കുമാർ & കുമാർ

Vijayan Alangad

 

 

 

 

ഞങ്ങളുടെ കമ്പിനിയിൽ(BPCL, Kochi) 6,000/- കോടി രൂപയുടെ ഒരു പുതിയ പ്ലാൻ്റിൻ്റെ പണി പൂർത്തിയായി കമ്മീഷൻ ചെയ്യുന്ന തിരക്കിലാണ്. ഞാൻ ജോലി ചെയ്യുന്നത് മറ്റൊരു പ്ലാൻ്റിലാണ്.

ഒരു ദിവസം കമ്പിനിയിൽ ഈവനിംഗ് ഷിഫ്റ്റ് ഡ്യൂട്ടിക്കായി ഞങ്ങളുടെ ക്യാബിനിൽ എത്തി. ‘Day’ ഷിഫ്റ്റിലുള്ളയാൾ ഡ്യൂട്ടി എനിക്ക് റിലീവ് ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് എനിക്ക് ഒരു ഫോൺ കോൾ വന്നു. ഞങ്ങളുടെ ബോസായ ജനറൽ മാനേജറുടെ ഫോണായിരുന്നു അത്.

മറുതലയിൽ നിന്നും ബോസിൻ്റെ ഒരു ചോദ്യം. പുതിയ പ്ലാൻ്റിലെ കമ്മീഷനിംങ്ങ് ജോലിയുടെ മേൽനോട്ടത്തിനായി വന്ന ഒരു കുമാറിനെ അറിയുമോ? അപ്പോൾത്തന്നെ ഞാൻ കുമാറിനെ അറിയാം എന്നും അദ്ദേഹത്തിൻ്റെ മുഴുവൻ പേര് ശ്രീകുമാർ എന്നാണെന്നും പറഞ്ഞു. പക്ഷെ അദ്ദേഹം ചോദിച്ചത് ഇപ്പറഞ്ഞ ശ്രീകുമാറിനെ  അറിയുമോ എന്നല്ല, ഒരു പത്മകുമാറിനെ അറിയാമോ എന്നാണ്.

പെട്ടെന്ന് ആലോചിച്ചപ്പോൾ ഒരെത്തും പിടിയും കിട്ടിയില്ല. ഒരാളെ, അതും പെട്ടെന്ന് പിടികിട്ടാത്തതു കൊണ്ട് തന്നെ ഞാൻ കുറച്ച് നേരം ആലോചനയിൽ മുഴുകി. വളരെ തിരക്കുള്ള ആളാണ് ഫോണിൻ്റെ അങ്ങേ അറ്റത്ത് എന്നതിനാൽ തന്നെ അദ്ദേഹം ഉടൻ മറ്റൊരു കാര്യം കൂടി പറഞ്ഞു. വിജയനെ അദ്ദേഹം അന്വേഷിച്ചു എന്ന്. അതെന്നെ കൂടുതൽ ചിന്താക്കുഴപ്പത്തിലാക്കി.

പുതിയ പ്ലാൻ്റിൻ്റെ നിർമ്മാണക്കരാർ എടുത്തിരിക്കുന്നത് മൂന്ന് വലിയ കമ്പിനികൾ മാത്രമാണ്. അതിലൊരു കമ്പിനിയിലെ ഇവിടുത്തെ പ്രധാന ചുമതല വഹിക്കുന്ന ഞാനറിയുന്ന ശ്രീകുമാറല്ലാതെ മറ്റൊരു കുമാറിനെ എനിക്ക് പെട്ടെന്ന് ഓർമ്മ വന്നില്ല.എനിക്ക് തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്ന് കണ്ടപ്പോൾ ബോസ് ത്തന്നെ പറഞ്ഞുത്തന്നു ആരാണീ കുമാറെന്ന്. എൻ്റെ വൈഫിൻ്റെ സ്വന്തക്കാരനാണെന്നും, മൂഴിക്കുളം അമ്പലത്തിനടുത്താണ് വീടെന്നും പറഞ്ഞപ്പോൾ മാത്രമാണ് ആരാണീ കുമാറെന്ന് എനിക്ക് മനസ്സായത്. അദ്ദേഹം മറ്റാരുമല്ല, കുഞ്ഞുമോൻ ചേട്ടൻ എന്ന് ഞങ്ങൾ വിളിക്കുന്ന സാക്ഷാൽ പത്മകുമാറേട്ടൻ. മനസ്സിലുറച്ചത് കുഞ്ഞുമോൻ ചേട്ടൻ എന്നായതാണ് പ്രശ്നമായത്.

