മുംബൈ ശാഖ വാർഷികാഘോഷം 2023

പിഷാരോടി സമാജം മുംബൈ ശാഖയുടെ ഈ വർഷത്തെ വാർഷികാഘോഷം 2023 ഡിസംബർ 10 ഞായറാഴ്ച ഡോംബിവ്‌ലി സർവേശ് ഹാളിൽ വെച്ച് നടന്നു.

ശ്രീമതി രാജേശ്വരി പ്രമോദിന്റെ ഈശ്വര പ്രാർത്ഥനയോടെ രാവിലെ 9.30 ന് പരിപാടികൾക്ക് തുടക്കം കുറിച്ചു.

പ്രസിഡണ്ട് ശ്രീ രഘുപതിയുടെ സ്വാഗതപ്രസംഗത്തെ തുടർന്ന് മുഖ്യാതിഥി, സമാജം കേന്ദ്ര പ്രസിഡണ്ട് ശ്രീ. ആർ ഹരികൃഷ്ണ പിഷാരോടിയും ശാഖാ പ്രസിഡണ്ട് ശ്രീ എ പി രഘുപതിയും ശാഖയിലെ ഒരു മുതിർന്ന അംഗം ശ്രീ ടി യു പിഷാരോടിയും ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.

തുടർന്ന് പരിപാടികൾ നിയന്ത്രിക്കുന്നതിനായി ശ്രീമതി അനിത ശ്രീനാഥിനേയും ശ്രീ അഭിനവ് രവിയേയും സെക്രട്ടറി ശ്രീ മണിപ്രസാദ് ക്ഷണിച്ചു.

കുമാരി ആര്യ ശശി കുമാറിന്റെ ഗണപതി സ്തുതിയോടു കൂടിയ മനോഹരമായ ഒരു രംഗപൂജയോടെ കലാപരിപാടികൾക്ക് തുടക്കമിട്ടു.

തുടർന്ന് ശ്രീ മണിപ്രസാദും ശ്രീ വി പി ശശിധരനും ചേർന്നുള്ള മൃദംഗം-ഘടം ജുഗൽബന്ദി അരങ്ങേറി.

കുമാരി ശ്വേത രമേഷിന്റെ അതിമനോഹരമായ ഒരു കാവടി ചിന്തോടെ വീണ്ടും ഭരതനാട്യത്തിലൂടെ അരങ്ങുണർന്നു.

തുടർന്ന് അവതാരക ശ്രീമതി അനിത ശ്രീനാഥ് നീല കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ എന്ന ഗാനം അതിമനോഹരമായി പാടി.

ശ്രീമതി സന്ധ്യ രമേഷിന്റെ മനോഹരമായ ഒരു മോഹിനിയാട്ടം , കുമാരി രോഷ്നി ഷാരടിയുടെ ശ്രുതിമധുരം തുളുമ്പുന്ന ഒരു ഹിന്ദി ഗാനം, കുമാരി അനഘ രഞ്ജിത് വെസ്റ്റേൺ മ്യൂസിക്കിന്റെ തനതു ശൈലിയിൽ ആലപിച്ച ഒരു ഇംഗ്ലീഷ് ഗാനം, ശ്രീമതിമാർ ധന്യ ഉണ്ണികൃഷ്ണനും അനിത ശ്രീനാഥും ഉമ പ്രകാശും ചേർന്നവതരിപ്പിച്ച ചാരുതയാർന്ന ഒരു സിനിമാറ്റിക് നൃത്തം എന്നിവയും അരങ്ങിലെത്തി.

തുടർന്ന് പൂനെ ശാഖയിൽ നിന്നുമുള്ള കുമാരി അഞ്ജലി ജയൻ മഹാഭാരതത്തിലെ ശക്തനായ കഥാപാത്രം കർണ്ണനെ ഒരു ഭരതനാട്യ വർണ്ണത്തിലൂടെ ചിത്രീകരിച്ചു കാണികളുടെ മുക്തകണ്ഠ പ്രശംസ നേടി.

