എറണാകുളം ശാഖ 2022 മാർച്ച് മാസ യോഗം

എറണാകുളം ശാഖയുടെ മാർച്ച് മാസ യോഗം 13.3.2022 ഞായറാഴ്ച തേവക്കൽ ശ്രീ എം ആർ മുരളീധര പിഷാരോടിയുടെ വസതിയായ ശിവകൃപയിൽ വച്ച് നടന്നു.

ശ്രീമതി പ്രീതി ദിനേശിന്റെ നാരായണീയ പാരായണത്തോടെ യോഗ നടപടികൾക്ക് തുടക്കം കുറിച്ചു. ശ്രീ. സന്തോഷ്‌ കുമാർ എം യോഗത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു.

ഹൈദരാബാദിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അർജുന്റെ നിര്യാണത്തിലും ഈ കാലയളവിൽ അന്തരിച്ച മറ്റു സമുദായ അംഗങ്ങൾക്കും സ്മരണാഞ്ജലി അർപ്പിച്ചു.

ഡോ. രാം കുമാറിന്റെ അധ്യക്ഷപ്രസംഗത്തിൽ അർജുൻ ചികിത്സാ ഫണ്ടിലേക്ക് സംഭാവന നൽകിയവർക്ക്‌ നന്ദി അറിയിച്ചു. മുന്നോക്ക സമുദായങ്ങൾക്ക് ഉപകാരപ്രദമായ ഗവൺമെന്റ് പദ്ധതികളെക്കുറിച്ചും അതിനെ പ്രായോഗികതലത്തിൽ എത്തിക്കാനുള്ള കാര്യങ്ങളെക്കുറിച്ചും പലർക്കും അറിയുന്നില്ല. അതിനാൽ അത്തരം പദ്ധതികൾ ഉപകാരപ്പെടുത്തുന്നതിനായി ഒരു ഹെൽപ് ഡെസ്ക് ആരംഭിച്ചിട്ടുണ്ടെന്നും എന്ത് സഹായത്തിനും അവർ കൂടെ ഉണ്ടാവും എന്നും രാംകുമാർ അറിയിച്ചു. ഗവൺമെന്റ് സ്കീമുകളെ കുറിച്ച് കൂടുതൽ അറിയാൻ പല മേഖലകളിൽ പ്രാവീണ്യം നേടിയവരുടെ ഹെൽപ്‌ഡെസ്‌ക് ഉണ്ടാക്കുവാൻ ശ്രമിക്കുന്നതായും യോഗത്തിൽ പരാമർശിച്ചു. തുളസീദളം ലാഭത്തിൽ പ്രവർത്തിക്കുന്നു എന്ന സന്തോഷകരമായ വാർത്തയും മീറ്റിങ്ങിൽ പങ്കുവെച്ചു. കല്യാണം ജന്മദിനം തുടങ്ങിയ വിശേഷാവസരങ്ങളിൽ വെബ്സൈറ്റ്, തുളസിദളം എന്നിവയിൽ നൽകിവരുന്ന കോംബോ ഓഫർ എല്ലാവരും ഉപയോഗിക്കണമെന്ന് രാംകുമാർ ഓർമിപ്പിച്ചു. എറണാകുളം ശാഖ അംഗം അല്ലെങ്കിലും എറണാകുളം പരിധിയിൽ താമസിക്കുന്ന സമുദായ അംഗങ്ങളെയും കൂടി ഉൾപ്പെടുത്തി സെൻസസ് പൂർത്തിയാക്കേണ്ടതാണ് എന്നും ശാഖയുടെ അതിർവരമ്പുകൾ ഒഴിവാക്കി പിഷാരടിമാർ എല്ലാവരും ഒന്ന് ചേർന്നു പ്രവർത്തിക്കേണ്ട ഒരു ശൈലി വരേണ്ടതുണ്ട് എന്നും രാംകുമാർ അഭിപ്രായപ്പെട്ടു.

എറണാകുളം ശാഖയുടെ വാർഷികാഘോഷം മെയ് എട്ടിന് നടത്താൻ ആലോചിക്കുന്ന കാര്യവും യോഗത്തിൽ ചർച്ചാവിഷയമായി. കോവിഡ് പശ്ചാത്തലത്തിൽ വാർഷികം നടത്താൻ കഴിയാതിരുന്നതിനാൽ താൽക്കാലികമായി പഴയ കമ്മിറ്റി തുടർന്ന് പോരുകയായിരുന്നു ഇനി പുതിയ ഭരണസമിതി വരേണ്ടതുണ്ട്. പല പേരുകളും ചർച്ചയിൽ ഉന്നയിക്കപ്പെട്ടു എങ്കിലും വരുന്ന മീറ്റിങ്ങുകളിൽ ചർച്ച ചെയ്ത് പുതിയ ഭരണസമിതിയെ കണ്ടെത്തേണ്ടതാണ് എന്ന് ഓർമ്മിപ്പിച്ചു. വനിതാപ്രാതിനിധ്യം ഭരണസമിതിയിൽ ഉണ്ടാകണം എന്ന ആശയം രാംകുമാർ പങ്കുവച്ചു. വാർഷികത്തിന് കലാപരിപാടികൾ അവതരിപ്പിക്കാൻ എല്ലാവരും മുന്നോട്ട് വരണം എന്ന് അഭിപ്രായപ്പെട്ടു കലാപരിപാടികളുടെ നേതൃ ചുമതല ശ്രീമതി മിനി മന്മഥൻ, ശ്രീ. സതീശൻ ഉണ്ണി, ശ്രീമതി ദീപ വിജയകുമാർ എന്നിവർക്ക് നൽകി. ഇടപ്പള്ളി എൻ.എസ്.എസ് ഹാൾ വാർഷികത്തിന് ബുക്ക് ചെയ്യാം എന്ന തീരുമാനത്തിൽ എത്തിച്ചേർന്നു.

