ഭാഗവത പാരായണം വൈശാഖ മാസത്തിൽ -5

സുരേഷ് ബാബു വിളയിൽ

 

കുരുക്ഷേത്രയുദ്ധത്തിൽ കൗരവർ ചമച്ച ചക്രവ്യൂഹം ഭേദിച്ച് കൊടുംനാശം വിതക്കുകയും അവരുടെ ചതിയിൽ പെട്ട് കൊല്ലപ്പെടുകയും ചെയ്ത അർജുനപുത്രനായ അഭിമന്യുവിൻ്റെ മകനാണ് പരീക്ഷിത്ത്. യുവത്വം പോലും ആസ്വദിക്കാനാവാതെ അഭിമന്യു മരിക്കുമ്പോൾ ഭാര്യയായ ഉത്തര ഗർഭിണിയായിരുന്നു. ജനനം മുതലല്ല, ഗർഭസ്ഥനായ നാൾ മുതലേ പരീക്ഷിത്ത് നേരിട്ട പരീക്ഷണങ്ങൾ മരണസന്ധി യിലും തുടർന്നു.

യുദ്ധം ജയിച്ച പാണ്ഡവരുടെ കിരീടാവകാശികളെ അറുംകൊല ചെയ്ത അശ്വത്ഥാമാവ് ഒടുങ്ങാത്ത പ്രതികാരത്തിൻ്റേയും പകയുടേയും ആൾരൂപമായിരുന്നു.’അപാണ്ഡവമസ്തു’എന്ന മന്ത്രം ചൊല്ലി അവനയച്ച ബ്രഹ്മാസ്ത്രം ഒരു തീഗോളമായി ഉത്തരാഗർഭത്തിലിരുന്ന പരീക്ഷിത്തിനെ തേടി ചെന്നു, പരീക്ഷിത് നേരിട്ട ആദ്യ പരീക്ഷണം അതായിരുന്നു.എന്നാൽ ഭഗവാൻ ശ്രീകൃഷ്ണൻ്റെ സുദർശനക്കരുത്ത് പരീക്ഷിത്തിനെ രക്ഷിച്ചു .

ദ്രോണപുത്രനായ അശ്വത്ഥാമാവ് എന്തിനീ കൊടുംക്രൂരത ചെയ്തു? ഭീമൻ്റെ ഗദാപ്രഹരമേറ്റ് ദുര്യോധനൻ വീണെന്നറിഞ്ഞ നിമിഷം മുതൽ ഖിന്നനായ അയാൾ പ്രതികാരം ജ്വലിച്ച മനസ്സുമായി കൃതവർമ്മാവും, കൃപനുമൊത്ത് രാത്രിയിൽ പാണ്ഡവർ ഉറങ്ങുന്ന ഉപശാലകളിലെത്തി.

യുദ്ധത്തിൻ്റെ വിജയലഹരിയിൽ മതിവിട്ടുറങ്ങിയിരുന്ന പാണ്ഡവപക്ഷക്കാരെ ഇരുട്ടിൻ്റെ മറവിൽ കൂമന്മാർ കാക്കക്കൂട്ടത്തെ യെന്നവണ്ണം അവർ ആക്രമിച്ചു.

കീരീടാവകാശികളായ ദ്രൗപദിയുടെ അഞ്ച് പുത്രന്മാരും ധൃഷ്ടദ്യുമ്നനും ശിഖണ്ഡിയും കൊല്ലപ്പെട്ടു. പടനിലം മുഴുവൻ തിരഞ്ഞിട്ടും പാണ്ഡവരെ കണ്ടെത്താൻ കഴിഞ്ഞില്ല. തീയിൽ പെട്ട് സകലരും മരിക്കട്ടെ എന്ന ദുഷ്ടചിന്തയിൽ പടകുടീരങ്ങൾക്ക് തീയിട്ടാണ് അവർ മടങ്ങിയത്.

പ്രതികാരമടങ്ങിയ സംതൃപ്തിയിൽ അവർ അത്യാസന്നനിലയിൽ ചേറ്റിൽ പൂണ്ടു കിടന്ന ദുര്യോധനന്റെ സമീപത്തേക്ക് ചെന്നു. അവരെ കണ്ടതും ദുര്യോധനന്റെ തളർന്ന മുഖത്ത് ആശ്വാസത്തിന്റെ കിരണങ്ങൾ പ്രകടമായി.

