തൃശൂർ ശാഖ 2022 മാർച്ച് മാസ യോഗം

തൃശൂർ ശാഖയുടെ മാർച്ച് മാസത്തെ യോഗം 20-03-2022ന് പ്രസ്സ് ക്ലബ്ബ്‌ റോഡ് ക്യാപിറ്റൽ എൻക്ലെവിൽ ലെഫ്. കേണൽ ഡോക്ടർ വി. പി. ഗോപിനാഥിന്റെ വസതിയായ വരദാസിൽ വെച്ച് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.

ഡോക്ടർ വി. പി. ഗോപിനാഥ് എല്ലാവർക്കും സ്വാഗതം ആശംസിച്ചു.ദേവിക വിജു പ്രാർത്ഥന ചൊല്ലി. ശ്രീമതി എ. പി. സരസ്വതിയുടെ നേതൃത്വത്തിൽ നാരായണീയം എഴുപത്തി ആറാമത് ദശകം എല്ലാവരും ചേർന്ന് ചൊല്ലി.

അകാലത്തിൽ അന്തരിച്ച അർജുന്റെയും കഴിഞ്ഞ മാസക്കാലയളവിൽ നിര്യാതരായ മറ്റെല്ലാവരുടെയും സ്മരണകൾക്ക് മുന്നിൽ മൗന പ്രണാമം നടത്തി.

അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീ വിനോദ് കൃഷ്ണൻ വരിസംഖ്യ പിരിവിനെ പറ്റി സംസാരിച്ചു. തൃശൂർ ശാഖയിൽ വെബ്സൈറ്റിലെ സെൻസസ് ഡാറ്റ ചേർക്കൽ നടപടി ഇത് വരെയും 350 മാത്രമേ ആയിട്ടുള്ളൂ എന്നും ബാക്കിയുള്ളവർ കൂടി എത്രയും വേഗം ചേർക്കേണ്ടതാണെന്നും അഭ്യർത്ഥിച്ചു.അതിന് വേണ്ടി ആത്മാർത്മമായി പരിശ്രമിച്ചു കൊണ്ടിരിക്കുന്ന ശ്രീ ശ്രീധരൻ പിഷാരോടിയെ പ്രത്യേകം അഭിനന്ദിച്ചു.

സെക്രട്ടറി ശ്രീ കെ. പി. ഗോപകുമാർ റിപ്പോർട്ടും ട്രഷറർ ശ്രീ ടി. പി. ഗോപി കണക്കും അവതരിപ്പിച്ചത് കൈയടികളോടെ പാസ്സാക്കി. സമാജം, സൊസൈറ്റി, തുളസീദളം എന്നിവക്കുള്ള ശാഖ അടക്കേണ്ട തുക അടച്ച വിവരം സെക്രട്ടറി അറിയിച്ചു.

വൈസ് പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടിയും സെൻസസ് പ്രവർത്തനങ്ങൾ എല്ലാവരെയും ചേർത്തുകൊണ്ട് എത്രയും പെട്ടെന്ന് അവസാനിപ്പിക്കേണ്ടതിനെ പറ്റി സംസാരിച്ചു. തുടർന്ന് കുലപതി കെ. പി. നാരായണ പിഷാരോടിയുടെ ചരമ വാർഷികത്തെ യോഗത്തെ അറിയിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ചു.

