കൊടകര ശാഖ ശബരിമല തീർത്ഥാടനം

കൊടകര ശാഖയിൽ നിന്നും മുൻ വർഷം പോലെ നവംബർ 19-21 ദിവസങ്ങളിലായി ശബരിമല തീർത്ഥാടനം നടത്തി. കൂടുതൽ പേരെ പ്രതീക്ഷിച്ചെങ്കിലും സ്വാമിമാരുടെ എണ്ണം അല്പം കുറവായിരുന്നു. എങ്കിലും ഒരു മനസ്സോടെ മല ചവിട്ടാൻ ഉറച്ചു.

കോടാലി, മാങ്കുറ്റിപ്പാടം, ആളൂർ എന്നിങ്ങനെ മൂന്ന് സ്ഥലങ്ങളിൽ കെട്ടുനിറച്ച് ഇരുപതാം തീയതി പുലർച്ചെ അഞ്ചു മണിയോടെ യാത്ര ആരംഭിച്ചു. ഗുരുസ്വാമിയായി ആളൂർ കൃഷ്ണൻകുട്ടി ചേട്ടനും ഏറ്റവും ചെറിയ കന്നിസ്വാമിയായി നിവേദ് രാംകുമാറും, മാളികപ്പുറം അമേയ അരുണും കൂടി 12 പേരായിരുന്നു സംഘത്തിൽ.

മിനി ബസിൽ യാത്ര. ആദ്യം തൃപ്പൂണിത്തുറ പൂർണ്ണ ത്രയേശനെ വണങ്ങി. തുടർന്ന് ചോറ്റാനിക്കര അമ്മയെ സർവ്വാഭരണ വിഭൂഷിതയായി ദർശിച്ചു. സർവാഭീഷ്ടദായികയുടെ വര പ്രസാദം നേടി സംഘം മുന്നോട്ട് നീങ്ങി.

വൈക്കത്തപ്പന്റെ ദിവ്യ ദർശനത്താൽ ഏറെ ആനന്ദവും ആഹ്ളാദവും തിര തല്ലും മനസ്സുമായി കടുത്തിരുത്തി തളിയിൽ മഹാദേവ ക്ഷേത്ര ദർശനം നടത്തി. ഇടത്ത് വൈക്കത്തപ്പനോട് യാത്രാമൊഴിയും വലത്ത് ഏറ്റുമാനൂരപ്പനോട് ദാ വരുന്നൂന്നും ചൊല്ലി ഇറങ്ങി. ഏറ്റുപറയുന്ന പാപങ്ങളെല്ലാം കേൾക്കുകയും പൊറുക്കുകയും ചെയ്യുന്ന ദേവനായ, അഘോരമൂർത്തിയായ ഏറ്റുമാനൂരപ്പനെ കണ്ടു വണങ്ങി അന്നദാന പ്രസാദവും നേടി മുന്നോട്ട് നീങ്ങവേ കന്നി അയ്യപ്പനായ അച്യുത് ഉണ്ണികൃഷ്ണന് അനുഗ്രഹവുമായി സ്നേഹനിധികളായ മുത്തച്ഛനും മുത്തശ്ശിയും എത്തിയത് ഏറെ സന്തോഷം നൽകി.

കന്നി സ്വാമികളും മാളികപ്പുറവും എരുമേലിയിൽ അയ്യപ്പ തിന്തകതോം, സ്വാമി തിന്തകതോം ചുവടു വച്ച് പേട്ട തുള്ളി. വാവര് സ്വാമിയെ തൊഴുത്, എരുമേലി അയ്യപ്പനെയും തൊഴുത് …. ആഘോഷമായി പമ്പയെന്ന പുണ്യ തീർത്ഥം ലക്ഷ്യമാക്കി യാത്ര തുടർന്നു.

