പിഷാരോടി സമാജം പാലക്കാട് ശാഖയിലെ AP നന്ദകുമാർ സുപ്രിയ S ദമ്പതിമാരുടെ(ദീപ നിവാസ്, കോട്ടായി) മകൻ അർജുൻ നന്ദകുമാറിന് ഈ വർഷം LSS സ്കോളർഷിപ്പ് ലഭിച്ചു. A L P S പരുത്തിപ്പുള്ളിയിൽ നിന്ന് നാലാം തരത്തിനു ശേഷം ഇപ്പോൾ GHSS കോട്ടായിയിൽ അഞ്ചാം തരത്തിൽ പഠിക്കുന്നു. അർജുൻ നന്ദകുമാറിന് പിഷാരോടി സമാജം പാലക്കാട് ശാഖയുടേയും കേന്ദ്രത്തിന്റേയും, വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അനുമോദനങ്ങൾ! 10+
"അർജുൻ നന്ദകുമാറിന് LSS സ്കോളർഷിപ്പ്"Archives: News
News about Sakhas
കഴിഞ്ഞ 18 വർഷമായി ഭരത നാട്യ നൃത്ത പഠനത്തിലൂടെയും നാടകക്കളരികളിലൂടെയും ഊതിക്കാച്ചിയെടുത്ത പ്രതിഭയുടെ മികച്ച ഒരു അരങ്ങേറ്റത്തിന് വേദിയായി ഒക്ടോബർ 28 ശനിയാഴ്ച വൈകീട്ട് ഡോംബിവ്‌ലി ഹോളി ഏയ്ഞ്ചൽസ് സ്‌കൂൾ അങ്കണം.
പിഷാരോടി സമാജം മുംബൈ ശാഖാംഗവും, വാർഷികാഘോഷങ്ങളിലെ അനിഷേദ്ധ്യ സാന്നിദ്ധ്യവുമായ ശ്വേത രമേഷ് പിഷാരോടിയായിരുന്നു ആ കലാകാരി. മുംബൈ ശാഖ ഭരണസമിതി അംഗം ആമയൂർ പിഷാരത്ത് രമേഷ്’പിഷാരോടിയുടെയും കാട്ടകാമ്പാൽ പിഷാരത്ത് സിന്ധു രമേഷിന്റെയും പുത്രിയാണ് ശ്വേത.
മുഖ്യാതിഥിയും പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ.ഉമ്മൻ ഡേവിഡും ഗോദ്‌റെജ് ബോയ്സിലെ ജന. മാനേജർ ശ്രീ വിനയ് മെഹ്ത്തയും ഗുരു രാധിക നായരും, പിഷാരോടി സമാജം മുംബൈ ശാഖാ പ്രസിഡണ്ട് ശ്രീ എ പി രഘുപതിയും ചേർന്ന് നടരാജ വിഗ്രഹത്തിനു മുമ്പിൽ ഭദ്രദീപം തെളിയിച്ചതോടെ അരങ്ങേറ്റ സന്ധ്യ പ്രകാശ പൂരിതമായി.
മുംബൈയിലെ വാനമ്പാടി സന്ധ്യ രമേഷ് പിഷാരോടി വാദ്യവൃന്ദത്തിന്റെ മികച്ച അകമ്പടിയോടെ ആലപിച്ച ഒരു ഗണേശ സ്തുതിയോടെ അരങ്ങുണർന്നു. രാഗമാലിക രാഗത്തിൽ ചിട്ടപ്പെടുത്തിയ പുഷ്പാഞ്ജലിയോടെയായിരുന്നു ശ്വേത അരങ്ങിലെത്തിയത്.
