പട്ടാമ്പി ശാഖ 2023 ഒക്ടോബർ മാസ യോഗം

പട്ടാമ്പി ശാഖയുടെ ഒക്ടോബർ മാസ യോഗം 15-10-2023 ഞായറാഴ്ച 10AMനു ശ്രീ വി പി ഉണ്ണികൃഷ്ണന്‍റെ ഭവനം,  അമ്പാടി പിഷാരം കുളപ്പുള്ളി വെച്ച് പ്രസിഡണ്ട് ശ്രീ ടി പി ഗോപാലകൃഷ്ണന്‍റെ അദ്ധ്യക്ഷതയിൽ ശ്രീമതിമാർ ആരതി എസ് ആനന്ദ്, ശ്വേത വേണുഗോപാൽ എന്നിവരുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. എല്ലാവരും ചേർന്ന് ലളിതാസഹസ്രനാമം ചൊല്ലി. ഗൃഹനാഥൻ ഏവർക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു. യോഗത്തിൽ കൂടുതൽ പേർ പങ്കെടുത്തതിലുള്ള സന്തോഷത്തോടൊപ്പം വർഷത്തിൽ ഒന്നിൽ കൂടുതൽ യോഗങ്ങൾ നടത്താൻ തയ്യാറാണെന്നും പറഞ്ഞു.

ഈയിടെ അന്തരിച്ച കുറ്റാനിശ്ശേരി രമേശൻ, പഴയന്നൂർ തെക്കൂട്ട് പിഷാരത്ത് സുശീല പിഷാരസ്യാർ, വെള്ളാരപ്പിള്ളി കിഴക്കേ പിഷാരത്ത് ലീല പിഷാരസ്യാർ തുടങ്ങിയവരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.

തൃപ്പൂണിത്തുറ കഥകളി കേന്ദ്രത്തിന്‍റെ കഥകളി പുരസ്ക്കാരങ്ങൾ ലഭിച്ച ശ്രീ കോട്ടക്കൽ സന്തോഷ്, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്നും ബി. ഫാം ഫസ്റ്റ് ക്ലാസ്സോടെ വിജയിച്ച കുമാരി ശ്രീജ കെ ആർ, ശ്രീകൃഷ്ണപുരം പഞ്ചായത്തിൽ ഏറ്റവും നല്ല ജൈവകർഷകക്കുള്ള ഈ വർഷത്തെ അവാർഡ് ലഭിച്ച ശ്രീമതി സരസ്വതി വേണുഗോപാൽ, യുവസംവിധായകൻ ശ്രീ രോഹിത് നാരായണൻ എന്നിവരെ അനുമോദിച്ചു.

ശ്രീമതി സരസ്വതി പിഷാരസ്യാരും ഭർത്താവ് ശ്രീ വേണുഗോപാലനും ജൈവകൃഷിയെപ്പറ്റിയും പരിസ്ഥിതിയെപ്പറ്റിയും അനുഭവങ്ങൾ പങ്കു വെച്ചു. ഇഷ്ടമില്ലെങ്കിലും കൃഷി ചെയ്യാണമെന്ന് പറഞ്ഞു. അദ്ധ്യക്ഷപ്രസംഗത്തിൽ മൊബൈൽ ഉപയോഗത്തിന്‍റെ ദോഷം, പുതിയ തലമുറയുടെ മൂല്യച്യുതി, ആചാരങ്ങൾ മനസ്സിലാക്കിക്കേണ്ട കാര്യം എന്നിവ പ്രതിപാദിച്ചു. ക്ലാസ്സുകൾ നല്കിയാൽ തരക്കേടില്ല എന്നും ജ്യോതിർഗമയ പരിപാടിയിൽ അതും ഉണ്ടാകട്ടെ എന്നും പറഞ്ഞു. മൊബൈൽ ഉപയോഗത്തെപ്പറ്റി ഏവരും അഭിപ്രായവും പ്രതിവിധിയും പറഞ്ഞു. പുതിയ വ്യക്തികൾ സ്വയം പരിചയപ്പെടുത്തി.