പി.എ.പിഷാരോടി ക്യാൻസർ ചികിത്സ സഹായത്തിന് അപേക്ഷ ക്ഷണിച്ച വിവരം രാംകുമാർ യോഗത്തിൽ പറഞ്ഞു. ഗസ്റ്റ് ഹൗസ് പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നുണ്ടെന്നും ഇനിയും ഗസ്റ്റ് ഹൗസ് പ്രയോജനപ്പെടുത്തണമെന്നും സ്കീം എടുക്കാത്തവർ അതിൽ പങ്കാളികളാകണമെന്ന് പറയുകയുമുണ്ടായി. നമുക്കിടയിലുള്ള കലാകാരന്മാരെ സഹായിക്കുന്നതിനായി വിവിധ അമ്പലങ്ങളിൽ അവരുടെ പരിപാടികൾ അവതരിപ്പിക്കാൻ ക്ഷേത്ര കമ്മിറ്റികളിൽ വേണ്ട നിർദ്ദേശങ്ങൾ നൽകണമെന്നും കൂട്ടിച്ചേർത്തു.

പ്രവർത്തനമികവ് കാഴ്ചവെക്കാൻ പറ്റുന്നവർ പുതിയ കമ്മിറ്റിയിലേക്ക് കടന്നുവരണമെന്നും എന്ത് സഹായത്തിനും ഒപ്പം ഉണ്ടാകുമെന്നും വൈസ് പ്രസിഡണ്ട് ശ്രീമതി അനിത രവീന്ദ്രൻ അഭിപ്രായപ്പെട്ടു. സ്ത്രീപുരുഷഭേദമന്യേ എല്ലാവരും ശാഖാ പ്രവർത്തനങ്ങളിൽ മുഴുകണം എന്ന് ശ്രീ രാധാകൃഷ്ണനും പറഞ്ഞു.

വനിതാദിനത്തിൽ ബെസ്റ്റ് വുമൺ പോസ്റ്റ് മാസ്റ്റർ ആയി തെരഞ്ഞെടുക്കപ്പെട്ട എറണാകുളം ശാഖ അംഗം ശ്രീമതി ആർ. ഹേമലതയെ ശാഖ അഭിനന്ദിച്ചു.

പൊതുമാസ യോഗത്തിന്റെ സമയം നാലുമണി ആക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും യോഗത്തിൽ പരാമർശിച്ചു. സെക്രട്ടറി കൃഷ്ണകുമാർ കഴിഞ്ഞമാസ റിപ്പോർട്ട് അവതരിപ്പിച്ച് യോഗം പാസാക്കി. അർജുന്റെ ചികിത്സാ സഹായധനം സമാഹരിക്കുന്നതിന് പ്രയത്നിച്ച അനിത രവീന്ദ്രന് സെക്രട്ടറി യോഗത്തിൽ നന്ദി അറിയിച്ചു. ശ്രീ. സോമചൂഡൻ മനോഹരമായ ഗാനമാലപിച്ചതു ഹൃദ്യമായ അനുഭവമായിരുന്നു.

ക്ഷേമനിധി നറുക്കെടുപ്പിനും ചായ സൽക്കാരത്തിനും ശേഷം ശ്രീ സന്തോഷ് കൃഷ്ണൻ കോവിഡിനെ ഭയപ്പെട്ടിരിക്കേണ്ടതില്ലെന്നും അതിനെതിരെ പ്രതിരോധിച്ച് മുന്നോട്ടുപോകണമെന്നും സൂചിപ്പിച്ചു. ഏപ്രിൽ മാസയോഗം 10.04.2022 ഞായറാഴ്ച തൃപ്പൂണിത്തുറയിലെ ശ്രീ. രഘു ബാലകൃഷ്ണന്റെ വസതിയായ ദ്വാരകയിൽ വച്ച് നടത്താൻ തീരുമാനിച്ചു ശ്രീ സന്തോഷ് കൃഷ്ണൻ യോഗത്തിൽ സന്നിഹിതരായ ഏവർക്കും നന്ദി പ്രകാശിപ്പിച്ചതോടെ യോഗം അവസാനിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *