ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 66

സുരേഷ് ബാബു വിളയിൽ

പരീക്ഷിത്ത് രാജാവിൻ്റെ മകനായ ജനമേജയൻ പിതാവിൻ്റെ മരണാനന്തരകർമ്മങ്ങളെല്ലാം യഥാവിധി നിർവ്വഹിച്ചു.

രാമായണം മുഴുവനും കേട്ടിട്ടും രാമനും സീതയും തമ്മിലെന്താണ് ബന്ധം എന്നറിയാത്തവരുണ്ട്. ഭാഗവതം കേട്ടിട്ടെന്ത് മനസ്സിലായി എന്ന് ചോദിച്ചപ്പോൾ അമ്മാവനെ കൊല്ലാമെന്ന് മനസ്സിലായി എന്ന് പറഞ്ഞവരുണ്ട്. ഇതെല്ലാം ഭഗവാൻ സൃഷ്ടിക്കുന്ന മായാവിലാസം എന്നല്ലാതെ എന്ത് പറയാൻ?

ജനമേജയനും ആ മായയിൽ പെട്ടു. പിതാവിൻ്റെ മരണത്തിന് ഹേതു തക്ഷകനെന്ന സർപ്പമാണ് എന്ന് ധരിച്ച് ഭൂമിയിലുള്ള എല്ലാ സർപ്പങ്ങളോടും അദ്ദേഹത്തിന് കോപം ജനിച്ചു. സർപ്പകുലത്തെ മുച്ചൂടും നശിപ്പിക്കാൻ വേണ്ടി ധനമോഹികളായ ബ്രാഹ്മണരെ ശട്ടം കെട്ടി. അവർ രാജാവിന് വേണ്ടി സർപ്പസത്രം നടത്തി.

രാജാക്കന്മാർക്ക് വിവേകം നശിച്ചാൽ നിരപരാധികൾ കൂടി ശിക്ഷിക്കപ്പെടും. കലിയുഗത്തേയും രാജാക്കന്മാരേയും കുറിച്ചുള്ള ഭാഗവതപ്രവചനം സാധൂകരിച്ച് നിരപരാധികളായ സർപ്പങ്ങൾ തീയിൽ വീണൊടുങ്ങി. സർപ്പമാതാവ് ഭഗവാനെ വിളിച്ച് പ്രാർത്ഥിച്ചു.

ബ്രാഹ്മണർ തക്ഷകൻ്റെ പേര് ചൊല്ലി മന്ത്രങ്ങൾ ഉരുക്കഴിച്ചു. തക്ഷകൻ ഉറ്റ സുഹൃത്തായ ഇന്ദ്രനെ അഭയം തേടി.

ഇന്ദ്രസഹിതമായി തക്ഷകനെ അഗ്നിയിൽ വീഴ്ത്താൻ രാജാവ് കല്പിച്ചു. ബ്രാഹ്മണർ ഇന്ദ്രസമേതം തക്ഷകനെ യാഗാഗ്നിയിലേക്ക് ആവാഹിച്ചു. തക്ഷകനും ഇന്ദ്രനും യാഗാഗ്നിക്ക് മുകളിലെത്തി. ദേവഗുരുവായ ബൃഹസ്പദി തത്സമയം അവിടെയെത്തി. അദ്ദേഹം പറഞ്ഞു.

“രാജാവേ, സർപ്പാദികൾ ആരുടെ നാശത്തിനും കാരണമല്ല. ഈ യാഗം ഉടൻ തന്നെ അവസാനിപ്പിക്കണം. നിരപരാധികളോടുള്ള തീക്കളി നന്നല്ല. വരുംതലമുറയ്ക്ക് കൂടി ദോഷം വരുത്തി വെയ്ക്കുന്ന ഈ ക്രൂരകൃത്യത്തിൽ നിന്നും അങ്ങ് പിന്മാറണം”

പ്രൗഢവും സാരഗർഭവുമായ വചനങ്ങൾ കേട്ടപ്പോൾ അത് ശരി തന്നെയെന്ന് രാജാവിന് തോന്നി. രാജാവ് സർപ്പസത്രം നിർത്തി വെയ്ക്കാൻ കല്പിച്ചു.