സെക്രട്ടറി കഴിഞ്ഞ മാസത്തെ റിപ്പോർട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. സഭ കയ്യടിച്ച് പാസ്സാക്കി. ശാഖയുടെ പ്രവർത്തനം, ശാഖാ മന്ദിരത്തിന്‍റെ കാര്യം, പ്രവർത്തന ഫണ്ട് എന്നിവയെപ്പറ്റി സെക്രട്ടറി പറഞ്ഞു. കേന്ദ്രം നടത്തിയ അവാർഡ് ദാനം, സൌജന്യ മെഡിക്കൽ ക്യാമ്പ്, ഗുരുവായൂരിൽ നടക്കാൻ പോകുന്ന ജ്യോതിർഗമയ എന്നിവയെപ്പറ്റി അദ്ധ്യക്ഷൻ പറഞ്ഞു. തുളസീദളം പ്രവർത്തകരെ അനുമോദിച്ചു.

ചർച്ചയിൽ ശാഖാവാർഷികം ശാഖാമന്ദിരത്തിൽ വെച്ച് 2024 ജനവരി ആദ്യ ഞായറാഴ്ച നടത്താൻ തീരുമാനിച്ചു. കരട് പരിപാടികളും തീരുമാനിച്ചു. അന്നേ ദിവസം ശാഖാംഗങ്ങൾ മറ്റു പരിപാടികൾ തീരുമാനിക്കരുതെന്നും എത്തണമെന്നും അഭ്യർത്ഥിച്ചു. മഹിളാവിംഗിന്‍റെ കാര്യങ്ങൾ കൺവീനർ ശ്രീമതി വിജയലക്ഷ്മി എൻ പി വിവരിച്ചു. ഡിസംബർ 14 വ്യാഴാഴ്ച നാരായണീയദിനത്തിന് ശാഖാമന്ദിരത്തിൽ സമ്പൂർണ്ണ പാരായണം ഉണ്ടെന്നും പറ്റുന്നവർ വരണമെന്നും സഹായധനം നല്കുന്ന കുടുംബത്തെ കണ്ടെത്തിയിട്ടുണ്ടെന്നും മെംബർമാർ പണം കൺവീനർ വശം നല്കി സംഖ്യ ഉയർത്താൻ സഹായിക്കണമെന്നും അറിയിച്ചു. യൂത്ത് വിംഗ് ആരും എത്തിയില്ല എന്നും ജ്യോതിർഗമയയിൽ കുട്ടികളെ പങ്കെടുപ്പിക്കണമെന്നും അദ്ധ്യക്ഷൻ പറഞ്ഞു.

തുടർന്ന് കലാപരിപാടിയിൽ അദ്വിക മുരളി ഡാൻസ് , ശ്രീമതി ബിന്ദു ഉണ്ണികൃഷ്ണൻ ഗാനം , ഗോപാലകൃഷ്ണൻ ഇന്ദിര ദമ്പതിമാർ യുഗ്മഗാനം, വൈഷ്ണവി ശ്രീനാഥ് ഗാനം, ആര്യൻ മനോജ് ഗാനം എന്നിവ ഉണ്ടായി.

അടുത്ത യോഗം ശ്രീ എസ് പി ഉണ്ണികൃഷ്ണന്‍റെ ഭവനമായ സായൂജ്യം കല്ലിപ്പാടം വെച്ച് നടത്തുമെന്നും തിയ്യതി പിന്നീട് അറിയിക്കുമെന്നും പറഞ്ഞു. ക്ഷേമനിധി ലേലം ചെയ്തു.

സെക്രട്ടറി ഏവർക്കും പ്രത്യേകിച്ച് കലാപരിപാടികൾ അവതരിപ്പിച്ചവർക്കും ഗൃഹനാഥനും കുടുംബത്തിനും വിശദമായ നന്ദി പ്രകാശിപ്പിച്ചു. എല്ലാവരും ചേർന്ന് ദേശീയഗാനം ആലപിച്ചു, യോഗം ഉച്ചക്ക് 1 മണിക്ക് അവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *