ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 13

സുരേഷ് ബാബു വിളയിൽ

ശ്രീശുകബ്രഹ്മർഷി പറഞ്ഞു.

“ദ്വന്ദങ്ങൾക്കപ്പുറം ഗുണാതീതരായി വർത്തിക്കുന്ന ഋഷിമാർ വരെ ഭഗവാൻ്റെ കഥകളിൽ തല്പരരാണ്. അത്തരം ഋഷിവാടികളിൽ വെച്ചാണ് ഞാനും ഭാഗവതത്തെ കുറിച്ച് കേട്ടത്. ഭാഗവതം ചമച്ചത് എൻ്റെ അച്ഛനായ വ്യാസരാണ് . അച്ഛനിൽ നിന്ന് തന്നെ ഭാഗവതം കേട്ട് പഠിക്കാൻ കഴിഞ്ഞത് എൻ്റെ മഹാഭാഗ്യം!

അങ്ങയുടെ സംശയങ്ങൾക്കുള്ള സമാധാനം ഭാഗവതത്തിലുണ്ട്. ശ്രദ്ധാലുവായ അങ്ങയെ ഞാനത് കേൾപ്പിക്കാം.

കിം പ്രമത്തസ്യ ബഹുഭി:
പരോക്ഷെെ: ഹായനൈരിഹ
വരം മുഹൂർത്തം വിദിതം
ഘടേത ശ്രേയസേ യത :
(2-1-12)
ഈ ലോകത്ത് സത്യമറിയാതെ അജ്ഞതയുടെ ഇരുട്ടിൽ കഴിയുന്ന ഒരുവന് അനേകവർഷം ആയുസ്സ് നീട്ടി കിട്ടിയത് കൊണ്ടെന്ത് പ്രയോജനം?”

വിദിതം മുഹൂർത്തം വരം
സത്യം പിടികിട്ടിയാൽ പിന്നെ അല്പസമയമേ ദേഹത്തിൻ്റെ ആവശ്യമുള്ളു. അതോടെ ജീവിതം ധന്യമാകുന്നു. എന്നെന്നേക്കുമായി സംസാരദു:ഖം ഇല്ലാതാകുന്നു. ഇങ്ങനെ നേടുന്ന മുക്തിക്ക് സദ്യോമുക്തി എന്നാണ് പേര്.

വിദിതം മൂഹൂർത്തം വരം
തസ്മാൽ സർവ്വാത്മനാ രാജൻ
ഹരി: സർവ്വത്ര സർവ്വദാ
ശ്രോതവ്യ : കീർത്തിതവ്യശ്ച
സ്മർത്തവ്യോ ഭഗവാൻ നൃണാം.
(2-2-36)
അത് കൊണ്ട് രാജാവേ, അന്തര്യാമിയായി കുടികൊള്ളുന്ന ഏകനായ ആ ഭഗവാനെ എല്ലാത്തിലും കാണണം. എപ്പോഴും കേൾക്കണം, കീർത്തിക്കണം, ഓർമ്മിക്കണം.

എഴുത്തച്ഛൻ പാടിയ പോലെ
യാതൊന്ന് കണ്മതത്
നാരായണ പ്രതിമ
യാതൊന്ന് കേൾപ്പതത്
നാരായണ ശ്രുതികൾ
യാതൊന്ന് ചെയ് വതത്
നാരായണാർച്ചനകൾ
യാതൊന്നതൊക്കെ
ഹരി നാരായണായ നമ:
ഈ ഏകത്വഭാവന ഉറച്ചാൽ സമത്വബോധം മനസ്സിൽ തെളിയും. സർവ്വം നാരായണമയം എന്നനുഭവപ്പെടും. അങ്ങിനെ ജീവിതം നയിക്കുന്നവർക്ക് മുക്തിപഥത്തിൽ എത്താൻ എളുപ്പമാണ്.