ചത്തപാമ്പിനെ മുനിയുടെ കഴുത്തിലണിയിച്ച അച്ഛൻ്റെ മകൻ ജീവനുള്ള പാമ്പുകളെ തീയിൽ വീഴ്ത്തി. ഭഗവാൻ്റെ മായാവിലാസം എന്നല്ലാതെ എന്ത് പറയാൻ?.

തുടർന്ന് സൂതൻ വേദവിഭജനത്തെ കുറിച്ചും മന്വന്തരങ്ങളെ കുറിച്ചും വർണ്ണിച്ചു. കല്പാന്തത്തിലും ജീവിച്ച മാർക്കാണ്ഡേയൻ എന്ന മഹർഷി പ്രളയപയോധിയിൽ നീന്തിയ കഥ കേൾക്കാൻ ശൗനകാദികൾ ഔത്സുക്യം പ്രകടിപ്പിച്ചു.

സൂതൻ പറഞ്ഞു.

മാർക്കാണ്ഡേയമഹർഷിയുടെ തപസ്സിൽ ഭഗവാൻ സന്തുഷ്ടനായി.

നരനാരായണരൂപത്തിൽ വന്ന് ഇങ്ങനെ അരുളിചെയ്തു.

” മാർക്കാണ്ഡേയാ, ചിത്തത്തെ പരമാത്മാവിൽ ഉറപ്പിക്കുന്നതിൽ അങ്ങ് വിജയിച്ചിരിക്കുന്നു. എന്ത് അഭീഷ്ടമായാലും വരിച്ചുകൊള്ളൂ.”
മാർക്കാണ്ഡേയമുനി പറഞ്ഞു.

” അവിടുത്തെ ദർശനം തന്നെ മഹാഭാഗ്യം. ഇതിൽ പരം എന്ത് വേണം? എന്നാലും ഒരാഗ്രഹമുണ്ട്. ഭഗവാൻ്റെ മായയെന്തെന്ന് അനുഭവിച്ചറിയണം.”

” തീർച്ചയായും അങ്ങേയ്ക്ക് ആ ആഗ്രഹം സിദ്ധിക്കും”.

ഇങ്ങനെ അനുഗ്രഹിച്ച് അവർ അപ്രത്യക്ഷരായി. മുനി തൻ്റെ പതിവുചര്യകളിൽ വ്യാപൃതനായി. പെട്ടെന്ന് അതിഭയങ്കരമായ ഒരു കാറ്റു വീശി. ആകാശം കറുത്തു. കനത്തമഴ പെയ്തു. ഇടിയും മിന്നലും തുടങ്ങി. വെള്ളം കയറി മുനിയുടെ ആശ്രമം വരെയെത്തി. അല്പനേരം കൊണ്ട് കിണറും കുളവും പുഴകളും കടലും ഒന്നായി.

മുതലകളും മകരമത്സ്യങ്ങളും വിഹരിക്കുന്ന പാരാവാരത്തിൽ മനുഷ്യനായി ജീവനോടെ താൻ മാത്രമേയുള്ളുവെന്ന് കണ്ട മുനി വിസ്മയാധീനനായി. ജലപ്പരപ്പിൽ ഒഴുകി നടന്ന മുനിക്ക് നാലുപാടും കരകാണാൻ കഴിഞ്ഞില്ല. വിശപ്പും ദാഹവും സഹിച്ച് തിരമാലകളുടെ തല്ലേറ്റ് മുനി വിവശനായി.

ചുറ്റും ഇരുട്ട് വ്യാപിച്ചു. മോഹം, പരിതാപം, പലതരം പീഢകൾ, ദു:ഖം സുഖം തുടങ്ങിയ വികാരങ്ങൾ മാറി മാറി മുനി അനുഭവിച്ചു. അനേകം വർഷങ്ങൾ പ്രളയപയോധിയിൽ ഒഴുകി നടന്ന മുനി ജലപ്പരപ്പിൽ പടർന്നു പന്തലിച്ച് നില്ക്കുന്ന ഒരാൽമരം കണ്ടു.