അശ്വത്ഥാമാവ് പറഞ്ഞു.
“ഞങ്ങൾ കൊന്നു. ധൃഷ്ടദ്യുമ്നനും അവന്റെ പുത്രന്മാരും ശിഖണ്ഡിയും പാഞ്ചാലിയുടെ അഞ്ച് പുത്രന്മാരും എന്റെ കയ്യാൽ തന്നെ അവസാനിച്ചു, ”

അത് കേട്ടതും സന്തോഷത്തോടെ ദുര്യോധനൻ പ്രതിവചിച്ചു.
” വളരെ നന്നായി അശ്വത്ഥാമാവേ, നിന്റെയീ വാക്കുകൾ കേട്ട് എനിക്ക് വളരെ സന്തോഷം തോന്നുന്നു. ഭീഷ്മർക്കും ദ്രോണർക്കും ചെയ്യാൻ കഴിയാത്തതാണ് നീ ചെയ്തത്. കർണനേക്കാൾ വീരനാണ് നീ. പാണ്ഡവ വംശത്തിന് അറുതി വരുത്തിയ വീരാ… നിന്നെ എത്ര പ്രശംസിച്ചാലും എനിക്ക് മതിവരില്ല.”
(മഹാഭാരതം. സൗപ്തിക പർവ്വം അധ്യായം 4)

എന്നാൽ ഭാഗവതം ആ രംഗം വിവരിക്കുന്നത് ഇങ്ങനെ.
” പാണ്ഡവശിബിരത്തിൽ ചെന്ന് അവരെയെല്ലാം വെട്ടിക്കൊന്ന വിവരം അശ്വത്ഥാമാവ് ദുര്യോധനനെ ധരിപ്പിച്ചു. ദുര്യോധനൻ ഒന്നും പറഞ്ഞില്ല. അയാൾക്ക് അതൊരു വീരകൃത്യമായി തോന്നിയതേയില്ല. ഇത്തരം കർമ്മങ്ങൾ ശാസ്ത്രങ്ങൾ നിന്ദിക്കുന്നതും സജ്ജനങ്ങൾ വെറുക്കുന്നതുമാണ്. എങ്കിലും ഭീമൻ തന്നോട് കാട്ടിയ അനീതി ക്കൊരു തിരിച്ചടിയായല്ലോയെന്ന് മാത്രം അയാൾ ആശ്വസിച്ചു.

കഥക്കല്ല തത്ത്വത്തിനാണ് പ്രാധാന്യം. തത്വഗ്രഹണമാണ് വേണ്ടത്. കഥാകഥനം സത്യത്തെ ആവിഷ്ക്കരിക്കാനുള്ള ഉപാധി മാത്രം. ഭാരതവും ഭാഗവതവും രചിച്ചത് വ്യാസരാണെങ്കിലും മഹാഭാരതം പ്രവൃത്തിമാർഗത്തേ യും ഭാഗവതം നിവൃത്തിമാർഗത്തേ യുമാണ് ആവിഷ്കരിക്കുന്നത്.

അഞ്ചു മക്കളേയും നഷ്ടപ്പെട്ട ദ്രൗപദിയുടെ മുന്നിലേക്ക് ബന്ധനസ്ഥനായ അശ്വത്ഥാമാവിനെ എത്തിക്കുന്ന ഒരു രംഗം ഭാഗവതത്തിലുണ്ട്.

പുത്രദു:ഖത്തിൽ വാവിട്ട് കരയുന്ന ദ്രൗപദിക്ക് അശ്വത്ഥാമാവിൻ്റെ അറുത്തെടുത്ത ശിരസ്സ് സമ്മാനിക്കുമെന്ന് അർജുനൻ ശപഥം ചെയ്തു. തന്നെ ബന്ധനസ്ഥനാക്കാൻ വരുന്ന പാർത്ഥനെ കണ്ട ഭയപ്പാടിൽ അശ്വത്ഥാമാവ് ബ്രഹ്മാസ്ത്രം പ്രയോഗിച്ചു. പകച്ചു നിന്ന അർജുനനോട് ബ്രഹ്മാസ്ത്രം കൊണ്ട് തന്നെ അതിനെ ചെറുക്കാൻ ശ്രീകൃഷ്ണൻ നിർദ്ദേശിച്ചു.

രണ്ട് ബ്രഹ്മാസ്ത്രങ്ങളും കൂട്ടിമുട്ടി ലോകം കത്തിച്ചാമ്പലാകുമെന്ന് തോന്നിയ നിമിഷം അവയെ പിൻവലിക്കാൻ രണ്ടാളോടും കൃഷ്ണൻ ആവശ്യപ്പെട്ടു. അശ്വത്ഥാമാവ് അതിന് തയ്യാറാവാഞ്ഞപ്പോൾ അർജുനൻ തന്നെ അവ രണ്ടും സംഹരിച്ചു.

