ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 8

സുരേഷ് ബാബു വിളയിൽ

ദ്വാരകയിലേക്ക് പുറപ്പെട്ട കൃഷ്ണനെ നോക്കി യുധിഷ്ഠിരൻ കണ്ണു നിറച്ചു.

” ഞങ്ങളെയെല്ലാം അനാഥരാക്കി കൃഷ്ണൻ പോകരുതേ..കുറച്ചു നാൾ കൂടി ഞങ്ങളോടൊപ്പം കഴിയണേ കൃഷ്ണാ….”

ധർമ്മപുത്രർ പതിവില്ലാത്തവണ്ണം വിവശനായിരുന്നു. ആ ഭാവം കണ്ടപ്പോൾ തല്ക്കാലം യാത്ര മാറ്റി വെക്കാം എന്ന് കൃഷ്ണൻ തീരുമാനിച്ചു.
ഘോരമായ മഹാഭാരതയുദ്ധത്തിന് കാരണം താൻ മാത്രമാണെന്ന് ധർമ്മപുത്രർ കരുതി. കുറ്റബോധം വിങ്ങിയ മനസ്സുമായി അയാൾ ഇടതടവില്ലാതെ കണ്ണീരൊഴുക്കി.
കൃഷ്ണൻ പറഞ്ഞു.

” ദുര്യോധനാദികൾ നിങ്ങളോട് ചെയ്തു കൂട്ടിയ ക്രൂരതകൾ ഇത്ര പെട്ടെന്ന് മറന്നു പോയോ? അവർ കള്ളച്ചൂത് കളിച്ച് നിങ്ങളുടെ രാജ്യം പിടിച്ചെടുത്തില്ലേ? പാഞ്ചാലിയെ കുരുസഭയിലിട്ട് വസ്ത്രാക്ഷേപം ചെയ്തപമാനിച്ചില്ലേ? നിങ്ങളെ വനവാസക്കാലത്ത് പോലും സ്വൈരമായി ജീവിക്കാൻ അവർ സമ്മതിച്ചില്ല. അതിനെല്ലാമുള്ള ശിക്ഷയാണ് അവരിപ്പോൾ ഏറ്റ് വാങ്ങിയത്. യുദ്ധത്തിൽ നിങ്ങളുടെ കുറേ ബന്ധുക്കളും കൊല്ലപ്പെട്ടു. അത് സ്വാഭാവികം മാത്രം. അങ്ങിപ്പോൾ ഹസ്തിനപുരത്തെ രാജാവാണ്. അങ്ങും സഹോദരങ്ങളും സന്തോഷിക്കേണ്ട നിമിഷങ്ങൾ വന്നെത്തിയപ്പോൾ ഇങ്ങനെ സങ്കടപ്പെട്ടാലോ?”

കൃഷ്ണൻ്റെ ആശ്വാസവചനങ്ങൾ കേട്ടിട്ടും ധർമ്മപുത്രർക്ക് സന്തോഷം വീണ്ടെടുക്കാനായില്ല. ജ്യേഷ്ഠനായ കർണ്ണൻ അർജുനൻ്റെ കൈകളാൽ കൊല്ലപ്പെട്ടതിൽ ആയിരുന്നു ഏറെ വിഷമം.
വ്യാസരും നാരദരുമെല്ലാം പല തരത്തിൽ ഉപദേശിച്ചിട്ടും യുധിഷ്ഠിരൻ്റെ മനസ്താപം കൂടി കൂടി വന്നു.

അപ്പോഴാണ് കൃഷ്ണൻ പറഞ്ഞത്.

“ഉത്തരായണവും കാത്ത് ശരശയ്യയിൽ കിടക്കുന്ന ഭീഷ്മപിതാമഹനെ നിങ്ങളെല്ലാം മറന്നുവോ? നമുക്കദ്ദേഹത്തെ പോയി കാണാം.”

