മസ്തകം നനച്ചു. ദാഹം തീരുവോളം കുടിച്ചു.പിന്നെ നീന്തി തുടിച്ചു.തടാകത്തിലെ തെളിനീർ മുഴുവൻ കലക്കി.

സമീപത്ത് തന്നെ ഒരു ദുരന്തം ഗജേന്ദ്രനേയും കാത്ത് പതുങ്ങി ഇരുന്നു. അതവൻ അറിഞ്ഞില്ല. കാലിലെന്തോ അരിച്ച് കയറുന്ന പോലെ തോന്നിയപ്പോഴാണ് തിരിഞ്ഞു നോക്കിയത്.

ഒരു മുതലയാണ്. ഗജേന്ദ്രന് ഒട്ടും പരിഭ്രമം തോന്നിയില്ല. കാട്ടിലെ രാജാവായ സിംഹത്താൻ വരെ പേടിക്കുന്ന താൻ കാലൊന്നു മനസ്സിരുത്തി കുടഞ്ഞാൽ തെറിച്ച് പോവാത്ത മുതലയുണ്ടോ?എന്നാൽ എത്ര കുടഞ്ഞിട്ടും മുതല പിടി വിട്ടില്ല. ബലമെടുത്ത് ആഞ്ഞു വലിച്ചിട്ടും അതേ ബലത്തിൽ മുതല താഴോട്ട് വലിച്ചു.

സഹചാരികളായ ആനകൾ കണ്ണീർ വാർത്തു. മുതലയുടെ പിടിയിൽ നിന്നും ഗജേന്ദ്രനെ രക്ഷിക്കാൻ അവർക്കാർക്കും കഴിഞ്ഞില്ല. ആനയും മുതലയും തമ്മിലുള്ള ബലാബലം വർഷങ്ങൾ നീണ്ടു നിന്നു.

ഇതൊരാനയുടെ മാത്രം കഥയല്ല. നമ്മൾ ഗൃഹസ്ഥന്മാരുടെകഥയിങ്ങനെയാണ്.

വീട്ടിലെ ഗജേന്ദ്രന്മാരായ നമ്മളെ ഒരു മുതല പിടിച്ചു വലിക്കാൻ തുടങ്ങിയിട്ട് കാലമെത്രയായി?

കഥയിലെ മുതലപാപമാണ്. ഒരാളെ പാപത്തിൻ്റെ പിടിയിൽ നിന്നും രക്ഷിക്കാൻ ബന്ധുക്കൾക്കോ കൂട്ടുകാർക്കോ കഴിയില്ല.

മക്കളെയെല്ലാം നല്ല വഴിയ്ക്കാക്കി ഇപ്പോൾ അവരെല്ലാം ഞങ്ങളേയും ഒരു വഴിയ്ക്കാക്കി എന്ന് പറയുന്ന അച്ഛനമ്മമാരുടെ എണ്ണം നാൾ തോറും കൂടി വരുന്നു.

ഇത് കണ്ടിട്ടും കുടുംബത്തോടുള്ള സംഗം മൂത്ത് ഭൗതികസുഖങ്ങൾക്ക് വേണ്ടിയുള്ള ഗജേന്ദ്ര നെട്ടോട്ടങ്ങൾ അവസാനിക്കുന്നില്ല. മക്കൾക്കും ബന്ധുക്കൾക്കും വേണ്ടിയുള്ള സുഖ സൗകര്യങ്ങൾ ഉണ്ടാക്കി കൊടുക്കുന്നത് നല്ലത് തന്നെ പക്ഷെ പാവങ്ങളുടെ സ്വപ്നങ്ങൾ ചവിട്ടിയരച്ചിട്ടാവരുത്. ആരോടും അനീതി കാണിച്ചിട്ടാവരുത്.

പാപത്തിൻ്റെ മുതല പിടിക്കുമ്പോൾ മക്കളോ ബന്ധുക്കളോ ഭാര്യമാരോ കൂട്ടുണ്ടാവില്ല.

