തൃശൂർ ശാഖ വാർഷികവും കുടുംബ സംഗമവും 2024

തൃശൂർ ശാഖ വാർഷികവും കുടുംബസംഗമവും 2024 ഏപ്രിൽ 28 ഞായറാഴ്ച്ച പിഷാരടി സമാജം ആസ്ഥാന മന്ദിരത്തിൽ പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീമതി ലക്ഷ്മി ദേവി വിനോദ് കൃഷ്ണന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ശ്രീ ജി പി നാരായണൻ കുട്ടിയുടെ നേതൃത്വത്തിൽ നാരായണീയം 38, 39 ദശകങ്ങൾ എല്ലാവരും ചേർന്ന് ചൊല്ലി. ഈ ലോകത്തോട് വിട പറഞ്ഞ എല്ലാ കുടുംബാംഗങ്ങളുടെയും സ്മരണയിൽ മൗന പ്രാർത്ഥന നടത്തി.

ശാഖ പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണൻ, കേന്ദ്ര പ്രസിഡണ്ട് ശ്രീ ഹരികൃഷ്ണ പിഷാരോടി, ജനറൽ സെക്രട്ടറി ശ്രീ കെ. പി ഗോപകുമാർ, മുഖ്യാതിഥികളായ ശ്രീ മോഹനകൃഷ്ണൻ, ശ്രീമതി പ്രസന്ന വേണുഗോപാൽ എന്നിവർ ചേർന്ന് വാർഷിക ഭദ്ര ദീപം തെളിയിച്ചു.

വൈസ് പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടി ഏവർക്കും സ്വാഗതം ആശംസിച്ചു. ഗസ്റ്റ്‌ ഹൗസിനും ആസ്ഥാനമന്ദിരത്തിനും ശ്രീ ടി പി മോഹനകൃഷ്ണൻ ചെയ്ത സഹായങ്ങൾ നന്ദിയോടെ അനുസ്മരിച്ചു. കലാ സാംസ്കാരിക സംഘടന രജിസ്റ്റർ ചെയ്യേണ്ടതിന്റെ പ്രാധാന്യവും അത് മൂലമുള്ള ഗുണങ്ങളും ശ്രീ രാമചന്ദ്ര പിഷാരോടി യോഗത്തെ അറിയിക്കുകയും എത്രയും പെട്ടെന്ന് തന്നെ രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്ര ഭാരവാഹികളോട് അഭ്യർത്ഥിക്കുകയും ചെയ്തു. അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീ വിനോദ് കൃഷ്ണൻ ഇക്കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളെപ്പറ്റി പറഞ്ഞു.

സെക്രട്ടറി ശ്രീ എ. പി ജയദേവൻ വാർഷിക റിപ്പോർട്ടും ട്രഷറർ ശ്രീ ആർ. പി രഘുനന്ദനൻ കണക്കും അവതരിപ്പിച്ചത് കയ്യടികളോടെ പാസ്സാക്കി.

എൺപത് വയസ്സിനു മീതെയുള്ള വന്ദ്യ വയോധികരായ ശ്രീ പ്രഭാകര പിഷാരോടി (മുളകുന്നത്തുകാവ്), ശ്രീ ബാലകൃഷ്ണ പിഷാരോടി (ചേറൂർ), ചെന്നൈ ശാഖ മുൻ പ്രസിഡണ്ട് ശ്രീ പി. കരുണാകര പിഷാരോടി എന്നിവരെ സമാജം പ്രസിഡണ്ട് ശ്രീ ഹരികൃഷ്ണ പിഷാരോടിയും ശ്രീമതി ചന്ദ്രമതി പിഷാരസ്യാരെ മുൻ പ്രസിഡണ്ടും ജനറൽ സെക്രട്ടറിയുമായ ശ്രീ കെ. പി ബാലകൃഷ്ണ പിഷാരോടിയും പൊന്നാടയണിയിച്ച് ആദരിച്ചു.

തുടർന്ന് ശാഖയുടെ പുതിയ ഡയറക്ടറി ശ്രീ ഹരികൃഷ്ണ പിഷാരോടിയും ശ്രീ ടി പി മോഹനകൃഷ്ണനും ചേർന്ന് പ്രകാശനം ചെയ്തു.

മുഖ്യ പ്രഭാഷണം നടത്തിയ സമാജം പ്രസിഡണ്ട് ശ്രീ ഹരികൃഷ്ണ പിഷാരോടി യുവജനങ്ങൾക്ക് വേണ്ടിയുള്ള കലാ സാംസ്കാരിക സംഘടന രജിസ്റ്റർ ചെയ്യാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന വിവരം യോഗത്തെ അറിയിച്ചു. നമ്മുടെ സമുദായാംഗങ്ങൾ സ്വന്തമായി ആരംഭിക്കുന്ന ചെറുകിട സംരംഭങ്ങളെ സഹായിക്കാൻ ഒരു ഫണ്ട്‌ ഉണ്ടാക്കാൻ ആലോചിക്കുന്ന വിവരവും അതിന് തൃശൂർ ശാഖയുടെ സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം അറിയിച്ചു.