കൃഷ്ണൻ പറഞ്ഞത് കേട്ടപ്പോൾ കൊട്ടാരത്തിലുള്ളവർക്കും പിതാമഹനെ കാണാൻ മോഹം തോന്നി. പിറ്റേ ദിവസം പ്രഭാതത്തിൽ അവരെല്ലാം രഥങ്ങളിൽ കയറി കുരുക്ഷേത്രത്തിലേക്ക് പുറപ്പെട്ടു.
ശരശയ്യയിൽ വേദന കടിച്ചമർത്തി കണ്ണുകൾ പാതിയടച്ച് മരണവും കാത്ത് കിടക്കുകയാണ് ഭീഷ്മർ. കൃഷ്ണൻ്റെ ശബ്ദം കേട്ടപ്പോൾ ആ കണ്ണുകൾ തുറന്നു. ഭഗവാനെ കണ്ടതും ഭക്തി പാരവശ്യത്തോടെ ഗംഗാദത്തൻ കൈ രണ്ടുംകൂപ്പി. രണ്ടു കണ്ണുകളും നിറഞ്ഞൊഴുകി. തൊണ്ടയിടറി.

കൃഷ്ണനും,പാണ്ഡവരും കൂടെ വന്നവരുമെല്ലാം പിതാമഹനെ നമസ്ക്കരിച്ചു. വിറയാർന്ന ശബ്ദത്തിൽ അദ്ദേഹം സംസാരിച്ചു തുടങ്ങി.

” ധർമ്മത്തേയും ബ്രഹ്മജ്ഞാനികളേയും സർവ്വോപരി കൃഷ്ണനേയും ആശ്രയിച്ചു കഴിഞ്ഞിട്ടും എത്രമാത്രം ക്ലേശങ്ങളാണ് പാണ്ഡവരേ നിങ്ങൾ അനുഭവിച്ചത്? എത്രയെത്ര പരീക്ഷണങ്ങളെ നിങ്ങൾ നേരിട്ടു? പാണ്ഡുവിൻ്റെ മരണശേഷം നിങ്ങളുടെ അമ്മ കുന്തി വളരെ കഷ്ടപ്പെട്ടാണ് നിങ്ങളെയെല്ലാം വളർത്തി ഈ നിലയിലെത്തിച്ചത്. ദുരിതങ്ങൾ ഇപ്പോഴും നിങ്ങളെ വിട്ടൊഴിയുന്നില്ല.
അതെല്ലാം ഓർത്താണ് ഞാൻ കണ്ണീർ വാർത്തത്.

എന്നാൽ കുട്ടികളേ.. ഒരു കാര്യം ഞാൻ പറയാം. ഇതൊന്നും നിങ്ങളുടെ അചഞ്ചലമായ ഈശ്വരഭക്തിയുടെ കുറവല്ല.എല്ലാം കാലഗതി മാത്രം എന്ന സത്യം തിരിച്ചറിയൂ.”

പിന്നീട് യുധിഷ്ഠിരനോടായി മാത്രം പിതാമഹൻ ഇങ്ങനെ പറഞ്ഞു.

“മകനേ,യുധിഷ്ഠിരാ, പ്രജാപരിപാലനം രാജധർമ്മമാണ്. അതിൽ നിന്നും ഒരു കാലത്തും നീ പിന്തിരിയരുത്. എനിക്കറിയാം ഹസ്തിനപുരം ഭരിക്കാനുള്ള പ്രാപ്തി നിനക്കുണ്ട്. ”

അപ്പോൾ കൃഷ്ണൻ ചോദിച്ചു.

“പിതാമഹാ, മരണത്തെ പോലും വരുതിയിൽ നിർത്തിയിരിക്കുന്ന അങ്ങയേക്കാളും ശ്രേഷ്ഠനായി ആരും ഈ ഭൂമിയിലില്ല. ജ്ഞാനിയായ അങ്ങ് ബന്ധുനാശം കൊണ്ട് ദു:ഖമനുഭവിക്കുന്ന യുധിഷ്ഠിരന് ധർമ്മോപദേശങ്ങൾ നല്കി അനുഗ്രഹിക്കണേ… ”

ഭീഷ്മർ സമ്മതിച്ചു. അടുത്ത പ്രഭാതത്തിൽ അവരെല്ലാം വീണ്ടും കുരുക്ഷേത്രത്തിലെത്തി. അപ്പോൾ ഭീഷ്മർ പറഞ്ഞു.

