എറണാകുളം ശാഖ 2022-2023 വാർഷികവും കുടുംബസംഗമവും

ശാഖയുടെ 2022-2023 വർഷത്തെ വാർഷികവും കുടുംബസംഗമവും മെയ്  7 ഞായറാഴ്ച 3 PM നു കലൂർ NSS കരയോഗം ഹാളിൽ വെച്ച് നടത്തപ്പെട്ടു.

ശാഖ രക്ഷാധികാരി ശ്രീ K N ഋഷികേശ് പിഷാരോടി പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് റെജിസ്ട്രേഷൻ ആരംഭിച്ചു.

ശ്രീമതി ഉഷ നാരായണൻ, രമാദേവി പിഷാരസ്യാർ എന്നിവരുടെ ഭക്തിസാന്ദ്രമായ നാരായണീയ പാരായണം നടന്നു. വാർഷിക സമ്മേളനം കുമാരി ശ്രീവിദ്യ പിഷാരോടിയുടെ ഈശ്വരപ്രാർത്ഥനയോടെ സമാരംഭിച്ചു. ശാഖ സെക്രട്ടറി ശ്രീ സന്തോഷ് കുമാർ ഏവരെയും വാർഷികപൊതുയോഗത്തിലേക്കു സ്വാഗതം ചെയ്തു. എറണാകുളം ശാഖയുടെ കഴിഞ്ഞ വർഷം തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതിയുടെ ആദ്യ വാർഷിക യോഗമാണിതെന്നും, ഉൽഘടനത്തിനെത്തിച്ചേർന്ന കേന്ദ്ര പ്രസിഡണ്ട് ശ്രീ എ രാമചന്ദ്രപിഷാരോടി, ജനറൽ സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ, മറ്റു കേന്ദ്ര/ സമീപ ശാഖ പ്രതിനിധികൾ, കൂടാതെ മുഖ്യ അതിഥികളായെത്തിയ, നമ്മുടെ ശാഖ അംഗങ്ങളായ പ്രശസ്ത സിനി ആർട്ടിസ്റ്റ് ശ്രീ രമേശ് പിഷാരോടി, പ്രശസ്ത പിന്നണി ഗായിക ശ്രീമതി ചിത്ര അരുൺ എന്നിവരെയും പ്രത്യേകം സ്വാഗതം ചെയ്തു. കഴിഞ്ഞ 7 വർഷക്കാലമായി നമ്മുടെ പിഷാരോടി സമാജത്തിന്റെ അമരത്തു നിന്ന് പ്രവർത്തിക്കുന്ന ശ്രീ രാമചന്ദ്രപിഷാരോടിയെയും, ശ്രീ കെ പി ഹരികൃഷ്ണന്റെയും നേതൃത്വത്തിൽ മികച്ചതും, മാതൃകാപരവുമായ പ്രവർത്തനങ്ങളാണ് കാഴ്ച വെച്ചതെന്നും പറഞ്ഞു.

അദ്ധ്യക്ഷ പ്രസംഗത്തിൽ, ശാഖയിൽ കഴിഞ്ഞ ഒരു വർഷക്കാലയളവിൽ നടത്തി വന്ന പരിപാടികളെക്കുറിച്ചും, ശാഖയുടെ മികച്ച പങ്കാളിത്തം കൊണ്ട് സർഗ്ഗോത്സവം  22 എന്ന മെഗാ പരിപാടിയും, ശാഖയിൽ നടത്തിയ വിനോദയാത്രയും വൻ വിജയമായിരുന്നുന്നുവെന്നും ശാഖ പ്രസിഡണ്ട് ശ്രീ ദിനേശ് S പിഷാരോടി  പറയുകയുണ്ടായി. ശാഖയുടെ സുപ്രധാന തീരുമാനങ്ങളും, അറിയിപ്പുകളും വാട്സാപ്പ് ഗ്രൂപ്പ് മുഖേന അറിയിക്കാറുണ്ടെന്നും, എന്നിരുന്നാലും പ്രതിമാസയോഗങ്ങളിലും, വാർഷിക പൊതുയോഗത്തിലും അംഗങ്ങളുടെ എണ്ണത്തിൽ കുറവ് വരുന്നതായി കാണുന്നുണ്ടെന്നും ആശങ്കപ്പെട്ടു. കൂടാതെ ശാഖയിൽ നടത്താനിരിക്കുന്ന പുതിയ ക്ഷേമനിധിയിൽ എണ്ണം തികഞ്ഞിട്ടില്ലെന്നും, ഇനിയും ചേരാൻ താല്പര്യമുള്ളവർ പേര് നൽകണമെന്നും അഭ്യർത്ഥിച്ചു.

