മാലതിടീച്ചർക്ക് ഒരു ദേശത്തിന്റെ സ്നേഹാദരവും യാത്രയയപ്പും

പഴുവിൽ തെക്കേ പിഷാരത്ത് ശ്രീമതി ടി. പി മാലതിക്ക് പഴുവിൽ നാട് ഗംഭീരമായ യാത്രയയപ്പും സ്നേഹാദരവും നൽകി. 22-05-2022 ഞായറാഴ്ച്ച ശ്രീ എൻ.ജി. ജയരാജ്‌ കൺവീനർ ആയി ചാഴൂർ പഞ്ചായത്തും ദേശവാസികളും ചേർന്ന് സംഘടിപ്പിച്ച സംഘാടക സമിതിയാണ് ആദര, പുരസ്‌കാരങ്ങൾ നൽകിയത്.

നാൽപ്പത് വർഷത്തിലേറെയായി ദേശത്തെ പ്രകാശ് അംഗൻവാടിയിൽ ഹെൽപ്പറായി സേവനമനുഷ്ടിച്ചതിനുള്ള നാടിന്റെ നന്ദിയും സ്നേഹവുമാണ് ഈ ആദരത്തിലൂടെ സമർപ്പിച്ചത്. ഹെൽപ്പർ ആയിരുന്നെങ്കിലും അവരെ എല്ലാവരും ടീച്ചർ എന്നാണ് വിളിച്ചത്.

നാൽപ്പത് വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ അംഗൻ വാടികൾ വ്യാപകമായി ആരംഭിച്ച സമയത്താണ് ശ്രീമതി മാലതിക്കും സഹ പ്രവർത്തകയായ ശ്രീമതി ജലജക്കും അവിടെ ജോലി ലഭിക്കുന്നത്. ചാഴൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന പഴുവിൽ ദേശത്ത് നാട്ടുകാരുടെ സഹായത്താൽ സ്ഥാപിച്ച പ്രകാശ് അംഗൻ വാടിയിൽ അവർ ജോലിയിൽ ചേരുമ്പോൾ ഒരു ഓലഷെഡ്ഡ് മാത്രമായിരുന്നു. അതും വാടകക്ക്. അതിൽ ഇവരായിരുന്നു ആദ്യത്തെ ജീവനക്കാർ.

നാട്ടുകാരുടെ സ്ഥിരോൽസാഹത്തിന്റെ പ്രതിഫലനമായി ഇന്ന് പഞ്ചായത്തിലെ ഏറ്റവും മുഖ്യമായ അംഗൻവാടിയാണ് ഇത്. സ്വന്തം സ്ഥലം. കെട്ടിടം. ഇപ്പോൾ ശീതീകരിക്കുകയും ചെയ്തിരിക്കുന്നു.

മാലതിയും ജലജയും ഈ നാൽപ്പത് വർഷത്തിൽ ഏറെയായി അവിടെ ആദ്യാക്ഷരങ്ങൾ പഠിക്കാനെത്തിയ കുഞ്ഞുങ്ങൾക്ക് വെറും ഹെൽപ്പറും ടീച്ചറും മാത്രമായിരുന്നില്ല. അക്ഷരങ്ങൾ നൽകി, കളിപ്പാട്ടങ്ങൾ നൽകി, അവരുടെ കുഞ്ഞു പരിഭവങ്ങൾക്ക് ക്ഷമയോടെയും സ്നേഹത്തോടെയും പരിഹാരം നൽകി, സമയത്ത് ഭക്ഷണം നൽകി, കിടത്തി ഉറക്കിയിരുന്ന രണ്ടാം അമ്മമാർ കൂടിയായിരുന്നു. ഇതേ ചിന്തയും സുരക്ഷിതത്വബോധവും അവരെപ്പറ്റി രക്ഷാകർത്താക്കൾക്കും ഉണ്ടായിരുന്നു.

പ്രകാശ് അംഗൻവാടിയിൽ ആദ്യ കാലത്ത് വിദ്യാർഥികൾ ആയിരുന്നവരിൽ പലരും ജീവിതത്തിന്റെ ഉന്നത നിലകളിൽ എത്തി. അവരുടെ കുട്ടികളും ഇതേ അംഗൻവാടിയിൽ ആദ്യ വിദ്യാഭ്യാസത്തിനെത്തി. തലമുറയിൽനിന്നും തലമുറയിലേക്ക് പകരുന്ന സ്നേഹക്കരുതൽ അവരും ഏറ്റുവാങ്ങി.

ശ്രീമതി മാലതി കഴിഞ്ഞ വർഷം വിരമിച്ചെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ മൂലം യാത്രയയപ്പ് നടന്നില്ല. ഇപ്പോൾ കോവിഡ് നിയന്ത്രങ്ങൾ അകന്നതോടെയാണ് യാത്രയയപ്പ് സംഘാടകസമിതി രൂപീകരിക്കപ്പെട്ടത്.