അഞ്ജലിയുടെ സഹോദരൻ മാസ്റ്റർ സാകേത് ജയൻ റബ് നെ ബനാ ദി ജോഡി എന്ന ചിത്രത്തിലെ പ്രശസ്തമായ തൂ ഹീ തോ ജന്നത് മേരി എന്ന പ്രശസ്ത ഗാനവുമായാണ് കാണികളെ കയ്യിലെടുത്തത്.

പുരാണത്തിലെ ശക്തയായ സ്ത്രീ കഥാപാത്രം ദ്രൗപദിയുടെ വിവിധ ഭാവങ്ങൾ തന്മയത്വത്തോടെ അവതരിപ്പിച്ചുകൊണ്ട് കുമാരി അനഘ മണിപ്രസാദ് തന്റെ നൃത്തപാടവം കാണികൾക്ക് മുമ്പിലേക്കെത്തിച്ചു.

ശ്രീമതി പ്രേമ രാംമോഹൻ മുൻകാല ഹിന്ദി സൂപ്പർ ഹിറ്റ് ഗാനങ്ങളുടെ ഒരു സമ്മിശ്ര ആലാപനത്തിലൂടെ കാണികളെ വർഷങ്ങൾ പുറകിലേക്ക് കൊണ്ട് പോയി ആസ്വദിപ്പിച്ചു.

തുടർന്ന് ശ്രീമതി അനിത ശ്രീനാഥിന്റെ നേതൃത്വത്തിൽ യമൻ കല്യാണി രാഗത്തിലൂന്നി വിവിധ മലയാളം, ഹിന്ദി, തമിഴ് ഗാനങ്ങളുടെ ഒരു ശ്രവ്യമധുര മാല തീർത്തു. ധന്യ ഉണ്ണികൃഷ്ണൻ, ഉമ പ്രകാശ്, ഡോ, മായ അരുൺ, ആശ മണിപ്രസാദ് തുടങ്ങിയവരാണ് ഈ മാലകെട്ടുന്നതിന് കൂട്ടായത്.

ശ്രീമതി ജയന്തി മനോജ് വിവിധ ഗാനങ്ങൾ കോർത്തിണക്കിയ മനോഹരമായ ഒരു സിനിമാറ്റിക് ഡാൻസ് അവതരിപ്പിച്ചു. തുടർന്ന് ശ്രീമതി ശ്രീജ രഞ്ജിത്ത് ജവാനി ജാനേമൻ എന്ന അതിമനോഹരമായ ഗാനമാലപിച്ചു.

പൂനെ ശാഖയിൽ നിന്നുമെത്തിയ ആര്യ അനിൽകുമാർ പ്രശസ്ത സ്വാതി തിരുനാൾ കൃതി, ചലിയെ കുഞ്ജനമോ എന്ന കീർത്തനത്തിന് ഭരതനാട്യത്തിലൂടെ സുന്ദര നൃത്താവിഷ്കാരമൊരുക്കി.

മലരേ.. എന്നു തുടങ്ങുന്ന മലയാള പ്രേമ ഗാനം ശ്രീ രാഹുൽ നാരായൺ ഷാരടിയുടെ കണ്ഠത്തിലൂടെ ഒഴുകിയപ്പോൾ സദസ്സ് വീണ്ടുമൊരു ദശവർഷം പുറകിലോട്ട് സഞ്ചരിച്ചു.

ശ്രീമതി ആശ മണിപ്രസാദ് അവതരിപ്പിച്ച മൈം ആക്ട് ആയിരുന്നു അടുത്ത ഇനം. ഇന്നും സമൂഹം ഒരു സ്ത്രീ സന്തതിയോട് എപ്രകാരം പെരുമാറുന്നു എന്ന് കാണിച്ചു തന്ന വേറിട്ട ഒരു പരിപാടിയായിരുന്നു അത്. തുടർന്ന് പിയാ കാ ഘർ എന്ന ചിത്രത്തിലെ Yeh Jeevan Hai Is Jeevan Ka എന്ന അതി പ്രശസ്ത ഗാനം നാരായൺ ഷാരടിയുടെ ശബ്ദത്തിലൂടെ കാണികളിലേക്കെത്തി.