ഞങ്ങളെ പുലർത്താൻ വേണ്ടി നിങ്ങൾ ചെയ്ത പാപങ്ങളുടെ ഫലം പങ്കിടാൻ നിങ്ങൾ മാത്രമെന്ന് ആദ്യം വിളിച്ച് പറഞ്ഞത് ഒരു സ്ത്രീയാണ്. ആദികവിയായ വാല്മീകിയുടെ പൂർവ്വാശ്രമത്തിലെ ഭാര്യ.
താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചീടുകെന്നേ വരൂ.

ഇതൊരു ശാശ്വത സത്യമാണ്.

മൂർച്ഛയുള്ള വാൾത്തലപ്പിൽ പുരട്ടിയ തേനാണ് ഭൗതികസുഖം. നാവുമുറിയാതെ തേൻ നുണയാൻ ആവില്ല. ഇതറിഞ്ഞിട്ടും നിരന്തരം നമ്മൾ നാവ് മുറിക്കുന്നു. നമ്മൾ തന്നെ ഇരന്ന് വാങ്ങിയ നോവുകൾ ആവർത്തിക്കുന്നു.

ദു:ഖത്തിനും സന്തോഷത്തിനും നിഴലുണ്ടെങ്കിൽ അത് ദു:ഖമാണ്. കഴിഞ്ഞുപോയ സന്തോഷത്തെ കുറിച്ചോർത്താലും ദു:ഖം.

ദുഖത്തെ കുറിച്ചോർത്താലും ദു:ഖം.

ദു:ഖമാണ് സ്ഥായിയായ വികാരം എന്ന് ശ്രീബുദ്ധൻ പറഞ്ഞത് അതുകൊണ്ടാണ്.

ഭൗതികസുഖങ്ങളോട് വൈരാഗ്യം ജനിപ്പിക്കുന്ന കഥകൾ പറയുന്നത് ഭാഗവതധർമ്മം നിർവ്വഹിക്കാനാണ്. വൈരാഗ്യത്തെ ഭക്തിയിലേക്കും ഭക്തിയെ ജ്ഞാനത്തിലേക്കും സംക്രമിപ്പിക്കാം എന്നതാണ് ഭാഗവതത്തിൻ്റെ കാഴ്ചപ്പാട്.

കാട്ടിലെ മൃഗങ്ങൾക്കെല്ലാം തെളിനീർ നല്കുന്ന തടാകത്തിൽ കുടുംബക്കാരും കൂട്ടക്കാരുമൊത്ത് ആർമാദിക്കുന്ന ഗജേന്ദ്രന്മാരെ പോലുള്ള ഗൃഹസ്ഥന്മാർ നമുക്ക് ചുറ്റുമുണ്ട്.ഒരു തേൻകൂടിന് വേണ്ടി ആയിരം മരങ്ങൾ പിഴുതെറിയും. കാലത്തേയും പാപത്തേയും പുച്ഛിച്ച് ഗജേന്ദ്രൻ്റ തലയെടുപ്പോടെ അവർ സമൂഹത്തിൽ വിലസും. പാപം പിടിമുറുക്കുന്നത് വരെ അവരുടെ വിലാസങ്ങൾ തുടരും.

ഗജേന്ദ്രന് തടാകക്കരയിൽ നിന്ന് വെള്ളം കുടിച്ച് ദാഹം തീർത്ത് മടങ്ങി പോയാൽ മതി. എന്നാൽ അതിനു പകരം തടാകത്തിലിറങ്ങി നീന്തുകയാണവൻ ചെയ്തത്. മറ്റുള്ളവർക്ക് കുടിക്കാനുള്ള തെളിവെള്ളം കലക്കുകയും ചെയ്തു. പ്രകൃതി വിഭവങ്ങളുടെ ധൂർത്താണിത്.

പ്രകൃതിവിഭവങ്ങളുടെ ഉപഭോഗം എങ്ങനെയാവാമെന്നതിന് ഭാഗവതത്തിനൊരു കാഴ്ചപ്പാടുണ്ട്. അമിതഭോഗമെന്ന ഗജേന്ദ്രവ്യത്തിയെ ഭാഗവതം അനുകൂലിക്കുന്നില്ല. ഈ കഥയുടെ മുന്നോടിയായി ശ്രീശുകൻ അത് പറയുന്നുണ്ട്.