“യുധിഷ്ഠിരാ, നിൻ്റെ മനോവിഷമം ഞാനറിയുന്നു. നീ കരയരുത്. യുദ്ധം രാജധർമ്മമാണ്. യുദ്ധത്തിൽ എതിരാളിയെ വധിക്കുന്നതിൽ അധർമ്മമില്ല. നീയൊരു പാപവും ചെയ്തിട്ടില്ല. ”
തുടർന്ന് രാജനീതിയെ കുറിച്ചും ധർമ്മാധർമ്മങ്ങളെ കുറിച്ചും ഭീഷ്മർ വിശദമായി യുധിഷ്ഠിരനെ പഠിപ്പിച്ചു. അതോടെ യുധിഷ്ഠിരന് മനശ്ശാന്തി കൈവന്നു.

ഭീഷ്മർ ധൃതരാഷ്ട്രരോട് പറഞ്ഞു.

“നിൻ്റെ മകൻ്റെ പിടിവാശി ഒന്ന് കൊണ്ട് മാത്രമാണ് ഇത്രയും അനർത്ഥങ്ങൾ സംഭവിച്ചത്. ഞങ്ങളൊക്കെ ആവർത്തിച്ചു പറഞ്ഞിട്ടും ദുര്യോധനൻ കേട്ടില്ല. ഇനി ഒന്ന് മാത്രം ഓർത്തോളൂ. മക്കളുടെ സ്ഥാനത്ത് നിന്ന് നിന്നെ നോക്കാൻ പാണ്ഡവരേയുളളു. അതോർമ്മ വേണം.”

ധൃതരാഷ്ട്രർ കുറ്റബോധത്തോടെ മുഖം കുനിച്ച് നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല.

ഭീഷ്മപിതാമഹൻ്റെ കണ്ണുകൾ ചുറ്റും കൂടിയവരെയെല്ലാം തേടിച്ചെന്നു. അവരെയെല്ലാം കൺ നിറയെ കണ്ട് ആ കണ്ണുകൾ സാവധാനം കൃഷ്ണനിൽ മാത്രം ഉറച്ചു.
കണ്ണടച്ചപ്പോൾ ഹൃദയത്തിൽ ചതുർബാഹുവായ ആദിപുരുഷൻ ശ്രീകൃഷ്ണരൂപത്തിൽ വിളങ്ങുന്നു. ഭീഷ്മർ കൈകൾ കൂപ്പി കൃഷ്ണനെ സ്തുതിച്ചു.

“ഭഗവാനേ, മോഹങ്ങളടങ്ങിയ മനസ്സിനെ ഞാനിതാ അങ്ങേക്കായി സമർപ്പിക്കുന്നു. പൂർണ്ണവസ്തുവായ അങ്ങ് നാമരൂപങ്ങളെ പ്രകടമാക്കി സദാ ലീലയിൽ മുഴുകുന്നു. അതാണീ സംസാരം. കണ്ണടച്ചാൽ ഉള്ളിലും കണ്ണു തുറന്നാൽ പുറത്തും കാണുന്ന അങ്ങയുടെ ആ സഗുണരൂപം എത്ര മനോഹരമാണ്?

ത്രിഭുവനകമനം തമാലവർണം
രവികരഗൗരവരാംബരം ദധാനേ
വപുരളകകുലാവൃതാനനാബ്ജം
വിജയസഖേരതിരസ്തുമേfനവദ്യാ
(ഭാഗവതം 1 -9 – 33)

ഭീഷ്മർ കണ്ട ആ മോഹനരൂപത്തെ ഭാഷാപിതാവ് തുഞ്ചത്താചാര്യൻ മഹാഭാരതത്തിൽ വർണ്ണിക്കുന്നത് കൂടി കേട്ടോളൂ.