പമ്പയിൽ എത്തുന്നതിനു നിലക്കൽ നിന്നും KSRTC ക്ക് പോരണം എന്നായിരുന്നു. അല്പം കാത്തു നിൽക്കേണ്ടി വന്നെങ്കിലും ടീം ക്യാപ്റ്റൻ അരുണിന്റെ ഉയർന്ന തലത്തിലും അവസരോചിതവുമായ ഇടപെടലുകൾ കൊണ്ട് പമ്പ വരെ അതേ വണ്ടിയിൽ വരാൻ കഴിഞ്ഞു. പമ്പയിൽ വിരി വെച്ച്…. പുണ്യ തീർത്ഥത്തിൽ നീരാടി ഗണപതി കോവിലിൽ ദർശനവും നടത്തി ശ്രീരാമ ഹനുമാൻ പാദങ്ങളും ഭഗവതി പാദവും നമസ്കരിച്ച് ആറര മുതൽ മല ചവിട്ടാൻ ആരംഭിച്ചു. പലരും പല വിഭാഗങ്ങളായി നീങ്ങി. കന്നി അയ്യപ്പൻ കൂടെയുണ്ടായിരുന്നതുകൊണ്ട് ശരംകുത്തിയാൽ വഴി തന്നെയാണ് പോയത് . പാതകൾ പഴയ കാലം പോലെ ഉരുളൻ കല്ലുകളോ ചരലുകളോ ഇല്ലാത്ത, വലിയ കരിങ്കല്ലുകൾ പതിച്ചതും, ഇടയ്ക്കിടയ്ക്ക് ടൈലുകൾ വിരിച്ചതും, ആയപ്പോൾ മുൻകാല യാത്രകളെപ്പോലെ സമയം അധികം പിടിച്ചില്ല. വെറും മൂന്ന് സ്ഥലത്ത് മാത്രം അല്പനേരം വിശ്രമിച്ചുകൊണ്ട് സന്നിധാനത്തിനു താഴെ നടപ്പന്തലിൽ എത്തി. വളരെ നിസ്സാരമായി അരമണിക്കൂറിനകം തന്നെ മുകളിലേക്ക് കയറാൻ കഴിഞ്ഞു. നിവേദ്യ സമയം ആയതുകൊണ്ട് അൽപനേരം കാത്തു നിൽക്കേണ്ടി വന്നെങ്കിലും വളരെ ഭംഗിയായി ഏറ്റവും അടുത്തുനിന്ന് സർവാഭരണ വിഭൂഷിതനായ അയ്യനെ ദർശിച്ച് സമസ്താപരാധവും ഏറ്റുപറയുവാനും കാണിക്ക സമർപ്പിക്കാനും കഴിഞ്ഞു…. കന്നിമൂലഗണപതി ഭഗവാനെയും നാഗരാജാവിനെയും ദർശിച്ച് മാളികപ്പുറത്തമ്മയുടെ അനുഗ്രഹവും വാങ്ങി താഴോട്ടിറങ്ങി…

പലരും പല സ്ഥലത്ത് ആയതുകൊണ്ട് തന്നെ ആദ്യം എത്തിയവർ റൂമിൽ സെറ്റ് ആയിരുന്നു. കാര്യമായി കാലതാമസം വരുത്തേണ്ട എന്ന നിഗമനത്തിൽ, അന്നദാനത്തിൽ പങ്കെടുത്തു. അന്നദാനത്തിനുശേഷം ഇറങ്ങിവരുമ്പോൾ ഹരിവരാസനം…. അതും കേട്ട് മുറിയിലേക്ക്… വീണ്ടും എല്ലാവരും ഒത്തുകൂടി. വന വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ളതും, എല്ലാ വിധ സൗകര്യത്തോടും കൂടിയുള്ളതും ആയ മുറികളിലാണ് താമസിച്ചത്. അല്പം ഉള്ളിൽ വനത്തിലേക്ക് ഇറങ്ങിയാണ് കെട്ടിടം. ഓക്സിജൻ സാന്ദ്രത കൂടിയ, പ്രകൃതി ഭംഗിയുള്ള ഇടം… അല്പം താഴോട്ട് ഒരു 101 step… തുടർച്ച അല്ല ട്ടൊ…. ഇറങ്ങണം എന്നത് മാത്രമാണ് ഒരു കുറവ്.