നാരായണപരാ വേദാ
ദേവാ നാരായണാംശജാ..
നാരായണ പരാ ലോകാ
നാരായണ പരാ മഖാ:
നാരായണ പരാേ യോഗോ
നാരായണ പരം തപ:
നാരായണ പരം ജ്ഞാനം
നാരായണപരാ ഗതി:
(2-5-15,16)
നാരായണനല്ലാതെ മറ്റൊരറിവില്ല. ദേവനില്ല. ലോകമില്ല.യാഗമില്ല. അതിലപ്പുറമൊരു യോഗമില്ല, തപസ്സില്ല, ജ്ഞാനമില്ല,മാർഗ്ഗവും ഇല്ല. പ്രപഞ്ചം നാരായണൻ എന്ന ഏകസത്തക്ക് അധീനമെന്നർത്ഥം.
സദ്യോമുക്തിയല്ലാതെ ക്രമമുക്തിയും ഉണ്ട്. ക്രമമുക്തി നേടാൻ നിരവധി സമ്പ്രദായങ്ങളുമുണ്ടെന്ന് ഭാഗവതം പറയുന്നു.
എല്ലാ ഉപാസനാവഴികളും നാരായണനിലേക്കാണ്. അതു കൊണ്ട് ഏത് ധാർമ്മികവഴിയിലൂടെ പോയാലും നാരായണനിലെത്താം.

ആകാശാദ് പതിതം തോയം
യഥാ ഗച്ഛതി സാഗരം
സർവ്വദേവ നമസ്ക്കാരം
കേശവം പ്രതി ഗച്ഛതി.
ആകാശത്ത് നിന്ന് വീഴുന്ന മഴത്തുള്ളി, നീർച്ചാലായി, അരുവിയായി,പുഴയായി ഒരേ കടലിൽ ചേരുന്ന പോലെ ഭക്തി യോഗം, കർമ്മയോഗം, ജ്ഞാനയോഗം, രാജയോഗം തുടങ്ങിയ ഏത് മാർഗ്ഗത്തിൽ കൂടി സഞ്ചരിച്ചാലും നാരായണനിലെത്തും.

സംസ്കൃതഭാഷയിൽ മതമെന്ന പദത്തിന് അഭിപ്രായം എന്നാണ് അർത്ഥം. വിവിധ സമ്പ്രദായങ്ങളെ ഒരു പോലെയാണ് ഭാഗവതം കാണുന്നത്. വിവിധവഴികളായ ഉപാസനാരീതികൾ അനുഷ്ഠിച്ച് നാരായണനെ പ്രാപിച്ച നിരവധി മഹാത്മാക്കളുടെ കഥകൾ ഭാഗവതത്തിലുണ്ട്. ഭക്തിയുടെ ഒമ്പത് ഭാവങ്ങളെ കുറിച്ചും ഭാഗവതം വിശദീകരിക്കുന്നുണ്ട്.

ശൈവർക്കും,ശാക്തേയർക്കും, സൗരമതക്കാർക്കും, ഗാണപത്യർക്കും, സ്കാന്ധർക്കും,പഠിക്കാൻ ഭാഗവതത്തിൽ ദൃഷ്ടാന്തങ്ങളുണ്ട്.

നിർഗ്ഗുണോപാസനയ്ക്കും സുഗുണോപാസനയ്ക്കും തമ്മിൽ ഒരു വ്യത്യാസവും ഭാഗവതം കാണുന്നില്ല. എല്ലാ ഭേദങ്ങളേയും, യോഗങ്ങളേയും ഭാഗവതം അദ്വൈതദർശനം കൊണ്ട് സമന്വയിപ്പിക്കുന്നു.

ഇച്ഛക്കും,അഭിരുചിക്കും ഇഷ്ടപ്പെട്ട തരത്തിൽ ഉപാസനാമാർഗ്ഗങ്ങൾ തിരഞ്ഞെടുക്കാൻ ഭാഗവതം എല്ലാ ഭക്തന്മാർക്കും സ്വാതന്ത്യം നല്കുന്നുണ്ട്.

ആരെന്ത് ആഗ്രഹിക്കുന്നുവോ ആ ആഗ്രഹം നേടാൻ പറ്റിയ ദേവതാരൂപങ്ങളുണ്ട്. ആ രൂപത്തെ ധ്യാനിച്ച് പ്രാർത്ഥിച്ചാൽ ഇഷ്ടഫലങ്ങൾ സിദ്ധിക്കും എന്നത് വേദസമ്മതമാണ്. ആ ദർശനം ഭാഗവതവും അംഗീകരിക്കുന്നു.