പിന്നെ അശ്വത്ഥാമാവിനെ പിടിച്ച് കെട്ടി ദ്രൗപദിയുടെ മുന്നിലേക്കിട്ടു. ശിശുഹത്യ ചെയ്ത ഈ മഹാപാപിയുടെ ശിരസ്സറുക്കണമെന്ന് കൃഷ്ണൻ പറഞ്ഞു.എന്നാൽ ഒരു പശുവിനെ പോലെ തൻ്റെ കാല്ക്കീഴിൽ അഭയം യാചിച്ച് കിടക്കുന്ന ഗുരുപുത്രനെ കണ്ട് മനസ്വിനിയായ ദ്രൗപദി കൃഷ്ണാർജുനന്മാരോട് ചോദിച്ചു.

“എന്തധർമ്മമാണ് കൂട്ടരേ,നിങ്ങൾ ചെയ്തത്? ഗുരുപുത്രനായ ഇവനെ കെട്ടഴിച്ച് വിടൂ.. ”
ദ്രൗപദിയുടെ വാക്കുകൾ കേട്ടവർ വിസ്മയിച്ചു നിന്നു, അവൾ തുടർന്നു.

” ഗൗതമമഹർഷിയുടെ കുലത്തിൽ ജനിച്ച ഇവൻ്റെ അമ്മ കൃപി നമ്മുടെ ഗുരുവായ ദ്രോണൻ്റെ പത്നിയാണ്. മഹാപതിവ്രതയായ അവരുടെ മകൻ എൻ്റെ അഞ്ചു മക്കളെ അറുകൊല ചെയ്തപ്പോൾ എത്ര കണ്ണീർ പുഴ ഞാനൊഴുക്കി? പുത്രദു:ഖത്തേക്കാൾ വലിയ ദു:ഖം വേറെയില്ല. മറവി എന്ന അനുഗ്രഹത്താൽ മറ്റു ദുഖങ്ങൾ ദിനംതോറും കുറഞ്ഞു വരുമ്പോൾ പുത്രദുഖം ദിനേ ദിനേ കൂടി വരും. ഞാനനുഭവിച്ച ഈ ദു:ഖം ഇനിയൊരാൾക്കും വരാതിരിക്കട്ടെ. ഇവൻ്റെ ശിരസ്സറുത്താൽ അമ്മയായ ഗൗതമിയും എന്നെ പോലെ കരയാനിടയാകും. അത് വേണ്ട, ഇവനെ കെട്ടഴിച്ചുവിടൂ, ”
നോക്കൂ..എത്ര മനോഹരമാണ് ഈ ചിന്ത. കൊലയും മറുകൊലയും അതിന് പ്രതികാരവുമായി മനുഷ്യരിന്നും പോരാടുമ്പോൾ വിദ്വേഷം കുരുതി കൊടുത്ത മക്കളുടെ അമ്മമാർക്ക് വേണ്ടി സ്വജീവിതം കൊണ്ട് തന്നെ , അഞ്ച് മക്കളേയും നഷ്ടപ്പെട്ട ഒരമ്മ കാട്ടി തന്ന ഒറ്റയാൾ പോരാട്ടത്തിൻ്റെ ഉജ്ജ്വലമായ അനുഭവസാക്ഷ്യമല്ലേ ഇത്?

മാ രോദീദസ്യ ജനനീ ഗൗതമീപതി ദേവതാ
യഥാഹം മൃതവത്സാfർത്താരോദിമ്യ ശ്രുമുഖീ മുഹു:
(ഭാ. 1-7-47)
(ഇവനെ കൊന്നാൽ,മക്കൾ മരിച്ച ദുഖം മൂലം കണ്ണീരൊഴുക്കുന്ന എന്നെ പോലെ, ഇവൻ്റെ അമ്മ ഗൗതമിയും കരയും. അതിനുള്ള ഇടവരരുതേ.)
നമിക്കാം ആ മാതൃചരണങ്ങളിൽ.
©@#Sureshbabuvilayil

5+

2 thoughts on “ഭാഗവത പാരായണം വൈശാഖ മാസത്തിൽ -5

  1. തത്വാതിഷ്ഠിതവും നന്മ നിറഞ്ഞതുമായ ഇത്തരം വിശകലനങ്ങൾ ഇവ തീരെ കുറഞ്ഞു വരുന്നു ചുറ്റുപാടുകളിൽ നമ്മുടെ പുതിയ തലമുറകൂടി ശ്രദ്ധിക്കുമെന്നും മനസ്സിലാക്കുമെന്നും കരുതട്ടെ.
    സുരേഷ്ബാബുവിന് അഭിനന്ദനങ്ങൾ.

    0
  2. വളരെ ആസ്വാദ്യകരമായ രചന. ചിന്തിക്കാനും സ്വാംശീകരിക്കാനും ഏറെയുള്ള തത്വങ്ങൾ ഇങ്ങനെ സുഗ്രാഹ്യമായി തുടർന്നും പ്രതീക്ഷിക്കുന്നു!
    ഹരേ കൃഷ്ണാ! 🙏

    0

Leave a Reply

Your email address will not be published. Required fields are marked *