ഇതൊക്കെ പറഞ്ഞു വന്നത്, കരാറെടുത്ത ഏറ്റവും വലിയ മൾട്ടി നാഷണൽ കമ്പിനിയായ ‘പെട്രോഫാക്കിൻ്റെ’ ഇവിടുത്തെ പ്രധാന ചുമതല അവസാനഘട്ടത്തിൽ അദ്ദേഹത്തെയാണ് ഏൽപ്പിച്ചിരിക്കുന്നത്. എൻ്റെ ബോസാണ് BPCL ഭാഗത്തും നിന്നും ചുമതലയുള്ളയാൾ. തൽക്കാലം ഞാൻ എന്റെ ഡ്യൂട്ടി കൈമാറ്റത്തിന്റെ തിരക്കുകളിലേക്ക് തിരിച്ചു പോയി.

ഈ ഫോൺ സംഭാഷണം കഴിഞ്ഞ് അര മണിക്കൂറിനകം GM എൻ്റെയടുത്ത് വന്ന് എന്നേയും കൂട്ടി അദ്ദേഹത്തെ കാണുവാൻ പോയി. പോകുന്ന വഴിയിൽ വെച്ചുള്ള സംഭാഷണത്തിലാണ് ഏകദേശം 1000 കോടിയോളം രൂപയുടെ കരാറാണ് ഈ കമ്പിനിക്കുളതെന്നും അതിൻ്റെ മൊത്തം ചുമതല കുഞ്ഞുമോൻ ചേട്ടനുമാണെന്നറിയുന്നത്. ശരിക്കും എനിക്കഭിമാനിക്കാവുന്ന ഒരു കാര്യം. കാരണം ഈ വലിയ കമ്പിനിയുടെ തലപ്പത്തിരിക്കുന്നത് ഒരു പിഷാരോടി ആണെന്നുള്ളതാണ്.

മൂഴിക്കുളം തേക്കിൻക്കാട് TNR രാമപ്പൊതുവാളിൻ്റേയും സരസ്വതി പിഷാരസ്യാരുടേയും മകനായ ഇദ്ദേഹം വർഷങ്ങളായി ഇറാഖിൽ ഈ കമ്പിനിയുടെ തലപ്പത്ത് ജോലി ചെയ്യുന്നു. ഇത് മാത്രമല്ല അഭിമാനത്തിന് കാരണം, ഞാൻ നേരത്തെ പറഞ്ഞ ശ്രീകുമാർ പഴുവിൽ പിഷാരത്തെയാണ്. വയലൂർ നാരായണ പിഷാരോടിയുടേയും പഴുവിൽ ദേവകി പിഷാരസ്യാരുടേയും മകനായ ഇദ്ദേഹം വർഷങ്ങളായി വിവിധ കമ്പിനികളിൽ പ്രധാന മേൽനോട്ടം വഹിച്ചു വരുന്നയാളുമാണ്. ഇവിടെ അദ്ദേഹത്തിന് ‘Technicas’ എന്ന കമ്പിനിയുടെ ചുമതലയാണുള്ളത്. അതായത് കോടിക്കണക്കിന്ന് രൂപയുടെ കരാർ പണികൾ നടത്തുന്ന രണ്ടു പ്രമുഖ കമ്പിനികളുടെ ഇവിടത്തെ ഏറ്റവും വലിയ ചുമതലകൾ വഹിക്കുന്നവർ എൻ്റെ സ്വന്തക്കാർ ആണെന്നുള്ളതാണ്. വിരോധാഭാസം എന്തെന്നു വെച്ചാൽ ഈ രണ്ടുപേരും പരസ്പരം പരിചയപ്പെടുന്നത് അന്നായിരുന്നു. അതിന് ഈയുള്ളവനൊരു നിമിത്തമായിയെന്നു മാത്രം.

ഞാനിതെഴുതുന്നത് വളരെ കുറച്ചാളുകളെ പിഷാരോടി എന്ന കുടക്കീഴിൽ ഉള്ളൂവെങ്കിലും, അതിൽത്തന്നെ ഒരുപാടാളുകൾ പല മേഖലയിലും പല ഉന്നത നിലയിൽ ജോലി ചെയ്യുന്നുണ്ട് എന്നത് സൂചിപ്പിക്കുവാനാണ്. പഠനത്തിലും ജോലിയിലും ചെറിയ സംവരണത്തിനു പോലും അർഹതയില്ലെങ്കിലും നമ്മുടെ കൂട്ടത്തിലുള്ളവരുടെ വിജയകഥകൾ പുതിയ തലമുറക്ക് എന്നും പ്രചോദനമാകട്ടെ.🙏

14+

2 thoughts on “കുമാർ & കുമാർ

  1. I am extremely happy to hear this news & now it is our turn(our youth wing & also intelegentia who are not well employed ) to make use of this opportunity to the maximum extent possible seeking employment & better opportunity. Best wishes to Vijayan

    2+

Leave a Reply

Your email address will not be published. Required fields are marked *