പൂവും കായും തളിരും കൊണ്ട് ശോഭിക്കുന്ന ആ മരത്തിൻ്റെ മേൽ ഭാഗമാണ് മുനി കണ്ടത്.അടുത്ത് ചെന്നപ്പോൾ കണ്ടത് അത്ഭുതം നിറഞ്ഞ കാഴ്ചയായിരുന്നു.

ജലപ്പരപ്പിൽ ഒരാലിലയിൽ ഒരു ശിശു കാൽവിരലും കടിച്ചു കിടക്കുന്നു. അസാധാരണമായ ആ കാഴ്ച കണ്ടതും മുനിയുടെ ക്ഷീണമെല്ലാം പമ്പ കടന്നു.

ആ ശിശുവിൻ്റെ സമീപത്തേക്ക് മുനി ഒഴുകുകയായിരുന്നു. ആരോ തന്നെ അങ്ങോട്ട് വലിച്ചടുപ്പിക്കുന്ന പോലെ മുനിക്ക് തോന്നി.

ആ ശിശു മൂക്കിലൂടെ എടുത്ത ഒരു ശ്വാസത്തിൻ്റെ കൂടെ അതിൻ്റെ ശരീരത്തിനുള്ളിൽ മുനി ഒഴുകി എത്തി. പ്രളയത്തിന് മുമ്പ് താൻ കണ്ട ലോകം അതിനുള്ളിലുണ്ട്. ആകാശം ഭൂമി, നക്ഷത്രങ്ങൾ പർവ്വതങ്ങൾ സമുദ്രങ്ങൾ തൻ്റെ ആശ്രമം ഇവയെല്ലാം മുനി കണ്ടു.

കുറച്ചു കഴിഞ്ഞ് ശിശുവിൻ്റെ ശ്വാസവായു മുനിയെ പുറത്തേക്ക് തള്ളി. അവിടെയെല്ലാം പഴയപടി പ്രളയജലം മാത്രം.

ആ അത്ഭുതശിശുവിനെ കണ്ണിമയ്ക്കാതെ മുനി നോക്കി.ദേഹം മുഴുവൻ രോമാഞ്ചം വന്നു മൂടി. അതിനെയൊന്നു തൊടാൻ മുനി മോഹിച്ചു, ആ കാഴ്ച പെട്ടെന്ന് മറഞ്ഞു. ആൽമരവും മറഞ്ഞു. പ്രളയവും ഇല്ലാതായി. കടക്കണ്ണ് കൊണ്ടുള്ള ആ നോട്ടവും പുഞ്ചിരിയും മാത്രം ബാക്കിയായി.

താനെവിടേയ്ക്കും പോയില്ലെന്നും ആശ്രമത്തിൽ ധ്യാനനിരതനായി ഇരിക്കുകയാണെന്നും അപ്പോൾ മുനിക്ക് മനസ്സിലായി.

ഇച്ഛിച്ച് കിട്ടിയ മായക്കാഴ്ചയിലെ ആലിലക്കണ്ണനെ മനസ്സിൽ കണ്ട് മുനി വീണ്ടും വീണ്ടും സ്തുതിച്ചു.
കരാരവിന്ദേനേ പദാരവിന്ദം
മുഖാരവിന്ദേ വിനിവേ ശയന്തം
വടസ്യ പത്രസ്യ പൂടേ ശയാനം
ബാലം മുകുന്ദം മനസാസ്മരാമി.

കാലചക്രം തിരിയുന്നു. കൃതയുഗത്തിൽ തുടങ്ങി കാലം കൃതയുഗത്തിൽ തന്നെ അവസാനിക്കുന്നു. കാൽവിരൽ വായിൽ തിരുകിയ ആലിലക്കണ്ണൻ കാലചക്രം തന്നെയാണ്. എല്ലാം തുടങ്ങിയിടത്ത് തന്നെ ഒടുങ്ങുന്നു എന്ന പ്രപഞ്ചസത്യത്തിൻ്റെ ആവിഷ്ക്കാരം.