ആത്മാവാസ്യമിദം വിശ്വം
യത് കിഞ്ചിദ് ജഗത്യാം ജഗദ്
തേന ത്യക്തേന ഭൂഞ്ജീഥാ
മാ ഗൃധ: കസ്യ സ്വിദ്ധനം.
(8- 1 -10)
പ്രപഞ്ചം മുഴുവൻ ആത്മാവിനെ കൊണ്ട് നിറഞ്ഞിരിക്കുന്നു. ആത്മാവ് ജഗദീശ്വരൻ തന്നെ. ഈ സമ്പത്തെല്ലാം ഈശ്വരൻ്റേതാണ്. നമ്മുടേതല്ല. അന്യൻ്റെ മുതൽ ഉപയോഗിക്കുമ്പോൾ കൂടിയ ശ്രദ്ധ വേണം. അത് കൊണ്ട് ഈശ്വരന് സമർപ്പിച്ചതിന് ശേഷം മാത്രം അതിനെ ഭുജിക്കുക. ഈശ്വരന് സമർപ്പിക്കാതെ ഭക്ഷിക്കുന്നതെല്ലാം പാപമാണ്.

ഭക്ഷണം കഴിക്കുന്നതിന് മുമ്പായി ഭോജനമന്ത്രങ്ങൾ ചൊല്ലുന്ന ശീലം എല്ലാ മതങ്ങളിലും ഉണ്ട്.

ഗാന്ധിജി പറഞ്ഞു

” നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം ഇവിടെയുണ്ട്. എന്നാൽ നിങ്ങളുടെ ആർത്തി തീർക്കാനുള്ള വിഭവങ്ങൾ ഇവിടെയില്ല.”

മുതലയുടെ പിടിയിൽ നിന്ന് മോചനം അസാധ്യമെന്ന് തോന്നിയ ഒരു നിമിഷം ചില വെളിപാടുകൾ ഗജേന്ദ്രൻ്റെ മനസ്സിൽ വന്നെത്തി. പൂർവ്വജന്മവാസനയാൽ അവന് ഭഗവാനെ ഓർമ്മ വന്നു.

” ഞാൻ സ്നേഹിച്ചവർക്കോ എന്നെ സ്നേഹിച്ചവർക്കോ ഈ വിപത്തിൽ നിന്നും എന്നെ രക്ഷിക്കാനായില്ല

മരണത്തെ ഭയന്നല്ലേ ഞാനീ പരാക്രമം മുഴുവൻ കാട്ടുന്നത്? ഞാൻ പേടിക്കുന്ന ആ മരണം ആരെ പേടിച്ചാണ് അതിൻ്റെ കൃത്യങ്ങൾ നിർവ്വഹിക്കുന്നത്?
കാലം ആരെയാണ് ഭയക്കുന്നത്? അതിനെ ശരണം പ്രാപിക്കുന്നതല്ലേ ബുദ്ധി?എന്നാൽ എനിക്കും മുക്തിയുണ്ടാകും.

“അഭയമരുളാൻ സർവ്വദാ യോഗ്യൻ ആരേയും ഭയപ്പെടാത്തവനാണ്. അങ്ങനെ ഒരേ ഒരാൾ മാത്രമേ ഇവിടെയുള്ളു. ആ ഭഗവാനിൽ ശരണാഗതിയടയാം.”
മനസ്സിലെ അജ്ഞാനം നീങ്ങിയ പോലെ അന്നത്തെ രാവും അടങ്ങി. സൂര്യനുദിച്ചു. പുലരിത്തുടുപ്പിൽ തൊട്ടരികത്ത് വിടർന്ന് നിന്ന ഒരു ചെന്താമരപ്പൂവ് ഗജേന്ദ്രൻ കണ്ടു. അവൻ അത് പറിച്ചെടുത്ത് തുമ്പി കയ്യിൽ ഉയർത്തിപ്പിടിച്ചു.
പിന്നെ ഭഗവാനെ സ്തുതിച്ചു.