പഞ്ചായത്ത് ഭരണാധികാരികൾ, വിവിധ രാഷ്ട്രീയ പ്രമുഖർ, പൗര പ്രമുഖർ, മുൻ വിദ്യാർത്ഥികളടക്കമുള്ള നാട്ടുകാർ എന്നിങ്ങനെ വിപുലമായ സദസ്സിനെയും വേദിയെയും സാക്ഷ്യമാക്കി സംഘാടക സമിതി ചെയർ പേഴ്സൺ ശ്രീമതി ദീപ വസന്തന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമിതി കൺവീനർ ശ്രീ എൻ. ജി. ജയരാജ് സ്വാഗതം പറഞ്ഞു. ചാഴൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ.വി. ഇന്ദുലാൽ ഉദ്ഘാടനം ചെയ്തു. ഒന്നോ രണ്ടോ കുട്ടികൾ മാത്രം ഉള്ള വീടുകളിൽ ഓരോ കുട്ടിയേയും നോക്കി വളർത്താനുള്ള ബുദ്ധിമുട്ട് നമുക്കെല്ലാവർക്കും അറിയാം. ആ ബുദ്ധിമുട്ടുകൾ കുട്ടികൾ വളരുന്നത് വരെയേ ഉള്ളൂ. എന്നാൽ 40 വർഷത്തിലധികമായി അംഗൻ വാടിയിൽ ഉള്ള ഓരോ കുട്ടിയേയും വളരെ ശ്രദ്ധയോടെ പരിപാലിച്ചതിന്റെ നന്ദി സ്മരണ എല്ലാവരിലും ഉള്ളത് കൊണ്ടാണ് ഈ ആദരണത്തിന് നാടൊരുമിച്ച് മുന്നോട്ടിറങ്ങിയത് എന്ന് ശ്രീ ഇന്ദുലാൽ പറഞ്ഞു. തുടർന്ന് ശ്രീമതി മാലതിയെ ആദരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീന പറയങ്ങാട്ടിൽ സ്നേഹോപഹാരങ്ങളായ ഫലകവും പൊൻവളയും സമർപ്പിച്ചു.

ശ്രീ എൻ. എൻ. ജോഷി ശ്രീ കെ. രാമചന്ദ്രൻ, ശ്രീമതി പ്രിയ ഷോബിരാജ്, ശ്രീ കെ. കെ. വിദ്യാനന്ദൻ, ശ്രീ ഉല്ലാസ് കണ്ണോളി, ശ്രീ സി. എം. പരമേശ്വരൻ, ശ്രീ എൻ. എം. മോഹൻദാസ് എന്നിവർ ആശംസകൾ അർപ്പിച്ചു. തുടങ്ങിയ കാലം മുതൽ നാളിതുവരെ നാട്ടുകാർ നൽകിയ ശക്തമായ സഹകരണങ്ങൾ കൊണ്ട് മാത്രമാണ് ഈ അംഗൻ വാടി വളരെ നന്നായി കൊണ്ട് പോകാൻ സാധിക്കുന്നത് എന്ന് മറുപടി ഭാഷണത്തിൽ ശ്രീമതി മാലതി ടീച്ചർ പറഞ്ഞു. അതിന്റെ തുടക്കം മുതൽ ഒപ്പമുണ്ടാകാൻ സാധിച്ചത് എന്റെ ഭാഗ്യം. ഇങ്ങനെ ഒരു ആദരം തന്നതിൽ നിങ്ങളോരോരുത്തരോടും ഞാൻ കടപ്പെടുന്നു.

സംഘാടക സമിതി ട്രഷറർ ശ്രീ കെ.വി മുരളീധരൻ നന്ദി പറഞ്ഞു.

ശ്രീമതി ടി. പി മാലതിയുടെ മകൻ പ്രവീൺ (ഗൾഫ്).

സഹോദരങ്ങൾ: സതി, രവീന്ദ്രൻ, ഗോപൻ പഴുവിൽ

തൃശൂർ ശാഖ അംഗമാണ് ശ്രീമതി മാലതി ടീച്ചർ. ടീച്ചർക്കുള്ള ഒരു നാടിന്റെ ആദരത്തോടൊപ്പം പിഷാരോടി സമാജവും പങ്കു ചേരുന്നു.

6+

2 thoughts on “മാലതിടീച്ചർക്ക് ഒരു ദേശത്തിന്റെ സ്നേഹാദരവും യാത്രയയപ്പും

  1. ടീച്ചർക്ക്‌ അഭിനന്ദനങ്ങൾ, ആശംസകൾ!

    0

Leave a Reply

Your email address will not be published. Required fields are marked *