ഭാഗവതത്തിലെ ആദ്യശ്ലോകം അവസാനിക്കുന്നത്”സത്യംപരംധീമഹി ” എന്നാണ്.ഞങ്ങൾ സത്യത്തെ ധ്യാനിക്കുന്നു എന്ന ധീരതയുടെ വിളംബരമാണത്.

ഭാഗവതത്തിലെ അവസാനത്തെ സ്കന്ധത്തിലെ പതിമൂന്നാം അദ്ധ്യായത്തിലെ പത്തൊമ്പതാം ശ്ലോകവും അവസാനിക്കുന്നത്

“സത്യം പരം ധീമഹി “യിൽ തന്നെ.
സത്യാന്വേഷണമാണ് മനുഷ്യൻ്റെ ജീവിതലക്ഷ്യം എന്ന് ഭാഗവതം പറയുന്നു.ഭാഗവതം സത്യമാണ്. അറിവാണ്.

ശ്രീമദ് ഭാഗവതാഖ്യോയം
പ്രത്യക്ഷ കൃഷ്ണ ഏവ ഹി
സ്വീകൃതോസി മയാ നാഥ
മുക്ത്യർത്ഥം ഭവ സാഗരേ

തത്ത്വം അറിയുന്നവർ അദ്വയമായ ജ്ഞാനമാണ് പരമതത്ത്വമെന്ന് പറയുന്നു. എല്ലാറ്റിലും വസിക്കുന്ന ആ പരമതത്ത്വത്തെ ബ്രഹ്മമെന്നും പരമാത്മാവെന്നും, ഭഗവാനെന്നും വിളിക്കുന്നു. തുടക്കത്തിൽ തന്നെ ഇതുറപ്പിച്ചിട്ടാണ് ഭാഗവതം അവതാരകഥകൾ പറയുന്നത്.

ഭക്തന്മാരുടെ മാർഗ്ഗവും ലക്ഷ്യവും ഭാഗവതമാണ്. നമുക്ക് പ്രാപിക്കേണ്ട ഭഗവാൻ വിഷ്ണുവാണ് ഇതാദ്യമായി ബ്രഹ്മമനസ്സിൽ തെളിയിച്ചത് .ബ്രഹ്മാവ് നാരദർക്ക് ഉപദേശിച്ചു.നാരദർ വ്യാസർക്ക് ഉപദേശിച്ചു.വ്യാസർ പുത്രനായ ശുകനുപദേശിച്ചു.

ശ്രീശുകൻ പരീക്ഷിത് രാജാവിന് ഉപദേശിച്ച് മരണഭയം നീക്കി.ആ സപ്താഹസദസ്സിൽ ശ്രോതാവായ സൂതൻ അത് ശൗനകൻ മുതലായ മഹർഷിമാർക്ക് ഉപദേശിച്ചു. ഇങ്ങനെ ആറ് തട്ടുകളിലാണ് ഭാഗവത രചന.

മഹാവിഷ്ണു നാല്ശ്ലോകങ്ങളിലാണ് ഭാഗവതം ബ്രഹ്മാവിന് ഉപദേശിച്ചത്. ചതുശ്ലോകീഭാഗവതം എന്ന് പ്രസിദ്ധമായ ആ ഭാഗം രണ്ടാം സ്കന്ധം ഒമ്പതാം അദ്ധ്യായത്തിൽ 32 മുതൽ 35 വരെ ശ്ലോകങ്ങളാണ്. ശൗനകാദികളുടെ അടുത്ത് അതെത്തിയപ്പോൾ പന്ത്രണ്ട് സ്കന്ധങ്ങളും പതിനെണ്ണായിരം ശ്ലോകങ്ങളും ഉൾക്കൊള്ളുന്ന ബൃഹദ്സംഹിതയായി മാറി.