തുടർന്ന് ഒരു അരങ്ങേറ്റത്തിന്റെ ചിട്ടയായ മാർഗ്ഗങ്ങളിലൂടെ അലാരിപ്പ്, ശബ്ദം, വർണ്ണം, ശ്ലോകം, പദം, കാവടി ചിന്ത്, തില്ലാന എന്നിങ്ങനെയുള്ള വിവിധ ഭൂമികകളിലൂടെ സഞ്ചരിച്ചു കൊണ്ട് നർത്തകി തന്റെ പ്രാവീണ്യം ലോകസമക്ഷം കാഴ്ചവെച്ചു കൊണ്ട് കാണികളുടെ മുക്ത കണ്ഠ പ്രശംസ നേടി.
ശ്വേതയുടെ ഗുരു രാധിക പ്രേമാനന്ദ് നായർ മുംബയിലെ പ്രശസ്ത നൃത്ത മഹാ വിദ്യാലയമായ നളന്ദയിലെ നൃത്ത വിഭാഗത്തിലെ പ്രൊഫസറും, ഭരത നാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കഥകളി എന്നീ നൃത്ത രൂപങ്ങൾ ശാസ്ത്രീയമായി അഭ്യസിച്ചവതരിപ്പിക്കുന്ന, നൃത്ത വേദികളിൽ നട്ടുവാംഗവും ആലാപനവും സമർത്ഥമായി കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഒരു പ്രതിഭയാണ്. ഗുരു രാധികയുടെ നൃത്തവിദ്യാലയം ഭരതകലാലയത്തിലെ വിദ്യാർത്ഥിയും ഗുരുവിന്റെ സഹാധ്യാപികയുമാണ് ശ്വേത.
ഏതൊരു നർത്തകിയെയും പോലെ ശ്വേതയും ഈ അരങ്ങേറ്റത്തിലൂടെ കലാലോകത്തേക്കുള്ള ഉജ്ജ്വലമായൊരു യാത്രയാണ് സ്വപ്നം കാണുന്നത്.
ശ്വേതക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീ ദളത്തിന്റെയും അഭിനന്ദനങ്ങളും മികച്ച ഒരു നർത്തകിയാകാനുള്ള ആശംസകളും.
കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും കുമാരി. അർച്ചന വിജയൻ MBBS ബിരുദം കരസ്ഥമാക്കി. ആലത്തൂർ ശാഖാ ട്രഷറർ ശ്രീ. വിജയൻ മഞ്ഞളുരിന്റെയും, ശുകപുരം പിഷാരത്ത് ശ്രീമതി. ദേവി വിജയന്റെയും മകളാണ് അർച്ചന. സഹോദരൻ വിഷ്ണു വിജയൻ. ആലത്തൂർ ശാഖാ പ്രസിഡണ്ട് ശ്രീ പല്ലാവൂർ ശശി അർച്ചനയെ നേരിട്ട് അഭിനന്ദിക്കുകയുണ്ടായി. ഡോ. അർച്ചന വിജയന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ ! 16+
"Congratulations Dr. Archana Vijayan"
പിഷാരോടി സമാജം ആസ്ഥാന മന്ദിരത്തിൽ കഥകളി, ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ ശാസ്ത്രീയ കലകൾ പഠിപ്പിക്കാനും ആസ്വാദകർക്ക് ശാസ്ത്രീക കലകളെ അടുത്തറിഞ്ഞ് ഉൾക്കൊള്ളാനുള്ള സാഹചര്യം ഒരുക്കാനുമുള്ള സംരഭത്തിന് വിജയദശമിനാളായ ഒക്ടോബർ 24ന് വൈകിട്ട് 5 മണിക്ക് കലാമണ്ഡലം മുൻ പ്രിൻസിപ്പാളും പ്രശസ്ത കഥകളി ആചാര്യനുമായ ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
കുമാരിമാർ ശ്രീബാല, ശ്രീഭദ്ര എന്നിവരുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീ കെ പി ഗോപകുമാർ ഏവരേയും സ്വാഗതം ചെയ്തു. ഉദ്ഘാടകൻ ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, ക്ലാസുകൾ കോർഡിനേറ്റുചെയ്യുന്ന ശ്രീ കലാനിലയം അനിൽകുമാർ, നൃത്താദ്ധ്യാപിക ശ്രീ മതി ഇന്ദു എന്നിവരെ ജനറൽ സെക്രട്ടറി സദസ്സിന് പരിചയപ്പെടുത്തി.