പുലർച്ചെ കെട്ട് അഴിച്ച് അഭിഷേകത്തിനുള്ള ഒരുക്കം അടക്കമുള്ള കാര്യങ്ങൾ ആരംഭിച്ചു. യുവജന ചുറുചുറുക്കായി അരുൺ, വൈശാഖ്, അർജുൻ, രാംകുമാർ, ജയൻ എന്നിവർ പലവട്ടം പടികൾ പുഷ്പം പോലെ ഓടികയറി ഇറങ്ങി (അതൊന്നും ഞാൻ കണ്ടില്ല ട്ടൊ… കാരണം അല്പം ആരോഗ്യ പരമായ കാരണങ്ങളാൽ ഞാൻ ഒരു വട്ടം താഴേക്കു പിന്നെ മോളിലേക്കും അത്രയേ പോയുള്ളൂ.

രാവിലെ അഭിഷേകം അടക്കമുള്ള വിവിധ വഴിപാടുകൾ, ഭസ്മ തീർത്ഥ കുളത്തിൽ സ്നാനം, വിസ്തരിച്ച് പലവട്ടം അയ്യനെ തൊഴൽ….. നെയ്യഭിഷേക രൂപമടക്കം എല്ലാ രൂപങ്ങളും കണ്ടു തൊഴുതു ധന്യരായി.

നാഗ – നവഗ്രഹ – മണിമണ്ഡപം – മാളികപ്പുറം എല്ലാം തൊഴുത് വണങ്ങി. ശേഷം രാവിലത്തെ പ്രഭാത ഭക്ഷണം.
കൊച്ചു – വലിയ കടുത്തകളെ വണങ്ങി, വാവർ സ്വാമിക്ക് നമസ്കാരം ചൊല്ലി, തേങ്ങ അടിച്ചു മടക്കം ചൊല്ലി…

ഉള്ളിൽ പ്രാർഥനകൾ, സന്തോഷ തിര തല്ലൽ, അനിർവചനീയമായ ആനന്ദം… 11 മണിക്ക് മാത്രമേ താഴോട്ട് ഇറങ്ങാൻ പറ്റിയുള്ളൂ എന്നതിനാലും ഗ്രൂപ്പിൽ ചില അംഗങ്ങളുടെ, ഞാനടക്കം, ആരോഗ്യ പ്രശ്നങ്ങളാലും, വഴി നല്ലതെങ്കിലും, ഇറക്കം വൈകി.

1.30 യോടെ പമ്പയിൽ എത്തി അന്നദാനത്തിൽ പങ്കെടുത്തു. ബസുകൾ കണ്ടെത്താനായി നീങ്ങുമ്പോൾ, അനുഗ്രഹ വർഷമായി, ഒന്ന് തണുപ്പിക്കാൻ, അപ്രതീക്ഷിത മഴ വിരുന്നു വന്നു. ഒന്ന് ചെറുതായി നനഞ്ഞെങ്കിലും മനസ്സും ശരീരവും കുളിർത്തു.

നിലക്കൽ വരെ ബസിൽ… തുടർന്ന് 3.40 ന് നിലക്കലിൽ നിന്നും പുറപ്പെട്ടു. .

ഏറെ ധന്യമായ സന്തോഷകരമായ യാത്ര… അവസാന നിമിഷങ്ങളിൽ നല്ല മഴ…. എന്നാൽ പതുക്കെ പോകാം…. അവലോകനം, അഭിപ്രായ പ്രകടനം ആകാന്ന് കരുതി… ദാ വരുന്നു ഹൈ പോസിറ്റീവ് വൈബ്..

എല്ലാർക്കും ഒരേ അഭിപ്രായം. ഇനിയും സമാജം trip തന്നെ മലയാത്ര. അത് സന്തോഷമായി. കുഞ്ഞുമക്കൾ കൂടി അതേറ്റു ചൊല്ലിയപ്പോൾ ഏറെ സന്തോഷം. അവസാന സമയത്ത് ഉഷാർ കൂടി… പുതിയ താരോദയങ്ങൾ
നിവേദ് രാം കുമാറിന്റെ rhyme അരുൺ, അമേയ അരുൺ, ജയൻ, വൈശാഖ് എന്നിവരുടെ ഗാനങ്ങൾ,
കൂടെ കണ്ണു കിട്ടാതിരിക്കാൻ ഞാനും പാടി ട്ടൊ.

സ്വാമി കീർത്തനങ്ങളോടെയും ശരണം വിളിയോടെ ചെങ്ങാനിക്കാട്ട് ക്ഷേത്രത്തിൽ 8.30 ന് തിരിച്ചെത്തി. ശാന്ത ചേച്ചി സ്നേഹപൂർവ്വം ഒരുക്കിയ ലഘു ഭക്ഷണം ( ഒന്നുല്ല ഹെവി തന്നെ ) കഴിച്ചു. ഏവരും ഇനിയും പരസ്പരം കാണാമെന്ന ഉറപ്പോടെ താത്കാലികമായി വിട പറഞ്ഞു.

ഇതിൽ നന്ദി പറയാൻ കുറെ പേരുണ്ട്. ആദ്യാവസാനം മനസ്സ് കൊണ്ട് കൂടെ നിന്ന, എല്ലാ പ്രോത്സാഹനവും, പ്രചോദനവും നൽകിയ പ്രസിഡന്റ്‌ രാമചന്ദ്രേട്ടൻ. ഗുരുസ്ഥാനീയനായി കൂടെവന്ന ഗുരുസ്വാമി ആളൂർ കൃഷ്ണൻകുട്ടിച്ചേട്ടൻ, മറ്റു കെട്ടു നിറക്ക് ഗുരുസ്വാമിമാരായ കൃഷ്ണൻ ടി പി മാങ്കുറ്റിപ്പാടം, ശങ്കു വാര്യർ കോടാലി.
ആളൂർ അമ്പലത്തിൽ വച്ച് കെട്ടു നിറക്ക് വന്ന എല്ലാവർക്കും ഏറ്റവും സ്നേഹത്തോടെ രാത്രി ഭക്ഷണവും, മടക്ക സമയത്ത് വീണ്ടും ഭക്ഷണം ഒരുക്കിയ തന്ന ശാന്ത ചേച്ചിയും, കട്ട സപ്പോർട്ടായി നിന്ന ശരത്, ശ്രീജിത്ത്‌, ശ്രീരാം, സ്മിത രമേച്ചി, ഉഷേച്ചി…. എന്നിവരും. ഞങ്ങളുടെ മുത്തുമണികളായി, ഒരു വാശിയും കൂടാതെ എല്ലാത്തിനും കൂടെ നിന്ന കുട്ടി മാളികപ്പുറം അമേയ അരുൺ, കന്നിസ്വാമികൾ നിവേദ് രാം കുമാർ, അച്യുത് പിഷാരോടി ഉണ്ണികൃഷ്ണൻ എന്നിവർ. ഏറ്റവും ഊർജസ്വലനായി എല്ലാ കോർഡിനേഷനും, തന്റെ എല്ലാ വിധ പരിശ്രമത്തോടെയും ഏറ്റവും സ്വീകാര്യവുമായും ഭംഗിയായി പൂർത്തീകരിച്ച അരുൺ. പിന്നെ യാത്രയിലുടനീളം പൂർണ്ണ സഹകരണം നൽകിയ ഓരോ അംഗവും. ഒപ്പം ഞങ്ങളുടെ സാരഥി സുസ്മേര വദനനും അതിലേറെ സൂക്ഷ്മതയോടെ വാഹനം ഓടിച്ച് ഒപ്പം നിന്ന നിഷാന്ത് സോപാനത്തിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി ചൊല്ലട്ടെ. അങ്ങിനെ എവർക്കും ഒത്തിരി ഒത്തിരി നന്ദി….

സുഖകരമായ യാത്രക്ക്, എല്ലാ അനുഗ്രഹങ്ങൾക്കും അയ്യനോടും, ഞങ്ങൾക്കായി പ്രാർത്ഥനകൾ സമർപ്പിച്ച ഓരോരുത്തർക്കും ഒരായിരം നന്ദി.
മനോഹരമായ തീർത്ഥയാത്ര… എന്നും ഓർമ്മകളിൽ സൂക്ഷിക്കാം

ഇനിയും ഈ യാത്രകൾ ഉണ്ടാകട്ടെയെന്നും
ഓരോ ഹൃദ്യമായ അനുഭവങ്ങൾ ആകട്ടെയെന്നും ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കുന്നു.

സ്വാമിയെ ശരണം

രാമചന്ദ്രൻ
സെക്രട്ടറി
കൊടകര ശാഖ

3+

Leave a Reply

Your email address will not be published. Required fields are marked *