”നിറന്നപീലികൾ നിരക്കവേ കുത്തി
നെറുകയിൽ കൂട്ടിത്തിറമൊടുകെട്ടി
കരിമുകിലൊത്ത ചികുരഭാരവും
മണികൾ മിന്നിടും മണിക്കിരീടവും
കുനുകുനേചിന്നുംകുറുനിരതന്മേൽ
നനുനനെപ്പൊടിഞ്ഞൊരുപൊടിപറ്റി
തിലകവുമൊട്ടു വിയർപ്പിനാൽ നന
ഞ്ഞുലകുസൃഷ്ടിച്ചുഭരിച്ചുസംഹരിച്ചി
ളകുന്ന ചില്ലീയുഗളഭംഗിയും
പദസരോരുഹയുഗവുമെന്നുടെ
ഹൃദയംതന്നിലങ്ങിരിക്കുംപോലെയ
മ്മണിരഥം തന്നിലകം കുളിർക്കവേ
മണിവർണ്ണൻ തന്നെ തെളിഞ്ഞു കണ്ടു ഞാൻ ”

ഭഗവാനേ.. ഞാനോർക്കുന്നു. പാർത്ഥൻപറഞ്ഞ പ്രകാരം ഇരുസേനകളുടേയും മദ്ധ്യത്തിൽ സാരഥിയായ അങ്ങ് രഥം നിറുത്തി. പാർത്ഥൻ്റെ തേരോട്ടുകയല്ലാതെ ഒരു കാരണവശാലും യുദ്ധത്തിൽ . ആയുധമെടുത്ത് പോരാടില്ലെന്ന് അങ്ങ് ശപഥം ചെയ്തിരുന്നു. എന്നാൽ അങ്ങയെ കൊണ്ട് ആയുധമെടുപ്പിക്കും എന്ന് ഞാനും ശപഥം ചെയ്തു.

യുദ്ധം മുറുകി. അങ്ങ് സ്വന്തം ശപഥം മറന്ന് രഥത്തിൽ നിന്നും ഉത്തരീയവും ഉപേക്ഷിച്ച് എൻ്റെ കൂരമ്പേറ്റ് മറിഞ്ഞ് ചോരയിറ്റുന്ന ദേഹവുമായി പുറത്തേക്ക് കുതിച്ചു ചാടി. ക്രോധഭാവത്തിൽ ചക്രവുമായി എന്നെ കൊല്ലാനടുത്തു.ആ രൂപം ഇപ്പോഴും എൻ്റെ ഉള്ളിലുണ്ട്.
പാർത്ഥസാരഥീവേഷമണിഞ്ഞ വിജയസഖൻ്റെ ആ രൂപം ഇപ്പോഴും എൻ്റെ ഉള്ളിലുണ്ട്.

എനിക്കറിയാം. സ്വന്തം ശപഥനിഷ്ഠയേക്കാൾ അങ്ങേക്ക് പ്രധാനം എൻ്റെ ശപഥനിർവ്വഹണമായിരുന്നു. അതിൻ്റെ പേരിൽ സ്വന്തം കീർത്തിക്ക് ഗ്ലാനി സംഭവിച്ചാലും വിജയിക്കേണ്ടത് ഞാനാണെന്ന് അങ്ങ് തീരുമാനിച്ചു. ഒരു ഭക്തനും നശിച്ചു കാണാൻ അങ്ങേക്ക് ആഗ്രഹമില്ല. എനിക്ക് വേണ്ടി തോറ്റു തന്ന ആ ഭഗവാൻ്റെ രൂപം ഇപ്പോഴും എൻ്റെ ഉള്ളിലുണ്ട്.
അന്ത്യകാലത്ത് ഭഗവാൻ്റെ ഏത് രൂപമാണോ മനോമുകുരത്തിൽ തെളിയുന്നത് ആ രൂപത്തിലുള്ള സാക്ഷാൽക്കാരം ഭക്തന്മാർക്ക് കിട്ടും എന്ന് ഞാൻ കേട്ടിട്ടുണ്ട്.

വിജയസഖേ…..അങ്ങയുടെ പാർത്ഥസാരഥീരൂപം എപ്പോഴുമെപ്പോഴും എന്നുള്ളിൽ തെളിയണേ എന്നാണ്‌ മോഹം.