കഥകളി എന്ന ലോകോത്തരകലയുടെ മഹത്വം സാധാരണ ജനങ്ങളിൽ എത്തിക്കാൻ താൻ നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും അതിന് പിഷാരോടി സമാജം മുൻകൈയെടുത്ത് തുടങ്ങുന്ന ഈ സംരംഭം വലിയ മുതൽക്കുട്ടാവും എന്നും തൻെറ ഉദ്ഘാടന പ്രസംഗത്തിൽ ശ്രീ കലാ. ബാലസുബ്രഹ്മണ്യൻ പറഞ്ഞു. ഡോ കെ എൻ പിഷാരോടി, പണ്ഡിതരത്നം കെ പി നാരായണ പിഷാരോടി തുടങ്ങിയ പണ്ഡിതന്മാർ കലകളുടെ സംരക്ഷണത്തിനും വളർച്ചക്കും നല്കിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ് എന്നും വ്യക്തിപരമായി കഥകളിയിൽ അദ്ധ്യാപകനായി വരാനും ആദ്യകാലങ്ങളിൽ അരങ്ങത്ത് അനുഭവസമ്പത്ത് വർദ്ധിപ്പിക്കുവാൻ സഹായിക്കുകയും ചെയ്ത കലാമണ്ഡലം വാസുപിഷാരോടിയെ അനുസ്മരിക്കുവാൻ ഉള്ള അവസരമായി ഈ വേദിയെ കാണുന്നതായും ശ്രീ കലാ. ബാലസുബ്രഹ്മണ്യൻ പറഞ്ഞു.
ക്ലാസ്സുകൾക്ക് നേതൃത്വം നല്കുന്ന ശ്രീ കലാനിലയം അനിൽകുമാർ പഠന, ആസ്വാദന ക്ലാസുകളെക്കുറിച്ച് വിശദീകരിച്ചു
സമാജം മുൻ പ്രസിഡണ്ടും നാട്യപ്രിയയുടെ പ്രസിഡണ്ടുമായ ശ്രീ കെ പി ബാലകൃഷ്ണൻ, തൃശൂരിൽ ആദ്യകാലത്ത് കഥകളി പഠനത്തിനായി അന്നത്തെ യുവവിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചിരുന്ന മഹത് വ്യക്തികളെക്കുറിച്ച് സംസാരിച്ചു.
സമാജം മുൻപ്രസിഡണ്ട് ശ്രീ എ രാമചന്ദ്രപിഷാരടി, ഒരു കലാസ്വാദകൻ എന്നതിലുപരി കലാപരിപാടികളുടെ സംഘാടകൻ എന്നനിലയിലാണ് താൻ പ്രവർത്തിച്ചു വരുന്നത് എന്ന് പറഞ്ഞു. ദേവസ്വം ഓഫീസറായി പ്രവർത്തിച്ചിരുന്ന സമയത്തും പറമേക്കാവ് സെക്രട്ടറി എന്നനിലയിൽ സേവനം അനുഷ്ടിച്ചിരുന്നകാലത്തും അതിന് ധാരാളം അവസരങ്ങൾ ഉണ്ടായിരുന്ന കാര്യവും ശ്രീ രാമചന്ദ്ര പിഷാരോടി പറഞ്ഞു.
സമാജം മുൻ ജനറൽ സെക്രട്ടറിമാരായ ശ്രീ കെ പി ഹരികൃഷ്ണൻ, ശ്രീ സി പി അച്ചുതൻ, കഥകളി സംഘാടകനായ ശ്രീ സുധീഷ് , കഥകളി വിദ്യാത്ഥിയായി ചേർന്ന സിനിമ സംവിധായകനും ഫോട്ടോ ഗ്രാഫറും ഭാഗവത ആചാര്യനുമായ ശ്രീ രാജൻ രാഘവൻ (രാജൻ സിത്താര) എന്നിവർ ആശംസ നേർന്ന് സംസാരിച്ചു.
തുടർന്ന് ശ്രീ കലാനിലയം അനിൽകുമാറിൻെറ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി കഥകളി പഠനക്ലാസ് നടന്നു.
ഫാസിൽ റസാഖ് സംവിധാനം ചെയ്ത തടവ് എന്ന ചിത്രത്തിലെ സുമു എന്ന നായിക കഥാപാത്രമായി ശ്രീമതി ശ്രീലക്ഷ്മി പ്രസാദ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു
28മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ (ഐ. എഫ്. എഫ്. കെ ) മത്സര വിഭാഗത്തിലേക്ക് മലയാള ഭാഷയിൽ തെരഞ്ഞെടുക്കപ്പെട്ട രണ്ട് ചിത്രങ്ങളിൽ ഒന്ന് തടവ് ആണ്
ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിൽ മലയാളത്തിൽ നിന്ന് ഒരേയൊരു ചിത്രം മാത്രമേ ഉൾപ്പെട്ടിട്ടുള്ളൂ. തടവ് മാത്രം.
ശ്രീമതി ശ്രീലക്ഷ്മി ചെറുപ്പം തൊട്ടേ സ്കൂൾ കലോത്സവങ്ങളിലും മറ്റ് സാഹിത്യ രചനാ മത്സരങ്ങളിലും സ്ഥിരമായി പങ്കെടുക്കുകയും സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.
മാതൃഭൂമി ക്ലബ്ബ് എഫ് എമ്മിൽ ആർ. ജെ ട്രെയിനിങ്ങ് പൂർത്തിയാക്കി. പല ഷോർട്ട് ഫിലിമുകൾക്കും ആൽബങ്ങൾക്കും ശബ്ദം നൽകി.
കഴിഞ്ഞ ഡിസംബറിൽ നടന്ന പിഷാരോടി സമാജം സർഗ്ഗോൽസവത്തിൽ അവതാരകയായി എത്തി ശ്രീമതി ശ്രീലക്ഷ്മി എല്ലാവർക്കും സുപരിചിതയായി.
ഇന്ത്യനൂർ പിഷാരത്ത് ഉണ്ണികൃഷ്ണന്റെയും (ഐ. പി ഉണ്ണി, ഗുരുവായൂർ) ആലത്തൂർ പിഷാരത്ത് ശ്രീജയുടെയും മകളാണ് ശ്രീലക്ഷ്മി. കേന്ദ്ര ഭരണ സമിതി വൈസ് പ്രസിഡണ്ടും പട്ടാമ്പി ശാഖ സെക്രട്ടറിയുമായ ശ്രീ എം. പി സുരേന്ദ്രന്റെയും കുറുവട്ടൂർ പിഷാരത്ത് പരേതയായ പ്രസന്നയുടെയും മകൻ ശ്രീ പ്രസാദാണ് ഭർത്താവ്. മകൾ രേവതി മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനി. യദുകൃഷ്ണൻ സഹോദരൻ. വല്ലപ്പുഴ എ. എം. എൽ. പി സ്കൂളിൽ അദ്ധ്യാപികയാണ് ശ്രീമതി ശ്രീലക്ഷ്മി
ശ്രീലക്ഷ്മിക്ക് സമാജം, തുളസീദളം, യുവചൈതന്യം, വെബ് സൈറ്റ് എന്നീ എല്ലാ വിഭാഗങ്ങളുടെയും അഭിനന്ദനങ്ങൾ. ആശംസകൾ.
ആലുവ വടക്കേ ഏഴിപ്രം ഭഗവതി ക്ഷേത്ര അങ്കണത്തിൽ വെച്ച് മേള താള മുടിയേറ്റ് കലാകാരൻ ശ്രീ പൊതിയിൽ ഉണ്ണികൃഷ്ണ പിഷാരടിയെ ക്ഷേത്ര വാദ്യ കുലപതി തിരുവമ്പാടി മേള പ്രമാണി ശ്രീ ചേരാനല്ലൂർ ശങ്കരൻ കുട്ടി മാരാർ ആദരിച്ചു.
എഴിപ്രം ചന്ദ്രശേഖര മാരാർ സ്മാരക വിദ്യാപീഠം ഒക്ടോബർ 15 നു നടത്തിയ കുട്ടികളുടെ പഞ്ചാരിമേളം അരങ്ങേറ്റത്തോടനുബന്ധിച്ച ചടങ്ങിലാണ് ഉണ്ണികൃഷ്ണ പിഷാരോടിയെയും മറ്റു വാദ്യ കലാകാരന്മാരെയും ആദരിച്ചത്.

അച്ഛൻ: പൊതിയിൽ പിഷാരത്ത് ഗോപാലകൃഷ്ണ പിഷാരടി, അമ്മ മതുപ്പുള്ളി പിഷാരത്ത് ഗീത, അനിയൻ ആനന്ദ് (ആഫ്രിക്കയിൽ) പത്നി മുടവന്നൂർ പിഷാരത്ത് പദ്മശ്രീ. മകൻ കാർത്തിക്ക്.
ഉണ്ണികൃഷ്ണ പിഷാരോടിക്ക് പിഷാരടി സമാജം, വെബ് സൈറ്റ്, തുളസീദളം എന്നിവയുടെ അഭിനന്ദനങ്ങൾ!
ബഹുമാന്യ അംഗങ്ങളെ, പിഷാരോടി സമാജം, പി. ഇ. ഡബ്ലിയു. എസ്, പി. പി & ടി. ഡി. ടി, തുളസീദളം എന്നിവയുടെ സംയുക്ത യോഗം 2023 നവംബർ 5 ഞായറാഴ്ച്ച രാവിലെ 10 ന് ആസ്ഥാന മന്ദിരത്തിൽ വെച്ച് ചേരുന്നതാണ് പ്രധാന വിഷയങ്ങൾ ——————————- നാരായണീയ ദിന ആചരണത്തെ (2023 ഡിസംബർ 14) സംബന്ധിച്ച്. തുളസീദളം പത്രാധിപ സമിതി യോഗത്തിൽ എടുത്ത തീരുമാനങ്ങളെപ്പറ്റി. ഡിസംബർ 29, 30 തീയതികളിൽ ഗുരുവായൂർ ഗസ്റ്റ് ഹൌസിൽ വെച്ച് നടത്തുന്ന ജ്യോതിർഗമയ പ്രോഗ്രാമിനെ സംബന്ധിച്ച്. സപ്താഹം വരവ് ചെലവ് കണക്കുകൾ. അംഗത്വ വരിസംഖ്യയെ സംബന്ധിച്ച്. പി. പി &ടി. ഡി. ടി ഡെപ്പോസിറ്റുകൾ, കാലാവധി പൂർത്തിയായ തുളസീദളം ഡെപ്പോസിറ്റ് എന്നിവയെ…
"കേന്ദ്ര ഭരണ സമിതി യോഗം നവംബർ 5 ന്"
പിഷാരോടി സമാജത്തിന്റെ ആഭിമുഖ്യത്തിൽ 19-10-2023 നു വൈകീട്ട് 4 മണിക്ക് തൃശൂർ പിഷാരോടി സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് ഒരു കഥകളി ആസ്വാദന ക്ലാസ് സംഘടിപ്പിക്കുന്നു.