അദ്ധ്യക്ഷ പ്രസംഗത്തിന് ശേഷം വാർഷികവും കുടുംബസംഗമവും സമാജം പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടിയും, ജനറൽ സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണനും ചേർന്ന് നിലവിളക്കു തെളിയിച്ചു ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ ഇരുവരും, സമൂഹത്തിൽ ഒരു ചെറിയ സമുദായമായിരുന്നിട്ടും, സുമനസ്സുകളായ അംഗങ്ങളുടെ സഹകരണം കൊണ്ടും പ്രോത്സാഹനം കൊണ്ടുമൊക്കെ ശാഖയിൽ അനവധി വികസന പ്രവർത്തനങ്ങളും, വിദ്യാഭ്യാസ/ ചികിത്സാ/ പെൻഷൻ സഹായങ്ങളും  നടത്തുവാൻ സാധിക്കുന്നതിൽ അങ്ങേയറ്റം സന്തോഷം പ്രകടിപ്പിച്ചു. സമാജത്തിനു കീഴിൽ നടക്കുന്ന പ്രവർത്തനങ്ങളെ പറ്റിയും ഗഹനമായ വിവരങ്ങളും നൽകി. കൂടാതെ ശാഖ പ്രവർത്തനത്തിന് വേണ്ട വിലയേറിയ അഭിപ്രായങ്ങളും നൽകി. അതിനു ശേഷം സെക്രട്ടറി ശ്രീ സന്തോഷ് കുമാർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. 2022-2023 സാമ്പത്തിക വർഷക്കാലത്തെ വരവ് ചെലവ് കണക്ക് ട്രഷറർ ശ്രീ എം ഡി രാധാകൃഷ്ണൻ അവതരിപ്പിക്കുകയും, ഒപ്പം ചർച്ച നടക്കുകയും ചെയ്തു. പൊതു യോഗത്തിൽ നിന്നും അറിയിച്ച ചില നിർദ്ദേശങ്ങളോടെ റിപ്പോർട്ടും കണക്കും പാസ്സാക്കി.

വാർഷികത്തോടനുബന്ധിച്ചു ശാഖയിലെ 80 വയസ്സ് കഴിഞ്ഞ മുതിർന്ന അംഗങ്ങളെ ആദരിക്കുകയുണ്ടായി.  ശ്രീ RLV ദാമോദരപിഷാരോടി, ശ്രീ ടി വി ബാലകൃഷ്ണ പിഷാരോടി, ശ്രീ ഗോവിന്ദൻകുട്ടി, ശ്രീമതി ലീല ഗോവിന്ദൻകുട്ടി, ശ്രീ കെ പി കൃഷ്ണൻകുട്ടി എന്നിവരെയാണ് ആദരിച്ചത്.