സർവ്വ വേദാന്ത സാരം യത്
ബ്രഹ്മാത്മൈകത്വലക്ഷണം
വസ്ത്വദ്വിതീയം തന്നിഷ്ഠം
കൈവല്യൈക പ്രയോജനം
(12-13-12)
എല്ലാ ഉപനിഷത്തുക്കളുടേയും സാരസംഗ്രഹമാണ് ഭാഗവതം. അത് ബ്രഹ്മവും ജീവാത്മാവും ഒന്നെന്ന സത്യം വെളിപ്പെടുത്തുന്നു. രണ്ടല്ലാത്ത ആ വസ്തുവിനെ ആശ്രയിച്ച് കൈവല്യം എങ്ങനെ നേടാമെന്ന് പഠിപ്പിക്കുന്നു.

ഭാഗവതം കൊണ്ട് എന്താണ് പ്രയോജനം? കൈവല്യാനുഭവമാണ് പ്രയോജനം. ഒന്നിനേയും ആശ്രയിച്ച് നില്ക്കാത്തതാണ് കേവലം.വസ്തു ഒന്നേയുള്ളു എന്ന അറിവിനെ ആസ്പദമാക്കിയ അനുഭവമാണ് കൈവല്യം.

ശ്രീമദ് ഭാഗവതം പുരാണമമലം
യദ് വൈഷ്ണവാനാം പ്രിയം
യസ്മിൻ പാരമഹംസ്യമേകമമലം
ജ്ഞാനം പരം ഗീയതേ.
തത്ര ജ്ഞാനവിരാഗഭക്തിസഹിതം
നൈഷ്കർമ്യമാവിഷ്കൃതം.

തത് ശൃണ്വൻ വിപഠൻ വിചാരണപരോഭക്ത്യാവിമുച്യേന്നര
(12-13 – 18 )
സത്യാന്വേഷികൾക്ക് പ്രിയപ്പെട്ടതാണ് ഭാഗവതം.ഭക്തിയോടെ കേട്ട് പഠിച്ചാൽ എല്ലാ ദുഃഖങ്ങളും മാറും. ജ്ഞാനവും ഭക്തിയും വൈരാഗ്യവും ഉറപ്പിച്ച് നിഷ്ക്കാമകർമ്മം ചെയ്യാൻ ഭാഗവതം പ്രേരിപ്പിക്കുന്നു.

ദുഃഖവിമോചനമാണ് നമ്മുടെ ലക്ഷ്യം. അതിന് വേണ്ടത് ഭാഗവതത്തിലുണ്ട്. അത് നാം അറിഞ്ഞു കഴിഞ്ഞു.

ഇനിയുള്ള കാലം ഭേദഭാവങ്ങൾ വെടിഞ്ഞ് സർവ്വം ബ്രഹ്മമയം എന്ന അറിവിൻ്റെ നിറവിൽ കഴിയാം.
ബ്രഹ്മത്തിൽ ലയിച്ച് ബ്രഹ്മം തന്നെയാകാം.ഹരേ കൃഷ്ണാ
(ഭാഗവതം ശുഭം)
© ✍️#Suresh Babu Vilayil

1+

One thought on “ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 66

  1. ഹരേ കൃഷ്ണാ🙏. 66 ദിവസങ്ങൾ കൊണ്ട് ഭക്തരെ ഭാഗവതത്തിലൂടെ യാത്ര ചെയ്യിച്ച് അതിലന്തർലീനമായിരിക്കുന്ന ഏകമായ പൊരുളെന്താണെന്ന് കണ്ടെത്താൻ പ്രേരകശക്തിയായി മാറിയ ശ്രീ സുരേഷ്ബാബു വിളയിൽ നടത്തിയ ഈ രചന ഒരു മുതൽക്കൂട്ടു തന്നെയാണ്. അങ്ങേയ്ക്ക് എന്റെ സാദരനമസ്കാരം.
    വെബ്സൈറ്റ് അധികാരികൾ ഈ ഓരോന്നും എപ്പോൾ വേണമെങ്കിലും ആർക്കും തുറന്ന് വായിക്കാനാവും വിധം സംരക്ഷിക്കുമെന്ന് ഉറപ്പുണ്ട്.
    ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർക്കും നന്ദി.
    🙏🙏🙏

    1+

Leave a Reply

Your email address will not be published. Required fields are marked *