ആരിൽ നിന്നാണോ ഈ ജഗത്ത് ബോധമയമായി രൂപം കൊണ്ടത് ആ പരമകാരണപുരുഷനെ ഞാൻ ധ്യാനിക്കുന്നു. ആരാണോ ഈ ജഗത്തിന് മുഴുവൻ സാക്ഷിയായി വർത്തിക്കുന്നത് ആ സ്വയംഭൂവെ ഞാൻ ധ്യാനിക്കുന്നു. ജഗത്തിനെ നയിക്കുന്ന ചിത്പുരുഷൻ എന്നെ രക്ഷിക്കുമാറാകട്ടെ.

സ വെെ ന ദേവാസുരമർത്യതിര്യങ്
ന സ്ത്രീ ന ഷണ്ഡോ ന പുമാൻ ന ജന്തു:
നായം ഗുണ: കർമ്മ ന സന്ന ചാസ – ന്നിഷേധശേഷോ ജയതാദശേഷ:
(8-3 -24)
ഭഗവാനേ, അങ്ങ് ദേവനോ, അസുരനോ മനുഷ്യനോ അല്ല. ലിംഗഭേദങ്ങൾക്ക് അതീതനാണ് അങ്ങ്. എല്ലാം നിഷേധിച്ചാലും അവശേഷിക്കുന്ന ഏകസത്ത അങ്ങാണ്.
ഭഗവാന് നല്കുന്ന നിഷേധശേഷൻ എന്ന പര്യായം ശ്രദ്ധിക്കുക. ജഗദീശ്വരന് നല്കാവുന്ന ഏറ്റവും അർത്ഥവത്തായ നിർവ്വചനം. എല്ലാ നിഷേധങ്ങളിലും അവശേഷിക്കുന്നതൊന്നേയുള്ളു. അത് ഭഗവാൻ മാത്രം.

നയം വേദ സ്വമാത്മാനം
യച്ഛക്ത്യാഹം ധിയാ ഹതം
തം ദുരത്യയമാഹാത്മ്യം
ഭഗവന്തമിതോfസ്മൃഹം
(8-3 -29)
മായ കാരണം അഹങ്കാരം വന്നു. സ്വരൂപം ഞാൻ മറന്നു. സ്വയം അറിയാൻ കഴിയാത്ത പുരുഷൻ ദേഹത്തിരുന്ന് ക്ലേശിക്കുന്നു. ഭഗവാനാണ് അത്. അതിനെ ഞാൻ ശരണം പ്രാപിക്കുന്നു.
ബ്രഹ്മാദിദേവകൾ ഗജേന്ദ്രസ്തുതി കേട്ട് ആകാശമാർഗ്ഗത്തിൽ തടിച്ചു കൂടി. ഭഗവാൻ ഗരുഡൻ്റെ മുകളിൽ പ്രത്യക്ഷനായി. ഭഗവാനെ നേരിൽ കണ്ട ഗജേന്ദ്രൻ പറിച്ചെടുത്ത താമരപ്പൂ കൊണ്ട് ഭഗവാനെ അർച്ചിച്ചു.

അതവൻ്റെ ഹൃദയം തന്നെയായിരുന്നു.
അഖില ഗുരുവായ ഭഗവാൻ നാരായണനെ ഞാൻ നമിക്കുന്നു.

ഭഗവാൻ താഴെയ്ക്കിറങ്ങി വന്ന് ഗജേന്ദ്രനെ കൈ പിടിച്ച് കരയ്ക്ക് കേറ്റി. സുദർശനചക്രം കൊണ്ട് മുതലയുടെ വാ പിളർന്നു. ദേവന്മാർ പുഷ്പവൃഷ്ടി ചൊരിഞ്ഞ് ഭഗവാനെ സ്തുതിച്ചു. ദേവദുന്ദുഭി മുഴങ്ങി.പാപത്തിൻ്റെ പിടിയിൽ നിന്നും മോചിതനായ ഗജേന്ദ്രൻ കാലമുക്തി നേടുകയും ചെയ്തു.

നാരായണാഖില ഗുരോ
ഭഗവൻ നമസ്തേ.
(ചിത്രം കടപ്പാട് Google,
©✍️#SureshbabuVilayil

1+

Leave a Reply

Your email address will not be published. Required fields are marked *