വാർഷികത്തിൽ മുഖ്യ അതിഥിയായെത്തിയ നമ്മുടെ സമുദായത്തിന് അഭിമാനമായ പ്രശസ്ത സിനിമ താരം ശ്രീ രമേശ് പിഷാരോടിയും, പിന്നണി ഗായിക ശ്രീമതി ചിത്ര അരുൺ എന്നിവർ ആശംസകൾ പങ്കുവെച്ചു. ശ്രീ രമേശ് പിഷാരോടി നർമ്മവും എന്നാൽ കാര്യമാത്ര പ്രസക്തവുമായ തന്റെ മുൻകാല സമാജ പ്രവർത്തനങ്ങളും, നമ്മുടെ സമുദായം ഇന്ന് നേരിടുന്ന പ്രശ്നങ്ങളെയും കുറിച്ച് സംസാരിച്ചു. ഇന്നത്തെ കാലത്തു എല്ലാവരും സോഷ്യൽ മീഡിയയിൽ കൂടുതൽ സമയം ചിലവിടുന്നതിനാൽ, സമുദായത്തിനും ഒരു ഡിജിറ്റൽ സ്പേസ് വേണ്ടത് അത്യാവശ്യമാണെന്നും അഭിപ്രായപ്പെട്ടു. ഇരുവർക്കും ശാഖയുടെ സ്നേഹോപഹാരം നൽകി. കേന്ദ്ര ഭാരവാഹികളായ ശ്രീ കെ പി രവി (PP & TDT ട്രഷറർ), ശ്രീ വി പി മധു (PE & WS വൈസ് പ്രസിഡണ്ട്, ചൊവ്വര), ശാഖ രക്ഷാധികാരി ശ്രീ K N ഋഷികേശ് പിഷാരോടി, വൈസ് പ്രസിഡണ്ട് ശ്രീമതി അനിത രവീന്ദ്രൻ എന്നിവരും ആശംസകൾ നേർന്നു. വാർഷികം ശാഖയിലെ സെലിബ്രിറ്റി ആർട്ടിസ്റ്റുകളാൽ സമ്പന്നമായിരുന്നു. ഇതിൽ സിനിമ രംഗത്ത് നിന്നും ശ്രീ രമേശ് പിഷാരോടി, നൃത്തരംഗത്തെ ശ്രീമതി സൗമ്യ ബാലഗോപാൽ, ശാലിനി ഹരികുമാർ, സൗമ്യ സതീഷ് എന്നിവരും, സംഗീത മേഖലയിലെ ശ്രീമതി പ്രീത രാമചന്ദ്രൻ, ചിത്ര അരുൺ എന്നിവരും, കഥകളി മേഖലയിൽ നിന്നും RLV ദാമോദര പിഷാരോടി, അഡ്വ. രഞ്ജിനി സുരേഷ് മുതലായവർ പങ്കെടുത്തു. തുടർന്ന് കമ്മിറ്റി മെമ്പർ ശ്രീ സന്തോഷ് കൃഷ്ണന്റെ നന്ദിപ്രകാശനത്തോടെ ഔപചാരിക വാർഷിക സമ്മേളനത്തിന് സമാപനമായി.

ചായസത്കാരത്തിനു ശേഷം കലാപരിപാടികളുടെ ഉദ്ഘാടനം ശ്രീമതി ചിത്ര അരുൺ തന്റെ ശ്രുതിമധുരമായ ശബ്ദത്താൽ ഒരു ഗാനാലാപനത്തോടെ നിർവ്വഹിച്ചു . സൗമ്യ ബാലഗോപാൽ, ദീപ്തി സാജൻ എന്നിവരുടെ നൃത്തം, സതി ജയരാജൻ, വിഷ്ണു ഹരികുമാർ, ശാലിനി ഹരികുമാർ എന്നിവരുടെ കവിതാലാപനം, ഉഷ നാരായണന്റെ കഥകളി പദം എന്നിവ അരങ്ങേറി. തുടർന്ന് ശാഖയുടെ ഊർജ്ജസ്വലരായ ഗാനമേള ടീമിന്റെ മികച്ച നിലവാരം പുലർത്തിയ കരോക്കെ ഗാനമേള, ഒപ്പം ഭാവി വാഗ്ദാനങ്ങളാകേണ്ട യുവജനങ്ങളുടെ നേതൃത്വത്തിലുള്ള ഫ്യൂഷൻ ബാൻഡ് എന്നിവ വാർഷികാഘോഷത്തെ മികവുറ്റതാക്കി. കരോക്കെ ഗാനമേളയിലും ഫ്യൂഷൻ ബാൻഡിലും പങ്കെടുത്തവർ – പ്രീത രാമചന്ദ്രൻ, സതീശനുണ്ണി, ഋഷികേശ് പിഷാരോടി, ദിനേശ് S പിഷാരോടി, കെ പി സോമചൂഢൻ, വൈശാഖ് വിജയകുമാർ, ശ്രീവിദ്യ പിഷാരോടി, ദീപ്‌തി ദിനേശ് ( കീബോർഡ്‌ ), ഗോപീകൃഷ്ണൻ ( ഡ്രംസ് ), സിദ്ധാർഥ് പിഷാരോടി ( ഗിറ്റാർ ) , ആനന്ദ് ഉണ്ണികൃഷ്ണൻ ( വയലിൻ ).

കലാപരിപാടികളിലും മറ്റും പങ്കെടുത്തവർക്ക് ശാഖയുടെ സ്നേഹ സമ്മാനങ്ങൾ നൽകി. സ്വാദിഷ്ടമായ രാത്രി ഭക്ഷണത്തിനു ശേഷം വാർഷികാഘോഷവും കുടുംബസംഗമവും പര്യവസാനിച്ചു.

To see Varshikam Pictures, please click on the gallery link below.

https://samajamphotogallery.blogspot.com/2023/05/2023.html

 

Pl click on the you tube link to view samajam annual program footages.

0

Leave a Reply

Your email address will not be published. Required fields are marked *