സമുദായം ഈ ഭൂമിയിൽ നില നിൽക്കുന്ന കാലത്തോളം സമുദായത്തെ കൂടി ഓർമ്മിപ്പിക്കുന്ന ചില ഉന്നത വ്യക്തികൾ ഇവിടെ ഉണ്ടായിട്ടുണ്ട്. അവരിൽ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് പണ്ഡിതരത്നം കെ. പി. നാരായണ പിഷാരോടിയെന്ന് ജനറൽ സെക്രട്ടറി ശ്രീ കെ. പി. ഹരികൃഷ്ണൻ അദ്ദേഹത്തെ പറ്റിയുള്ള സ്മരണകൾ പങ്ക് വെച്ചു കൊണ്ട് പറഞ്ഞു. സംസ്കൃത ഭാഷ ഇവിടെ നില നിൽക്കുന്ന കാലത്തോളം അതോടൊപ്പം നാരായണ പിഷാരോടിയുമുണ്ടാകും.അദ്ദേഹം ജനിച്ച സമുദായത്തിൽ തന്നെ ജനിക്കാൻ കഴിഞ്ഞത് നമ്മുടെ ഭാഗ്യം. അദ്ദേഹം നമ്മുടെ സമാജത്തോടൊപ്പം ഉണ്ടായിരുന്നു എന്നതും തുളസീദളം പത്രാധിപരായിരുന്നു എന്നതും നമ്മുടെ പരമഭാഗ്യം. അദ്ദേഹം നിര്യാതനായ ദിവസം മുഖ്യമന്ത്രി അടക്കമുള്ള വിശിഷ്ട വ്യക്തികൾ എത്തിയത് നമ്മൾ കണ്ടതാണ്. പത്മശ്രീ ഒഴികെയുള്ള ഒട്ടു മിക്ക സമുന്നത പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടി വന്നു. അദ്ദേഹത്തിന്റെ കുടുംബം ഇന്ന് സമുദായത്തിന്റെ ഉന്നതിക്ക് വേണ്ടി പ്രവർത്തിച്ചു കൊണ്ട് നമ്മോടൊപ്പം ഉണ്ട് എന്നും പറഞ്ഞു.

തുടർന്ന് സമാജം ആസ്ഥാന മന്ദിരം അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ചു സംഭാവന ചെയ്തത് പോലെ ശ്രീ ടി. പി. മോഹന കൃഷ്ണൻ ഗുരുവായൂർ ഗസ്റ്റ് ഹൗസിലും അനിവാര്യമായ കാലാനുസൃത മാറ്റങ്ങൾ ഉൾക്കൊണ്ട് ഉന്നത നിലവാരം പുലർത്തുന്ന ഓഡിറ്റോറിയം പണിയുന്നതടക്കമുള്ള പ്രവർത്തനങ്ങൾ ചെയ്തു തരുവാൻ സന്നദ്ധത പ്രകടിപ്പിച്ചു കൊണ്ട് മുന്നോട്ട് വന്നിട്ടുള്ള കാര്യം ശ്രീ ഹരികൃഷ്ണൻ യോഗത്തെ അറിയിച്ചു. അതോടൊപ്പം തൃശൂർ ശാഖ അംഗം കൂടിയായ ശ്രീ രവികുമാർ അവിടെ ഒരു മുറിയെ കൂടുതൽ മനോഹരമാക്കാൻ ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്ത് തരുവാൻ തയ്യാറായി വന്നിട്ടുണ്ട് എന്നും. രണ്ട് പേരോടും പ്രത്യേകം നന്ദി അറിയിച്ചു. ഇനിയും ഇത് പോലെയുള്ള സുമനസ്സുകളുടെ സഹകരണം ഉണ്ടായാൽ എല്ലാ മുറികളും നമുക്ക് ഭംഗിയാക്കാൻ കഴിയുമെന്നും, ഏതു പ്രതിസന്ധി ഘട്ടത്തിലും തളർന്നു പോകാതെ എല്ലാ കാലത്തും ഒരേ പോലെ ആത്മ വിശ്വാസത്തോടെ പ്രവർത്തിക്കാൻ കരുത്തു പകർന്ന നമ്മുടെ മുൻ ഗാമികൾ തെളിയിച്ച പാതയിലൂടെ തന്നെ ഒറ്റക്കെട്ടായി ഇപ്പോഴുള്ളവരും പ്രവർത്തിക്കുന്നു എന്നുള്ള വിശ്വാസം തന്നെയാണ് ഈ സന്മനസ്സുകൾക്ക് ആവശ്യമറിഞ്ഞ് സഹായിക്കാനുള്ള അഭിരുചി ഉണ്ടാക്കുന്നത് എന്നും പറയുകയുണ്ടായി.

