ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 26

സുരേഷ് ബാബു വിളയിൽ

ശ്രീശുകൻ പരീക്ഷിത്തിനോട് പറഞ്ഞു.

“കർമ്മമില്ലാതെ ജീവിതമില്ല. അത് നന്മയുള്ള കർമ്മമാണെങ്കിൽ നല്ല ജീവിതാനുഭവങ്ങൾ ലഭിക്കും. സത്യമാർഗ്ഗം കണ്ടെത്താനും അവ ഉപകരിക്കും. എന്നാൽ ജ്ഞാനി പോലും ചിലപ്പോൾ സത്യത്തിൻ്റെ വഴിയിൽ നിന്നും ഭ്രഷ്ടനായേക്കാം. തിന്മ സഹജമായത് കൊണ്ട് നന്മ ചെയ്യാൻ നല്ല പ്രയത്നം തന്നെ വേണം”.

മലമുകളിലേക്കുള്ള കല്ലുരുട്ടി കയറ്റലാണ് നന്മയെങ്കിൽ മുകളിൽ നിന്നുള്ള വീഴ്ച തിന്മയാണ്. അതിന് പ്രയത്നം വേണ്ട. അത് സ്വഭാവവും പ്രകൃതവുമാണ്.

പരീക്ഷിത്ത് ചോദിച്ചു.

“കണ്ടും കേട്ടും നന്മതിന്മയെന്തെന്ന് നമുക്കറിയാം. എന്നിട്ടും പാപങ്ങൾ ചെയ്യുന്നു. പിന്നെ പ്രായശ്ചിത്തവും ചെയ്യുന്നു.
പാപവും പ്രായശ്ചിത്തവും ഒരേ കർമ്മത്തിൻ്റെ രണ്ട് ഭാവങ്ങൾ മാത്രമാണെന്ന് ഞാൻ കേട്ടിട്ടുണ്ട്. അവ ആവർത്തിച്ചുകൊണ്ടിരിക്കും. കുളി കഴിഞ്ഞ ആന പൊടിമണ്ണ് വാരി വീണ്ടും ദേഹത്തിടുന്നത് പോലെ നിഷ്ഫലമാണത്.

ശ്രീ ശുകൻ പറഞ്ഞു.

രാജാവേ,അങ്ങ് പറഞ്ഞത് ശരി തന്നെ. കർമ്മം ചെയ്യാതിരിക്കാൻ ആർക്കും സാധ്യമല്ല. പ്രായശ്ചിത്തം കൊണ്ട് പാപകർമ്മങ്ങളെ പ്രതിരോധിക്കാനും ആവില്ല.
പാപത്തിനുള്ള പ്രായശ്ചിത്തം വിമർശനം മാത്രമാണ്. തിന്മ മനുഷ്യന് സഹജമായി കിട്ടുന്നുണ്ട്. അതാരും പഠിപ്പിക്കേണ്ട. തിന്മയിൽ നിന്നും മുക്തനാവാനാണ് പഠിക്കേണ്ടത്.അതിന് സ്വയം കഴിയണം. തിന്മയ്ക്കായിരം വാതിലുകളുണ്ട്. നന്മയ്ക്ക് ഒറ്റ വാതിലേയുള്ളു. അതിലേയ്ക്കുള്ള വഴിയാണ് തേടേണ്ടത്. മാർഗ്ഗഭ്രംശം വരാതിരിക്കാൻ സൂക്ഷ്മത വേണം.

ഞാനാര് ജഗത്തെന്ത് എന്നീ ചോദ്യങ്ങളിൽ ശാസ്ത്രവിചാരം ചെയ്ത് ഉത്തരം കണ്ടെത്തി മനസ്സിൽ ഉറപ്പിക്കണം. അതാണ് വിമർശനം.

അതിനെ വിചാരം ചെയ്യുന്നതിനെ നാരായണപരായണത്വം എന്ന് പറയാം.

ആരാണ് നാരായണൻ?
” യച്ച കിഞ്ചിത് ജഗത്സർവ്വം
ദൃശ്യതേ ശ്രൂയതേfപി വാ
അന്തർബഹിശ്ചതത്സർവ്വം
വ്യാപ്യ നാരായണ: സ്ഥിത:”
(നാരായണോപനിഷത്ത് 13 – 1 – 2)
( കാണുകയും കേൾക്കുകയും ചെയ്യുന്ന ഈ ജഗത്തിൻ്റെ അകത്തും പുറത്തും വ്യാപിച്ച് നാരായണൻ സ്ഥിതി ചെയ്യുന്നു )
സൃഷ്ടിക്ക് മുമ്പും സംഹാരത്തിന് ശേഷവുമുള്ള ഏകമായ സത്ത നാരായണൻ മാത്രമാണ്. പരമമായ അറിവിൻ്റെ പൊരുളായി ഇരിക്കുന്ന അറിവാണ് അത്.

ഇങ്ങനെ കാര്യങ്ങൾവിമർശനം ചെയ്ത് പൊരുളറിയുമ്പോൾ കർമ്മങ്ങളുടെ കെട്ടുപാടുകൾ താനെ അഴിയും.
വയറിൻ്റെ ഹിതം നോക്കി ഭക്ഷിക്കുന്നവന് രോഗങ്ങളെ ചെറുക്കാൻ കഴിയും. അതു പോലെ സത്യം ലക്ഷ്യമാക്കി ധർമ്മത്തിൻ്റെ വഴിയിൽ സഞ്ചരിക്കുന്നവന് പാപത്തേയും ചെറുക്കാം.

ജീവിതത്തിൽ ഒരിക്കലെങ്കിലും സത്യമാർഗ്ഗത്തിൽ സഞ്ചരിച്ചവനെ തൊടാൻ യമഭടന്മാർ കൂടി മടിയ്ക്കും.

ഞാനൊരു പഴയ കഥ പറയാം.
കന്യാകുബ്ജത്തിൽ അജാമിളൻ എന്ന് പേരായ ഒരു ജ്ഞാനി ഉണ്ടായിരുന്നു. സത്യമാർഗ്ഗത്തിൽ കുറേ കാലം ചരിച്ച ശേഷം സംസർഗ്ഗദോഷം കൊണ്ട് മാർഗ്ഗഭ്രഷ്ടനായി.

ഒരു നാൾ ചമത ശേഖരിക്കാൻ കാട്ടിൽ പോയ അജാമിളൻ മദ്യപിച്ച് മദോന്മത്തരായ ഒരു പുരുഷനേയും സ്ത്രീയേയും കണ്ടു. അതോടെ പൂർവ്വജന്മം ബാക്കി വെച്ച ദുർവ്വാസനകൾ ഉണർന്നു. ആ വേശ്യാസ്ത്രീയിൽ അജാമിളന് വല്ലാത്ത മോഹമുദിച്ചു.

അവളെ പിരിയാനാവാതെ അയാൾ അവിടെ താമസിച്ചു. വീട്ടിലേക്കുള്ള യാത്ര പല തവണ മാറ്റി. പിന്നെ മാനക്ഷയം ഭയന്ന് തിരിച്ചു പോയതേയില്ല. കയ്യിലുള്ള പണം തീർന്നപ്പോൾ, കളവും കവർച്ചയും ശീലമാക്കി. അവളേയും സന്തോഷിപ്പിച്ച് അയാൾ അവിടെ തന്നെ കഴിഞ്ഞു കൂടി.

കാലം കടന്നു പോയി. അവർക്ക് പത്തു മക്കളുണ്ടായി. ഇളയവനെ ആയിരുന്നു അജാമിളന് ഏറ്റവും ഇഷ്ടം. അവൻ്റെ പേര് നാരായണൻ എന്നായിരുന്നു.

എൺപത് വയസ്സായി. അന്ത്യകാലം അടുത്തു. രോഗബാധിതനായി. നാരായണൻ്റെ കുസൃതി നിറഞ്ഞ കളികൾ അയാൾക്ക് ആശ്വാസം നല്കി. അവനെ എപ്പോഴും പേര് ചൊല്ലി വിളിക്കും.എപ്പോഴും ആ നാരായണബാലനെ കുറിച്ചുള്ള ചിന്ത മാത്രമായി ജീവിതം മുന്നോട്ട് നീങ്ങി.

അവൻ്റെ കൊഞ്ചിക്കുഴഞ്ഞ വർത്തമാനവും, കുസൃതികളും രൂപവും, ഓർത്ത് അയാളങ്ങനെ കിടക്കും.. അവനെ കാണാഞ്ഞാൽ നാരായണായെന്ന് പലവട്ടം നീട്ടി വിളിക്കും. നിദ്രയിലും,സ്വപ്നത്തിലും അത് പതിവായി.ക്രമേണ അത് നാരായണജപം തന്നെയായി.

മരണസമയമടുത്തു. ഭയം ജനിപ്പിക്കുന്ന മൂന്ന് ഭീകരരൂപികൾ കയറും കയ്യിലേന്തി അജാമിളൻ്റെ ജീവനെടുക്കാൻ എത്തി. അവരെ കണ്ടതും അജാമിളൻ പേടിച്ച് മകൻ നാരായണനെ ഉറക്കെ വിളിച്ചു.

അന്തേ നാരായണ സ്മൃതി.

അന്ത്യസമയത്ത് ഒരാൾ ജാഗ്രതയോടെ നാരായണനെ വിളിച്ചത് വിഷ്ണുദൂതർ കേട്ടു . മഹാവിഷ്ണുവിൻ്റെ രൂപം ധരിച്ച നാലു വിഷ്ണുപാർഷദന്മാർ അവിടെയെത്തി യമഭടന്മാരെ അവർ തടഞ്ഞു.

യമദൂതന്മാർക്ക്‌ അത്ഭുതമായി. അവർ പറഞ്ഞു.

” ഞങ്ങൾ യമധർമ്മൻ്റെ കിങ്കരന്മാരാണ്. ഞങ്ങളുടെ സ്വാമിയുടെ കല്പനപ്രകാരം ഇയാളുടെ ജീവനെടുക്കാൻ വന്നവരാണ് .തടയരുത്.

വിഷ്ണുപാർഷദർ പറഞ്ഞു

ഇവൻ മുമ്പ് ഏറെക്കാലം നാരായണപരായണത്വപാതയിൽ സഞ്ചരിച്ചവനാണ്.ആ സ്മൃതി കൊണ്ടാവാം അന്ത്യവേളയിൽ അറിഞ്ഞോ അറിയാതെയോ നാരായണനെ വിളിച്ചത്.
നാരായണനാമം ഉച്ചരിച്ചതോടെ ഇവൻ ചെയ്ത പാപങ്ങൾക്കെല്ലാം പ്രായശ്ചിത്തമായി. അറിയാതെ ആയാലും ശരിയായ മരുന്ന് കഴിച്ചാൽ രോഗം മാറുന്ന പോലെ ഇവൻ പാപമുക്തനായി ഭവിച്ചു. ഇവനെ കൊണ്ടുപോകാൻ ഞങ്ങൾ അനുവദിക്കില്ല.”

വിഷ്ണുദൂതരുടെ ധർമ്മവിസ്താരം കേട്ട യമഭടന്മാർ മടങ്ങി.അവർ കാലപുരിയിലെത്തി യമധർമ്മരോട് ചോദിച്ചു.

” പ്രഭോ.അവിടുത്തെ കല്പന നിറവേറ്റാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. ജീവൻ്റെ ഗതി നോക്കി മരണസമയത്തെ നിർണ്ണയിക്കുന്ന ശക്തി അങ്ങാണെന്നായിരുന്നു ഞങ്ങളുടെ ധാരണ. എന്നാൽ ഒരു ദുർമതിയായ മനുഷ്യൻ്റെ കാര്യത്തിൽ വിഷ്ണുപാർഷദരിൽ നിന്നും വലിയ തടസ്ഥം നേരിട്ടു. എത്ര ശ്രമിച്ചിട്ടും ഞങ്ങൾക്കവൻ്റെ ജീവനെടുക്കാൻ കഴിഞ്ഞില്ല.”