ജീവികളുടെ ഹൃദയത്തിൽ അവരവരുടെ സങ്കല്പമനുസരിച്ച് ഏത് രൂപം തെളിഞ്ഞാലും ബോധസ്വരൂപനായി അതിൽ കുടികൊള്ളുന്നത് ഏകനായ അങ്ങ് തന്നെയാണല്ലോ.
ഒരേ സൂര്യൻ വെള്ളം നിറച്ച അനേകം പാത്രങ്ങളിലും ജലാശയങ്ങളിലും പ്രതിഫലിക്കുമ്പോൾ പലതായി കാണപ്പെടുന്നത് പോലെ ഏകനായ ഭഗവാനും ഓരോ സങ്കല്പമനുസരിച്ച് പലതായി കാണപ്പെടുന്നു.

ഒരേ ഒരു ഭഗവാൻ്റെ വ്യത്യസ്ത ആവിഷ്ക്കാരമാണ് ഈ ജഗത്തെന്നറിയുമ്പോൾ സകല വ്യത്യാസങ്ങളും ഇല്ലാതാവുന്നു.
ഞാനിതാ സകലഭേദചിന്തകളും വെടിഞ്ഞ് അവിടുത്തെ പൂർണ്ണ ബോധസ്വരൂപത്തെ പ്രാപിച്ചു കഴിഞ്ഞു.

ഭീഷ്മർ ഇപ്രകാരം മനസ്സും ദൃഷ്ടിയുമെല്ലാം കൃഷ്ണമയമാക്കി ആത്മാവിനെ ഏകീഭവിപ്പിച്ച് പ്രാണനടക്കി ദേഹം വെടിഞ്ഞു.

സമധിഗതോfസ്മി വിധൂതഭേദഭാവ:
ഭാഗവതം പറയുന്നു.

വലിയവൻ,ചെറിയവൻ, കറുത്തവൻ,വെളുത്തവൻ,അടിമ ഉടമ, മുതലാളി തൊഴിലാളി, പുരുഷൻ സ്ത്രീ, ബുദ്ധിമാൻ വിഡ്ഢി, തുടങ്ങിയ എല്ലാ ഭേദചിന്തകളും ഭക്തന്മാർ മനസ്സിൽ നിന്നും നിശ്ശേഷം ഒഴിവാക്കണം. എല്ലാവരിലും എല്ലാത്തിലും ഭഗവാനെ കാണാൻ പഠിക്കണം. അത് അനുഭവത്തിൽ വരുത്തണം

മനുഷ്യമനസ്സിലെ ഭേദഭാവനയാണ് എല്ലാ സംഘർഷങ്ങൾക്കും നിദാനമെന്ന സത്യം ഭാഗവതം ഇവിടെ അരക്കിട്ടുറപ്പിക്കുന്നു.
ഭേദഭാവന ഇല്ലാതായാൽ ഭഗവാനിൽ വിലയിക്കാമെന്ന് സ്വജീവിതം കൊണ്ട് പഠിപ്പിച്ച ഭീഷ്മപിതാമഹനെ നമുക്ക് വാഴ്ത്താം. ആ പാദങ്ങളിൽ നമസ്ക്കരിക്കാം.

സമധിഗതോfസ്മി വിധൂതഭേദഭാവ:
©@#SureshbabuVilayil.

2+

One thought on “ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 8

  1. ഈ മഹാമാരി കാലത്തു ജനങ്ങൾക്ക്‌ ഭക്തിയും വിശ്വാസവും ഉണ്ടാക്കാനും ധയ്ര്യം പ്രദാനം ചെയ്യാനും ശ്രീമദ്ഭാഗവതപാരായണം ഉപകരിക്കുമെന്നത് സംശയമില്ല. ശരശയ്യയിൽ കിടന്നുകൊണ്ട് വിഷ്ണു സഹസ്രനാമവും യുധിഷ്ഠിരന് പിതാമഹൻ ചൊല്ലികൊടുത്തു എന്ന് കേട്ടിട്ടുണ്ട്.

    0

Leave a Reply

Your email address will not be published. Required fields are marked *