സമാജം കഥകളി ക്‌ളാസിന്റെ ഗുരുവായ ശ്രീ കലാനിലയം അനിൽകുമാറിന്റെ നേതൃത്വത്തിലാണ് ആസ്വാദന ക്ലാസ് നടത്തുന്നത്. കലാമണ്ഡലം മുൻ പ്രിൻസിപ്പലും, ഡീനുമായ സുപ്രസിദ്ധ കഥകളി നടൻ, പ്രൊഫ. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ആശാൻ വിശിഷ്ടാതിഥിയായി എത്തുന്നു, കഥകളിയെക്കുറിച്ച് വിവരണം നൽകുന്നതും, സംശയങ്ങൾക്ക് മറുപടി നല്കുന്നതുമായിരിക്കും.
എല്ലാ അംഗങ്ങളും അന്നേ ദിവസം ആസ്ഥാന മന്ദിരത്തിൽ എത്തി കഥകളിയെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ അവസരം ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ജന. സെക്രട്ടറി
പിഷാരോടി സമാജം

കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷൻ സംസ്ഥാന കലോത്സവത്തിൽ (ഗസൽ 2023) വനിത വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയൻ്റോടുകൂടി ഡോ സന്ധ്യ അച്ചുതൻ കലാതിലകം ആയി.
14-09-2023 ന് കോഴിക്കോട് നളന്ദ ആഡിറ്റോറിയത്തിൽ വച്ചായിരുന്നു കലോത്സവം.
വെറ്റിനറി മെഡിക്കൽ ഓഫീസറായ ഡോ സന്ധ്യ തൃശൂർ ഹരിനഗറിൽ താമസിക്കുന്നു. ഭർത്താവ് ഡോ ജ്യോതി ശ്രീധരൻ.
തൃക്കൂർ പിഷാരത്ത് ശ്രീമതി രതി അച്ചുതൻെറയും തൃപ്രയാർ പടിഞ്ഞാറെ പിഷാരത്ത് (late) അച്ചുതൻെറയും മകളാണ്.
ഡോ സന്ധ്യ അച്ചുതന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

തൃപ്പൂണിത്തുറ കഥകളി കേന്ദ്രത്തിന്റെ 2023ലെ കഥകളി കേന്ദ്രം പുരസ്‌കാരങ്ങളിലെ താഴെപ്പറയുന്ന പുരസ്‌കാരങ്ങൾ കോട്ടക്കൽ സന്തോഷിന് ലഭിച്ചു.
യുവകലാകാരന് നൽകുന്ന കെ വി കൊച്ചനിയൻ പുരസ്‌കാരം, ഉണ്ണികൃഷ്ണൻ സ്മാരക പുരസ്‌കാരം, ഫാക്ട് പത്മനാഭൻ ഷഷ്ടിപൂർത്തി പുരസ്‌കാരം എന്നിവയാണ് സന്തോഷിന് ലഭിച്ച പുരസ്‌കാരങ്ങൾ.
ഒക്ടോബർ 15 നു വൈകീട്ട് 6നു കളിക്കോട്ട പാലസിൽ നടക്കുന്ന കഥകളി കേന്ദ്രത്തിന്റെ വാർഷിക ആഘോഷ സമാപന സമ്മേളനത്തിൽ വെച്ച് പുരസ്‌കാരങ്ങൾ നൽകുന്നതാണ്.
കോട്ടക്കൽ പി എസ് വി നാട്യസംഘത്തിൽ അദ്ധ്യാപകനായ സന്തോഷ് കാരക്കുറിശ്ശി പിഷാരത്ത് നാരായണ പിഷാരടിയുടെയും ജി പി വസന്തകുമാരിയുടെയും മകനാണ്. സഹധർമിണി പ്രീതി. മകൻ ആനന്ദ്.
സന്തോഷിന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ!




Recent Comments