വാർഷികാഘോഷങ്ങളിലെ അവിഭാജ്യ ഘടകമായ കൈകൊട്ടിക്കളി തനത് രീതിയിൽ ശ്രീമതി രാജേശ്വരി മുരളീധരന്റെ നേതൃത്വത്തിൽ ശ്രീമതിമാർ വിജയലക്ഷ്മി രവി, രാജേശ്വരി പ്രമോദ്, സിന്ധു രമേഷ്, ഷൈനി രാധാകൃഷ്ണൻ, മിനി ശശിധരൻ, സുമ ഗോപി, കുമാരി കാവ്യ ശശികുമാർ എന്നിവർ ചേർന്നവതരിപ്പിച്ചു.

തുടർന്ന് ശാഖ വർഷം തോറും നൽകി വരുന്ന താഴെപ്പറയുന്ന വിവിധ വിദ്യാഭ്യാസ അവാർഡുകളുടെ വിതരണം കേന്ദ്ര പ്രസിഡണ്ട്, ശാഖാ പ്രസിഡണ്ട്, വിവിധ അവാർഡുകളുടെ സ്‌പോൺസർമാർ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

ഒമ്പതാം ക്ലാസ്

  • നന്ദൻ കെ പിഷാരോടി മെമ്മോറിയൽ അവാർഡ് – നിത്യ രാജീവ്

എസ്. എസ്. സി

  • ഒന്നാം സമ്മാനം – ലക്ഷ്മിക്കുട്ടി പിഷാരസ്യാർ മെമ്മോറിയൽ അവാർഡ് (സ്പോൺസർ- പരേതനായ പി എ പിഷാരോടി) – ശ്രേയ മനോജ്
  • രണ്ടാം സമ്മാനം – കാർത്തിക് ശ്രീഹരി
  • മൂന്നാം സമ്മാനം – ശരണ്യ ശശികുമാർ
  • ടി പി കെ പിഷാരോടി മെമ്മോറിയൽ അവാർഡ് -ഇംഗ്ലീഷിൽ ഏറ്റവും കൂടുതൽ മാർക്ക് (സ്പോൺസർ -വത്സല പിഷാരോടി, ഗോരേഗാവ്) – ശ്രീനിവാസ് അജയ്
  • കണ്ണമ്പ്ര രാമ പിഷാരോടി മെമ്മോറിയൽ അവാർഡ്-കണക്കിൽ ഏറ്റവും കൂടുതൽ മാർക്ക്(സ്പോൺസർ – വിനോദ് രംഗനാഥ്) – കാർത്തിക് ശ്രീഹരി
  • തങ്കം പിഷാരോടി മെമ്മോറിയൽ അവാർഡ്-സയൻസിൽ ഏറ്റവും കൂടുതൽ മാർക്ക്(സ്പോൺസർ – വിനോദ് രംഗനാഥ്) – കാർത്തിക് ശ്രീഹരി

ബി കോം

  • എം പി ഗോപാല പിഷാരോടി മെമ്മോറിയൽ അവാർഡ് – ബി കോം (സ്പോൺസർ – എ ഉണ്ണികൃഷ്ണൻ) – ശരത് ശശികുമാർ

എം എസ് സി

  • മാലതി വേണുഗോപാൽ മെമ്മോറിയൽ അവാർഡ് – എം എസ് സി(സ്പോൺസർ – പരേതനായ പി വേണുഗോപാൽ) – കാവ്യ ശശികുമാർ