പ്രകൃതി ജീവന ശാസ്ത്രത്തിന്റെ പ്രചാരകയും പരിശീലകയും യോഗ ആചാര്യയുമായ ശ്രീമതി പ്രസന്ന വേണുഗോപാൽ ആരോഗ്യവും ജീവിതവും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ബോധവൽക്കരണ ക്ലാസ്സ്‌ ഏറെ വിജ്ഞാന പ്രദവും അതോടൊപ്പം ആസ്വാദ്യകരവുമായിരുന്നു. യഥാർത്ഥ ആരോഗ്യത്തിന് വേണ്ട മുഖ്യ ഘടകങ്ങൾ ശരിയായ ഭക്ഷണം, ശരിയായ ശ്വസനം, വ്യായാമം, വിശ്രമം,ശരിയായ ചിന്ത എന്നിവയാണ്. ഏതൊരു സ്ത്രീയുടെ പ്രസവവും നടക്കുന്നത് അവൾ പോലുമറിയാതെ ഓംകാര മന്ത്രം ജപിച്ചു കൊണ്ടാണ്. പ്രസവ വേദനയുടെ പ്രധാന മൂന്നു ഘട്ടങ്ങളിൽ അവൾ ആദ്യം ഉച്ചരിക്കുന്ന ശബ്ദം ‘അ’ എന്നും രണ്ടാമത് ‘ഒ’ എന്നും മൂന്നാമതായി ‘ഉം’ എന്നുമാണ്. എന്നും രാവിലെ നമ്മൾ കേൾക്കുന്ന പ്രസിദ്ധമായ ശ്ലോകം “കൗസല്യ സുപ്രജാ രാമ” എന്നത് ഓരോ മനുഷ്യനും തരുന്ന ആരോഗ്യത്തിന്റെ മുന്നറിയിപ്പ് കൂടിയാണ്. പൂർവ്വ സന്ധ്യയിൽ അതായത് അതിരാവിലെ സൂര്യോദയത്തിന് തൊട്ടു മുൻപേ തന്നെ ഉണർന്ന് കർമ്മരംഗത്തെത്തണം. ഇന്ന് ഏറ്റവും ആരോഗ്യം ഉണ്ടായിരിക്കേണ്ട നന്നേ ചെറുപ്പകാലത്ത് തന്നെ പലരും ആരോഗ്യ ഹീനരായി തീരുന്നു.

ശ്രീമതി പ്രസന്ന വേണുഗോപാലിനെ തുളസീദളം ചീഫ് എഡിറ്റർ ശ്രീമതി എ. പി സരസ്വതിയും സംഗീത രംഗത്ത് പ്രശസ്തനായികൊണ്ടിരിക്കുന്ന സംഗീത സംവിധായകൻ ശ്രീ ടി പി രവികുമാറിനെ
ശ്രീ ടി പി മോഹനകൃഷ്ണനും പൊന്നാടയണിയിച്ച് ആദരിച്ചു.

ആശംസാ പ്രസംഗത്തിൽ ജനറൽ സെക്രട്ടറി ശ്രീ കെ. പി ഗോപകുമാർ സമാജത്തിന്റെ ഓരോ ഘടകവും വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നുണ്ട് എന്നറിയിച്ചു.തുളസീദളത്തിന് ഓരോ മാസവും സ്പോൺസേഴ്സ് ഉണ്ടാകാൻ എല്ലാവരും ശ്രമിക്കണം. സാമ്പത്തീകമായി ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. ഇവിടത്തെ ആഡിറ്റോറിയത്തിനു ഇപ്പോൾ വളരെ ചെറിയ സംഖ്യയാണ് വാടകയായി വാങ്ങുന്നത്. കഴിയുന്നതും നമ്മുടെ എല്ലാവരുടെയും പ്രധാന ചടങ്ങുകൾ, മീറ്റിങ്ങുകൾ തുടങ്ങിയവയൊക്കെ ഇവിടെ വെച്ച് നടത്തുകയാണെങ്കിൽ നല്ലതാണ്.നമ്മൾ തുടങ്ങി വെച്ച കഥകളി ക്ലാസ്സുകൾ അഭിനന്ദനീയമായ രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്.

ആശംസകളിൽ മുൻ ജനറൽ സെക്രട്ടറി ശ്രീ കെ. പി ഹരികൃഷ്ണൻ ആരോഗ്യപരമായ പുതിയ കാല പ്രവണതകളെക്കുറിച്ചാണ് സംസാരിച്ചത്. ശാരീരികമായ അസുഖങ്ങളെക്കാൾ ഇന്ന് മാനസികമായ വിഷമങ്ങൾ ആണ് കൂടുതലും സംഭവിക്കുന്നത്. അതിനുള്ള പ്രധാന പരിഹാരമാർഗ്ഗം ഒന്ന് ചേരുക എന്നതാണ്. ഇന്ന് എല്ലാവരും ഒറ്റപ്പെട്ട അവസ്ഥയാണ്. അത് അപകടമാണ്. ഇഷപ്പെട്ടവർ ചേർന്ന് ഒന്നിച്ചിരിക്കുക, സംസാരിക്കുക എന്നതൊക്കെ പണ്ടുള്ളവർ ചെയ്തിരുന്ന കാര്യങ്ങളാണ്. ഇന്ന് അത് നഷ്ടപ്പെട്ടിരിക്കുന്നു. തൃശൂർ ശാഖയുടെ നേതൃത്വത്തിൽ കൂട്ടായ്മകൾക്ക് അവസരമൊരുക്കണം.

ശാഖ നൽകിയ ആദരങ്ങൾക്ക് ശ്രീമതി പ്രസന്ന വേണുഗോപാൽ, ശ്രീ ടി പി രവികുമാർ, ശ്രീ പി. കരുണാകര പിഷാരോടി എന്നിവർ നന്ദി പറഞ്ഞു.

പട്ടാമ്പി ശാഖ സെക്രട്ടറി ശ്രീ സുരേന്ദ്രൻ മാസ്റ്റർ, ഗുരുവായൂർ ശാഖ സെക്രട്ടറി ശ്രീ രവീന്ദ്രൻ, വടക്കാഞ്ചേരി ശാഖയെ പ്രതിനിധീകരിച്ച് ശ്രീമതി ഗീത കൃഷ്ണദാസ്, ശ്രീ രാജൻ സിത്താര (കൊടകര),എറണാകുളം ശാഖയെ പ്രതിനിധീകരിച്ച് കുമാരി ഐശ്വര്യ, തുളസീദളം ചീഫ് എഡിറ്റർ എ. പി സരസ്വതി, തുളസിദളം എഡിറ്റർ ശ്രീ ഗോപൻ പഴുവിൽ എന്നിവർ ആശംസകൾ പറഞ്ഞു.

ശാഖ വൈസ് പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടി അവിടെ വന്നു ചേർന്ന എല്ലാ കുട്ടികൾക്കും വിഷുക്കൈനീട്ടം നൽകി. കൂടാതെ യോഗത്തിൽ പങ്കെടുത്ത ഓരോ കുടുംബത്തിനും സമ്മാനങ്ങൾ നൽകി.

തുടർന്ന് സിനിമാതാരം കുമാരി ശ്രവണ കലാപരിപാടികൾ ഉദ്ഘാടനം ചെയ്തു.ശ്രവണയെ ശ്രീമതി പ്രസന്ന വേണുഗോപാൽ, ശ്രീമതി അനിത ഹരികൃഷ്ണൻ എന്നിവർ ചേർന്ന് ആദരിച്ചു.

ഉൽഘാടന ഭാഷണത്തിൽ ശ്രവണ കുട്ടിക്കാലം മുതലേ സമാജം വേദികളുമായുള്ള ആഴമേറിയ ബന്ധത്തെപ്പറ്റി വാചാലയായി.ഇപ്പോൾ ലഭിച്ച ഈ അനുമോദനം സത്യത്തിൽ ഞാൻ ആഗ്രഹിച്ചിരുന്നു. ഇനിയും ഈ വേദികളിൽ പുതിയ കുട്ടികളുടെ കഴിവുകൾ അരങ്ങേറണം. ധാരാളം കഴിവുകൾ ഉള്ള കുട്ടികൾ നമ്മുടെ ഇടയിൽ ഉണ്ട്. അവരെയും കണ്ടെത്തണം എന്നും അഭിപ്രായപ്പെട്ടു.

തുടർന്ന് നടന്ന വിവിധ കലാ പരിപാടികളിൽ ശ്രീ ഗോവിന്ദ് പിഷാരോടി, ശ്രീമതി സൗമ്യ (ബാംഗ്ലൂരു), മാസ്റ്റർ കാർത്തിക്ക്, കുമാരി ദേവിക ഹരികൃഷ്ണൻ, കുമാരി ദേവിക ശ്രീകുമാർ, കുമാരി ദേവിക വിജു, തുടങ്ങി വളരെ പേർ പരിപാടികൾ അവതരിപ്പിച്ചു

കുമാരി ശ്രവണ നന്ദി പറഞ്ഞതോടെ വാർഷിക യോഗത്തിനും കുടുംബ സംഗമത്തിനും പരിസമാപ്‌തിയായി.

0

Leave a Reply

Your email address will not be published. Required fields are marked *