നമുക്ക് ചുറ്റുമുള്ള അമ്പലങ്ങൾ അതിനുള്ള ഉദാഹരണങ്ങളാണ്. ആഗ്രഹം സാധിക്കണമെങ്കിൽ ഭക്തന്മാർ വഴിപാട് നേരും.എന്നാൽ അത് സഫലമാവുമ്പോൾ മാത്രമാണ് വഴിപാട് നടത്തുന്നത്. ആഗ്രഹം സാധിച്ചവരുടെ ബാഹുല്യം കൊണ്ട് യഥാസമയത്ത് വഴിപാടുകൾ നടത്തികൊടുക്കാൻ കഴിയാതെ ക്ഷേത്രസമിതികൾ ബുദ്ധിമുട്ടുന്നു. ഇഷ്ടദേവതയോടുള്ള വാഗ്ദത്തം പാലിക്കാൻ അവർ വർഷങ്ങളോളം ഊഴവും കാത്തിരിക്കുകയാണ്.

ആത്മാർത്ഥമായി ആഗ്രഹിച്ചാൽ അത് സാധിച്ചു കൊടുക്കുന്നത് പ്രപഞ്ചബോധസ്വത്വത്തിലെ പ്രവർത്തനനിയമമമാണ്.അതേ ബോധം തന്നെ അന്തര്യാമിയായി ഉള്ളിൽ വർത്തിക്കുന്ന ഭക്തന് പ്രപഞ്ചബോധത്തിൽ ശക്തമായ ചലനമുണ്ടാക്കാൻ കഴിയും. വഴിപാടുകളുടെ ഫലസിദ്ധിക്ക് കാരണം ഇതാണ്. ഭൂമിയിലെ ഒരു പൂമ്പാറ്റയുടെ ചെറിയ ചിറകിളക്കം ആകാശത്തിലെ നക്ഷത്രത്തെ പിടിച്ചുകുലുക്കാം.

ബ്രസീലിയൻ എഴുത്തുകാരനായ
പൗലോകൊയ് ലോ രചിച്ച
“അൽക്കെമിസ്റ്റ് “എന്നൊരു നോവലുണ്ട്. അവനവൻ്റെ ഉള്ളിൽ കുടികൊള്ളുന്ന ആനന്ദത്തിൻ്റെ സത്തയെ തിരിച്ചറിയാതെ പുറത്തുള്ള ലോകങ്ങൾ മുഴുവൻ അതിന് വേണ്ടി തിരയുന്ന മനുഷ്യ വിധി എല്ലാ ഭാരതീയദർശനങ്ങളും പങ്കുവെക്കുന്ന ആശങ്കയാണ്. അതാണ് ഈ പുസ്തകത്തിൻ്റെ കാതൽ.
നിധി കണ്ടെത്താൻ വേണ്ടി മരുഭൂമിയിലൂടെ സഞ്ചരിക്കുന്ന ബാലൻ അൽക്കെമിസ്റ്റിനെ കണ്ടുമുട്ടുന്നുണ്ട്. നിധിവേട്ടക്കുള്ള പരിശ്രമങ്ങൾ മതിയാക്കി മടങ്ങാൻ തീരുമാനിക്കുന്ന അവനോട് അയാൾ പറയുന്നു.

” When you want something, all the universe conspires in helping you to achieve it “,
എന്തെങ്കിലും വേണമെന്ന തീവ്രവും ആത്മാർത്ഥവുമായ ആഗ്രഹം നിങ്ങൾക്കുണ്ടെങ്കിൽ ഈ പ്രപഞ്ചം മുഴുവനും,ഗൂഢാലോചന നടത്തി പോലും അത് ലഭ്യമാക്കാൻ നിങ്ങളെ സഹായിക്കും..
ഭാഗവതത്തിൻ്റെ മതവും ഇതു തന്നെ.
©@#sureshbabuVilayil.

3+

One thought on “ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 13

  1. ധാർമികമായ ഏതു മാർഗത്തിലൂടെ സഞ്ചാരിച്ചാലും നമുക്ക് ഭഗവാനെ ലഭിക്കുമെന്ന് ഭാഗവതം നമുക്ക് ഉറപ്പു തരുന്നു

    1+

Leave a Reply

Your email address will not be published. Required fields are marked *