മുംബൈ ശാഖ ഏകദേശം 9 വർഷത്തിന് ശേഷം പുതുക്കിയ ഡയറക്ടറിയുടെ പ്രകാശനം ശാഖാ പ്രസിഡണ്ട് കേന്ദ്ര പ്രസിഡണ്ടിന് നൽകിക്കൊണ്ട് നിർവ്വഹിച്ചു. ഡയറക്ടറി ഏകദേശം 20 ദിവസത്തിനുള്ളിൽ വിവര ശേഖരണം, ടൈപ്പ് സെറ്റിങ്, പ്രൂഫ് റീഡിങ്, മുദ്രണം എന്നിങ്ങനെയുള്ള ജോലികളെല്ലാം ഏറ്റെടുത്തു നിർവ്വഹിച്ച ശാഖാ ട്രഷറർ ശ്രീ വി പി മുരളീധരൻ, ഡയറക്ടറിയുടെ മുദ്രണ ചിലവുകൾക്ക് നല്ലൊരു തുക നൽകി സഹായിച്ച മുൻ പ്രസിഡണ്ട് പരേതനായ പി എ പിഷാരോടിയുടെ കുടുംബം, മറ്റൊരു പരസ്യം നൽകി സഹായിച്ച ഗുരുവായൂർ ഗസ്റ്റ് ഹൌസ് സാരഥികൾ എന്നിവർക്ക് ശ്രീ പി വിജയൻ നന്ദി അറിയിച്ചു. ഡയറക്ടറിയുടെ പതിപ്പുകൾ ഒരു കുടുംബത്തിന് ഒന്നെന്ന കണക്കിൽ അംഗങ്ങൾക്ക് നൽകി. എക്സ്ട്രാ കോപ്പികൾ 100 രൂപക്ക് ലഭ്യമാകുന്നതാണ്.

തുടർന്ന് മുഖ്യാതിഥി കേന്ദ്ര പ്രസിഡണ്ട് ശ്രീ ആർ ഹരികൃഷ്ണ പിഷാരോടി സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കേന്ദ്ര തലത്തിൽ പുതിയ ഭരണസമിതി തുടർന്നു വരുന്ന വിവിധ പദ്ധതികളെപ്പറ്റിയും സമാജത്തിന്റെ വിവിധ വിങ്ങുകളുടെ പ്രവർത്തനങ്ങളെപ്പറ്റിയും ഒരു സംക്ഷിപ്ത രൂപം വിവരിക്കുകയുണ്ടായി. തുടർന്ന് ഇത്ര നല്ല രീതിയിൽ വാർഷികാഘോഷ പരിപാടികൾ നടത്തുന്ന മുംബൈ ശാഖയുടെ പ്രാതിനിധ്യം ഈ വർഷത്തെ വാർഷികത്തിന് ഉണ്ടാവണമെന്നും ചുരുങ്ങിയത് ഒരു ബസ് അംഗങ്ങൾ എത്തി വിവിധ കലാപരിപാടികൾ അവതരിപ്പിക്കണം എന്നും അഭ്യർത്ഥിച്ചു. അതിനു ശേഷം ഒരു മനോഹരമായ ഗാനം അവതരിപ്പിച്ചു കൊണ്ട് താൻ ഒരു കലാകാരൻ കൂടി ആണെന്നു തെളിയിച്ചു. തുടർന്ന് ശാഖാ പ്രസിഡണ്ട് അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിക്കുകയും കൾച്ചറൽ വിങ് കൺവീനർ ശ്രീ ശശിധരൻ വരച്ച ഒരു മ്യൂറൽ പെയിന്റിംഗ് അദ്ദേഹത്തിന്റെ കൈകളാൽ സമാജത്തിന്റെ സ്നേഹോപഹാരമായി സമ്മാനിക്കുകയും ചെയ്തു.

അതിനു ശേഷം ഉച്ച ഭക്ഷണത്തിന് പിരിഞ്ഞു.

ഉച്ച ഭക്ഷണത്തിനു ശേഷം ഉച്ചക്ക് 2 മണിക്ക് ക്ഷേത്ര കലകളെ പ്രോത്സാഹിപ്പിക്കുക, നഗര തലമുറക്ക് അവ പരിചയപ്പടുത്തുക എന്ന ഉദ്ദേശലക്ഷ്യത്തോടെ എല്ലാ വർഷവും മുബൈ ശാഖ നടത്താറുള്ള പരിപാടികളിൽ ഈ വർഷം മാണി മാധവചാക്യാരുടെ പ്രപൗത്രനും കേരള സംസ്ഥാന ക്ഷേത്രകലാ പുരസ്‌കാര, കലാസാഗർ പുരസ്‌കാര ജേതാവുമായ ശ്രീരാജ് കിള്ളിക്കുറിശ്ശിമംഗലം അവതരിപ്പിച്ച പാഠകം അരങ്ങേറി. ഒന്നര മണിക്കൂറിലേറെ സ്വതസിദ്ധ ശൈലിയിൽ അവതരിപ്പിച്ച പാഠകം കാണികൾക്ക് മികച്ച ഒരു ദൃശ്യവിരുന്ന് തന്നെ പകർന്നു തന്നു. പാഠകത്തിനു ശേഷം സമാജം പ്രസിഡണ്ട് അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിക്കുകയും ശ്രീ വി പി ശശിധരൻ വരച്ച ഒരു മ്യൂറൽ പെയിന്റിങ് ശാഖയുടെ സ്നേഹോപഹാരമായി അദ്ദഹത്തിന് സമ്മാനിക്കുകയും ചെയ്തു

പിന്നീട് കുമാരി അനുശ്രീ അരുണിന്റെ ഒരു സുന്ദര നാടോടി നൃത്തത്തിനാണ് സദസ്സ് സാക്ഷ്യം വഹിച്ചത്. തുടർന്ന് തുംസെ അച്ഛാ കോൻ ഹെ എന്നു തുടങ്ങുന്ന ഷമ്മി കപ്പൂർ ഹിറ്റുഗാനവുമായി ശ്രീ നന്ദകുമാർ കാണികളെ കയ്യിലെടുത്തു. നിത്യ രാജീവ് അവതരിപ്പിച്ച അതി മനോഹരമായ ഒരു ഭരതനാട്യമായിരുന്നു പിന്നീട് നടന്നത്

സന്തോഷും ലതയും രോഹിത്തും നന്ദകുമാറും ഗൗതമും അരുണും അനുശ്രീയും ഇന്ദിരാ രഘുപതിയും പ്രേമ രാംമോഹനും അദിതിയും ചേർന്ന് പഴയ ഹിന്ദി ഗാനങ്ങൾ കോർത്തിണക്കി അവതരിപ്പിച്ച അടിപൊളി ഒരു റെട്രോ നൃത്തമായിരുന്നു അടുത്ത ഇനം.

ശ്വേതയും ഐശ്വര്യയും രാജേശ്വരി പ്രമോദും കാവ്യയും അഭിനവും അഖിലും അദ്വൈതും അർജ്ജുനും ചേർന്ന് പഴയ മലയാളം പാട്ടുകൾ കോർത്തിണക്കിയ അതി മനോഹരമായ മറ്റൊരു സംഘനൃത്തത്തോടെയായിരുന്നു കലാപരിപാടികൾക്ക് വിരാമമായത്.

പരിപാടിയിൽ പങ്കെടുത്ത പതിനഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.

സെക്രട്ടറിയുടെ നന്ദി പ്രകാശനത്തിനു ശേഷം ദേശീയ ഗാനാലാപനത്തോടെ വൈകുന്നേരം 4.30 മണിയോടെ വാർഷികാഘോഷത്തിനു തിരശ്ശീല വീണു.

To view photos of the event, please click on the link below.

https://samajamphotogallery.blogspot.com/2023/12/2023.html

 

To view the opening ceremony video, pl click on the link below.

3+

Leave a Reply

Your email address will not be published. Required fields are marked *