യമധർമ്മൻ പറഞ്ഞു.
പരോമദന്യോ ജഗതസ്തസ്ഥൂഷശ്ച
ഓതംപ്രോതം പടവദ്യത്ര വിശ്വം
യദംശതോfസ്യ സ്ഥിതി ജന്മനാശാ
നസ്യോതവദ്യസ്യ വശേ ഹി ലോക:
(6-3 -12 )
ഒരു വസ്ത്രത്തിലെ നൂല് എന്ന വസ്തു ഊടും പാവുമായി എങ്ങനെ വർത്തിക്കുന്നുവോ അത് പോലെ ഈ ജഗത്തിനും ഒരു രക്ഷകനുണ്ട്. അത് നാരായണനാണ്. എന്നെ ഈ കർമ്മത്തിന് നിയോഗിച്ചതും അതേ നാരായണൻ തന്നെ.

പ്രിയപ്പെട്ട കുട്ടികളേ…. നാരായണൻ്റെ സത്യമാർഗ്ഗത്തിൽ ഒരിക്കലെങ്കിലും ചരിച്ച ഭക്തരുടെ അടുത്തേക്ക് ഇനി മുതൽ നിങ്ങൾ ചെല്ലരുത്.

നാരായണനെ, തേടാത്തവരോ ഇത് വരെ തിരിഞ്ഞു നോക്കുക പോലും ചെയ്യാത്തവരോ ആരെങ്കിലും ഉണ്ടെങ്കിൽ അവരെ മാത്രം ഇങ്ങോട്ട് കൊണ്ടു വന്നാൽ മതി. അതാണ് ധർമ്മം.

അമരത്വത്തിൻ്റെ പാതയിൽ ഒരിക്കൽ സഞ്ചരിച്ചവരെ നാരായണൻ കൈവെടിയാറില്ല. മാർഗ്ഗഭ്രഷ്ടരായാലും അവരെ കാത്ത് രക്ഷിച്ച് വീണ്ടും അമരത്വത്തിലേക്ക് നയിക്കും.

മരണവക്ത്രത്തിൽ നിന്നും രക്ഷപ്പെട്ട അജാമിളന് ഇതൊരു വഴിത്തിരിവായിരുന്നു. ചെയ്തു കൂട്ടിയ പാപങ്ങളിൽ അയാൾ അതിയായി പശ്ചാത്തപിച്ചു.

സ്വന്തം ജീവിതത്തെ മാറ്റി വരക്കാൻ അജാമിളൻ തീർച്ചയാക്കി. അയാൾ ദേവസ്ഥാനം എന്ന് പ്രസിദ്ധമായ ഗംഗാനദിയുടെ തീരത്തുള്ള ഹരിദ്വാറിൽ എത്തി.

അഷ്ഠാംഗയോഗം പരിശീലിച്ചു. ഇന്ദ്രിയങ്ങളെ വിഷയങ്ങളിൽ നിന്നും പിൻവലിച്ച് മനസ്സിനെ ഏകാഗ്രമാക്കാൻ പഠിച്ചു.

നാരായണപരായണത്വത്തിൻ്റെ നഷ്ടപ്പെട്ട പാത അദ്ദേഹം തിരിച്ചു പിടിച്ചു.

വിമർശനം കൊണ്ട് പാപങ്ങളെ എല്ലാം കരിച്ചു കളഞ്ഞു. കാലക്രമേണ നാരായണൻ ഉള്ളിൽ വെളിപ്പെട്ട് അജാമിളൻ ബ്രഹ്മസായൂജ്യം നേടി.
(ചിത്രം കടപ്പാട് Google)
©@#SureshbabuVilayil.

1+

Leave a Reply

Your email address will not be published. Required fields are marked *