മരണാനന്തര ചടങ്ങുകൾ ഒരു പെൺകുട്ടിയെക്കൊണ്ട് ചെയ്യിപ്പിച്ച് തൃശൂർ ശാഖ ചടങ്ങുകളിൽ ആദ്യമായി ഒരു മാറ്റം വരുത്തിയ കാര്യവും ശ്രീ ഹരികൃഷ്ണൻ പറഞ്ഞു. ഒപ്പം ശ്രാദ്ധത്തിന്റെ പ്രാധാന്യത്തെ പറ്റിയും അത് നില നിർത്തേണ്ടതിനെ പറ്റിയും വിശദീകരിക്കുകയും ചെയ്തു.

തുടർന്ന് യോഗത്തിൽ വിശിഷ്ട അതിഥികൾ ആയി എത്തിയ തുളസീദളം മുൻ മാനേജരും പി പി &ടി ഡി ടി അംഗവുമായ ശ്രീ മോഹനൻ, തുളസീദളം അസിസ്റ്റന്റ് മാനേജരും കൊടകര ശാഖ അംഗവുമായ ശ്രീ രാമചന്ദ്രൻ, തുളസീദളം പത്രാധിപ സമിതി അംഗവും ചൊവ്വര ശാഖ അംഗവുമായ ശ്രീ കെ. എൻ. വിജയനും യോഗത്തിനും ശാഖക്കും ആശംസകൾ നേർന്നു സംസാരിച്ചു.

ശ്രീ കെ. പി ബാലകൃഷ്ണ പിഷാരോടി, ശ്രീ സി. പി. അച്യുതൻ, ശ്രീ മോഹന കൃഷ്ണൻ,ശ്രീ രാജേഷ്, ശ്രീമതി ശ്യാമള ഡോക്ടർ വി പി ഗോപിനാഥ്, തുളസീദളം മാനേജർ ശ്രീ ആർ പി രഘുനന്ദനൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു കൊണ്ട് സംസാരിച്ചു.

ശാഖയുടെ മഹിളാ വിഭാഗം രൂപീകരിച്ചു. ശ്രീമതിമാർ എ. പി. സരസ്വതി, ഭാഗ്യലക്ഷ്മി മോഹൻദാസ്, ശ്യാമള ഗോപിനാഥ്, ഉഷ രാമചന്ദ്ര പിഷാരോടി, ജ്യോതി ബാബു, പ്രഭ ഗോപി, രഞ്ജിനി ഗോപി, പി. ജി. സുനിത എന്നിവരാണ് മഹിളാ വിഭാഗം ഭാരവാഹികൾ.

ഉടനെ തന്നെ യുവജന വിഭാഗവും പുന:സംഘടിപ്പിക്കും എന്ന് ശ്രീ രാമ ചന്ദ്ര പിഷാരോടി അറിയിച്ചു.

വിനോദ യാത്ര സംഘടിപ്പിക്കാൻ തീരുമാനിച്ചു. അതിന്റെ ചുമതല ശ്രീമതിമാർ രഞ്ജിനി ഗോപി, ജ്യോതി ബാബു എന്നിവരെ ഏൽപ്പിച്ചു. ശാഖാ വാർഷികം മെയ് മാസത്തിൽ നടത്താൻ തീരുമാനമായി. ക്ഷേമ നിധി നടത്തി. ശ്രീ സുരേഷ് പിഷാരോടിയുടെ നന്ദിയോടെ ഉച്ചക്ക് ഒരു മണിക്ക് യോഗം സമാപിച്ചു.

സെക്രട്ടറി

കെ. പി. ഗോപകുമാർ

1+

Leave a Reply

Your email address will not be published. Required fields are marked *